സ്ഥലപ്പേര് എഴുതിയ ബോർഡ് നോക്കിയാണ് ബസ്സുകളിൽ നമ്മളെല്ലാം കയറാറുള്ളത്. പൊതുവെ പ്രൈവറ്റ് ബസ്സുകളേക്കാൾ മോശമായ രീതിയിലായിരിക്കും കെഎസ്ആർടിസി ബസുകളിലെ ബോർഡുകൾ. അത് പണ്ടുമുതലേ അങ്ങനെ തന്നെയാണ്. എങ്കിലും ചില ജീവനക്കാരുടെയും ആനവണ്ടിപ്രേമികളുടേയുമെല്ലാം പരിശ്രമത്താൽ ഇന്ന് കെഎസ്ആർടിസി ബസ്സുകളിൽ ചിലതിനു മികച്ച ബോർഡുകൾ ഉള്ളതായി കാണാം. എന്നാലും ഭൂരിഭാഗം വരുന്ന ഓർഡിനറി, LS ബസുകളുടെയും റൂട്ട് ബോർഡുകൾ ഒരു വകയാണ്.

അപ്പോൾ കാര്യത്തിലേക്ക് കടക്കാം. കഴിഞ്ഞ ദിവസം A/C സർവ്വീസ് എന്നെഴുതിയ ബോർഡും വെച്ച് സർവ്വീസ് നടത്തിയ ഒരു കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് ഇപ്പോൾ ട്രോളുകളിൽ ഹിറ്റായി നിൽക്കുന്നത്. “ഇതിനിടയ്ക്ക് ഇവന്മാർ ഇതിലും എസി വെച്ച് പിടിപ്പിച്ചോ” എന്ന അടിക്കുറിപ്പോടെയാണ്‌ ട്രോൾ പേജുകളിൽ ഈ ബസ് ചിത്രം സ്ഥാനം പിടിച്ചത്. കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോയുടെ RSC 293 എന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് പിന്നിൽ A/C എന്നെഴുതിയ ‘എറണാകുളം’ ബോർഡും വെച്ച് സർവ്വീസ് നടത്തിയത്.

സംഭവം മറ്റൊന്നുമല്ല, സ്ഥിരമായി ഒരു റൂട്ടിൽ ഓടാത്ത ബസ്സുകൾ ട്രിപ്പ് പോകുമ്പോൾ ഡിപ്പോയിലെ ബോർഡ് ശേഖരത്തിൽ നിന്നും എടുത്തു വെച്ചുകൊണ്ടാണ് ഓട്ടം പോകാറുള്ളത്. അത്തരത്തിൽപ്പെട്ട ഒരു ബസ്സായിരുന്നു ഇതും. എറണാകുളത്തേക്ക് ട്രിപ്പ് പോകുന്നതിനു മുൻപായി ബോർഡ് എടുക്കുവാൻ ചെന്ന ജീവനക്കാരന്റെ കണ്ണിൽപ്പെട്ടത് ഏതോ KURTC വോൾവോ ലോഫ്‌ളോർ ബസ്സിന്റെ ബോർഡ് ആയിരുന്നു. അതിൽ A/C എഴുതിയിരിക്കുന്നത് ശ്രദ്ധിക്കാതെ, കണ്ടപാടെ ആ ബോർഡും എടുത്തുകൊണ്ട് പോയി ബസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

ബസ് ഓടിക്കൊണ്ടിരിക്കെ ഈ കാര്യം ശ്രദ്ധയിൽപ്പെട്ട ആരോ ഒരാൾ ബസിന്റെയും ബോർഡിന്റെയും ചിത്രം എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഈ ട്രോളുകളുടെ തുടക്കം കുറിക്കുന്നത്. ഇതിൽ മറ്റൊരു രസകരമായ കാര്യം എന്തെന്നാൽ, എറണാകുളം എന്നെഴുതിയത് കാഴ്ചക്കാർക്ക് ശരിക്കു വായിക്കാൻ കഴിയാത്ത വിധമുള്ളതായിരുന്നു ആ ബോർഡ് എന്നതാണ്. ഇങ്ങനെയൊക്കെ അശ്രദ്ധയോടെ ചെയ്‌താൽ പിന്നെ ആളുകൾ വെറുതെ വിടുമോ? ഫേസ്ബുക്കിലും, വാട്‍സ്ആപ്പിലുമെല്ലാം ഇത് ട്രോളായി ഷെയർ ചെയ്യപ്പെട്ടു.

ഇതിനു മുൻപും കെഎസ്ആർടിസി ബസുകളിലെ റൂട്ട് ബോർഡുകൾ ആളുകൾക്ക് ചിരിക്കാനുള്ള വകുപ്പ് നൽകിയ ചരിത്രങ്ങളുണ്ട്. പെയിന്റ് ഉപയോഗിച്ച് വൃത്തിയായി എഴുതിയ ബോർഡുകൾക്കു പകരം വെള്ള പേപ്പറിൽ വെറും പേനകൊണ്ട് സ്ഥലപ്പേര് എഴുതി സർവ്വീസ് നടത്തിയതൊക്കെ കെഎസ്ആർടിസിയുടെ ചില ഡിപ്പോയിൽ അരങ്ങേറിയതാണ്. ഇപ്പോഴും അത് അരങ്ങേറുന്നുമുണ്ട്. സൂപ്പർഫാസ്റ്റ് ബോർഡ് വെച്ചുകൊണ്ട് ഫാസ്റ്റ് പാസഞ്ചർ ബസ് സർവ്വീസ് നടത്തുന്നതും, ബോർഡ് തലതിരിച്ചു വെച്ചുകൊണ്ട് ട്രിപ്പ് പോകുന്നതുമെല്ലാം നമ്മുടെ ചില കെഎസ്ആർടിസി ജീവനക്കാരുടെ വിനോദങ്ങൾ മാത്രമാണ്. അല്ല, അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതെല്ലാം മുതിർന്ന, ഉത്തരവാദിത്തപ്പെട്ട അധികൃതർ ഇടയ്ക്കിടെ ശ്രദ്ധിക്കുകയും വേണം.

ഇന്ന് ചില ജീവനക്കാരും ആനവണ്ടി ഫാൻസുമെല്ലാം ചേർന്ന് ഡിപ്പോകൾ കേന്ദ്രീകരിച്ച് ബസ്സുകൾക്ക് സ്റ്റിക്കർ വർക്കുകൾ ചെയ്യുകയും, മികച്ച റൂട്ട് ബോർഡുകൾ സ്വന്തമായി പിരിവെടുത്ത് തയ്യാറാക്കി നൽകുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ഫാൻസ്‌ പിള്ളേരെ പുച്ഛത്തോടെ കാണുന്ന കെഎസ്ആർടിസി ഡിപ്പോ അധികൃതർ ഒരു കാര്യം മനസ്സിലാക്കണം, നിങ്ങൾ ചെയ്യാത്ത ജോലിയും ആത്മാർത്ഥതയുമാണ് അവർ കാണിക്കുന്നത്. ദയവായി ഇനിയും കെഎസ്ആർടിസിയെ ട്രോളാനുള്ള അവസരം സോഷ്യൽ മീഡിയയ്ക്ക് ഉണ്ടാക്കി തരരുത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.