വിവരണം – Sadeesh Kavilakath.
വെക്കേഷന് നാട്ടിൽ വന്നാൽ ഒരു യാത്ര പതിവുള്ളതാ ..കൂട്ടിനു സ്വന്തം ചങ്ക് ബ്രോ ഷമീറും ഉള്ളപ്പോൾ ആ യാത്ര ഒരു രസാണ് .ഒരുപാട് സ്ഥലങ്ങൾ സെർച്ച് ചെയ്ത് അവസാനമാണ് “സെയിൻറ് മേരി അയലൻഡിനെ” കുറിച്ചറിഞ്ഞത് .മനോഹരമായ ഒരു ദ്വീപ് , പ്രത്യേകതരം പാറക്കെട്ടുകൾ നിറഞ്ഞ തെളിനീരുള്ള മനോഹരമായ ബീച്ച് .കേട്ടപ്പോൾ തന്നെ യാത്ര അവിടെക്കെന്നു ഉറപ്പിച്ചു .
യാത്രക്ക് ട്രെയിൻ ,കാർ എന്നൊക്കെ ഞാൻ നിർദ്ദേശിച്ചെങ്കിലും ബൈക്കിനു പോകാമെന്നു പറഞ്ഞത് ഷമീറാണ് .എനിക്കും രസം തോന്നി .കൂടെ വരാമെന്നു പറഞ്ഞവർ അവസാന നിമിഷം ഇല്ലാന്ന് പറഞ്ഞപ്പോൾ ബൈക്ക് തന്നെ ഉറപ്പിച്ചു .കേട്ടവർ കേട്ടവർ വട്ടാണെന്ന് പറഞ്ഞു… മിനിമം ബുള്ളറ്റുപോലുമില്ലാതെ വെറും ഹീറോ ഗ്ലാമർ ബൈക്കിൽ .സൈക്കിൾ കൊണ്ട് ഓരോരുത്തർ ഹിമാലയം വരെ പോകുന്നു ..അപ്പോഴാ ഒരു ബൈക്കിൽ ഉഡുപ്പി വരെ എന്നൊക്കെ പറഞ്ഞു അവരെ വായടപ്പിച്ചു .

ബൈക്കിൽ പോകാനുള്ള പ്രധാന കാരണം പോകുന്ന വഴിക്ക് കാണാൻ പറ്റുന്ന കാഴ്ച്ചകളെല്ലാം കണ്ടുപോകാമെന്നതായിരുന്നു . ഒരു ചൊവ്വാഴ്ചയായിരുന്നു ഞങ്ങൾ യാത്ര പുറപ്പെട്ടത് . സാധനങ്ങളെല്ലാം ഞങ്ങൾ രണ്ടുപേരും ബാഗിലാക്കി തോളത്തിട്ട് , ഹെൽമെറ്റും ധരിച്ച് യാത്ര തുടങ്ങി .കോഴിക്കോട്, മാഹി,തലശ്ശേരി ,കണ്ണൂർ ,കാസർഗോഡ് വഴി മംഗലാപുരത്തേക്ക് . അവിടെനിന്നും ഉഡുപ്പി , മാൽപെ വഴി ദ്വീപിലേക്ക് .ഇതായിരുന്നു റൂട്ട് മാപ് .
ഗൂഗിളിൽ റൂട്ട് സെറ്റ് ചെയ്ത യാത്ര തുടങ്ങി. ഉഡുപ്പിയിലെത്തും മുൻപ് രണ്ട് സ്ഥലങ്ങളാണ് സമയപരിമിതി മൂലം സന്ദർശിക്കാൻ കഴിഞ്ഞത് . ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ആയ കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് ബീച്ചിലേക്കായിരുന്നു ആദ്യം പോയത് .അഞ്ചുകിലോമീറ്ററോളം നീളമുള്ള ബീച്ചിൽ തിരമാലകളെ തൊട്ട് ,വെള്ളം തെറുപ്പിച്ച് നനുത്ത കാറ്റേറ്റ് വണ്ടിയോടിക്കുക എന്നത് സുഖമുള്ള ഒരു കാര്യമാണ്. അവിടുന്ന് നേരെ പോയത് ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും കേരളത്തിലെ വലിയ കോട്ടയുമായ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബേക്കൽ കോട്ട കാണാനാണ് .
അറബിക്കടലിന്റെ തീരത്തായി മുപ്പത്തഞ്ചോളം ഏക്കറിൽ കിടക്കുന്ന ഈ കോട്ട അതീവ സുന്ദരമായ കാഴ്ചയാണ് .നേരം ഇരുട്ടിത്തുടങ്ങിയതിനാൽ കോട്ടയുടെ എല്ലാ ഭാഗങ്ങളും കാണാൻ കഴിയാതെയാണ് ഞങ്ങൾ അവിടെ നിന്നും തിരിച്ചത് .യാത്ര ബൈക്കിലായതുകൊണ്ടുള്ള ഒരു നേട്ടം എന്ന് പറയുന്നത് വരുന്ന വഴിക്കുള്ള ഏഴോളം ടോൾ പിരിവ് ഒഴിവായിക്കിട്ടി എന്നുള്ളതാണ് . ട്രാഫിക് ബ്ലോക്കും പാർക്കിങ്ങും ഒരു പ്രശ്നമായിരുന്നില്ല. രാത്രി ഒൻപതരയായിരുന്നു ഞങ്ങൾ ഉഡുപ്പിയിലെത്തിയപ്പോൾ . അവിടെ നിന്നും മാൽപെയിലോട്ട് ഏഴ് കിലോമീറ്റർ മാത്രേ ഉള്ളു എന്ന് ഗൂഗിൾ മാപ് ചെക്ക് ചെയ്തപ്പോൾ മനസ്സിലായി .അതുകൊണ്ടുതന്നെ ഉഡുപ്പിയിൽ അന്ന് രാത്രി തങ്ങാം എന്ന് കരുതി.
മൂന്നു നാല് ലോഡ്ജുകളിൽ ഒരു ദിവസത്തെ റേറ്റ് ചോദിച്ചപ്പോൾ ഡബിൾ റൂമിനു ആവറേജ് 600 രൂപയാണെന്നു പറഞ്ഞു .ഏസി വേണമെങ്കിൽ അത് 900 വും 1000 വും ആകും .. ഉഡുപ്പി ബസ് സ്റ്റാന്റിനടുത്തുള്ള കൃഷ്ണ ഇന്റർനാഷണൽ എന്ന ലോഡ്ജിലാണ് മുറിഎടുത്തത് ..700 രൂപ ( നോൺ ഏസി ) . റൂമിൽ ചെന്ന് ഫ്രഷ് ആയി താഴെയുള്ള ഹോട്ടലിൽ പോയി ഫുഡ് കഴിച്ചു .
ഒന്പതരക്കാണ് സെൻറ് മേരി ഐലന്റിലേക്കുള്ള ആദ്യത്തെ ബോട്ട് പോവുക ..അതുകൊണ്ടുതന്നെ ആ സമയമാകുമ്പോഴേക്കും അവിടെ എത്തിച്ചേർന്നാൽ മതിയാകും . എട്ടു മണിക്ക് ഉണർന്ന് ഫ്രഷ് ആയി ഒരു ഉഡുപ്പി മസാലദോശ കിട്ടുന്ന റെസ്റ്റോറന്റിൽ കയറി നല്ല ചൂടൻ ടേസ്റ്റി മസാലദോശ അകത്താക്കി ബൈക്കിൽ ഗൂഗിൾ മാപ് സെറ്റ് ചെയ്ത് നേരെ മാൽപെയിലേക്ക് വച്ച് പിടിച്ചു . ഏകദേശം ഏഴു കിലോമീറ്റർ ദൂരം പോയപ്പോൾ മാൽപെ ടൗണിൽ എത്തി … കുറച്ചു കടകളുള്ള ഒരു ചെറിയ ടൗൺ . അവിടുന്ന് വലത്തോട്ടും നേരെയുമായി രണ്ടു വഴികൾ .. രണ്ടിടത്തോട്ടും ഐലന്റിലേക്കുള്ള ബോർഡ് വച്ചിട്ടുണ്ട് …എങ്കിലും ഗൂഗിൾ മാപ് കാണിച്ചുതന്ന വലത്തോട്ടുള്ള വഴിയിലൂടെ ഞങ്ങൾ യാത്ര തിരിച്ചു.
ഇതുവരെ വഴി കാട്ടിയായി കൂടെ നിന്ന ഗൂഗിൾ അമ്മാവനെ മറക്കാൻ പാടില്ലാലോ .. കഷ്ടിച്ച് ഒരു കിലോമീറ്റർ ദൂരം പോയപ്പോൾ “വെൽകം ടു മാൽപെ ” എന്നെഴുതിയ ഒരു മനോഹരമായ കവാടം ഞങ്ങളെ സ്വീകരിച്ചു…ചുറ്റുപാടും കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ടൂർ ട്രാവൽസിന്റെ ബസ്സുകൾ കിടക്കുന്നുണ്ട് … കവാടം കഴിഞ്ഞ് കുറച്ചു മുൻപോട്ടു പോയപ്പോൾ നമ്മുടെ രാഷ്ട്രപിതാവുണ്ട് ഒരു വലിയ പാറയിൽ കയറിയിരിക്കുന്നു.
ഏതോ ഒരു അനുഗ്രഹീത കാലാകാരൻ ഉണ്ടാക്കിയ ഗാന്ധിജിയുടെ മനോഹരമായ കറുത്ത പെയിന്റടിച്ച പ്രതിമയാണ്…ബീച്ചിലോട്ട് വരുന്ന എല്ലാവരെയും ഒരു പുഞ്ചിരിതൂകി അദ്ധേഹം വരവേൽക്കുകയാണവിടെ…. വിശാലമായി പരന്നുകിടക്കുന്ന മാൽപെ ബീച്ച് ….തീരത്തായി മറ്റൊരു ക്രീയേറ്റിവിറ്റി ഞങ്ങൾ കണ്ടു . പാഴായ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടൊരു വലിയ മീനിനെ വളരെ ഭംഗിയായി നെറ്റുപയോഗിച്ച് ഉണ്ടാക്കിയിരിക്കുന്നു .എല്ലാവരും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളെല്ലാം അതിൽ നിക്ഷേപിക്കുന്നുണ്ട് .ഒരു കരയെ എത്ര മനോഹരമായി വൃത്തിയായി കൊണ്ടുനടക്കാൻ പഠിപ്പിക്കുകയാണിവിടെ എന്നോർത്തപ്പോൾ അത്ഭുതം തോന്നി .

കാശുകൊടുത്തു സവാരി ചെയ്യാനായി ഒട്ടകവും നിറയെ കച്ചവടക്കാരുള്ള തീരത്തായി ചെറിയ ചെറിയ ടെന്റുകളിൽ ഐലന്റിലേക്കുള്ള ടിക്കറ്റ് വിതരണം നടത്തുന്നുണ്ട് .. ടിക്കറ്റ് വാങ്ങിക്കാനായി ഒരു ടെന്റിൽ കയറി ..ഒരാൾക്ക് 300 രൂപ , കൂടാതെ ഒരു മണിക്കൂർ മാത്രമേ ഐലന്റിൽ ചിലവഴിക്കാൻ പറ്റൂ …മുൻപ് കേട്ടറിഞ്ഞത് ഒരാൾക്ക് ടിക്കറ്റ് നിരക്ക് 250 ഉം രാവിലെ ഒൻപതര മുതൽ വൈകീട്ട് നാലുമണിവരെ ഐലന്റിൽ ചിലവഴിക്കാമെന്നുമാണ് …
ടിക്കറ്റെടുക്കാതെ അടുത്തുള്ള ഒരു കടയിൽ അന്വേഷിച്ചപ്പോഴാണ് ഇത് പ്രൈവറ്റ് ടീം ആണെന്നും സർക്കാർ ബോട്ട് സർവീസ് മറ്റൊരിടത്തുണ്ടെന്നും അവിടെ മേല്പറഞ്ഞ റേറ്റ് ഉള്ളുവെന്നും അറിയാൻ കഴിഞ്ഞത് .. അവിടെ നിന്നും വന്ന വഴിയേ ഞങ്ങൾ തിരിച്ചു പോന്നു . മാൽപെ ടൗണിൽ എത്തി അന്വേഷിച്ചപ്പോൾ നേരത്തെ പറഞ്ഞ നേരെയുള്ള വഴിയിലൂടെ പോയാൽ മതി എന്ന് പറഞ്ഞു .. ഞങ്ങൾ മുൻപ് പോയ വഴി , അതായത് ഗൂഗിളിൽ കാണിച്ച വഴിയുടെ പേര് ടി ബി റോഡ് എന്നും ടൗണിൽ നിന്നും നേരെയുള്ള വഴിയുടെ പേര് ബീച്ച് റോഡ് (harbor road )എന്നുമാണ് . ആരെങ്കിലും ഇനി ഇങ്ങോട്ടു വരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത് ..
ബീച്ചിലെത്തിയപ്പോൾ ഐലന്റിലേക്കുള്ള ബോട്ട് റെഡി ആയി കിടക്കുന്നുണ്ടായിരുന്നു ….ബൈക്ക് പാർക്ക് ചെയ്ത് ടിക്കറ്റെടുത്ത് ഞങ്ങൾ ബോട്ടിലേക്ക് കയറി …ബോട്ട് നിറയെ ആളുണ്ടായിരുന്നു.. ഐ വി വിസിറ്റിനു വന്ന കോഴിക്കോടുള്ള ഒരു ഐ ടി ഐ ലുള്ള കുട്ടികളായിരുന്നു അധികവും … കുറച്ചുനേരത്തിനു ശേഷം ബോട്ട് ഐലൻഡ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി … പാറിനടക്കുന്ന കടൽക്കാക്കകളെയും ഉപ്പുകാറ്റിനേയും വകഞ്ഞുമാറ്റി യാത്ര തുടർന്നു …ഉച്ചത്തിൽ വച്ച പാട്ടു കേട്ട് അങ്ങിനെ ഓളപ്പരപ്പിൽ ഉയർന്നും താണും പോകുന്ന ബോട്ട് യാത്ര നല്ല രസമായിരുന്നു …. അകലെയായി, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വലിയ തിമിംഗലം പോലെ ഒരു നീണ്ട വര കാണാമായിരുന്നു.
അടുക്കുന്തോറും നിറയെ തെങ്ങുകളും വലിയ വലിയ പാറകളും പ്രത്യക്ഷമായിത്തുടങ്ങി… കണ്ണിനു കുളിർമ നൽകി ദ്വീപ് ആ കടൽവെള്ളത്തിനു നടുവിൽ മനോഹരമായി വിരാജിച്ചു കൊണ്ടിരിക്കുകയാണ്…ക്യാമറയെടുത്ത് ഒരുപാട് ക്ലിക്കി …അടുത്തെത്തുന്തോറും ദ്വീപിലെ കാഴ്ചകൾ കാണാനുള്ള മനസ്സിന്റെ വെമ്പൽ കൂടിവന്നു ….ദ്വീപിൽ എത്തുന്നതിനു കുറച്ചു മുൻപായി ഞങ്ങൾ സഞ്ചരിച്ച ബോട്ട് നിർത്തി …കരയിലോട്ട് പോകാൻ ഈ ബോട്ടിനു കഴിയില്ല… അപ്പോഴേക്കും ഞങ്ങളെ കൂട്ടാനായി വേറൊരു ചെറുബോട്ട് വന്നു ..എല്ലാവരും ആ ബോട്ടിലേക്ക് മാറിക്കേറി ….
അവസാനം ഞങ്ങൾ ആ ദ്വീപിലെ മണ്ണിൽ കാലുകുത്തി ….കാലുകുത്തിയെന്നു തന്നെ പറയണം …കാരണം വാസ്കോഡ ഗാമ കാപ്പാട് കടപ്പുറത്ത് കാലുകുത്തുന്നതിനു മുൻപ് 1498 ൽ പോർച്ചുഗലിലോട്ട് പോണ വഴി കാലുകുത്തിയത് ഇവിടെയാണ് …. മൂപ്പർ കണ്ടുപിടിച്ച സ്ഥലം ഏതായാലും കൊള്ളാം …മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും …അതിമനോഹരമാണിവിടം …കൂടാതെ ഈ ഐലന്റിന് മേരി മാതാവിന്റെ സ്മരണാർത്ഥം അദ്ദേഹമാണ് “സെയിന്റ് മേരി ഐലൻഡ്”എന്ന് നാമകരണം ചെയ്തത് .

പ്ലാസ്റ്റിക് വിമുക്ത ദ്വീപ് ആയതിനാൽ , ബോട്ടിൽ , കവർ , എന്നിവയൊന്നും അകത്തേക്ക് അനുവദിക്കില്ല… അഥവാ ഇനി വല്ലതും കയ്യിലുണ്ടെങ്കിൽ അതൊക്കെ തിരിച്ചു വരുന്നതുവരെ സൂക്ഷിക്കാൻ അവിടെ പ്രവേശന കവാടത്തിൽ തന്നെ സൗകര്യമുണ്ട് .. 20 രൂപ അടച്ചാൽ മതിയാകും ..അതുപോലെ തന്നെ ക്യാമറക്ക് 200 രൂപ അടച്ചാലേ അകത്തേക്ക് കടത്തിവിടൂ ..മൊബൈലിനു ഫീസൊന്നും കൊടുക്കേണ്ട താനും …അങ്ങിനെ ഞങ്ങൾ ദ്വീപിനുള്ളിലേക്ക് കടന്നു …
അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന കോക്കനട്ട് ഐലന്റ് ,നോർത്ത് ഐലന്റ് , സൗത്ത് ഐലൻഡ്, ദാര്യബഹാദുർഗ എന്നീ നാലു ചെറു ദ്വീപുകൾ ചേർന്ന ദ്വീപസമൂഹമാണ് സെന്റ് മേരീസ് ദ്വീപുകൾ. ശാസ്ത്രപഠനങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച്, മഡഗാസ്കർ ഇന്ത്യയുമായി ചേർന്ന് നിന്നിരുന്നതിന്റെ ഫലമായി ആ കാലഘട്ടത്തിൽ, ഭൂവല്കത്തിനിടയിലുള്ള മാഗ്മ ഉപരിതലത്തിലെ അന്തരീക്ഷവുമായി പ്രവർത്തിച്ചതിന്റെ ഫലമായാണ് സെന്റ് മേരീസ് ദ്വീപുകളിലെ ബാസൾട്ട് (കറുത്ത പാറകൾ) രൂപം കൊണ്ടിരിക്കുന്നത്. ഏകദേശം 88 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ് മഡഗാസ്കർ ഇന്ത്യൻ ഭൂപ്രദേശത്തിൽ നിന്ന് വേർപ്പെട്ടു പോയതെന്ന് കരുതുന്നു.
കർണ്ണാടക സംസ്ഥാനത്തിലെ നാലു ജിയോളിക്കൽ സ്മാരകങ്ങളിൽ ഒന്നാണ് ഈ ദ്വീപുകൾ. ഇന്ത്യയിലെ 26 ജിയോളിക്കൽ സ്മാരകങ്ങളിലൊന്നായി 2001-ൽ ജിയോളിക്കൽ സർവ്വെ ഓഫ് ഇന്ത്യ ഇതിനെ പ്രഖ്യാപിച്ചിരുന്നു . ഇവിടെയുള്ള പാറകളെല്ലാം, ഇരുണ്ട ചുവപ്പു നിറമോ കറുത്ത നിറമോ ഉള്ളതാണ്. കൂടാതെ ആറുവശമുള്ളതോ അതിൽ കൂടുതലുള്ളതോ ആയ കുത്തനെ നിൽക്കുന്ന ഒരുപാട് തൂണുകൾ ചേർന്നു നിൽക്കുന്നതു പോലെയാണ് . അതുകൊണ്ടു തന്നെ ഈ പാറകളുടെയെല്ലാം മുകളിൽ കയറിപ്പറ്റാൻ വ്യക്തമായ ചവിട്ടുപടികൾ ഉണ്ട് ..
ദ്വീപിലേക്ക് കടന്നാൽ പിന്നെ ചുറ്റുമുള്ള പ്രകൃതി നമ്മളെ ഏതോ വിദേശ രാജ്യത്തെ ബീച്ചിൽ എത്തിച്ച പോലിരിക്കും …സ്ഫടിക സമാനമായ വെള്ളവും സ്വർണ്ണനിറത്തിലുള്ള മണൽത്തരികളും ഇടയ്ക്കിടയ്ക്ക് പൊങ്ങിനിൽക്കുന്ന ചെറുതും വലുതുമായ പാറക്കെട്ടുകളും… ദ്വീപിന്റെ സൗന്ദര്യം അങ്ങനെ 5 ഏക്കറോളം വരുന്ന സ്ഥലത്തു പരന്നു കിടക്കുകയാണ് …ചിലയിടത്ത് പാറക്കെട്ടുകളിൽ കയറാതിരിക്കാനായി വേലി തീർത്തിട്ടുമുണ്ട് … എല്ലാവരും പാറകളിലേക്ക് ഓടിക്കയറി സെൽഫി എടുക്കുന്ന തിരക്കിലാണ് …മൊബൈൽ വന്നതിൽ പിന്നെ എല്ലാവരും ഫോട്ടോഗ്രാഫര്മാരാണല്ലോ.
ഞാനും ഷമീറും ഒരോ പാറകളിലും ചാടി കയറി കൊണ്ടിരുന്നു …മുന്നോട്ടു പോകുന്തോറും മുന്നിൽ അതി മനോഹരമായ പാറക്കെട്ടുകളും ഉരുളൻ കല്ലുകൾ കൊണ്ട് സമൃദ്ധമായ തീരവും തെളിഞ്ഞു തെളിഞ്ഞു വന്നു …. ഇത്രയും വൃത്തിയുള്ള ബീച്ചായി ഈ ദ്വീപിനെ സംരക്ഷിക്കുന്ന കർണാടക സർക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല… ഒരു കലാകാരൻ ക്യാൻവാസിൽ വരച്ചിട്ടെന്ന പോലെയാണ് ദ്വീപിന്റെ ഓരോ മുക്കും മൂലയും …എവിടെ തിരിഞ്ഞുനോക്കിയാലും മനോഹരമായ തീരങ്ങൾ …കിടന്നും ഇരുന്നും ചാടിയും മറിഞ്ഞും ഒക്കെ ഫോട്ടോയെടുത്ത് ഞങ്ങൾ ഓരോ പാറയിലും ചവിട്ടി മുന്നോട്ടു പോയി … വെള്ളത്തിലേക്ക് തള്ളിനിൽക്കുന്ന ഓരോ പാറകളിലും നിറയെ മുത്തുച്ചിപ്പികൾ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു …മുൻപ് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു ഇവയെപ്പറ്റി … കാണുന്നത് ആദ്യമായിട്ടാണ് …അവയുടെ മേൽ ചവിട്ടുമ്പോൾ കാൽ മുറിവ് പറ്റാതെ ശ്രദ്ധെക്കേണ്ടതാണ് …

സൂര്യൻ ഞങ്ങളുടെ ഉച്ചിയിൽ വന്നു നിൽപ്പുണ്ട് …വന്നു വന്നു ഞങ്ങൾ ആ ദ്വീപിലെ അവസാന പാറയുടെ അറ്റം വരെ വന്നു … ചെറുതായി ക്ഷീണിച്ചെന്നു തോന്നിയപ്പോൾ ഞങ്ങൾ ഒന്ന് കുളിക്കാനിറങ്ങി …കാലിൽ പാറയിലുടക്കിയുണ്ടായ മുറിവിലെല്ലാം ഉപ്പുവെള്ളം കയറിയപ്പോൾ നല്ല സുഖം …ചെറിയ നീറ്റൽ കാര്യമാക്കാതെ ഞങ്ങൾ ശരിക്കും ആ ദ്വീപിൽ നീന്തിത്തുടിച്ചു ….. സമയം 2 മണി ആയപ്പോൾ ഞങ്ങൾ തിരിച്ചിറങ്ങാൻ തുടങ്ങി …പിന്നീട് പോയത് കോക്കനട്ട് ദ്വീപിലേക്കായിരുന്നു …നിറയെ തെങ്ങുകളാൽ സമൃദ്ധമായിരുന്നു ആ പ്രദേശം …അതിനടുത്ത് തന്നെ റിഫ്രഷ്മെന്റിനു വേണ്ടി പാനീയങ്ങളും സ്നാക്സും വിൽക്കുന്ന തുണി കൊണ്ട് കെട്ടിമറച്ചുണ്ടാക്കിയ ഒരു ചെറിയ കടയുണ്ട്. ഞങ്ങൾ രണ്ടു പേരും മോരുവെള്ളം വാങ്ങി കുടിച്ചു ..വല്യ ടേസ്റ്റ് ഒന്നുമില്ലെങ്കിലും ആ തണുത്ത വെള്ളം ഉള്ളിലോട്ട് ചെന്നപ്പോൾ വല്ലാത്ത ആശ്വാസം തോന്നി ….
ഉച്ച കഴിഞ്ഞതോടെ സഞ്ചാരികളുടെ വരവ് ക്രമാതീതമായി കൂടാൻ തുടങ്ങി …അനുവദനീയമായ എല്ലായിടത്തും ആളുകൾ ഇറങ്ങി കുളിക്കുന്നുണ്ട് … അവിടുത്തെ സൂര്യാസ്തമയം കാണാൻ ഒരുപാട് ആഗ്രഹം തോന്നിയെങ്കിലും അവസാനത്തെ ബോട്ട് ട്രിപ്പ് 4 മണിക്ക് ആയതിനാൽ ആ ആഗ്രഹം അവിടെ വിട്ടു വരേണ്ടി വന്നു ….അന്ന് വരെ കണ്ട ബീച്ചുകളിലെല്ലാം അനുഭവിക്കാത്ത എന്തോ ഒന്ന് അവിടെയുണ്ടായിരുന്നു…അതായിരിക്കണം തിരിച്ചുപോരുമ്പോൾ വീണ്ടും വീണ്ടും അവിടെ പോകാൻ ഞങ്ങളുടെ മനസ്സ് വെമ്പൽ കൊണ്ടത്…ഇനിയും ഒരിക്കൽ കൂടി ദ്വീപിൽ പോകണമെന്നുറച്ചു തന്നെയാണ് ഞങ്ങൾ അവിടം വിട്ടത് ….യാത്രകൾ അവസാനിക്കുന്നില്ലല്ലോ ….