വിവരണം – Sreeja Manoj.
ഇന്നലെ വീട്ടിൽ ചുമ്മായിരുന്നപ്പോൾ ഒരുൾവിളി.. ഒന്ന് ചുരം കേറിയാലോ? ആ മ്മടെ ഈ താമരശ്ശേരി ചൊരം തന്നെ. അവിടെ മേപ്പാടി എന്ന സ്ഥലത്ത് പോകേണ്ട ഒരു കാര്യവ്വുണ്ട്. എന്നാ പിന്നെ പുറപ്പെട്ടളയാംന്വച്ചു. തിരിഞ്ഞു മറിഞ്ഞ് (അതിൽ എനിക്ക് Phd ഉണ്ട്). ഉച്ചകഴിഞ്ഞു പോകാൻ ഞാനും ഞാനുമെൻറാളും ഞങ്ങടെ മോനും പിന്നെ ഞമ്മടെ സ്വന്തം മാരുതി 800 ഉം ഇറങ്ങുമ്പോ തന്നെ നല്ല മഴക്കോള്.
ജീവിതത്തിലാദ്യമായി താമരശ്ശേരി ചുങ്കം ബ്ലോക്കില്ലാതെ കണ്ടു . ചെക്പോസ്റ്റ് എത്തിയപ്പോഴേക്കും നല്ല ഫസ്റ്റ് ക്ലാസ് മഴ. എന്താ പറയ്യാ.. വണ്ടിയിലിരുന്ന് യേശുദാസ് ഗോപാലക പാഹിമാം പാടുന്നു. പുറത്തു മഴ താളം പിടിക്കണു. But അടിവാരം എത്താറായപ്പോഴേക്കും മഴ നിന്നു. ഞങ്ങടെ മാരുതിക്കുട്ടൻ സുന്ദരമായി ചുരം കേറിത്തുടങ്ങി. കാഴ്ച്ചകൾ കണ്ടു ഞാൻ മൊബൈലെടുത്ത് ക്ലിക്കോ ക്ലിക്ക് !!
പുറകിലിരുന്ന മകൻ പറഞ്ഞു അമ്മ വെറുതേ പോട്ടം പിടിക്കണ്ട ഇത് കാണുന്ന രസമൊന്നും ഫോട്ടോയിൽ കിട്ടില്ല (എന്റ മകനാന്നെങ്കിലും വിവരമുണ്ട്) ! സത്യം പറയാലോ ആ കാഴ്ച്ചകൾ കണ്ടാസ്വദിക്ക തന്നെ വേണം വാക്കുകൾക്കതീതമാണത്.
ചുരം അതു കണേണ്ട കാഴ്ച്ച തന്നെയാണ്. ഫോട്ടോ എടുക്കുന്നതിനേക്കാൾ പ്രധാനം കണ്ടു കൊണ്ട് മനസ്സിലേക്ക് ആവാഹിക്കാനാണ്. ലക്കിടി കഴിഞ്ഞ് പോകുമ്പോ ഇരു വഴിക്കും തേയില കാപ്പി എന്നിവയുടെ തോട്ടങ്ങൾ നിറച്ചും പൂക്കൾ നല്ല ഭംഗി കഴിഞ്ഞ മഴക്കാലത്തുണ്ടായ കെടുതികളെല്ലാം വയനാട് അതിജീവിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ മുഴത്തിനു മുഴത്തിന് കാണുന്ന വലിയ വലിയ ഫ്ലാറ്റുകൾ അരോചകമായി തോന്നി.
അങ്ങനെ ഞങ്ങൾ വയനാടുചുരം കേറി. പിന്നെ മേപ്പാടിയിലേക്കു പോകന്ന വഴിയരികിൽ ഒരു കുഞ്ഞു കടയിൽ നിന്നും മുളയരി പായസം, തേൻ നെല്ലിക്ക ഒക്കെ കഴിച്ചു. അപ്പോഴാണ് അവിടെ ഒരു റോപ്പ് ക്ലൈംബിംഗ് ഉള്ളതായി അറിഞ്ഞത്. നേരമില്ലാത്തതിനാൽ അവിടെ നിന്നില്ല. അങ്ങനെ ചോയ്ച്ചു ചോയ്ച്ചു ഞങ്ങൾ മേപ്പാടി Angel Collection Center ൽ എത്തി. അവിടെ കുട്ടികളുടെ കുറച്ചു നല്ല വസ്ത്രങ്ങൾ കൊടുക്കാനുണ്ടായിരുന്നു. (FB യിൽ നർഗീസ് ബീഗം എന്നയാളുടെ പോസ്റ്റിൽ നിന്നും പ്രചോദനം).
തിരിച്ചു ചുരമിറങ്ങുന്നതിനു മുമ്പ് പൂക്കാട് തടാകത്തിനരികിലുള്ള ഒരു കടയിൽ (പേര് തട്ടുകട എന്നു തന്നെ) ദോശയും പൊറോട്ടയും ഒക്കെ അടിച്ച വീശി. കട്ടൻ കാപ്പിയുടെ സ്വാദ് പറയാതെ വയ്യ. പൊറോട്ട നമ്മൾ പറയ്യന്ന സമയം on the Spot ആണ് ഉണ്ടാക്കുന്നത്. കറിയൊന്നും വേണ്ടേ വേണ്ട. മേപ്പാടിക്കടുത്താണ് സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ പീക്ക് ഒക്കെ. നേരമില്ലാത്തതു കൊണ്ടും കാലാവസ്ഥ അനുകൂലമല്ലാത്തതു കൊണ്ടും പോയില്ല. താമസിയാതെേ മറ്റൊരു ദിവസം പോകണം. അങ്ങനെ ഞങ്ങൾ ചുരമിറങ്ങി ഇനി എല്ലാവരേയും കൂട്ടി ഒരിക്കൽ കൂടി വരുന്നതാണ്.