വിവരണം – ബിജുകുമാർ സി.എസ്സ്.

2001ൽ വളാഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ഔദ്യോഗിക ജീവിതത്തിൽ ആദ്യമായാണ് സഹപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ഒത്തുള്ള ഒരു വിനോദയാത്ര. ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമമാണ് ഇതിനായി ഞങ്ങൾ തെരെഞ്ഞെടുത്തത്.

നിബിഡ വനങ്ങളും പശ്ചിമഘട്ടമലനിരകളും വലുതും ചെറുതുമായ ജലപ്രവാഹങ്ങളും അനേകം വെള്ളച്ചാട്ടങ്ങളും ചേർന്നു സമ്പന്നമാക്കിയ അതീവസുന്ദരമായ ഒരു ഭൂവിഭാഗമാണ് മാങ്കുളം. കണ്ണൻദേവൻ തേയില തോട്ടത്തിന്റെ വിരിപാറ ഡിവിഷൻ മുതൽ ആനക്കുളം വരെയാണ് മാങ്കുളം പഞ്ചായത്ത്. 78 ചതുരശ്ര കിലോമീറ്ററാണ് ചുറ്റളവ്. 9,800 ൽ കൂടാത്ത ജനസംഖ്യ. ഇതിൽ 22% മുതവർ, മന്നാൻ, അരയൻ എന്നീ ആദിവാസികളാണ്.

മാങ്കുളം പഞ്ചായത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. മൂന്ന് വ്യത്യസ്ത കാലാവസ്ഥകൾ ഇവിടെ അനുഭവപ്പെടുന്നു. വിരിപാറയിൽ മൂന്നാറിനു സമമായ കാലാവസ്ഥയാണ്. മാങ്കുളത്ത് മിത ശിതോഷണം. ആനക്കുളത്ത് കേരളത്തിലെ പൊതുവായ കാലാവസ്ഥ (എകദേശം 40° വരെ ചൂട് അനുഭവപ്പെടാറുണ്ടിവിടെ). സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത (മേനാച്ചേരിയാറിലെ മാങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതി) ഇന്ത്യയിലെ ആദ്യ പഞ്ചായത്താണിത്. ഉപയോഗം കഴിഞ്ഞ് മിച്ചമായത് യൂണിറ്റിന് 4.58 രൂപ നിരക്കിൽ വൈദ്യുതി വകുപ്പിനു വിൽപ്പന നടത്തുന്നുമുണ്ടിവിടെ. ഇന്ത്യയിലെ ആദ്യത്തെ സർട്ടിഫൈഡ് ഓർഗാനിക് വില്ലേജ് (Inter National Organic Standards പ്രകാരം) ആയ മാങ്കുളം പശ്ചിമഘട്ടത്തിൽ UN അടയാളപ്പെടുത്തിയിട്ടുള്ള അതീവ ലോലമായ ജൈവ വൈവിധ്യമേഖലകളിൽ പ്രധാനപ്പെട്ടതുമാണ്.

മേനാച്ചേരിയാറ് (മാങ്കുളം പുഴ), നല്ലതണ്ണിപ്പുഴ, കരിന്തിരിപ്പുഴ എന്നിവയാണ് ഇതിലൂടെയൊഴുകുന്ന പ്രധാന നദികൾ. മേനാച്ചേരിയാറിൽ മാത്രം അഞ്ചു വെള്ളച്ചാട്ടങ്ങളുണ്ട്. വിരിപാറ, കോഴിവാലൻ കുത്ത്, പെരുമ്പൻ കുത്ത്, നക്ഷത്രകുത്ത്, ചിന്നാർക്കുത്ത് എന്നിവയാണവ. മലമുകളിൽ നിന്നു നൂറോളം മീറ്റർ താഴോട്ട് പതിക്കുന്ന ചിന്നാർക്കുത്തിനടുത്ത് എത്തെണമെങ്കിൽ കൊടുംകാട്ടിനുള്ളിലൂടെ സാഹസികയാത്ര നടത്തണം. മാങ്കുളം ടൗണിൽ നിന്നും നോക്കിയാൽ ഇതിന്റെ ദൂരക്കാഴ്ച കാണാം. കോഴിവാലൻ കുത്ത് വെള്ളച്ചാട്ടമാണിതിൽ വലുത്. ഒരു കി.മീ. കുത്തനെയുള്ള കയറ്റം കയറിവേണം ഇവിടെയെത്താൻ.

ശർക്കരയും സുർക്കയും ചേർത്തു ബ്രിട്ടീഷുകാർ നിർമ്മിച്ച പെരുമ്പൻ കുത്തു പാലമാണ് മറ്റൊരാകർഷണം. 1800 ലാണ് ഇതിന്റ നിർമ്മിതി. 1924 ലെ പ്രളയത്തെ അതിജീവിച്ച ഈ പാലം സമീപകാലത്തെ പ്രളയങ്ങളെയും വകവെയ്ക്കാതെ പ്രൗഢമായി നിൽക്കുന്നു. ഈ പാലത്തിലൂടെയുള്ള യാത്ര വേറിട്ടൊരു അനുഭവമാണ്. ഞങ്ങളുടെ ഉച്ച ഭക്ഷണം ഈ പാലത്തിനു ചുവട്ടിലെ പാറക്കെട്ടിലായിരുന്നു. ഈ പാലത്തിന്റെ തൊട്ടുതാഴെയാണ് പെരുമ്പൻ കുത്ത് വെള്ളച്ചാട്ടം. കോഴിവാലൻ കുത്ത് വെള്ളച്ചാട്ടം 2 കിലോമീറ്റർ മുകളിലും. മേനാച്ചേരിയാറിലെ സ്ഫടികസമാനമായ ജലപ്രവാഹത്തെ കീറിമുറിച്ചു കൊണ്ടുള്ള ജീപ്പുയാത്ര സാഹസികത ഇഷ്ടപ്പെടുന്നവർക്കു മറക്കാനാവാത്ത ഒരു അനുഭവമാണ്.

മാങ്കുളത്തെ മറ്റൊരാകർഷണമാണ് കുറത്തിക്കുടി ആദിവാസി കോളനിയിലേക്കുള്ള യാത്ര. പെരുമ്പൻ കുത്ത്പാലത്തിൽ നിന്നും 4 കിലോ മീറ്റർ കൊടും കാടിനുള്ളിലൂടെ യാത്ര ചെയ്തുവേണം കോളനിയിൽ എത്താൻ. ഈ യാത്രയുടെ തുടക്കത്തിൽ തന്നെ മേനാച്ചേരിയാറിലെ പെരുമ്പൻ കുത്ത് വെള്ളച്ചാട്ടം കാണാം. ദുർഘടമായ വഴിയിലൂടെ ചീവിടുകളുടെ കാതടപ്പിക്കുന്ന മൂളിച്ചയുടെ അകമ്പടിയോടുയാണു യാത്ര. പലയിടത്തും കാട്ടാനകൾ ചവിട്ടിമെതിച്ച ഈറ്റക്കാടുകളും കാണാൻ കഴിയും.

മാങ്കുളം ഫോറസ്റ്റ് ഡിവിഷനിൽ നിന്നൊഴുകി വരുന്ന ഒരു നീരൊഴുക്ക് 1986-ൽ 33 കുടുംബങ്ങൾക്ക് പട്ടയം പതിച്ചു കൊടുത്ത ഭാഗത്തുണ്ട്. ഈ വെള്ളച്ചാട്ടം 33 വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നു. ഇവിടെ സഞ്ചാരികൾക്ക് റോഡുമാർഗ്ഗം എളുപ്പം ചെന്നെത്താം. കുട്ടികൾക്ക് പോലും സുരക്ഷിതമായി ഇറങ്ങി കുളിക്കുവാൻ കഴിയുന്ന ഇടമാണിത്. നിർമ്മലമായ ജലപ്രവാഹത്തിന്റെ പരുശുദ്ധി അനുഭവിച്ചു മാത്രം അറിയേണ്ടതാണ്.

ആനക്കുളത്തു നിന്നും കോഴിയിളക്കുടിക്കു പോകുന്ന വഴിയിൽ 2 കി.മീ. അകലെയായി ഈറ്റാച്ചാലുക്കുത്തിൽ ഒരു ചെക്ക് ഡാം ഉണ്ട്. കൊടും കാടിനുള്ളിൽ നിന്നും ഒഴുകി വരുന്ന സ്ഫടിക സമാനമായ ജലത്തിൽ സഞ്ചാരികൾക്ക് മതിയാവോളം നീരാടാനും മുങ്ങികുളിക്കാനുമുള്ള സൗകര്യമുണ്ട്. സഞ്ചാരികളാരും അസുലഭമായ ഈ അവസരം ആസ്വദിക്കാതെ കടന്നു പോകാറില്ല. ഈ തെളിഞ്ഞ തണുത്ത വെള്ളത്തിലെ കളിയും കുളിയും മനസിനും ശരീരത്തിനും പകരുന്ന ഊർജ്ജം ചെറുതല്ല. ഈ യാത്രയിൽ കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡും തൂക്കുപാലവും വീടുകളും കാണാൻ കഴിഞ്ഞു.

രാജമലയിൽ നിന്നും ഉത്ഭവിച്ചു നിബിഡവനത്തിലൂടെ ഒഴുകി വരുന്നതാണ് നല്ലതണ്ണിപ്പുഴ. ഈ രണ്ടു തെളി നീരരുവികളയും ചേർത്ത് പിടിച്ച് നല്ലതണ്ണിപ്പുഴ ആനക്കുളത്ത് എത്തുന്നു. ആദിവാസികൾ നട്ടുവളർത്തുന്ന ഈറ്റക്കാടുകളിലൂടെ ഒഴുകി വരുന്ന ഈ പുഴയെ ഇവുടുത്തുകാർ ഈറ്റച്ചോലയാറെന്നും വിളിക്കുന്നു. യാതൊരു ഭയപ്പാടും കൂടാതെ കാട്ടാനകൾ കൂട്ടത്തോടെ വെള്ളം കുട്ടിക്കാനെത്തുന്ന ഇടമാണിത്. സഞ്ചാരികൾക്ക് ഏറ്റവും അടുത്തുനിന്ന് സ്വതന്ത്രമായ കാട്ടാനക്കൂട്ടത്തെ കണ്ടാസ്വദിയ്ക്കാം. ഇത്രയടുത്ത് കാട്ടനാകളെ കാണാനുള്ള സൗകര്യം കേരളത്തിൽ മറ്റെവിടെയുമില്ല.

ഇവിടുത്തെ വെള്ളത്തിന് ഉപ്പുരസമുണ്ട്, ധാരളം ധാതുക്കൾ അലിഞ്ഞു ചേർന്നിട്ടുമുണ്ട്. ഈ വെള്ളം കുടിച്ച് മത്തു പിടിക്കുന്ന ആനകൾ രാത്രിയിൽ ടൗണിലേയ്ക്കു കയറുമെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടാക്കാറില്ല. ചില ദിവസങ്ങളിൽ 80 ആനകൾ വരെ വെള്ളം കുടിക്കാൻ എത്താറുണ്ടെന്നാണു അറിഞ്ഞത്. വളരെ ചുരുക്കം ദിവസങ്ങിളിലേ ആനക്കൂട്ടം സഞ്ചാരികളെ നിരാശപ്പെടുത്താറുള്ളൂ. രാത്രി 7.30 വരെ ആനക്കൂട്ടത്തെ കാത്തിരുന്ന ഞങ്ങൾ നിരാശരായി മടങ്ങി.

കള്ളക്കുട്ടിയിൽ വെച്ച് കരിന്തിരിപ്പുഴ കൂടെ നല്ലതണ്ണിപ്പുഴയിൽ ചേരുന്നതോടെ കുട്ടമ്പുഴ രൂപം കൊള്ളുന്നു. ഇടമലയാർ ജലവൈദ്യുതപദ്ധതി ഈ നദിയിലാണ്. കേരള ടൂറിസം മാപ്പിൽ ഇടം പിടിക്കാൻ മാങ്കുളം ഒരുങ്ങിക്കഴിഞ്ഞു. മാങ്കുളം വനം വകുപ്പ് വിവിധമേഖലകളിലേയ്ക്ക് ട്രക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പുലിമട യാത്ര, കണ്ണാടിപ്പാറ ട്രക്കിംഗ്, നക്ഷത്രപ്പാറ ട്രക്കിംഗ് തുടങ്ങിയവ അതിൽ ചിലതു മാത്രം. ഇതുകൂടാതെ മാങ്കുളം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ഒരു സൊസെറ്റിയും സഞ്ചാരികൾക്കായി കുറഞ്ഞ ചെലവിൽ പ്രകൃതിയുടെ നൈസർഗിക സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

അടിമാലി മൂന്നാർ റൂട്ടിൽ കല്ലാറിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് 16 കിലോമീറ്റർ സഞ്ചരിച്ചാൽ മാങ്കുളത്തെത്തിച്ചേരാം. മൂന്നാറിൽ നിന്നും നേരിട്ടുവരുന്നവർക്ക് 18 കിലോമിറ്ററാണ് ദൂരം. മാങ്കുളത്തു നിന്നും 8 കിലോ മീറ്റർ അകലെയാണ് ആനക്കുളം. വിവിധ ഭാഗങ്ങളിൽ നിന്നുമായി 7 സർക്കാർബസുകളും 8 സ്വകാര്യ ബസുകളും ആനക്കുളത്തേയ്ക്കു സർവ്വീസ് നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.