മഴക്കാലമായാൽ കോഴിക്കോട് – മൈസൂർ പാതയിലെ, വയനാടിന്റെ കവാടമായ താമരശ്ശേരി ചുരത്തിൽ അപകടങ്ങളും, മണ്ണിടിച്ചിലും മൂലമുണ്ടാകുന്ന ട്രാഫിക് ബ്ലോക്കുകൾ പതിവാണ്. അതിൽ ഏറ്റവും ഒടുവിൽ നടന്നതാണ് ഇന്ന് (20-07-2019 ശനി) താമരശ്ശേരി ചുരത്തിൽ നടന്ന അപകടം. കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചുരത്തിലെ അഞ്ചാം വളവിനും ആറാം വളവിനും ഇടയിലായിട്ടായിരുന്നു സംഭവം.

കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന പോയിന്റ്റ് ടു പോയിന്റ് (PP) ബസ്സും, സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ടൗൺ ടു ടൗൺ (TT) ബസ്സും തമ്മിലായിരുന്നു നേർക്കുനേരെ കൂട്ടിയിച്ചത്. അപകടത്തിൽ ആറു യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്. പരിക്കേറ്റ യാത്രക്കാരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

എന്താണ് അപകടത്തിനിടയാക്കിയ കാരണമെന്ന് വ്യക്തമല്ല. മഴക്കാലമായതിനാൽ ചുരത്തിൽ കോടമഞ്ഞും ഇറങ്ങിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു. സംഭവമറിഞ്ഞു താമരശ്ശേരി പോലീസും ചുരം സംരംക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരു ബസ്സുകളും മാറ്റിയതിനു ശേഷം ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിക്കുമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.

താമരശ്ശേരി ചുരം : കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ്‌ താമരശ്ശേരി ചുരം അഥവാ വയനാട് ചുരം. ദേശീയപാത 766-ന്റെ ഭാഗമായ ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ 9 ഹെയർപിൻ വളവുകളാണുള്ളത്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴേക്കും സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,625 അടി മുകളിൽ എത്തുന്നു. ഒമ്പതാമത്തെ ഹെയർപിൻ വളവിലെ വ്യൂ പോയന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാനാകും. അസ്തമയവും 55 കിലോമീറ്റർ അകലെയുള്ള കടൽപ്പരപ്പും അപൂർവ്വമായി കാണാം. മേഘങ്ങളും കോടമഞ്ഞും ചിലപ്പോൾ കാഴ്ചയെ മറക്കാറുണ്ട്. മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തർസംസ്ഥാന പാതയായും ചുരം അറിയപ്പെടുന്നു.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് – അടിവാരം വയനാട് ചുരം സംരക്ഷണ സമിതി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.