വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).
ഊണ് മലയാളികൾക്ക് ഒരു വീക്നെസ്സാണ്, പ്രത്യേകിച്ച് നമ്മൾ തിരുവനന്തപുരത്തുകാർക്ക്. നല്ലൊരു ഊണ് കഴിക്കുന്നതിന്റെ സംതൃപ്തി ഒന്ന് വേറെ തന്നെ. ഉച്ചയ്ക്ക് വളരെ താമസിച്ചാണ് വീട്ടിലോട്ടു വരുന്ന വഴി ഇവിടെ കയറിയത്. ഊണിന്റെ സമയമൊക്കെ കഴിഞ്ഞത് കൊണ്ട് ഊണ് കിട്ടുമെന്നുള്ള വലിയ പ്രതീക്ഷ കൂടാതെയാണ് ഈസ്റ്റർ ദിനത്തിൽ ഇവിടെ എത്തിയത്. നോക്കിയപ്പോൾ ഊണ് ഉണ്ട്. പകുതി സമാധാനമായി.
ചോറ് ഒരു വെള്ള മൺപാത്രത്തിൽ കൊണ്ട് വന്നു. കൂടെ പരിപ്പും പപ്പടവും വേറെ ഒരു വെള്ള മൺപാത്രത്തിൽ ഉള്ളിക്കറി, പീയണിക്ക കറി, ചമ്മന്തി, ഇഞ്ചി, ചൂര അച്ചാർ, മരിച്ചീനി അഥവാ കപ്പ, ചെറിയൊരു മൺപാത്രത്തിൽ മീൻ കറിയും. സാധാരണ അവിയലാണ് അതിനു പകരം ആണ് ഇന്ന് ഉള്ളിക്കറി. രണ്ടു മൺചട്ടിയിലായി രസവും മോരും. സ്പെഷ്യൽ നെയ്മീൻ ഫ്രൈ കൂടി പറഞ്ഞപ്പോൾ പൂർത്തിയായി. ഇടയ്ക്ക് ഒരു മൺചട്ടിയിൽ സാമ്പാറും എത്തി. ഊണ് ₹ 80 , നെയ്മീൻ ₹ 140.
പരിപ്പും സാമ്പാറുമൊക്കെ എടുക്കും മുൻപേ ചുമ്മാ ആ മരിച്ചീനി എടുത്തു മീൻ കറിയിൽ മുക്കി ഒന്ന് വായിലോട്ടു വച്ചു. മനസ്സിൽ ഒന്നല്ല ഒരായിരം ലഡുകൾ പൊട്ടി. കിണ്ണം എന്ന് പറഞ്ഞാൽ പോരാ കിണ്ണത്തിൽ കിണ്ണം. രുചിയുടെ ഒരു പ്രകമ്പനം ആയിരുന്നു. എവിടെ ബാക്കിയുള്ളതൊക്കെ. ഓരോന്നായി നോക്കട്ടെ. എല്ലാം നോക്കി. ആ രുചിക്ക് മുന്നിൽ കീഴടങ്ങി എന്ന് പറയുന്നതാവും ശരി എന്ന് തോന്നുന്നു. പരിപ്പ് സാമ്പാർ എന്ന് വേണ്ട തൊടുകറികളെല്ലാം അപാര ടേസ്റ്റ്. ചൂര അച്ചാർ ഞാൻ കഴിച്ചിട്ടുള്ള ടോപ്പ് ചൂര അച്ചാറുകളോടൊക്കെ മുട്ടി നിൽക്കും. ആ ചമ്മന്തിയുടെ ടേസ്റ്റും എടുത്തു പറയേണ്ടതാണ്. ഈസ്‌റ്റർ ആയതു കൊണ്ട് ഊണിന്റെ കൂടെ സ്പെഷ്യലായി ഈസ്‌റ്റർ അപ്പക്കഷ്ണങ്ങളും കിട്ടി. അതും സൂപ്പർ. രുചി നോക്കുകയാണെങ്കിൽ one of the best എന്ന് നിസ്സംശയം പറയാം അന്നത്തെ ഊണ്.
വാൾ ഫാനുകളും പെഡൽ ഫാനും ഉണ്ടെങ്കിലും നല്ല ചൂടുള്ള ദിവസം ആണെങ്കിൽ ചൂട് ഒരു പ്രശ്നം ആകാം. സർവീസ് എല്ലാം പ്രോപ്പർ ആയിരുന്നു. ഹോട്ടലിന്റെ ഉടയോനായ Thomas Mathew അച്ചായനും ഉണ്ടായിരുന്നു സ്ഥലത്തു. പരിചയപെട്ടു. വിഴിഞ്ഞം, പൂവാർ, നീണ്ടകര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മീൻ wholesale ആയും retail ആയും ഹോട്ടലുകളിലും മറ്റും വിതരണം ചെയ്തുള്ള 27 വർഷത്തെ പരിചയം കൈമുതലായുള്ള വ്യക്തിയാണ്.
അച്ചായൻസ് നേരിട്ട് 2019 മാർച്ച് മുതലാണ് ഈ റെസ്റ്റോറന്റ് ആരംഭിച്ചത്. സംസാരിച്ചപ്പോൾ മനസിലായത് ഇവിടെ എടുത്തു പറയേണ്ട ഒരു സ്പെഷ്യൽ ഐറ്റം ഉണ്ടെന്നാണ്. എല്ലായിടത്തും അങ്ങനെ ഇല്ലാത്ത ഒരു ഫിഷ് മസാല കറി. ഒരു ദിവസം പോയി കഴിക്കണം എന്നാണ് ആഗ്രഹം. രാവിലെ 11 ചിക്കൻ, പോത്തു, മീൻ ബിരിയാണികൾ കാണും. ഉച്ചയ്ക്ക് ഊണ്, സ്പെഷ്യലായി കണവ റോസ്റ്റ്, കണവ തോരൻ, കൊഞ്ച് റോസ്റ്റ്, കൊഞ്ച് തോരൻ, മീൻ തേങ്ങാ അരച്ച കറി, നെമ്മീൻ, മുതലായവ സീസൺ അനുസരിച്ചു കാണും. വൈകുന്നേരം, രാത്രി സമയത്ത് ചപ്പാത്തി, അപ്പം, ആലു പെറോട്ടയും തൈരും, ചിക്കൻ, പോത്തു, മീൻ വിഭവങ്ങൾ കാണും. ഇതൊക്കെ ഒരു ദിവസം പോയി പൊളിക്കണം എന്നാണ് ആഗ്രഹം.
സ്ഥലം: ഇടപഴഞ്ഞിയിൽ നിന്ന് മരുതുംകുഴി പോകുന്ന വഴി ശാസ്തമംഗലം Tandem പോകുന്ന റോഡ് വരും. അങ്ങോട്ട് തിരിയാതെ നേരെ തന്നെ മരുതുംകുഴിയിലോട്ടു പോകുന്ന വഴി ഒരു 150 മീറ്റർ പോകുമ്പോൾ ഇടതു വശത്തായി വരും. ചൂര, നെമ്മീൻ, മയിൽമീൻ, കൊഞ്ച് മുതലായ പല തരം മീൻ അച്ചാറുകൾ വിൽക്കാനും വച്ചിട്ടുണ്ട്. Timings: 11.00 AM to 10.00 PM ആണ് ഇപ്പോഴത്തെ സമയം. തിരക്ക് അനുസരിച്ചു ഭാവിയിൽ മാറ്റം വരും. Seating Capacity: 38.
തിരുവനന്തപുരത്തു മനസ്സ് ആസ്വദിച്ച് സംതൃപ്തിയോടെ ഊണ് കഴിച്ച ഇടങ്ങളിൽ ഒന്ന്. Achayans Sea Food Restaurant, Kochar Rd, Sasthamangalam, Thiruvananthapuram, Kerala 695010 0471 231 0237, https://goo.gl/maps/7APJLKgQEr5oGqDb8 .