എഴുത്ത് – റിയാസ് പുളിക്കൽ.

നന്മ ചെയ്യാൻ തക്കം പാർത്തിരിക്കുന്നവരാണ് മലയാളികൾ എന്ന് ചിലപ്പോൾ തോന്നും. ശരിക്കും മലയാളികൾ ഇരുതല മൂർച്ചയുള്ളൊരു വാളാണ്. അതുവരെ കക്ഷി രാഷ്ട്രീയവും പറഞ്ഞു തമ്മിലടി കൂടിയവരൊക്കെ വല്ല പ്രളയമോ പ്രകൃതി ദുരന്തമോ വന്നാൽ പിന്നെയങ്ങു ഒറ്റക്കെട്ടാവും. നമ്മുടെയീ സംസ്ഥാനം വിട്ട് പല സ്ഥലങ്ങളിലും ജോലിക്കായും മറ്റും കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെയത്രയ്‍ക്കും പരസഹായ സംസ്കാരം ഞാൻ വേറെയെവിടെയും കണ്ടിട്ടില്ല. ഇതൊരു മലയാളിയായതുകൊണ്ട് ഞാൻ പറയുകയല്ല. കഴിഞ്ഞ പ്രളയത്തിന്റെ കാലത്ത് ഒന്നായ് ഒത്തൊരുമിച്ചു അതിജീവിച്ചു പരസ്പരം സഹായിച്ചു ഉയർത്തെഴുന്നേറ്റു വന്ന മലയാളികളെ കണ്ടു അസൂയപൂണ്ട് ഒരു ചെന്നൈക്കാരൻ പറഞ്ഞ വാക്കുകളാണിത്.

ചെന്നൈയിൽ പ്രളയമുണ്ടായപ്പോൾ ഏറ്റവും കൂടുതൽ സഹായമൊഴുകിയെത്തിയത് നമ്മുടെയീ മലയാള മണ്ണിൽ നിന്നായിരുന്നെന്ന് നന്ദിപൂർവ്വം അയാൾ സ്മരിക്കുന്നു. ഞങ്ങൾ പ്രളയത്തിൽ പെട്ടപ്പോൾ സ്വന്തം തടി, സ്വന്തം മുതൽ എന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് അയാൾ കുറച്ചധികം വിഷമത്തോടെ തന്നെ പറയുന്നു. പക്ഷേ, മലയാളികൾ ഒരു പ്രളയം വന്നപ്പോൾ പരസ്പരം സഹായിക്കാൻ മത്സരിക്കുകയായിരുന്നെന്ന് അദ്ദേഹം അത്ഭുതം കൂറുന്നു.

പ്രളയത്തിപ്പെട്ടവരെ രക്ഷിക്കാനും സഹായിക്കാനും ക്യാമ്പുകളിലെത്തിച്ചു അവർക്കുവേണ്ട എല്ലാ സൗകര്യങ്ങളും അവശ്യസാധനങ്ങളും നൽകാനും നമ്മുടെ “ഏതുനേരവും സ്മാർട്ട് ഫോണുകളിലേക്ക് തലകുമ്പിട്ടിരിക്കുന്ന” ഇന്നത്തെ തലമുറയിലെ യുവാക്കളടക്കം മത്സരിക്കുകയായിരുന്നു എന്ന കാര്യം കുറച്ചധികം അഹങ്കാരത്തോടെ തന്നെ നമുക്ക് പറയാം. അവർ സ്മാർട്ട് ഫോൺ ഉപയോഗിച്ച് സാമൂഹ്യ മാധ്യമം ഒരു റെസ്ക്യൂ ഹെലിക്കോപ്റ്റർ ആക്കി മാറ്റുകയായിരുന്നു. അവരെ നോക്കിയാണോ മുതിർന്നവർ അന്ന് പറഞ്ഞത് ഒന്നിനും കൊള്ളാത്തവരെന്ന്? ആവശ്യത്തിന് ഉപകരിക്കുന്ന തലമുറയെ തന്നെയാണ് നിങ്ങൾ വളർത്തിയെടുത്തത് എന്ന് ഓരോ മാതാപിതാക്കൾക്കും അഭിമാനം കൊള്ളാം. അല്ലെങ്കിലും സ്വന്തം അമ്മ കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ പറഞ്ഞാൽ ശ്രദ്ധ കൊടുക്കാത്ത പിള്ളേർ അയൽവക്കത്തിലെ അമ്മ പറഞ്ഞാൽ ഒരു ചാക്ക് അരി വരെ ചുമന്നുകൊണ്ട് കൊടുക്കും എന്നത് ഒരുതരത്തിൽ അവരുടെയുള്ളിലെ ധാർമ്മികത തന്നെയാണ്.

പ്രളയമൊഴിഞ്ഞു വീടുകൾ വൃത്തിയാക്കേണ്ട സമയമെത്തിയപ്പോൾ അവിടെയും നമ്മൾ മലയാളികൾ മത്സരിക്കുക തന്നെയായിരുന്നു. “നിങ്ങളിവിടെയിരിക്ക്, ഒക്കെ ഞങ്ങള് ചെയ്തോളാം” എന്നും പറഞ്ഞു തികച്ചും അപരിചിത വീടുകളിലെ കക്കൂസ് വരെ വൃത്തിയാക്കിക്കൊടുക്കുന്ന ഒരു സമൂഹത്തെ വേറെയെവിടെ കാണാനാവും? പള്ളി മിമ്പർ വൃത്തിയാക്കുന്ന സത്യനെയും അമ്പല വിളക്കുകൾ കഴുകി വൃത്തിയാക്കുന്ന സുലൈമാനെയും വേറെ ഏത് നാട്ടിൽ പോയാൽ കാണാൻ കിട്ടും? തൊണ്ണൂറുകളിൽ ഇറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം സന്ദേശത്തിൽ INSP നേതാവ് യശ്വന്ത് സഹായിക്ക് വേണ്ടി ഇളനീരിടാൻ ഒരേ തെങ്ങിൽ കയറിയ രണ്ടുപേരെ ഓർമ്മിപ്പിക്കുന്നതായിരുന്നു നിലമ്പൂരിലെ പ്രളയമൊഴിഞ്ഞ വീടുകൾ വൃത്തിയാക്കാൻ നടക്കുന്ന യുവാക്കളുടെ കുളിരണിയിക്കുന്ന കാഴ്ച്ച.

ഓരോ പ്രളയവും നമുക്ക് തന്നത് ജൈസലിനെപ്പോലെ, നൗഷാദിനെപ്പോലെ, ആന്റോയെപ്പോലെ ഉള്ള അനവധി സൂപ്പർ ഹീറോകളെയാണ്. പൊളിച്ചു കളഞ്ഞത് മിഥ്യകളെയാണ്. തെക്കും വടക്കുമൊന്നുമില്ല, ഒരൊറ്റ കേരളം മാത്രമേയുള്ളൂ. കേരളമൊരു ഭ്രാന്താലയമാണെന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനോട് പറയണം ഇത് ശരിക്കും ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.