വിവരണം – Gokul Vattackattu.
ഒമാനിലെ മാണിക്യം അഥവാ ജുവൽ ഓഫ് ഒമാൻ എന്നറിയപെടുന്ന വാദി ഷാബിലേക്കുള്ള രണ്ടാമത്തെ യാത്രയായിരുന്നു. സാഹസികത ഇഷ്ടപെടുന്ന ഏതൊരു സഞ്ചാരിയും സന്ദർശിച്ചിരിക്കേണ്ട ഒരു അവിസ്മരണീയ സ്ഥലമാണ് ഇവിടം. സുഹൃത്തായ അജിത്ത് ചേട്ടനും, ചേട്ടന്റെ അളിയൻ നിതിനുമൊപ്പമായിരുന്നു ഇത്തവണത്തെ യാത്ര. നാട്ടിൽ നിന്നും വിസിറ്റിനു വന്ന നിതിനൊപ്പം ഒരു കറക്കം അതായിരുന്നു ഉദ്ദേശം. ഞാൻ രണ്ടാമത്തെ തവണ ആണ് പോകുന്നത് എങ്കിലും പൂർണ്ണമായും അവിടം സന്ദർശിക്കാൻ ആദ്യത്തെ തവണ കഴിഞ്ഞിരുന്നില്ല. വാദി എന്നാൽ അറബിയിൽ ചെറിയ പുഴ എന്നൊക്കെ ആണ് അർത്ഥം.
ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ നിന്നും ഏകദേശം 160 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. നേരിട്ട് നല്ല റോഡ് ഉള്ളത് കൊണ്ട് സാധാരണ കാറിൽ വളരെ എളുപ്പത്തിൽ എത്തിച്ചേരാം. മസ്കറ്റിൽ നിന്നും സൂറിലേക്ക് പോകുന്ന റൂട്ട് 17 നിൽ ആണ് വാദി ഷാബ്. ഇനി ഞങ്ങളുടെ യാത്രയിലേക്ക് കടക്കാം. ഒരാഴ്ച മുന്നേ പ്ലാൻ ചെയ്തതായിരുന്നു ഈ യാത്ര. വെള്ളിയാഴ്ച (2019 ഫെബ്രുവരി 15) ഓഫീസ് പാർട്ടിയായതിനാൽ യാത്ര പിറ്റേ ദിവസത്തേക്ക് മാറ്റിവെച്ചു. പാർട്ടി ഒക്കെ കഴിഞ്ഞു ഫ്ലാറ്റിൽ എത്തിയപ്പോ രാത്രി ഒരു മണിയായി. രാവിലെ 8 മണിക്കു തന്നെ പോകാനായി തയ്യാറായി. മാറിയുടുക്കാനുള്ള ഡ്രസ്സും തോർത്തും ( സംശയിക്കേണ്ട നമ്മുടെ നാടൻ തോർത്ത് തന്നെ!) എടുത്തുവെച്ചു.
മസ്കറ്റിൽ നിന്നും 9 മണിയോടെ യാത്ര പുറപ്പെട്ടു. റോഡ് ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നു. പാവം അജിത്തേട്ടൻ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു. അങ്ങനെ ഞങ്ങൾ ഒരു പതിനൊന്നു മണിയോടെ ലക്ഷ്യസ്ഥാനത്തെത്തി. അമേരിക്കയിലെ പ്രസിദ്ധമായ ഗ്രാൻഡ് കാന്യണിനെയൊക്കെ ഓർമ്മപ്പെടുത്തുന്ന ഭൂപ്രകൃതിയാണ്. ചെറിയൊരു തടാകം അക്കരെ കടന്നു വേണം നമ്മുടെ യാത്ര ആരംഭിക്കാൻ. ഒരാൾക്ക് ഒരു റിയാൽ കൊടുത്തു അക്കരെ കടക്കാം, തിരികെ വരുമ്പോൾ ആ രസീത് കാണിക്കണം.
നടന്നു തുടങ്ങുമ്പോൾ തന്നെ വിസ്മയകാഴ്ചകൾ കാണാം. വാഴയും ഈന്തപ്പനയും കൃഷി ചെയ്യുന്ന ചെറിയ ഫാർമുകൾ കടന്നു മുന്നോട്ട്. അവിസ്മരണീയമായ ഭൂപ്രകൃതി. പുരാതനകാലത്ത് ജനവാസമുണ്ടായിരുന്നു എന്നുള്ളതിന്റെ ചില സൂചനകൾ അവിടവിടെ കാണാം, പൊളിഞ്ഞ ചെറിയ വീടുകൾ ഒക്കെ. ഏകദേശം ഒരു മണിക്കൂർ നടക്കണം അവസാനത്തെ മനോഹരമായ ആ കാഴ്ച കാണാൻ. ഓരോ കാലടിയും വളരെ ശ്രദ്ധിച്ച്. കാലൊന്ന് തെറ്റിയാൽ പാറയിൽ വീണ് സാരമായ പരിക്കോ മരണമോ ഉറപ്പ്. യൂറോപ്യൻസിനെയും അമേരിക്കക്കാരായ സാഹസികരേയും അവിടെ ധാരാളമായി കാണാൻ കഴിഞ്ഞു.
ചെറിയ പനിക്കോൾ ഉള്ളതിനാൽ നടന്ന് എത്തിയപ്പോഴേക്കും നന്നായി അണച്ചു. ഇവിടെ പോകുവാണെന്ന് പെണ്ണുമ്പിള്ളയോട് പറഞ്ഞപ്പോഴേ വെള്ളത്തിൽ ഇറങ്ങരുതെന്ന് ഉപദേശം കിട്ടിയിരുന്നു. അനുസരണാശീലം പണ്ടേ ഇല്ലാത്തതിനാൽ വെള്ളത്തിൽ ഇറങ്ങാൻ തന്നെ തീരുമാനിച്ചു. ആ തീരുമാനം തെറ്റായിരുന്നു എന്ന് തിരിച്ചറിയാൻ അതിന്റെ ഫലം അനുഭവിക്കേണ്ടി തന്നെ വന്നു. വാദിയിൽ ഇടവിട്ട് വളരെ ആഴമുള്ള കുറേ കുളങ്ങളുണ്ട്. അങ്ങനെയുള്ള മൂന്ന് കുളങ്ങൾ നീന്തി പിന്നിട്ട് എത്തിയാൽ ഒരു ചെറിയ ഗുഹാ ദ്വാരമുണ്ട്. ജലപ്രതലത്തിനു മുകളിൽ ദൃശ്യമാകുന്ന ഭാഗത്തു കൂടി കഷ്ടിച്ച് ഒരാളുടെ തലമാത്രം കടന്നു പോകുകയുള്ളൂ. ആ ഗുഹയിലൂടെ കടന്നാൽ (Vertical Swimming) എത്തിപ്പെടുന്നത് വൃത്താകൃതിയിലുള്ള നിലയില്ലാത്ത ഒരു ചെറിയ തടാകത്തിലേക്കാണ്. ഇളംപച്ചയും നീലയും നിറമുള്ള തെളിനീരാണ് അവിടെ കാണാൻ സാധിക്കുന്നത്. വളരെ മനോഹരമായ ഒരു ചെറിയ വെള്ളച്ചാട്ടം കാണാം അതിനുള്ളിൽ! സാഹസികരായവർക്ക് പിന്നെയും മുകളിലേക്ക് പോകാം, വെള്ളച്ചാട്ടത്തിന്റെ അരികിൽ കെട്ടിയ കയറിൽ തൂങ്ങി കേറിയാൽ വീണ്ടും പ്രകൃതി ഒളിപ്പിച്ചു വെച്ച ഒരു തടാകം കാണാമെന്ന് അവിടംവരെ പോയവർ പറഞ്ഞു. കയ്യിൽ വാട്ടർപ്രൂഫ് ക്യാമറ ഇല്ലാതിരുന്നതിനാൽ അവിടുത്തെ വീഡിയോ എടുക്കാൻ കഴിഞ്ഞില്ല. യൂടൂബിൽ നിന്നുമെടുത്ത ഒരു വീഡിയോ അറ്റാച്ച് ചെയ്തിട്ടുണ്ട്.
“നാട്ടിൽ പമ്പയാറ്റിൽ നീന്തി തുടിച്ച എനിക്ക് ഒമാനിലെ ഈ വാദിയൊക്കെ എന്ത് ” എന്നുള്ള അമിതമായ ആത്മവിശ്വാസത്തോടെയാണ് ഞാൻ നിതിനൊപ്പം നീന്താനായി ഇറങ്ങി തിരിച്ചത്. ക്യാമറ അടക്കം വിലപിടിപ്പുള്ളതൊക്കെ സൂക്ഷിക്കേണ്ടതിനാൽ അജിത്തേട്ടൻ കരയിൽത്തന്നെ നിന്നു. ഞങ്ങൾ പോയി വന്നിട്ട് പോകാനായി. ഞങ്ങൾ നീന്തി ഒരു കുളം കഴിഞ്ഞു, അടുത്തതിലേക്ക്. പനിക്കോൾ ഉള്ളതിനാലും ദീർഘനാളായി നീന്താതെ ഇരുന്നതിനാലും ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുന്നതായി തോന്നി. ശരീരം പെട്ടെന്ന് അണയ്ക്കാനും തുടങ്ങി. അരികിൽ പിടിച്ചു നിൽക്കാനുള്ള സ്ഥലം പോലും പരിമിതം! നിതിൻ എന്നേക്കാളും മുന്നേ നീന്തി ഗുഹയുടെ ഉള്ളിലെത്തി. ഗുഹയുടെ അടുത്ത് വരെ പോകാനുള്ള ആത്മവിശ്വാസമില്ലാത്തതിനാൽ നിതിൻ തിരികെ വരാനായി ഞാൻ കാത്തു നിന്നു. ക്ഷമകെട്ടപ്പോൾ രണ്ടും കൽപിച്ചു ഗുഹക്കുള്ളിലേക്ക് നീന്തി. ശരീരം തളരുന്നു, ശ്വാസം കിട്ടുന്നില്ല! താഴ്ന്നു പോകുന്നു.
ഒരു വിധത്തിൽ ഗുഹക്കുള്ളിൽ കയറിപ്പറ്റി. പ്രകൃതി ഒരുക്കിയ അതി മനോഹരമായ കാഴ്ചയാണ് അതിനുള്ളിൽ. പകുതി വെള്ളം നിറച്ച ഒരു ഗ്ലോബിനുളളിൽ പെട്ട അവസ്ഥ. തടാകത്തിന്റെ അരികിൽ പിടിച്ചു നിന്നു. നിലയില്ല. കൈകൾ കൊണ്ട് തൂങ്ങിക്കിടന്നു. 4-5 പേർ അവിടെ വേറെയുമുണ്ട്. പക്ഷേ അവരിൽ നിതിൻ ഇല്ല. അവനെ കാണാത്തതിനാൽ ഭയമായി. അവിടെ കെട്ടിയ കയറിൽ തൂങ്ങി അവൻ മുകളിലേക്ക് കയറിയതായി മനസ്സിലായി. അവിടെ കണ്ട ഒരു സായിപ്പിനോട് ഇവിടന്ന് തിരികെ പോകാൻ വേറെ വഴിയുണ്ടോ എന്ന് തിരക്കി. തിരികെ നീന്തി കരപറ്റുമെന്ന് തോന്നുന്നില്ല. മരണത്തെ മുന്നിൽ കണ്ടു. ഹൃദയം സാധാരണയിൽ കൂടുതൽ മിടിക്കുന്നു. കയറിൽ പിടിച്ചു കയറിയാൽ മുകളിൽ കൂടി വേറെ വഴിയുണ്ടന്ന് ആ സായിപ്പ് പറഞ്ഞതനുസരിച്ച് കയറാൻ ശ്രമിച്ചെങ്കിലും പാറയിലെ വഴുവഴുപ്പ് കാരണം പറ്റിയില്ല. ഗുഹയിൽ നിന്ന് തിരികെ ഇറങ്ങിയില്ലെങ്കിൽ മരണം ഉറപ്പ്. അങ്ങനെ തന്നെ മനസ്സിൽ വിചാരിച്ച് തിരികെ നീന്തി. ഒരു വിധത്തിൽ പ്രാണൻ കയ്യിലെടുത്തു നീന്തി ഗുഹക്ക് വെളിയിൽ എത്തി, കുറച്ച് നിലയുള്ള ഭാഗത്ത് കാലുറപ്പിച്ചു. നിതിനെ കാത്തിരുന്നു. അവൻ തിരികെവന്നതിനു ശേഷം പതിയെ തിരികെ നീന്തി ഒരു വിധേന കരയെത്തി. ഓർക്കുമ്പോൾ തന്നെ ഭയമാകുന്ന അനുഭവം.
അപ്പോഴേക്കും കരയിൽ കാത്തിരുന്നു അജിത്തേട്ടൻ മടുത്തിരുന്നു. സാധനങ്ങളുടെ കാവൽ ഞാനേറ്റെടുത്തു. നിതിൻ വീണ്ടും ചേട്ടന്റെയൊപ്പം വാദിയിലേക്ക് പോയി.അരമണിക്കൂറെടുത്തു അവർ തിരികെ വരാൻ: തിരികെ നടന്ന് കാറിന്റെ അടുത്തെത്തിയപ്പോൾ സമയം 4.30. പോകുന്ന വഴി ബിമ്മ എന്ന സ്ഥലത്തുള്ള സിങ്ക് ഹോളും കണ്ടു. തിരികെ ഫ്ലാറ്റിൽ എത്തിയപ്പോൾ സമയം 8 മണിയായി.
മുൻകരുതലുകൾ : നന്നായി നീന്താൻ അറിയുന്നവർ മാത്രം വാദിയിൽ ഇറങ്ങുക. നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കുക. മദ്യപിച്ച് കൊണ്ട് പോകരുത്. നിയമപരമായി വാദിയിൽ ഇറങ്ങാൻ അനുവാദമില്ല. അവിടെ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ല. സ്വന്തം റിസ്കിൽ വാദിയിൽ ഇറങ്ങണം. അതിനാൽ ഒറ്റക്ക് ഒരു കാരണവശാലും അവിടം സന്ദർശിക്കരുത്. ഒരുപാട് പേർ അവിടെ മുങ്ങി മരിച്ചിട്ടുണ്ട്, അതിനാൽ വളരെ ശ്രദ്ധാപൂർവ്വം സന്ദർശിക്കേണ്ട മനോഹരമായ ഒരു സ്ഥലമാണിവിടം.