മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ രാപ്പകൽ വ്യത്യാസമില്ലാതെ സേവനം ചെയ്യുന്ന എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർക്ക് ആദരം. എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഓർമ്മയിലൊരു പൂക്കാലം എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് നിഷ്കാമ കർമ്മ സേവകരെ ആദരിച്ചത്. ചെസ് കരു വിഴുങ്ങി ഗുരുതരാവസ്ഥയിലായ പിഞ്ചു കുഞ്ഞിനെ അതിവേഗത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച പി.എം.ഷെഫീദ്, എ.ജെ.ജിഷ്ണു എന്നിവരേയും മറ്റു സന്നദ്ധ പ്രവർത്തകരായ എം.എ.റാഷിക്ക്, ടി.എസ്.ശ്രീരാഗ്, ലിയോ ജോസ് എന്നിവരേയുമാണ് ഉപഹാരം നൽകി ആദരിച്ചത്.
ചെസ് കരു വിഴുങ്ങി ശരിയായ വിധത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞിരുന്ന ഒന്നര വയസുള്ള പെൺകുഞ്ഞിനെ ഏകദേശം ഏഴ് മിനിറ്റ് സമയമെടുത്താണ് എരുമപ്പെട്ടി കുട്ടഞ്ചേരിയിൽ നിന്നും 14 കിലോമീറ്റർ ദൂരമുള്ള മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആക്ട്സ് പ്രവർത്തകർ എത്തിച്ചത്. കുഴികളും വളവുകളുമുള്ള വീതി കുറഞ്ഞ് അപകടം പതിയിരിക്കുന്ന മങ്ങാട് – അത്താണി റോഡിലൂടെ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ഇവർ കുഞ്ഞിനേയും കൊണ്ട് ആംബുലൻസിൽ അതിവേഗത്തിൽ സഞ്ചരിച്ചത്.
പ്രവർത്തനം ആരംഭിച്ച് ഏഴ് വർഷത്തിനുള്ളിൽ അപകടങ്ങളിൽ പെട്ടവരും ഹൃദയാഘാതം സംഭവിച്ചരും ഉൾപ്പടെ ഒട്ടനവധി പേരുടെ ജീവൻ രക്ഷപ്പെടുത്താൻ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ 1674 കേസുകളാണ് ഇവർ ഏറ്റെടുത്ത് കൊണ്ടു പോക യിട്ടുള്ളത്. ആക്ട്സ് പ്രവർത്തകരുടെ കൃത്യതയോടെയുള്ള ഇടപെടലിനേയും സ്വയം സമർപ്പണത്തെ കുറിച്ചും ടി സി റിപ്പോർട്ട് ചെയ്തിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ എ.എസ്.രവീന്ദ്രൻ, ടി.കെ.മണികണ്ഠൻ,രാജൻ പീറ്റർ, ടി.പി.ബാലകൃഷ്ണൻ,ആക്ട്സ് പ്രസിഡന്റ് കെ.ശങ്കരൻകുട്ടി മാസ്റ്റർ എന്നിവർ ഉപഹാര സമർപ്പണം നടത്തി.