വിവരണം – സുജിത്ത് എൻ.എസ്.

അടവിയിൽ പോയി. എന്ത് ഭംഗിയുള്ള സ്ഥലം. അവിടെ നിന്നും തിരിച്ചിറങ്ങുന്നതിനു മുൻപേ ഒരു കാര്യം തീരുമാനിച്ചു, എത്രയും വേഗം തന്നെ ഒരിക്കൽ കൂടെ ഇവിടെ തിരിച്ചു വരണം.

ആദ്യം പോയത് കുട്ടവഞ്ചി യാത്രയ്ക്ക് ആയിരുന്നു. ഒരു വഞ്ചിക്ക് 500 രൂപ. നാലു വലിയവർക്കും ഒരു കുട്ടിക്കും കേറാം. മുക്കാൽമണിക്കൂറോളം യാത്ര. നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു ഈ കുട്ടവഞ്ചി യാത്ര എനിക്ക്. ഒരാൾ ആഴം ഉള്ള പുഴയിലൂടെ മരങ്ങൾക്കിടയിലൂടെയും മറ്റും കൊണ്ടുപോയി അവസാനം വഞ്ചി കറക്കുന്ന ഒരു സീൻ ഒണ്ട്. ഒരു രക്ഷയും ഇല്ല. തല കുറച്ചു കറങ്ങുമെങ്കിലും കിടു ആണ്.

കൊട്ടവഞ്ചിയിൽ നിന്നുമിറങ്ങി അവിടുത്തെ ക്യാന്റീനിൽ നിന്ന് കപ്പയും മീൻ കറിയും പിന്നെ തൈരും ഒഴിച്ച് കുഴച്ചു കഴിച്ചു. സത്യം പറയാലോ ഇത്രേം രുചിയുള്ള കപ്പ അടുത്ത സമയത്തൊന്നും ഞാൻ കഴിച്ചിട്ടുണ്ടായിരുന്നില്ല. അതും കഴിച്ചു കഴിഞ്ഞു മണ്ണീറ വെള്ളച്ചാട്ടത്തിലേക്ക് ആയിരുന്നു ഞങ്ങൾ അടുത്ത പോയത്. മഴ കുറവായതുകൊണ്ട് അവിടെ വെള്ളവും കുറവായിരുന്നു.

വെള്ളച്ചാട്ടം കണ്ടിറങ്ങിയപ്പോഴാണ് ആറ്റിൽ കുളിക്കാനൊരു പൂതി ഞങ്ങൾക്ക് വന്നത്. ആറിന്റെ സൈഡും നേരെ ഒരു ഏഴെട്ടു കിലോമീറ്റർ ബൈക്കിൽ മേലോട്ട് വിട്ടു. കൊറേ കഴിഞ്ഞപ്പോ നല്ല കുളിക്കാൻ പറ്റിയ ഒരു സ്ഥലം ഞങ്ങൾ കണ്ടുപിടിച്ചു. ഒരു മനുഷ്യരും ഇല്ലാത്ത നല്ല വിശാലമായ ആറ്. തുണിയെല്ലാം ഊരിക്കളഞ്ഞു ആ പൊരിവെയിലത്ത് ആറിൽ കിടക്കാൻ നല്ല രസമായിരുന്നു. ആറിൽ നിറയെ മീനുണ്ടായിരുന്നു. അവയെ പിടിക്കാൻ കൊറേ നോക്കി പക്ഷെ ഒന്നിനേം കിട്ടിയില്ല..

നല്ല ആ കുളിയും കഴിഞ്ഞ് നേരെ റോഡിൽ വന്നു വണ്ടിയിൽ കേറാൻ നോക്കിയപ്പോ അവിടെ തറയിലെല്ലാം പുളി വീണു കിടക്കുന്നത് കണ്ടു. ഒരു പുളി എടുത്തു ടേസ്റ്റ് നോക്കിയപ്പോ നല്ല മധുരം. പിന്നെ ഒന്നും നോക്കിയില്ല അവിടെ കിടന്ന പുളിയൊക്കെ പറക്കി കൂട്ടി വണ്ടിയിൽ വെച്ചു. വെള്ളത്തിൽ കൊറേ നേരം കിടന്നതു കൊണ്ടായിരിക്കും നല്ല വിശപ്പുണ്ടായിരുന്നു. അവിടെ കണ്ട ഒരു അപ്പൂപ്പനോട് ചോദിച്ചപ്പോ അവിടെങ്ങും ഹോട്ടൽ ഇല്ലെന്ന് പുള്ളി പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല തിരിച്ചു വീട്ടിലോട്ട് പോകുമ്പോ കഴിക്കാം എന്നും പറഞ്ഞു ഞങ്ങൾ വണ്ടിയിൽ കേറി.

അടവി കഴിഞ്ഞു ട്രീ ഹൗസിന്റെ അടുത്ത് എത്തിയപ്പോ അവിടെ ഒരു കൊച്ചു കടയും നല്ല ആൾക്കൂട്ടവും. ഒന്നും നോക്കിയില്ല അവിടെ നിർത്തി വണ്ടി. ആ കടയിൽ ചെന്ന് നോക്കിയപ്പോഴോ നല്ല സൂപ്പർ ആഹാരം. ചോറും ചീനിയും മീൻ കറിയും സാമ്പാറും മോരും. കണ്ടപ്പോഴേ വായിൽ വെള്ളം നിറഞ്ഞു. ചടപടാന്നു ചോറ് കഴിച്ചു കഴിഞ്ഞപ്പോ ട്രീ ഹൗസ് കാണാനൊരു മോഹം. അവിടെ പോയപ്പോൾ സെക്യൂരിറ്റി ആളുണ്ടെന്ന് പറഞ്ഞു കേറ്റി വിടുന്നില്ല. അടുത്താഴ്ച ബുക്ക്‌ ചെയ്യാനാണെന്ന് പറഞ്ഞപ്പോൾ കേറ്റി വിട്ടു.

കാടിനു നടുവിൽ മുകളിലായി പലക കൊണ്ടു കെട്ടിയ കെട്ടിടങ്ങൾ. നല്ല രസമുണ്ടായിരുന്നു കാണാൻ. ഒരു ദിവസത്തെ റേറ്റ് ചോദിച്ചപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ഒരു ദിവസം അവിടെ താമസിക്കുന്നതിന് മാത്രം 4000 രൂപ എന്ന്. ശെരിയണ്ണാ എന്നും പറഞ്ഞു ഞങ്ങൾ അവിടുന്നും ഇറങ്ങി. ആനക്കൊട്ടിലിൽ പോകാം എന്ന് വെച്ച് അവിടെ എത്തിയപ്പോൾ അവിടെ തിരക്കോട് തിരക്ക്.

അവിടെ കേറണ്ട വീട്ടിൽ ചെന്നുകിടന്നു ഉറങ്ങാം എന്നും പറഞ്ഞു വീട്ടിലോട്ട് വെച്ചുപിടിച്ചപ്പോ പോകുന്ന വഴിയിൽ കിടിലൻ വയലുകണ്ടു. നമ്മുടെ നാട്ടിൽ അന്യമായ സാധനമല്ലേ ചാടി വയലിലേക്ക് ഇറങ്ങി. അവിടെ കൃഷിയേ രക്ഷിക്കുന്ന ദൈവത്തിന്റെ ഫോട്ടോയൊക്കെ വെച്ചേക്കുന്നു. അത് കോമഡി ആയിരുന്നു. വയലിൽ കൂടെ കൊറേ ദൂരം നടന്നു ഞങ്ങൾ കൊറേ പടവും പിടിച്ചു തിരിച്ചു വീട്ടിലോട്ട് വച്ചുപിടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.