KSRTC ജീവനക്കാർക്ക് വിശ്രമമുറി ഇല്ലാത്ത ഡിപ്പോകളിൽ ബസുകളിൽ താമസ സൗകര്യം തയ്യാറായി. നിലവിൽ പല പ്രധാനപ്പെട്ട KSRTC ഡിപ്പോകളിലും ഡ്യൂട്ടിക്കിടയിൽ ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം ലഭ്യമല്ല എന്നും നിലവിലുള്ള വിശ്രമമുറികളുടെ ശോചനീയാവസ്ഥ മൂലം അവ ഉപയോഗിക്കാൻ കഴിയുന്നില്ല എന്നും വ്യാപകമായ പരാതി ഉയർന്നു വന്നിരുന്നു. കോവിഡ് കാലത്ത് എയർപോർട്ടുകളിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഡ്രൈവർമാർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം ഇല്ലാത്തതു മൂലമുള്ള പ്രശ്നങ്ങളും പരാതിയായി ഉയർന്നുവരുകയുണ്ടായി.
ഇത്തരത്തിൽ മതിയായ വിശ്രമം ലഭിക്കാതെ സർവ്വീസ് നടത്തിയതു മൂലം 3 വാഹനാപകടങ്ങൾ ഉണ്ടായതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സി-യുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലുണ്ടായ കാലതാമസമാണ് ഈ പ്രശ്നങ്ങൾക്ക് അടിസ്ഥാന കാരണം. വിപുലമായ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നിലവിലെ സാമ്പത്തിക സ്ഥിതി അനുവദിക്കാത്ത സ്ഥിതിവിശേഷവുമുണ്ട്.
ഏങ്കിലും ഈ പ്രശ്നത്തിന് ഒരു അടിയന്തിര പരിഹാരം എന്ന നിലയ്ക്ക് നൂതനമായ ഒരു സംരംഭവുമായി കെ.എസ്.ആർ.ടി.സി മുന്നോട്ട് വരികയാണ്. നിലവിൽ കാലാവധി കഴിഞ്ഞ ബസുകൾ സ്ക്രാപ്പ് ചെയ്യുമ്പോൾ വളരെ കുറഞ്ഞ തുകയാണ് കെ.എസ്.ആർ.ടി.സി-ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ കാലാവധി കഴിഞ്ഞ ബസുകൾ രൂപമാറ്റം വരുത്തി ജീവനക്കാർക്ക് വിശ്രമ സൗകര്യം ഒരുക്കുന്നതാണ് പുതിയ സംരംഭം.
ഒരു ബസിൽ 16 ബർത്തുകളും ആവശ്യമായ ലോക്കറുകളും ഉണ്ടാകും. വാഷ് ബേസിൻ സൗകര്യവും ഒരുക്കുന്നതായിരിക്കും. ഈ ബസുകൾ പൂർണ്ണമായും എയർ കൺഡീഷൻഡ് ആയി മാറ്റുന്നതായിരിക്കും. ഡിപ്പോയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് ഈ ബസുകൾ പാർക്ക് ചെയ്യുവാനും കഴിയും. ബഹു: മനുഷ്യാവകാശ കമ്മീഷൻ തത്സംബന്ധമായി റിപ്പോർട്ട് ആവശ്യപ്പെട്ട എറണാകുളം യൂണിറ്റിലും ഈ പദ്ധതി ഉടൻ നടപ്പാക്കുന്നതാണ്. നിലവിലെ സൗകര്യങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ ഈ സംവിധാനം ഏർപ്പെടുത്താൻ കഴിയുമെന്നുള്ളതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ ഡ്രൈവർമാരുടെ വിശ്രമത്തിനായി ബസ് രൂപമാറ്റം വരുത്തുന്ന പ്രവർത്തനം പൂർത്തിയായി കഴിഞ്ഞു. ഈ പദ്ധതിയുടെ എല്ലാ വശവും പരിശോധിച്ച ശേഷം ഇത്തരത്തിൽ പ്രധാനപ്പെട്ട പട്ടണങ്ങളിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് ബസുകൾ രൂപമാറ്റം വരുത്തി സൗകര്യപ്രദമായ വിധത്തിൽ കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന ബർത്തുകളും ലോക്കർ സൗകര്യവും ഏർപ്പെടുത്തുന്ന തരത്തിൽ ഈ പദ്ധതി വിപുലീകരിക്കാനും കെ.എസ്.ആർ.ടി.സി ഉദ്ദേശിക്കുന്നുണ്ട്.
ജീവനക്കാരുടെ ജോലിസമയത്തെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി അടുത്ത ബഡ്ജറ്റിൽ 13 കോടി രൂപ അനുവദിക്കുന്നതിനായി ബഹു: ഗതാഗതവകുപ്പ് മന്ത്രി ശ്രീ. എ.കെ ശശീന്ദ്രൻ അവർകളുടെ നിർദ്ദേശാനുസരണം വിശദമായ പദ്ധതി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുമുണ്ട്.
കടപ്പാട് – കെ.എസ്.ആർ.ടി.സി. സോഷ്യൽ മീഡിയ സെൽ.