വിവരണം – Nithin Samuel.
ഒരു കൊച്ചുവെളുപ്പാൻ കാലത്ത് മനസ്സില്ലാമനസോടെ ഉറക്കമുണർന്നു തൊട്ടടുത്ത ജനാലയിൽ ഇരുന്ന മൊബൈൽ ഫോൺ എടുത്തു നോക്കിയതാണ് ഈ യാത്രയുടെ കാരണം.
ലോകത്ത് ഏറ്റവും കൂടുതൽ നോൺ വെജ് വിഭവങ്ങൾ ലഭിക്കുന്ന ഹോട്ടലിനെ കുറിച്ച് Mrinal Das Vengalat ചെയ്ത ഒരു വ്ലോഗ് ദേ സ്ക്രീനിൽ തെളിയുന്നു. അപ്പൊ തന്നെ ഗൂഗിൾ മാപ്പിലെ ചേച്ചിയോട് ചോദിച്ചു വഴി മനസിലാക്കി. സംഗതി തമിഴ്നാട്ടിലെ ഈറോഡിനടുത്തു പെരുംദുരൈ എന്ന സ്ഥലത്താണ്. യുബിഎം എന്നാണ് ഹോട്ടലിന്റെ പേര്. അടൂരിൽ നിന്നു 420ഓളം കിലോമീറ്റർ ദൂരവുമുണ്ട്. ആരോടെങ്കിലും പറഞ്ഞാൽ തലയ്ക്ക് ഓളം ഉണ്ടെന്ന് ചിന്തിച്ചാലോ.
പക്ഷെ കാറിനകത്തു പെറുക്കിയിട്ടാൽ എവിടെ വേണേലും കൂടെ വരുന്ന സുഹൃത്തുക്കളോട് കാര്യം പറഞ്ഞു. 4 ഫോൺ കോൾ, സ്ഥലം പോലും ആർക്കും അറിയില്ലെങ്കിലും ട്രിപ്പ് റെഡി. വെറുതെ കഴിക്കാൻ മാത്രം പോകുന്നത് ശരിയല്ലല്ലോ. ചെറുതായി റൂട്ട് ഒന്നു മാറ്റിപ്പിടിച്ചു. സഞ്ചാരികളുടെ നിത്യഹരിത പാതയായ അതിരപ്പിള്ളി- വാൽപാറ വഴി കാറിൽ പോകാമെന്ന് തീരുമാനിച്ചു.
വെളുപ്പിനെ 4ന് യാത്ര തുടങ്ങി കാലടി വഴി അതിരപ്പിള്ളി എത്തിയപ്പോഴേക്കും 10 മണി. കടുത്ത ചൂട്. വെള്ളച്ചാട്ടം നൂല് പോലെ. അവിടെ നിന്നു വാഴച്ചാൽ. ഗംഭീരമായ കാഴ്‌ച. വേനൽചൂട് വാഴച്ചാൽ വെള്ളച്ചാട്ടത്തെ ബാധിച്ചിട്ടില്ല. ചെക് പോസ്റ്റിൽ വിവരങ്ങൾ ഒക്കെ നൽകി കാനന യാത്ര ആരംഭിച്ചപ്പോഴേക്കും ഉച്ചയ്ക്ക് 12 മണി. വാഴച്ചാൽ, ഷോളയാർ വനങ്ങളുടെ സുഖശീതിളിമയിൽ മെല്ലെ മെല്ലെ കാർ നീങ്ങി. എന്താണെന്ന് അറിയില്ല, ആന, കടുവ, കാട്ടുപോത്തു തുടങ്ങിയ വന്യ മൃഗങ്ങൾ ഞങ്ങടെ ഏഴയലത്തു പോലും എത്തിയില്ല (കാണാൻ കിട്ടിയില്ല എന്നും പറയാം).
അല്ലെങ്കിൽ തന്നെ റോഡിൽ നിന്ന് കണ്ണെടുക്കാൻ ആകാത്ത വിധം വാഹനങ്ങളാണ് ഓരോ വളവുകളിലും കാത്തിരുന്നത്. അന്ന് പ്രളയത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപണികൾ നടക്കുന്നെ ഉണ്ടായിരുന്നുള്ളു. മലക്കപ്പാറ അടുക്കുമ്പോഴേക്കും റോഡിന്റെ അവസ്‌ഥ ശോചനീയം ആയിരുന്നുവെങ്കിലും കാട് കിടു ആയിരുന്നു.
വൈകിട്ടോടെ മലക്കപ്പാറ ചെക് പോസ്റ്റിൽ രേഖകൾ കൊടുത്ത ശേഷം വാൽപാറയിലേക്ക്. കോടമഞ്ഞു കിനിഞ്ഞിറങ്ങുന്ന തേയില തോട്ടങ്ങളുടെ മനോഹര ദൃശ്യം യാത്രാക്ഷീണം തീർത്തു. സന്ധ്യയോടെ വാൽപാറയെത്തി. ഷോളയാർ ഡാമിന്റെ മുകളിൽ കയറി ഐസ്ക്രീം നുണഞ്ഞു. രാത്രി അയ്യർപടിയിലെ ഹെവെൻ ഹോംസ്റ്റെയിൽ താമസം, അവിടെ തന്നെ തയാറാക്കിയ ഭക്ഷണം; കുശാൽ.
രാവിലെ 7 മണിയോടെ വീണ്ടും യാത്ര. പൊള്ളാച്ചി വഴി പെരുന്തുറയിലേക്ക്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ലക്ഷ്യ സ്ഥാനത്തെത്തി. കൈ കഴുകി ഇരുന്നതോടെ നീണ്ട ഇലയെത്തി. ഓരോ വിഭവങ്ങളായി എത്തിയ സദ്യ തീര്ക്കാന് ഒരു മണിക്കൂറോളം നീണ്ട പ്രയത്നം. സാലഡ്, റൈസ്, പപ്പടം എന്നിവ ഒഴിച്ച് ബാക്കിയെല്ലാം നോൺവെജ്. ചിലതിനൊക്കെ നല്ല രുചി. ഒരു വെറൈറ്റി എന്ന നിലയിൽ സംഗതി കൊള്ളാം.. കഴിച്ചു തീർത്തവർക്ക് എത്ര ഐസ്‌ക്രീം വേണമെങ്കിലും തരും.
സദ്യയൊക്കെ കഴിച്ചു വൈകിട്ട് 4 മണിയോടെ മടക്കയാത്ര. കോയമ്പത്തൂർ – പാലക്കാട് – തൃശൂർ വഴി അടൂർ. രാത്രി 12 മണിയോടെ മൊത്തം 850 കിലോമീറ്റർ നീണ്ട ഭക്ഷണ ട്രിപ്പ് അവസാനിപ്പിച്ചു വീട്ടിൽ തിരിച്ചെത്തി.