കെഎസ്ആർടിസിയുടെ അടൂർ – ആങ്ങമൂഴി ബസ് സർവീസ് ആരംഭിച്ചു. ചെയിൻ സർവീസ് ആയിരിക്കും. അരമണിക്കൂർ വീതം ഇടവിട്ട‌് അടൂരിൽ നിന്ന് പത്തനംതിട്ട വഴി ആങ്ങമൂഴിക്കും തിരിച്ചും സർവീസ് നടത്തും. ദീർഘനാളായി ഈ റൂട്ടിൽ ആവശ്യത്തിന‌് ബസ് സർവീസ് ഇല്ലാതിരുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട‌് ഉണ്ടാക്കിയിരുന്നു. അതിന‌് പരിഹാരമായാണ് കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിച്ചത്.
പത്തനംതിട്ടയിൽനിന്നും അടൂരിൽനിന്നും അഞ്ചുവീതം ബസുകളാണ് ഇപ്പോൾ സർവീസ് ആരംഭിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ വീണാ ജോർജ് എം.എൽ.എ.യും അടൂരിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ.യും സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. അടൂർ നഗരസഭ ചെയർപേഴ്സൺ ഷൈനി ബോബി, ഡി സജി, ടി ഡി ബൈജു, അഡ്വ. എസ് മനോജ്, കെ ജി വാസുദേവൻ, അടൂർ എടിഒ, കൺട്രോളിങ്ങ് ഇൻസ്പെക്ടർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉത്ഘാടനത്തിനു ശേഷം ചിറ്റയം ഗോപകുമാർ എംഎൽഎ ഈ ബസിൽ അടൂരിൽ നിന്ന് കൊടുമൺ വരെ യാത്ര ചെയ്യുകയും ചെയ‌്തു. ബസിന് ഏഴംകുളം ജങ‌്ഷനിൽ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ എ റഹിം, പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൊടുമണ്ണിലും സ്വീകരണം നൽകി. ഏഴംകുളം, പുതുമല ,ചിരണിക്കൽ, കൊടുമൺ, അങ്ങാടിക്കൽ, ഒറ്റത്തേക്ക്, ചന്ദനപ്പള്ളി, പ്രദേശങ്ങളിലുള്ളവർക്ക് അടൂരിലും പത്തനംതിട്ടയിലും എത്തുന്നതിന് ഏറെ സൗകര്യമാണിത്. സ്വകാര്യ ബസ് മാത്രം സർവീസ് നടത്തിക്കൊണ്ടിരുന്ന ഈ റൂട്ടിൽ അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ട്രിപ്പ് മുടക്കം പതിവായിരുന്നു. അതു മൂലം യാത്രക്കാർ ഏറെ ദുരിതത്തിലായിരുന്നു.
അടൂർ – ആങ്ങമൂഴി ബസ് സർവീസ് ആരംഭിക്കുന്നതോടെ ഏഴംകുളം – കൈപ്പട്ടൂർ റോഡിലൂടെയുള്ള രാത്രികാല യാത്രാക്ലേശത്തിന് വിരാമമാകുമെന്നു പ്രതീക്ഷ. യാത്രക്കാരും പ്രദേശവാസികളും വർഷങ്ങളായി അനുഭവിക്കുന്ന ദുരിതം ആണ് ഈ റൂട്ടിലൂടെ ഉള്ള രാത്രികാല യാത്ര. പത്തനംതിട്ട, അടൂർ എന്നിവിടങ്ങളിൽ നിന്ന് രാത്രി 7.30ന് ശേഷം ഈ റൂട്ടിൽ ബസ് സർവീസുകൾ ഉണ്ടായിരുന്നില്ല. പല സ്ഥലങ്ങളിലും പോയി പ്രധാന സ്ഥലങ്ങളിൽ എത്തുന്ന യാത്രക്കാർ സ്വന്തം നാട്ടിലേക്ക് എത്തണമെങ്കിൽ ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ചെയിൻ സർവീസ് ആരംഭിക്കുന്നതോടെ രാത്രിയിൽ ഈ റൂട്ടിലുള്ള യാത്രക്കാർക്ക് ആശ്വാസകരമാകും.
താലൂക്ക് ആസ്ഥാനമായ അടൂരിനെയും ജില്ലാ കേന്ദ്രമായ പത്തനംതിട്ടയെയും ബന്ധിപ്പിച്ചു കൊണ്ട് നടത്തുന്ന ബസ് സർവീസ് സ്വകാര്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവർ, സർക്കാർ ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും ഏറെ പ്രയോജനകരമാണ്. അടൂരിൽ നിന്ന് പറക്കോട്, ഏഴംകുളം, കൊടുമൺ, ചന്ദനപ്പള്ളി, പത്തനംതിട്ട, ചിറ്റാർ, സീതത്തോട് വഴിയാണ് ബസ് ആങ്ങമൂഴിയിൽ എത്തുന്നത്.
പത്തനംതിട്ടയ്ക്ക് മൂന്നാർ, കായംകുളം, കുളത്തൂപ്പുഴ, നെയ്യാറ്റിൻകര, കാട്ടാക്കട എന്നീ ഡിപ്പോകളിൽനിന്നാണ് ബസ് എത്തിയത്. അടൂരിന് ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളിൽനിന്ന് ഓരോ ബസും മുന്ന് ബസ് ഡിപ്പോയിൽനിന്നുമാണ് സർവീസിനായി അനുവദിച്ചത്. കൊട്ടാരക്കര, വെള്ളനാട് ഡിപ്പോകളിൽനിന്നാണ് ജീവനക്കാരെ ഇതിലേക്കായി നിയോഗിച്ചിട്ടുള്ളത്. നേരത്തെ പത്തനംതിട്ട ഡിപ്പോയിൽനിന്ന് ആങ്ങമൂഴിയിലേക്ക് സർവീസ് നടത്തിയിരുന്നെങ്കിലും ജീവനക്കാരുടെ കുറവുമൂലം മിക്കപ്പോഴും ശരിയായി നടന്നിരുന്നില്ല. അടൂർ-ആങ്ങമൂഴി ചെയിൻ സർവീസ് തുടങ്ങിയതോടെ മലയോരമേഖലയിലെ യാത്രാദുരിതത്തിനാണ് അറുതിവരുക.
ഇതിനിടെ കെഎസ്ആർടിസിയുടെ ഈ ചെയിൻ സർവീസ് അട്ടിമറിക്കാൻ സ്വകാര്യ ബസുകളുടെ സംഘടിതമായ നീക്കവും കഴിഞ്ഞ ദിവസം ചിറ്റാറിൽ നടന്നു. ഓരോ 20 മിനിറ്റ് ഇടവേളയിലും കടന്നുവരുന്ന കെഎസ്ആർടിസി ബസിന‌് മുന്നിലും പിന്നിലും രണ്ടു വീതം സ്വകാര്യ ബസുകൾ ഓടിച്ചണ് അട്ടിമറി നീക്കം നടത്തിയത്. അടൂർ മുതൽ ഓരോ പ്രധാന ജങ‌്ഷനിലും കെഎസ്ആർടിസി ബസിന്റെ നീക്കം മനസിലാക്കി പ്രത്യേക കേന്ദ്രത്തിലേക്ക് സന്ദേശം അയക്കാൻ സ്വകാര്യ ബസ് ലോബി പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ സന്ദേശമനുസരിച്ചാണ് കെഎസ്ആർടിസിയുടെ മുന്നിലും പിറകിലും സ്വകാര്യ ബസുകൾ വിന്യസിച്ചത്.
സാധാരണ പരസ്പരം കടിച്ചുകീറാൻ നിൽക്കുന്ന സ്വകാര്യ ബസുകൾ വെള്ളിയാഴ്ച കെഎസ്ആർടിസിക്കെതിരെ സംഘടിക്കുന്നതാണ് കണ്ടത്. ഇതിനായി എല്ലാ സമയക്രമവും തെറ്റിച്ച് സ്വകാര്യ ബസുകൾ ചിറ്റാർ സ്റ്റാൻഡിൽ ക്യാമ്പ് ചെയ്തിരുന്നു. ബസുകൾ ഇട്ട‌് മാർഗതടസവും സൃഷ്ടിച്ചു. അവസാനം ചിറ്റാർ പൊലീസ് എത്തിയതോടെ സ്വകാര്യ ബസ് ജീവനക്കാർ മര്യാദക്കാരായത‌്.
കടപ്പാട് – ദേശാഭിമാനി, മലയാള മനോരമ, മാതൃഭൂമി. ചിത്രങ്ങൾ – Azad Anil.