വിവരണം – Rosline CU.
വീട്ടിൽ മടിച്ചിരിക്കുന്ന അമ്മൂമ്മയും അപ്പൂപ്പനും ഉള്ളവരായിരിക്കുമല്ലോ മിക്കവരും. എന്നും വൈകുന്നേരമാ വുമ്പോഴേക്കും മുട്ടിനു വേദന, നീര് വയ്ക്കൽ, കോച്ചിപ്പിടുത്തം, നടുവേദന, തോൾവേദന, ഒന്നുമല്ലെങ്കിൽ വല്ലാത്ത ക്ഷീണം,ചുമ, കിതപ്പ് ഇതൊക്കെയാവും അവരുടെ ഓരോ ദിവസത്തെയും വിശേഷങ്ങൾ.
ഒരു അത്ഭുതം കാണണോ? ഒരുദിവസം അവരെയും കൂട്ടി ഒരു ദൂര യാത്രയ്ക്ക് ഇറങ്ങൂ. ഇതുവരെ കാണാത്ത, സങ്കൽപ്പിക്കാത്ത, കാഴ്ചകളിലേക്ക്, ഉയരങ്ങളിലേക്ക്. ഞങ്ങൾ പോയി 12 ദിവസത്തെ ഒരു ദൂര യാത്രയ്ക്ക് ആഗ്ര, ജയ്പൂർ, ഡൽഹി, കുളു – മണാലി.. അമ്മച്ചിക്കൊപ്പം.
യാത്ര അടുക്കുംതോറും മനസ്സിൽ ചെറിയൊരു പേടി ഇല്ലാതിരുന്നില്ല. അമ്മച്ചിയുടെ ആരോഗ്യപ്രശ്നങ്ങൾ, മുറതെറ്റാതെ കഴിക്കേണ്ട മരുന്നുകൾ, മുട്ടുവേദന, ജയ്‌പൂരിലെ ചൂട്, മണാലിയിലെ തണുപ്പ്, ഉയരങ്ങൾ.. കയ്യിൽ അത്യാവശ്യം കരുതേണ്ട മരുന്നുകളും മറ്റു സാധനങ്ങളും കരുതി, ബാക്കി വരുന്നിടത്ത് വച്ച് കാണാം എന്ന് തീരുമാനിച്ചു.
യാത്രയ്ക്കു പുറപ്പെടുന്നതിന് തലേദിവസം ഒരുകെട്ട് സാരിയും പാക്ക് ചെയ്തു വന്ന അമ്മച്ചിയെ ചുരിദാറിടീക്കൽ ആയിരുന്നു ആദ്യ പടി. സാരിക്കെട്ട് വീട്ടിൽ ഒരു മൂലയ്ക്കിട്ടു പഴയ നരകൾ ഒക്കെ കറുപ്പിച്ചു കണ്ടാൽ 72 പോയിട്ട് 50 വയസ്സ് തോന്നിക്കാത്ത പുതിയൊരു അമ്മച്ചിയേയും കൂട്ടി ഞങ്ങൾ യാത്ര തുടങ്ങി. അമ്മച്ചി ഹാപ്പിയായിരുന്നു. ഞങ്ങളും.
കൂട്ടുകാരുമൊത്ത് പല യാത്രകളും ചെയ്തിട്ടുണ്ട്. ഒരുപാട് ആസ്വദിച്ചിട്ടുമുണ്ട്. എന്നാൽ ഈ യാത്ര വ്യത്യസ്തമായിരുന്നു. അങ്ങോട്ടുള്ള യാത്ര കൊങ്കൺ പാത വഴി ട്രെയിനിലായിരുന്നു. കാണുന്ന ഓരോ പ്രദേശത്തേയും അമ്മച്ചി എത്ര കൗതുകത്തോടെയാണ് നോക്കിക്കണ്ടിരുന്നതെന്നോ. ജനലിനപ്പുറം കാണുന്ന ഓരോ കൃഷിയിടങ്ങളും അമ്മച്ചിയോടും, അമ്മച്ചി അവയോടും സംസാരിച്ചു കൊണ്ടിരുന്നു. അവിടെ പണിയെടുക്കുന്ന കൃഷിക്കാരെ കുറിച്ചും മണ്ണിന്റെ നിറത്തെയും വെയിലിനെയും വെള്ളത്തിന്റെ ലഭ്യതയെക്കുറിച്ചും.. സ്ത്രീകളെയും അവരുടെ ആരോഗ്യ പ്രശ്നത്തെയും ആഹാരത്തെയും കുറച്ചും അമ്മച്ചി സംസാരിച്ചുകൊണ്ടിരുന്നു.
സ്കൂളിൽ പഠിച്ച കാലത്ത് പല ധാന്യങ്ങളെ കുറിച്ചും അവയുടെ വിളവെടുപ്പ് കാലയളവിനെ കുറിച്ചും ഓരോന്നിനും ഉത്തമമായ കാലാവസ്ഥയെയും മണ്ണിനെയും വെള്ളത്തിന്റെ ആവശ്യകതയെക്കുറിച്ചും ഒക്കെ പഠിച്ചിട്ടുണ്ടെങ്കിലും വിവരം പണ്ടത്തെ ആറാം ക്ലാസുകാരി അമ്മച്ചിക്ക് ഉള്ളതിന്റെ പകുതിയോളം പോലും എനിക്കില്ല എന്ന് മനസ്സിലായി.
ആദ്യം ആഗ്രയിൽ ഇറങ്ങി. ഒരു ദിവസം അവിടുത്തെ കാഴ്ചകൾ കണ്ടതിനുശേഷം ജയ്പൂർ. വീണ്ടും ഒരു ദിവസം അവിടെ കറങ്ങി അതിനുശേഷം മനുഷ്യരെക്കൊണ്ട് കുത്തിനിറച്ച ലോക്കൽ ട്രെയിനിൽ ഡൽഹി കയറി. ഭാഷ ലവലേശം അറിയില്ലെങ്കിലും അടുത്തിരിക്കുന്ന കുട്ടികളോടും കരയുന്ന കുഞ്ഞുങ്ങളോടും അമ്മമാരോടും ഒക്കെ അമ്മച്ചി കുശലാന്വേഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഒന്ന് അറിയുമോ മുട്ടുവേദന ഒന്ന് തലപൊക്കിയത് പോലുമില്ല. കാലുവേദനയില്ല. ക്ഷീണമില്ല. നടുവേദന ഇല്ല.
യാത്രയ്ക്കിടയിൽ അല്പം പൊക്കം കൂടിയ ഒരു മതിൽ കണ്ടപ്പോൾ ഞാൻ പേടിച്ചു നിന്നു “അയ്യോ അമ്മച്ചിയെ എങ്ങിനെയാ കയറ്റുക?”. അമ്മച്ചി ഒന്നു ചിരിച്ചു. എന്നിട്ട് സിമ്പിളായി മുകളിൽ കൈ കുത്തിയൂന്നി ചാടിയങ്ങു കയറി. അതും പോരാഞ്ഞിട്ട് എന്റെ നേരെ കൈ നീട്ടി പേടിക്കേണ്ട മോളൂട്ടി കൈപിടിച്ചു കേറിക്കോയെന്ന ഭാവവും.
മണാലിയിലേക്ക് ഡൽഹിയിൽനിന്ന് ബസ്സിലാണ് പോയത്. 12 മണിക്കൂറോളം ഉള്ള ഒറ്റയിരിപ്പും തണുപ്പും പഴയ വേദനകളും ബുദ്ധിമുട്ടുകളും കുറച്ചൊന്ന് തിരിച്ചു കൊണ്ടുവന്നുവെങ്കിലും മനസ്സിലെ സന്തോഷവും ആകാംക്ഷയും അവയ്ക്കു മീതെ പറന്നു. മണാലി എത്തിയതും Rohtang Pass തുറന്നിട്ടുണ്ട് എന്നും, ഇന്നലെ നല്ല snowfall ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അങ്ങിനെ എത്തിയ ആദ്യ ദിവസം തന്നെ Rohtang ലേക്ക് .
സ്വന്തം കാഴ്ചയെ പോലും അവിശ്വസിക്കാൻ തോന്നുംവിധം അത്രയേറെ സുന്ദരമായ അനുഭവം. കുഞ്ഞിലെ പൂവിട്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരം. മഞ്ഞുമലകൾ… വണ്ടി ഉയരങ്ങളിലേക്ക് കയറിക്കൊണ്ടിരുന്നു. സമുദ്രനിരപ്പിൽ നിന്നും 2300 അടി മുകളിലുള്ള വയനാട്ടിൽ നിന്നും ഞങ്ങൾ 13000 അടിയോളം മുകളിലേക്ക് ഞങ്ങൾ കയറിക്കൊണ്ടിരുന്നു. അടുത്തെത്തും തോറും snowfall തുടങ്ങി.
വണ്ടിയിൽ ഡ്രൈവറായി കൂട്ടിനു കിട്ടിയത് കുളു സ്വദേശിയായ ഒരു യുവാവിനെ തന്നെയായിരുന്നു. അവിടെ അത്യാവശ്യം അറിയപ്പെടുന്ന ഒരു കലാകാരൻ കൂടിയായിരുന്നു ആള്. അഭിനയമാണ് മെയിൻ എങ്കിലും പാട്ടും ഡാൻസും ഒക്കെ കയ്യിൽ ഉണ്ട്. സ്പീക്കറിൽ പുറത്തേ കാഴ്ചയോളം തന്നെ ഭംഗിയുള്ള പഹാഡി സംഗീതം മുഴങ്ങിക്കൊണ്ടിരുന്നു.
മുകളിൽ ചെന്നിറങ്ങിയപ്പോൾ അമ്മച്ചി കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. യാത്രയിലുടനീളം പുതിയ കാഴ്ചകളെ കുറിച്ച് പഠിച്ചും പഠിപ്പിച്ചും സംശയങ്ങൾ ചോദിച്ചും കൊണ്ടിരുന്ന ആൾ Rohtang പാസ്സ് ലെ മഞ്ഞുമലകൾക്കു മുന്നിൽ ഒന്നും മിണ്ടാനാവാതെ കുറച്ചു നേരം അങ്ങിനെ നിന്നു. “എന്തേ അമ്മച്ചി? ” “ഇതുതന്നെയാവും സ്വർഗ്ഗം മക്കളെ.”
മഞ്ഞ് ലോകം ആകുവോളം ഇരുന്നും കിടന്നും അല്പം നടന്നും കണ്ടു. snowfall നന്നായി ശക്തമായപ്പോൾ തിരിച്ചു വണ്ടിയിലേക്ക് അമ്മച്ചി ആദ്യമേ നടന്നു. പകുതി നടന്നു കുറച്ച് എത്തിയപ്പോഴേക്കും നിന്നത് കണ്ട് ഓടിച്ചെന്നപ്പോൾ ആള് നന്നായി കിതക്കുന്നുണ്ടായിരുന്നു. കുറച്ചുനേരം അവിടെ നിന്ന് പതുക്കെ വണ്ടിക്ക് അരികിലേക്ക് നടന്നു. 5 മിനിറ്റ് വണ്ടിയിൽ കയറി ഇരുന്നപ്പോൾ തന്നെ അമ്മച്ചി ആരോഗ്യം വീണ്ടെടുത്തു.
അങ്ങിനെ എഴുപത്തിരണ്ടാം വയസ്സിൽ അമ്മച്ചി സിമ്പിളായി Rohtang Pass കീഴടക്കി. മൂന്നുദിവസത്തെ കാഴ്ചകൾക്കൊടുവിൽ ഞങ്ങൾ മണാലിയോട് വിട പറഞ്ഞു. പിറ്റേന്ന് ഡൽഹി. പിന്നെ ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് അമ്മച്ചിയുടെ ആദ്യത്തെ വിമാന യാത്ര. ശേഷം ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലേക്കും.