വിവരണം – Shijo&Devu_The Travel Tellers .

ഫെബ്രുവരി മാസത്തിലെ ചൂടുള്ള ഒരു വെളുപ്പാകാലം… പോത്തുപോലെ കിടന്നുറങ്ങുന്ന ഞാൻ. പെട്ടെന്ന് KSEB ദൈവം അവതരിക്കുന്നു കറണ്ട് കട്ട് ആക്കുന്നു. ഞാൻ ഞെട്ടി എണീറ്റു. സ്വപനം അല്ലായിരുന്നു. യാതാർത്ഥ്യം. KSEB ക്കു നല്ലത് മാത്രം വരുത്തണേ ഈശ്വരാ എന്നും പ്രാർത്ഥിച്ച് തിരിഞ്ഞു കിടന്നുങ്ങൊൻ ശ്രമിച്ച എന്നെ KSEB യോട് സംഖ്യം ചേർന്ന കൊതുകുസേന വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങി. ചൂട് സഹിക്കാനും പറ്റാണ്ടായതോടെ തോൽവി സമ്മതിച്ച് വീശാനൊരു ന്യൂസ് പേപ്പറും എടുത്തോണ്ട് വീടിന്റെ വരാന്തയിൽ ചെന്നിരുന്നു. ഇലട്രിക്ക് ബാറ്റും കൊണ്ട് കൊതുകുകൾക്കെതിരെ പടപൊരുതി തളർന്നിരിക്കുന്ന എന്റെ പ്രിയ ഭർത്താവ് എനിക്കു മുന്നേ വരാന്തയിൽ സ്ഥലം പിടിച്ചിരുന്നു.

”നമുക്കെങ്ങോടെലും പോയാലോ?” ഭർത്താവിന്റെ ചോദ്യം കേട്ടതും ഞാൻ ചാർജായി. വീട്ടുകാരുടെ തെറിം നാട്ടുകാരും പ്രാക്കും കാരണം മാസം ഒന്നായി ഒരു ട്രിപ്പ് പോയിട്ട്. പിന്നെ ചോദ്യായി പറച്ചിലായി പ്ലാനിംഗായി കറണ്ട് വന്നപ്പോഴേക്കും വാഗമൺ പോവാനുള്ള തീരുമാനോം ആയി. വീട്ടുകാർ എണീക്കും മുന്നേ പല്ലും തേച്ച് ഒരു കട്ടനും അടിച്ച് പോവാൻ റെഡിയായി. ഉറങ്ങിക്കിടന്ന കുഞ്ഞുവാവേനേം എടുത്ത് തോളത്തിട്ടോണ്ട് അമ്മയെ വിളിച്ചെഴുന്നേൽപ്പിച്ച് വാഗമൺ പോയേച്ചും വരാന്നു പറഞ്ഞപ്പോ അമ്മ ദു:സ്വപനം കണ്ട് ഞെട്ടിയ പോലെ നിൽപ്പുണ്ടാർന്നു. പുറത്തിറങ്ങി വണ്ടിലോട്ട് കയറുമുന്നേ മഴത്തുള്ളികൾ ആകാശത്തു നിന്നും പൊട്ടിച്ചിതറാൻ തുടങ്ങി. ഫെബ്രുവരി മാസത്തിൽ മഴയോ? വന്നു വന്നു മഴയും കുമ്മനടി തുടങ്ങി. എന്തായാലും മണ്ണിൽ നിന്നുയർന്ന പുതുമഴയുടെ മണവും നുകർന്ന് ഞങ്ങൾ വണ്ടിയെടുത്തു.

അപ്പവും കടലക്കറിയും കൂട്ടി ഒരു ചായയും കുടിച്ച് മുന്നോട്ട് പോയപ്പോഴാണ് പാഞ്ചാലിമേടിന്റ ബോർഡ് കാണുന്നത്. എങ്കിൽ പിന്നെ കയറിയിട്ട് പോവാന്നു തീരുമാനിച്ചു വണ്ടി അങ്ങോട്ട് വിട്ടു. താഴ്ത്തി ഇട്ടിരിക്കുന്ന ചില്ലീനകത്തൂടെ ഒളിച്ചു കയറി കാപ്പി പൂവിന്റെ മണമുള്ള കോടമഞ്ഞ് കാറിനകത്ത് ഓടിക്കളി തുടങ്ങി. വെള്ളപൂക്കൾ നിറഞ്ഞ കാപ്പിത്തോട്ടത്തിനിടയിലൂടെ ഞങ്ങൾ മുന്നോട്ട് പോയി. ഏകദേശം 9.30 യോടു കൂടി ഞങ്ങൾ പാഞ്ചാലിമേട്ടിൽ എത്തി. കവാടം കടന്ന് അകത്ത് കയറി 10 രൂപയുടെ ടിക്കറ്റ് എടുത്തു കല്ലുപാകിയ നടപ്പാതയിലൂടെ നടക്കുമ്പോൾ കരിങ്കല്ലിൽ ചിത്രപ്പണിചെയ്ത കൽമണ്ഡപങ്ങളും നോക്കത്ത ദൂരത്തോളം പരന്നു കിടക്കുന്ന കുന്നിൻ ചെരിവുകളും കാണാം. പ്രവേശനത്തിന്റെ ഭാഗത്തു തന്നെ ചെറിയൊരു കഫ്റ്റീരിയയും toilet സൗകര്യവും ലഭ്യമാണ്.

ആ താഴ്വാരത്തിൽ ചെറുതായിട്ട് കോടമഞ്ഞ് കാണാം. തലേ ദിവസം മഴ പെയ്ത കൊണ്ടാണ് ഈ കോട എന്നും. ഏകദേശം 2 മാസത്തിനു ശേഷമാണ് ഇവിടെ ഇത്ര തണുപ്പുള്ള കാലാവസ്ഥ വന്നതെന്നും ആരോ പറഞ്ഞറിഞ്ഞു. രാവിലെയായതിനാൽ സന്ദർശകർ എത്തിതുടങ്ങുന്നതേ ഉള്ളൂ. വെയിൽ വീഴാത്തത് കൊണ്ട് കുഞ്ഞാവ യേം എടുത്ത് ഞങ്ങൾ വിസ്താരമുള്ള പുൽമേട്ടിലേക്ക് നടന്നു. പലയിടത്തും എപ്പോഴോ നടന്നൊരു തീപിടുത്തത്തിന്റെ ശേഷിപ്പ് എന്ന പോലെ കരിഞ്ഞുണങ്ങിയ പുല്ലുകൾ ദൃശ്യമായിരുന്നു. എങ്കിലും പ്രതീക്ഷയുടെ പൊൻകിരണം എന്ന പോലെ അവയ്ക്കിടയിൽ ഇളം പച്ച നിറത്തിൽ പുൽനാമ്പുകൾ തളിർത്തു തുടങ്ങിയിരുന്നു.

വിശാലമായ പുൽതകിടിയിൽ കുഞ്ഞിപൂക്കൾ നുള്ളി കളിക്കുന്ന കുഞ്ഞാവയെ നോക്കി അൽപനേരം ഞങ്ങളവിടെ ഇരുന്നു. പഞ്ചാലിമേട് മുഴുവനായും ദൃശ്യമായിരുന്നു അവിടെ. പുൽമേടിന്റെ ഒരുഭാഗത്ത് അമ്പലവും വേറൊരു ഭാഗത്ത് കുരിശുകളും കാണാം ഗവൺമെൻറ് പ്രോപ്പർട്ടി ആണേലും ഡിടിപിസിയുടെ അധീനതയിലുള്ള ആ പ്രദേശത്ത് ഇരു മതത്തിൽ ഉള്ളവർക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. മതമൈത്രിയുടെ അടയാളം എന്നപോലെ തല ഉയർത്തിനിൽക്കുന്ന കുരിശുകളും ശ്രീ ഭുവനേശ്വരി ക്ഷേത്രവും മനോഹരമായൊരു കാഴ്ചയാണ്. ശബരിമലയിലെ പൊന്നമ്പലമേട്ടിലെ മകരജ്യോതി ഇവിടെനിന്ന് ദൃശ്യമായതിനാൽ ആ സമയത്ത് ഇവിടെ അനേകായിരം അയ്യപ്പഭക്തന്മാർ സന്ദർശിക്കുമെന്നാണ് അറിയാൻ കഴിഞ്ഞ മറ്റൊരു കാര്യം..

ഈ സ്ഥലത്തിന് മഹാഭാരത കഥയുമായി ഒരു ബന്ധമുണ്ടത്രെ! വനവാസകാലത്ത് പാണ്ഡവരും പാഞ്ചാലിയും താമസിച്ചത് ഈ പ്രദേശത്താണെന്നും അങ്ങനെയാണ് ഇവിടം പാഞ്ചാലിമേട് എന്ന് അറിയപ്പെടുന്നത് എന്നുമാണ് ഇവിടത്തെ പറ്റിയുള്ള ഒരു കഥ. മാത്രമല്ല എത്ര കടുത്ത വേനലിലും വെള്ളം വറ്റാത്ത പാഞ്ചാലി കുളവും ഇവിടുത്തെ ഒരു ആകർഷണ ഘടകമാണ്. ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കാൻ കോടികളുടെ പ്രോജക്ടിന്റെ ചർച്ചയിലാണ് ഗവൺമെൻറ് എന്നും എത്രയും പെട്ടെന്ന് പാഞ്ചാലിമേട് വലിയൊരു ഇക്കോടൂറിസം പദ്ധതി വരുമെന്നും പറയുന്നത് കേട്ടു. അങ്ങ് ദൂരെ കുന്നും ചെരുവിലേക്ക് നോക്കി നിൽക്കെ കോടമഞ്ഞിൻ നേർത്ത പാളികൾ ആ പ്രദേശത്തെ വലയം ചെയ്യാൻ തുടങ്ങി. വീശിയടിക്കുന്ന കാറ്റിൽ കോടമഞ്ഞിന്റെ കാഠിന്യം കൂടാൻ തുടങ്ങിയപ്പോൾ കുഞ്ഞുവാവയേം ചേർത്തുപിടിച്ച് താഴ്‌വരയുടെ ഹരിത സൗന്ദര്യത്തെ മുഴുവൻ മനസ്സിൽ ആവാഹിച്ച് ഞങ്ങൾ പാഞ്ചാലിമേടിനോട് വിടപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.