വിവരണം – Kamal Kopa.

ഇന്ത്യൻ ജനത ഇന്ന് അഭിമാനത്തോടെ കാണുന്ന ധീര ജവാൻ അഭിനന്ദൻ വർധമാൻ കടന്നു വന്ന വാഗാ ബോർഡർ വരെ ഞാൻ പോയ യാത്ര കുറിപ്പ്. ഒരു വശത്ത് ഇന്ത്യൻ പട്ടാളവും (Border Security Force – BSF) ഇന്ത്യൻ ജനതയും മറു വശത്ത് പാകിസ്താൻ പട്ടാളവും (Pakistan Rangers) പാകിസ്താനി ജനതയും. രണ്ടു രാജ്യങ്ങളുടെയും ജനങ്ങൾക്ക് കഴ്ചയൊരുക്കി ഒരു രാജ്യങ്ങളും ഒരുക്കുന്ന അപൂർവ ദൃശ്യ വിരുന്നാണിത്. പഞ്ചാബിലെ അമൃത്സറിൽ നിന്നും 60 കിലോമീറ്ററുകൾക്കപ്പുറം ഇന്ത്യയും പാകിസ്ഥാനും അതിർത്തി പങ്കിടുന്ന സ്ഥലമാണ് വാഗാ. ഈ പ്രദേശത്തിന് മുക്കാൽഭാഗവും പാകിസ്താൻ പ്രദേശങ്ങളാണ്. ഇന്ത്യയും പാകിസ്ഥാനും ചരക്കു ഗതാഗതത്തിനുള്ള ഒരുപാതയായി ഈ അതിർത്തിയെ ഉപയോഗിക്കുന്നു. ചരക്ക് ഗതാഗത ടെർമിനൽ – റെയിൽവേസ്റ്റേഷൻ എന്നിവയുണ്ട് ഇവിടെ.

വൈകുന്നേരം നാലിനും അഞ്ചിനും ഇടക്കാണ് Beating Retreat എന്ന പേരിലറിയപ്പെടുന്ന ഈ കാഴ്ച ഉള്ളത്. എല്ലാ ദിവസവും ഈ പരേഡ് അരങ്ങേറുന്നു. തികച്ചും സൗജന്യമായാണ് ഇവിടത്തെ പ്രവേശനം. VIP (താഴത്തെ സീറ്റുകൾ) പാസുകൾക്കായി രാവിലെ തന്നെ ഇവിടെ വരേണ്ടതുണ്ട്. അല്ലാത്തവർ പരേഡ് തുടങ്ങുന്നതിന് മുമ്പ് മാത്രം എത്തിയാൽ മതി. കാണികളായി ഇരു രാജ്യങ്ങളുടെയും ജനങ്ങൾക്ക് ഗാലറികൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ അതിർത്തിയിൽ ഉയർന്ന രീതിയിൽ കാണികൾക്ക് കാണാവുന്ന പറ്റാവുന്ന സൗകര്യമുള്ള ഗാലറികൾ ഒരുക്കിയിട്ടുണ്ട്. പാകിസ്ഥാനിൽ സ്റ്റേഡിയം പോലെയാണ് കാണാനാവുന്നത്. പതിനായിരങ്ങളാണ് ഇരു വശത്തും ഒരേ സമയം കാണികളായി വരുന്നത്.

ഇന്ത്യ – പാക് അതിർത്തി വരുന്ന ഗേറ്റ് തുറക്കുന്നതോടെ കൂടി പരിപാടി തുടങ്ങുന്നു. തുടർന്ന് പട്ടാളത്തിന്റെ അഭ്യാസ പ്രകടനങ്ങളാണ്. ഓരോ പ്രകടനങ്ങളും ആസ്വദിച്ചു കൊണ്ട് കാണികൾ രാജ്യത്തിനായി ജയ് വിളിക്കുന്നു. രാജ്യസ്നേഹം തുളുമ്പി രോമകൂപങ്ങൾ എണീറ്റ് നിൽക്കുന്ന നിമിഷങ്ങൾ. ഇത്രയും ഉയർന്ന ശബ്ദഘോഷാരവത്തിൽ അപ്പുറത്തെ കാഴ്ചകൾ അല്ലാതെ ഒന്നും കേൾക്കാനാവുന്നില്ല. എങ്കിലും അവരും ജയ് വിളിക്കുകയാണെന്ന് മനസ്സിലാക്കാനാകും. 30 മിനിറ്റോളം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ഇരു രാജ്യങ്ങളും പതാക താഴ്തുന്നതോടെ പരേഡ് അവസാനിക്കുന്നു. തുടർന്ന് അതിർത്തി വീണ്ടും അടയ്ക്കുന്നു. ഇത്രയും നല്ല നിമിങ്ങൾ ആസ്വദിച്ച് തിരിച്ചു പോകുന്ന ഇരു രാജ്യങ്ങളുടെയും ജനങ്ങൾ. സെൽഫികൾ പകർത്തി ഓർമകൾ കാത്തു സൂക്ഷിക്കുന്ന നിമിഷങ്ങൾ .. യാത്രകളിൽ എന്നെന്നും മറക്കാനാവാത്ത നിമിഷങ്ങൾ തന്നെയാണിത്.

തിരിച്ചുവരുമ്പോൾ എൻറെ പ്രധാന ആഗ്രഹമായിരുന്നു ഇന്ത്യൻ കാവൽ ഭടന്മർക്കൊപ്പമുള്ള ഒരു ചിത്രം. കൂട്ടുകാർ വേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ പോയി ചോദിച്ചു ഒന്നിച്ച് ഫോട്ടോ എടുത്തോട്ടെ എന്ന്. തമിഴ്നാട്ടിൽ നിന്നുള്ള ഒരു സൈനികൻ, എൻറെ മലയാള ചുവയുള്ള സംസാരം കെട്ടിട്ടാവണം അദ്ദേഹം സമ്മതിച്ചു. സെൽഫി എടുത്ത് സ്നേഹം നിറഞ്ഞ ഹസ്തദാനം നല്കിയിട്ടും അവിടെന്ന് തിരിച്ചു വരാൻ മനസ്സ് തൊന്നിക്കാത്ത നിമിഷങ്ങൾ. തിരികെ വരുമ്പോൾ അവിടത്തെ ബോർഡിൽ നിന്നും വെറും 22 കിലോമീറ്റർ മാത്രമേയുള്ളൂ ലാഹോറിലേക്ക് എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഈ പാതയിലൂടെ ഇന്ത്യ – പാകിസ്താൻ ദൈനം ദിന യാത്രകൾ ഉണ്ടായിരുന്നു. പുൽവാമ ആക്രമണത്തിന് ശേഷം അത് നിർത്തിരിയിക്കുകയാണ്.

ഇങ്ങനെയൊരു കാഴ്ച കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക്‌ എളുപ്പത്തിൽ പോകാവുന്നതാണ്. കേരളത്തിൽ നിന്നും എല്ലാ ബുധനാഴ്ചയും അമൃത്സറിലേക്ക് ട്രെയിൻ ഉണ്ട്. 1000 രൂപയിൽ താഴെയാണ് സ്ലീപ്പർ ടിക്കറ്റ് നിരക്ക്. ബുധനാഴ്ച പുറപ്പെട്ട് 2 ദിവസം സഞ്ചരിച്ച് അമൃത്സർ എത്താം. Golden Temple, Jalian Valabag, WAGA Boarder ഒക്കെ കണ്ട് ഞായറാഴ്ച മടങ്ങാനും സാധിക്കും. 3000 – 4000 രൂപ കൊണ്ട് പോയി വരാവുന്ന മികച്ച കാഴ്ചകൾ സമ്മാനിക്കുന്ന നല്ലൊരു യാത്ര കൂടിയാകും ഇത്. കഴിഞ്ഞ ഡിസബറിലാണ് 13 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ പത്താം ക്ലാസ്സിലെ കൂട്ടുകാരുമൊത്ത് പഞ്ചാബിലേക്ക് യാത്ര പോയത്. ഞാനും Insaf, Ramshood, Hameed , Haris , Nikhilesh എന്നിവരായിരുന്നു എന്നോടൊപ്പമുണ്ടായത്‌. പഞ്ചാബിലെ ഈ കാഴ്ചകളോടൊപ്പം സുഹൃത്തിന്റെ പഞ്ചാബിലെ കല്യാണവും കൂടാനായിരുന്നു ഞങ്ങളുടെ യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.