വിവരണം – Mohammed Rafi A.
ഇത് വരെ കണ്ടിട്ടില്ലാത്ത ഒന്നിനെ മുഖാമുഖം തേടിയുള്ള അലച്ചിലോ അന്വേഷണമോ ആണ് ഓരോ യാത്രകളും. അതുപോലൊരു യാത്രയുടെ കുഞ്ഞ് വിശേഷമാണിത്. പരിചയത്തിലുള്ളതും അല്ലാത്തതുമായ സുഹൃത്തുക്കൾക്ക് ഇൗ മനുഷ്യ-നിർമിത മാസ്മരികത പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇൗ കുറിപ്പിവിടെ പങ്കുവെക്കുന്നത്.
മൂന്ന് വർഷം മുന്നേ ആസ്സാമിൽ വന്നത് തൊട്ട് നോർത്ത്-ഈസ്റ്റ് എന്ന ഇൗ മായാലോകം എന്നെ വീണ്ടും വീണ്ടും അൽഭുതപെടുത്തിക്കൊണ്ടിരിക്കയാണ്.തവാങ്ങും, ചിറാപുഞ്ചിയും, ഡൗക്കിയും പലപ്പോഴായി നിങ്ങളെല്ലാം വായിച്ചിട്ടുണ്ടാകും. എന്നാൽ ഇൗ നാട്ടുകാർക്ക് പോലും കേട്ടുകേൾവിയില്ലാത്ത ‘വാകേൻ (Wahken)’ എന്ന കൊച്ചു ഗ്രാമത്തിലെ മുള കൊണ്ടുണ്ടാക്കിയ അൽഭുത നടപാലം കാണാനായിരുന്നു എന്റെ ഇത്തവണത്തെ ദീവാലി ട്രിപ്പ്. ഇത്തവണ കൂടെ CET സുഹൃത്ത് നിഖിലും ഉണ്ടായിരുന്നു. കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന ഷില്ലോങ്ങിൽ നിന്നും ഏകദേശം 45km അകലെയാണ് വാകേൻ. ഡൌക്കി റോഡിലെ ‘പോംലും’ എന്നിടത്ത് നിന്നും 15 km വഴിദൂരം.
രാവിലെ ഗുവാഹത്തിയിൽനിന്നും ബൈക്കിൽ പുറപ്പെട്ട് വാകേൻ എത്തുമ്പോ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു . കേരളത്തിൽ അപ്പോ നട്ടുച്ചയാണേലും ഇവിടെ സൂര്യൻ പടിഞ്ഞാറോട് അടുത്ത് തുടങ്ങിയിരിക്കുന്നു. പാർകിങ് സ്പേസ് എവിടെയെന്ന് തിരക്കിയ ഞങ്ങളോട് ഒരു നറു പുഞ്ചിരിയോടെ റോഡ് സൈഡ് ചൂണ്ടിക്കാണിച്ച അപ്പൂപ്പൻ ഒരു കടലാസും പേനയും തന്ന് പേരും വിലാസവും എഴുതി കൊടുക്കാൻ ആംഗ്യം കാണിച്ചു.
എൻട്രി ഫീസ് കൊടുത്ത് ഗൈഡിനെ കിട്ടുമോന്ന് ആലോചിക്കുമ്പോഴാണ് അപ്പൂപ്പന്റെ കൊച്ചുമോൻ 8-ആം ക്ലാസുകാരൻ ‘ശുട്’ ഞങ്ങടെ സഹായത്തിനെത്തിയത്. ഒരു ചെറിയ മുളയുടെ നടപ്പാലം ചൂണ്ടികാണിച്ചു അറിയാവുന്ന ഇംഗ്ലീഷിൽ അവൻ പറഞ്ഞൊപ്പിച്ചു “No guide today, Only you walk on that way”. ഇതും കൂടെ കേട്ടതോടെ തികച്ചും unexplored ആയൊരു കാട് കീഴടക്കാൻ പോകുന്നതിന്റെ ആവേശവും ആകാംക്ഷയും ഞങ്ങളിൽ നുരഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു. പിന്നീടങ്ങോട്ട് എന്റെ സങ്കല്പങ്ങളെ അപ്പാടെ മാറ്റി മറിച്ച ട്രെക്കിങ്ങ് അനുഭവമാണ് അവിടെ കാത്തിരുന്നത്.
ശാസ്ത്ര അഭിരുചി കൊണ്ട് മനുഷ്യജീവിതം സുഖമാമാക്കുന്നവരെ എൻജിനീയർ എന്ന് വിളിക്കാമെങ്കിൽ ഇൗ ഗ്രാമം ഒരു പറ്റം എൻജിനീയർമാരുടെ ആവാസകേന്ദ്രമാണ്. തങ്ങളുടെ നാട്ടിലെ പ്രകൃതി വിഭവങ്ങളെ കോർത്തിണക്കി ഈയടുത്ത് ഇവർ നിർമിച്ച ‘മുളപ്പാലം’ വരുന്നകാലം മേഘാലയയുടെ വിനോദസഞ്ചാര പട്ടികയിൽ ഒന്നാമതാവുമെന്നതിൽ സംശയമില്ല. ഉയരങ്ങളെ ഭയമില്ലാത്ത, കുത്തനെയുള്ള മുള ക്കോണികളിൽ കാൽ വിറക്കാത്ത, സ്ഫടിക വെള്ളത്തിൽ നീരാടാൻ കൊതിക്കുന്ന, വിവിധയിനം പേടികളെ നേരിടാനൊരുക്കമുള്ള യുവതീ- യുവാക്കൾ ഒരിക്കലെങ്കിലും ഇൗ മാസ്മരിക അനുഭൂതി വന്നനുഭവിക്കണം.
ഏകദേശം 4km ദൂരം 2 മണിക്കൂർ കൊണ്ട് നടന്നു തീർക്കേണ്ട വഴിദൂരത്തിനിടയിൽ കൊടും കാടും പുഴയും പാറക്കെട്ടുകളും അല്ലാതെ മറ്റ് സൗകര്യങ്ങളൊന്നും തന്നെ ഇല്ല. വളഞ്ഞും, പുളഞ്ഞും ,ചെങ്കുത്തായും, നിരാപ്പായും ഉള്ള അനവധി-നിരവധി മുള പാലങ്ങളിൽ കൂടെ ഉയർന്നും ഇരുന്നും, കുനിഞ്ഞും നിവർന്നും, നടന്ന് മുകളിലെ വ്യൂ പോയിന്റിൽ എത്തുന്ന നിങ്ങളെ കാത്തിരിക്കുന്നു കാഴ്ച്ച, കണ്ണിനും കൽബിനും നൽകുന്ന അനുഭൂതി വാക്കുകളാൽ അവർണ്ണനീയമാണ്.
ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്ത, ഖാസി ഭാഷ മാത്രം അറിയുന്ന ഇവിടത്തെ ഗ്രാമവാസികൾ സ്നേഹ സംഭാഷണത്തിന് ഭാഷ ഒരു തടസ്സമല്ലെന്ന് നിങ്ങളെ ബോധ്യപ്പെടുത്തും. ഗ്രാമീണരുടെ പൂർവസൂരിയായ യോദ്ധാവ് മവരിങ്ക്കാങ്ങിന്റെ ഓർമയ്ക്കാണ് ഇൗ പാറക്കൂട്ടങ്ങളെ സംരക്ഷിച്ച് പോരുന്നത്. ജനുവരിയിൽ ഓറഞ്ച് വിളയുന്ന ഇൗ കൊച്ചു ഗ്രാമം സാഹസിക പ്രിയരുടെ മനം കവരും എന്നതിന് ഈയുള്ളവൻ സാക്ഷിയാണ്.
പലപ്പോഴും എന്തെന്ന് പോലുമറിയാത്ത പല ചിന്തകൾ, എന്തൊക്കെയോ ചില ധാരണകൾ കാരണം നമ്മൾ ഓരോരുത്തരും ഇതുവരെ എത്രയെത്ര അവസരങ്ങളാണ് തിരസ്കരിച്ചു കളഞ്ഞത്. സ്വന്തം ഇഷ്ടങ്ങളെ മറന്നു മറ്റുള്ളവരുടെ സ്വപ്നങ്ങൾ സാക്ഷാകരിക്കാൻ ഓടി നടക്കുമ്പോ നമ്മൾ നഷ്ടപ്പെടുത്തിയ, ഒരുക്കലും തിരിച്ചു കിട്ടാത്ത ആ അസുലഭ അനുഭങ്ങളെ, അനുഭൂതികളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നൈമിഷിക ലോകത്ത് നല്ലകാലത്തിനെ കാത്ത് നിൽക്കാതെ കിട്ടുന്ന അവസരങ്ങളിൽ സ്വപ്നങ്ങൾക്ക് നിറം പകരാൻ നമുക്കാവട്ടെ, യാത്രകൾ നൽകുന്ന നവോന്മേഷം ചുറ്റിലും പടർത്താൻ കഴിയട്ടേ.
രാവിലെ ശില്ലോങ്ങിൽ നിന്ന് പുറപ്പെട്ട് ട്രെക്കിങ്ങ് കഴിഞ്ഞ് വകേനിൽ ഹോംസ്റ്റേ ചെയ്ത് അടുത്ത ദിവസം രാവിലെ സൊഹ്റയോ ഡോകിയോ പ്ലാൻ ചെയ്യാവുന്നതാണ്. മേഘാലയ സ്വപ്നം കാണുന്ന ഓരോരുത്തരുടെയും ലിസ്റ്റിൽ ഇനി വകേനും ഇടം പിടിക്കട്ടെ.