കെഎസ്ആർടിസി എന്നും മലയാളികൾക്ക് ഒരു നൊസ്റ്റാൾജിയ തന്നെയാണ് എന്നതിൽ യാതൊരു സംശയവും വേണ്ട. പ്രത്യേകിച്ച് പഴയ മോഡൽ ബസ്സുകൾ.. സിനിമാ താരങ്ങൾക്കും സ്പോർട്സ് താരങ്ങൾക്കും പുറമെ കെഎസ്ആർടിസിയ്ക്കും കേരളമൊട്ടാകെ ധാരാളം ഫാൻസ് ഉണ്ടെന്ന കാര്യം മറ്റൊരു സത്യമാണ്. ഒരു സർക്കാർ സ്ഥാപനത്തിനും കിട്ടാത്ത ഭാഗ്യം, അംഗീകാരം.. അങ്ങനെയൊക്കെ പറയാം. ഇന്ന് സോഷ്യൽ മീഡിയയിൽ തിരഞ്ഞാൽ ധാരാളം മനോഹരങ്ങളായ കെഎസ്ആർടിസി ചിത്രങ്ങൾ കാണാം. അവയിൽ ചിലത് വളരെ പ്രശസ്തി നേടിയിട്ടുമുണ്ട്. അത്തരത്തിൽ പ്രശസ്തമായ, ആളുകളുടെ മനം കവർന്ന ഒരു കെഎസ്ആർടിസി ചിത്രത്തിന്റെ പിറവിയെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്.
മുകളിൽക്കൊടുത്തിരിക്കുന്ന ഈ ചിത്രം ഒരിക്കലെങ്കിലും കാണാത്ത ആനവണ്ടിപ്രേമികൾ ഉണ്ടായിരിക്കുവാൻ ഇടയില്ല. ചുറ്റിനും പച്ചപ്പ്, മഴ തോർന്നു മഞ്ഞു മൂടുന്ന കാലാവസ്ഥ, അതിനിടയിലൂടെ ചുരത്തിലെ ഹെയർപിൻ വളവു തിരിയുന്ന പഴയ മോഡൽ ഒരു കെഎസ്ആർടിസി ബസ്. ഏതൊരു ബസ് പ്രേമിയെയും കുളിരണിയിക്കുന്ന ആ ഒരു നിമിഷം… അതു തന്നെയാണ് ഈ ചിത്രം വൈറലാകുവാൻ കാരണവും. ഇനി ഈ ചിത്രം എടുത്തത് ആരാണ്? എവിടെ വെച്ചാണ് ഇതെടുത്തത്? എന്നാണു എടുത്തത് തുടങ്ങിയ വിശേഷങ്ങളിലേക്ക് പോകാം.
2014 ൽ കെഎസ്ആർടിസി ബ്ലോഗ് അഡ്മിൻ സുജിത്ത് ഭക്തനും മറ്റു അംഗങ്ങളായ ആന്റണി വർഗ്ഗീസ്, പ്രശാന്ത്, ജയകൃഷ്ണൻ ആലപ്പി തുടങ്ങിയവർ ചേർന്ന് കാറിൽ ഒരു യാത്ര പോവുകയുണ്ടായി. വയനാട്ടിലേക്ക് ആയിരുന്നു അവരുടെ യാത്ര. അന്ന് നല്ല മഴയുള്ള ദിവസങ്ങളായിരുന്നു. വയനാട്ടിൽ ഒരു ദിവസം തങ്ങി പിറ്റേദിവസം അവിടുന്ന് ഗൂഡല്ലൂർ, ഊട്ടി, മേട്ടുപ്പാളയം, ആനക്കട്ടി വഴി തിരികെ മടങ്ങുന്നതിനിടെ ഇവർ മണ്ണാർക്കാട് – അഗളി റൂട്ടിലെ ചുരത്തിനു സമീപം വിശ്രമിക്കുവാനായി അൽപ്പനേരം വണ്ടി നിർത്തി. ചാറ്റൽ മഴയുണ്ടായിരുന്നെങ്കിലും അതിനെ വകവെയ്ക്കാതെ പച്ചപ്പും മനോഹാരിതയും ആസ്വദിക്കുവാനായി ഇവർ കാറിനു പുറത്തേക്ക് ഇറങ്ങി.
വൈകാതെ തന്നെ മഴ തോരുകയും ഒപ്പം കോടമഞ്ഞു പരന്നു തുടങ്ങുകയും ചെയ്തു. സമയം അപ്പോൾ ഏകദേശം വൈകുന്നേരത്തോട് അടുത്തിരുന്നു. മഴക്കാലമായതു കൊണ്ടാവാം അതുവഴി വാഹനങ്ങൾ കുറവായിരുന്നു അന്ന്. നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഒരു ബസ് താഴെ നിന്നും ചുരം കയറി വരുന്ന ശബ്ദം മുഴങ്ങിക്കേട്ടു. കൂട്ടത്തിലെ ആന്റണി തന്റെ കയ്യിലെ ക്യാമറയും പ്രശാന്ത് തൻ്റെ മൊബൈൽഫോണും എടുത്തു ചിത്രം പകർത്താൻ റെഡിയായി നിന്നു. അങ്ങനെ കാത്തിരിപ്പിനൊടുവിൽ അതാ വളവു തിരിഞ്ഞു വരുന്നു മണ്ണാർക്കാട് കെസ്ആർടിസി ഡിപ്പോയുടെ TP 28 എന്ന പഴയ മോഡൽ അശോക് ലൈലാൻഡ് ബസ്. ഇവർ പിന്നൊന്നും ചിന്തിക്കാൻ നിന്നില്ല, തുരുതുരാ ഫോട്ടോകൾ എടുത്തുകൊണ്ടിരുന്നു. ബസ് വളവു തിരിഞ്ഞു കണ്ണിൽ നിന്നും അകലുന്നതു വരെ.
പിറ്റേദിവസം കൂട്ടത്തിലുണ്ടായിരുന്ന പ്രശാന്ത് തൻ്റെ ഫോണിൽ പകർത്തിയ ചിത്രങ്ങളിൽ മികച്ചവയെന്നു തോന്നിയവ തിരഞ്ഞെടുത്തു ഫേസ്‌ബുക്കിലെ കെഎസ്ആർടിസി ബ്ലോഗ് (ഇപ്പോൾ ആനവണ്ടി ബ്ലോഗ്) ഗ്രൂപ്പിൽ ഷെയർ ചെയ്യുകയുണ്ടായി. അങ്ങനെ ആ ചിത്രങ്ങൾ വൈറൽ ആവുകയായിരുന്നു. പ്രസ്തുത ചിത്രത്തെ ആസ്പദമാക്കി ചില കലാകാരന്മാർ വാട്ടർകളർ ചിത്രങ്ങളും വരച്ചിട്ടുണ്ട്. നിരവധി ഓൺലൈൻ മീഡിയകളാണ് ഈ ചിത്രം പല വാർത്തകൾക്കായി ഇന്നും ഉപയോഗിക്കുന്നത്. ഒപ്പം തന്നെ ആന്റണി വർഗ്ഗീസ് എടുത്ത സമാന ചിത്രങ്ങളിലൊന്ന് മാസികയിൽ പ്രസിദ്ധീകരിക്കുകയുമുണ്ടായി. വർഷങ്ങൾക്കു ശേഷവും തങ്ങളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഷെയർ ചെയ്യപ്പെടുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്ന് ഇവർ പറയുന്നു.
അതെ, ചില ചിത്രങ്ങൾ അങ്ങനെയാണ് ഒട്ടും പ്രതീക്ഷിക്കാതെ വൈറലായി മാറും. ചിത്രത്തിൽ കാണുന്ന തരത്തിലുള്ള കെഎസ്ആർടിസി ബസ്സുകൾ ഇന്ന് നാമാവശേഷമായി മാറിയിരിക്കുകയാണ്. ഇനി ഒരിക്കലും ഇത്തരത്തിലൊരു ചിത്രം പകർത്തുവാൻ സാധിക്കില്ല എന്നതും വേദനയാർന്ന ഒരു സത്യമാണ്. ഇതുപോലെ വൈറലായ കെഎസ്ആർടിസി ചിത്രങ്ങൾ ഏറെയുണ്ടെങ്കിലും പ്രസ്തുത ചിത്രത്തിന് എന്നും ആനവണ്ടി പ്രേമികൾക്കിടയിൽ ഒരു സ്ഥാനമുണ്ടായിരിക്കും.