നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ പെർഫോമൻസ് വീഡിയോകൾ ധാരാളമായി യൂട്യുബിലും ഫേസ്ബുക്കിലും ടിക്ടോക്കിലും ഒക്കെ വൈറലായി മാറിയിട്ടുണ്ട്. അത്തരത്തിൽ വൈറലായി മാറിയ ഒരു വീഡിയോ ആയിരുന്നു കഴിഞ്ഞയിടെ ഇറങ്ങിയതും. സംഭവം വേറൊന്നുമല്ല, കൂളിങ് ഗ്ളാസൊക്കെ വെച്ച് നല്ല സ്റ്റൈലിൽ ബസ് ഓടിക്കുന്ന ഡ്രൈവർ, പക്ഷെ ഓട്ടത്തിനനുസരിച്ച് ബസ്സിന്റെ ഗിയർ മാറുന്നത് കാബിനിൽ ഇരിക്കുന്ന പെൺകുട്ടികളായിരുന്നു. ഡ്രൈവർ ക്ലച്ച് അമർത്തുന്ന മുറയ്ക്ക് പെൺകുട്ടികൾ കൃത്യമായി ഗിയർ മാറുകയും ചെയ്തു.
സംഭവം വൈറൽ ആക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്തതായതിനാൽ കൂടെയുണ്ടായിരുന്ന ആരോ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അവർ ഉദ്ദേശിച്ച പോലെ വീഡിയോ വൈറലായി മാറുകയും ചെയ്തു. പക്ഷെ അത് തങ്ങൾക്ക് കിട്ടുന്ന ഒരു മുട്ടൻ പണിയുടെ തുടക്കമായിരിക്കുമെന്ന് അവരാരും ചിന്തിച്ചുമില്ല. വീഡിയോ ശ്രദ്ധയിൽപ്പെട്ട മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ ബസ്സും, വീഡിയോയിൽ അതോടിച്ചിരുന്ന ഡ്രൈവറെയും കണ്ടെത്തി.
എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ജെയിംസിന്റെ നേതൃത്വത്തിൽ ഡ്രൈവറെ മോട്ടർവാഹന വകുപ്പിന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയെന്നും ആർടിഒ അറിയിച്ചു. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവർ ഷാജിയുടെ ലൈസൻസ് അഞ്ച് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
കോളേജ് വിദ്യാർത്ഥികളുടെ ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെയാണ് ഡ്രൈവർക്ക് പണി കിട്ടിയ ഈ സംഭവം ഉണ്ടായത്. സാധാരണ കോളേജ് ടൂർ യാത്രകളിൽ ബസ് ഡ്രൈവർമാർ വിദ്യാർത്ഥികളോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേരാറുണ്ട്. അതുപോലെ ചെയ്തതാണ് ഈ ഗിയർ മാറ്റവും. പക്ഷെ അത് ഇത്ര പ്രശ്നമാകുമെന്ന് ആ സമയത്ത് അവർ ചിന്തിച്ചില്ല. ബസ്സുകളുടെ കാബിനിൽ യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തുന്നതും നിയമത്തിന്റെ കണ്ണിൽ തെറ്റു തന്നെയാണ്.
എന്തായാലും കോളേജ് ടൂർ അടിപൊളിയാകുകയും, ബസ് ഡ്രൈവർ പ്രശസ്തനാകുകയും, അതോടൊപ്പം തന്നെ കേസിൽ പെടുകയും ചെയ്തു. ഇനി അഞ്ചു മാസത്തേക്ക് അദ്ദേഹത്തിന് ഡ്രൈവിംഗ് ജോലി ചെയ്യുവാൻ സാധിക്കില്ല. അതുകൊണ്ട് ബസ് ഡ്രൈവർമാർ ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്തു കൊടുക്കുന്നതിനു മുൻപായി ഒന്നോർക്കുക. നിങ്ങളുടെ അന്നമാണ് ആ വളയം. അതു പണയം വെച്ചുള്ള, അപകടകരമായ ഒരു വൈറൽ പരിപാടികൾക്കും നിൽക്കാതിരിക്കുക.