വിവരണം – രതീഷ് നവാഗതൻ.

26/07/2019 ഏറ്റുമാനൂരിലെ വെയിലാറിയ മൂന്നുമണി നേരം; ബസ്സ് സ്റ്റേഷനിലും, കടന്നുവരുന്ന  ബസ്സുകളിലുമെല്ലാം തിങ്ങിനിറഞ്ഞ വെള്ളിയാഴ്ചത്തിരക്ക്‌. മോഹവണ്ടികൾ പലതും ചുവന്നുതുടുത്ത ചിരിയോടെ പ്രൗഡിയിൽ വന്നു നിന്നിട്ടും, നവാഗതന്റെ ഗമയിൽ ചുവടനക്കാതെ ഞാനങ്ങനെ നിൽക്കുകയാണല്ലോ.! തിരക്കുകളിൽ ആയിരുന്നതിനാൽ ഒരായിരം തരുണീമണികൾ, വണ്ടി വേണോ, വായ്‌നോക്കണോ എന്ന മട്ടിൽ അതീവ സുന്ദരികളായ്‌ ചുറ്റുമുണ്ട് താനും. ചായകൊണ്ട് പൊള്ളിയ ചുണ്ടിൽ ശകലം മധുരം തേച്ച ചിരിയോടെ ദൂരക്കാഴ്ച കണ്ട് നിൽക്കുമ്പോൾ, മുരടനക്കാതെ വന്നുനിന്നു, ഒരു പച്ചത്തെങ്ങോല…

സൂപ്പർഫാസ്റ്റ് നെഞ്ചുംവിരിച്ച് യാത്രക്കാരെ എണ്ണിയെടുക്കുമ്പോൾ, പണ്ട് ക്ലാസ്സിലെ ഓട്ടമത്സരക്കാരുടെ പേടിസ്വപ്നമായ ജിൻസ്. പി. ആർ – നെപ്പോലെ, കളത്തിൽ നഖംതോണ്ടി നെറ്റിയിൽ കുഴമണ്ണുകൊണ്ടൊര് കുറി തൊടുകയാണ് കഥാപുരുഷൻ. അരിച്ചാക്ക് പൊക്കിയങ്ങ് കൊടുത്താലും, തട്ടിത്തോളത്ത് കേറ്റുന്ന നല്ല ഉശിരുള്ള ചങ്ങനാശ്ശേരിക്കാരൻ. പുള്ളിക്കാരന്റെ ‘ഓട്ടക്കഥ’ പറഞ്ഞാൽ ഇവിടല്ല അങ്ങ് തമിഴ്നാട്ടിൽ നിന്നും ഇങ്ങോട്ടൊരു നാലഞ്ച് പാട്ടപ്പഞ്ചാര എണ്ണിയാലുള്ളത്ര സൗഹൃദക്കൂടിക്കാഴ്ചകളുടെ ‘ചങ്കുബലം’ അളന്നെഴുതേണ്ടി വരും. വേണ്ട.. പുള്ളി മുറ്റാണെന്നങ്ങ്‌ പറഞ്ഞാലും മതിയല്ലോ.!

കുട്ടേട്ടനാണ്‌ ഡ്രൈവർ.. ഫേസ്ബുക്കിൽ Santhosh Kuttans എന്ന സർക്കാർ വണ്ടി സാരഥിയെ അറിയാത്തവരായി ആരും ഉണ്ടാവില്ല. സൂപ്പർക്ലാസ്സുകളിലെ പതിവു യാത്രക്കാർക്ക് സുപരിചിതനായ കുട്ടേട്ടൻ ഒരു പക്കാ KSRTC fan ആണ്. തന്റെ മെക്കാനിക്കൽ അറിവുകൊണ്ട്, പല സങ്കീർണ്ണതകൾ നിറഞ്ഞ വനമേഖലകളിലും, വണ്ടി കേടായാൽ സ്വയം ‘റിപ്പയർ’ ചെയ്ത് യാത്ര തുടരുന്ന മനസ്സാന്നിദ്ധ്യവും, ഹർത്താൽ ദിനങ്ങളിൽ മക്കൾക്കൊപ്പം ഡിപ്പോയിലെത്തി വണ്ടി കഴുകിയിടുന്ന കൗതുകക്കാഴ്ചയും ഏറെ ജനശ്രദ്ധ നേടിയവയാണ്..

ആ കുട്ടേട്ടന്റെ വേളാങ്കണ്ണി എക്സ്പ്രസ്സിൽ ചാടിക്കയറുമ്പോൾ, ആദ്യ കാഴ്ചയിൽത്തന്നെ സന്തോഷേട്ടൻ തിരിച്ചറിഞ്ഞ് ‘ഷേക്ക്ഹാൻഡ്’ തന്നു. മുൻ സീറ്റിലിരുന്ന്‌ തൃശ്ശൂർ വരെയും കുട്ടേട്ടന്റെ ഡ്രൈവിംഗ് പഠിക്കാനുള്ള തത്രപ്പാടായിരുന്ന് മനസ്സിലത്രയും..

സീറ്റിന്റെ പകുതിയിൽ ഗൗരവം വിടാതെ ഒരു കട്ടിമീശക്കാരൻ ഉണ്ടായിരുന്നു ‘കണ്ടക്ടർ.’ പറഞ്ഞുപിടിച്ച് വന്നപ്പോൾ, താനും ചങ്ങനാശ്ശേരിക്കാരൻ ആണെന്ന് വിനയപൂർവ്വം പറഞ്ഞതും, കൊറിച്ചുകൊണ്ടിരുന്ന കപ്പലണ്ടി, ‘തുപ്പിയോ, തിന്നോ’ന്നെനിക്കോർമ്മയില്ല. പുള്ളീം ശകലം മുറ്റാണ്..ഒര് ‘വല്ല്യേട്ടൻ ഫിഗറ്’…

യാത്രയെപ്പറ്റിയെന്നാ പറയാനാ..? ദേവസ്യാച്ചേട്ടന്റെ പശൂനെ അഴിച്ചുവിട്ടപോലെ മൂത്തുമൂത്ത് നിൽക്കുന്ന ലെയ്‌ലാൻഡ് വണ്ടി. പാപ്പാന്റെ ഓടീര് കണ്ടാൽ, പുള്ളി പണ്ട് സാമൂതിരീടെ കുതിരപ്പടയാളി ആയിരുന്നെന്ന് തോന്നും. ഓരോ മറികടക്കലും, ബുദ്ധിപരമായ ചുവടുവെയ്പ്പായിത്തോന്നും. ആവതില്ലാത്തവന്റെ മൂട്ടിൽപ്പിടിക്കുന്ന പരിപാടിയില്ല. ധൂമകേതു വരുമ്പോലെയിങ്ങു വരും. അഡ്വാൻസ് ചവിട്ടി, പരമാവധി ഒതുക്കി, ഗ്യാപ്പിട്ട്‌ ‘കുമു.. കുമാ’ കേറിപ്പോവും..

ഭാരവണ്ടികളെ കഷ്ടപ്പെടുത്താതെ വളവിന് മുൻപേ കേറ്റിവെക്കുന്ന സൂചിപ്പോയിന്റ് കാൽക്കുലേഷനാണ് കുട്ടേട്ടൻ സ്റ്റൈൽ.. പുള്ളിക്കാരൻ സ്റ്റിയറിംഗ് വട്ടംപിടിക്കുന്നത്‌ കാണുമ്പോൾ ചിരിപൊട്ടും; അതൊരുമാതിരി ആട്ടുകല്ലിൽ അരിയരക്കുന്ന മെയ്‌വഴക്കത്തോടെ ആസ്വദിച്ചു വീശുന്നൊരു മരുങ്ങാണ്. ഈ കൈപ്പണിയൊക്കെ ‘വള്ളുവനാടൻ’ സർവ്വീസുകളിലേ കണ്ടിട്ടുള്ളൂ.. കട്ട Saranya Motors ഫാനായ എനിക്ക്ഈ അടുത്ത കാലത്തെങ്ങും, ഇത്രേം ഗംഭീരമായൊരു പടക്കൻ സർവ്വീസിൽ കേറാൻ പറ്റീട്ടില്ല..

എന്തായാലും ചെന്നിറങ്ങിയ കളവും ഒരൊന്നാന്തരം ലയത്തിലാണ്. വടക്കൻ വണ്ടികൾ വിശ്രമിക്കുന്ന ശക്തൻ ബസ്‌സ്റ്റാൻഡ്. ഓലപ്പീപ്പി തൊട്ട് ഉറുമി വരെ കൈയ്യിലെടുക്കാൻ പഠിപ്പിക്കുന്ന വിദ്വാന്മാർ നിരനിരയായി കിടപ്പുണ്ടായിരുന്നു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.