ലോകത്തിലെ ഏറ്റവും മനോഹരമായവയിൽ ഒന്നും, അപകടകരമായവയിൽ ഒന്നുമായ ഒരു എയർപോർട്ട് നമ്മുടെ അടുത്തുണ്ട്. കൊച്ചിയും കോഴിക്കോടുമൊന്നുമല്ല, ലക്ഷദ്വീപിലെ അഗത്തി എയർപോർട്ട് ആണത്. ഇന്ത്യയിലെത്തന്നെ ഏറ്റവും ചെറിയ വിമാനത്താവളങ്ങളിൽ ഒന്നായ അഗത്തി എയർപോർട്ടിന്റെ വിശേഷങ്ങൾ ഒന്നറിഞ്ഞിരിക്കാം.
1987 – 88 കാലഘട്ടത്തിലാണ് അഗത്തി ദ്വീപിൽ ഈ എയർപോർട്ട് സ്ഥാപിക്കപ്പെട്ടത്. 1988 ഏപ്രിൽ 16 നു Dornier 228 മോഡൽ വിമാനമായിരുന്നു അഗത്തി റൺവേയിൽ ആദ്യമായി തൊട്ടത്.
സ്ഥിരമായി സർവ്വീസുകൾ ഇല്ലാതിരുന്ന ആദ്യകാലത്ത് ഒരു താൽക്കാലിക എയർസ്ട്രിപ്പ് എന്നവണ്ണമായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. വർഷങ്ങൾക്ക് ശേഷം 2006 ലാണ് എയർപോർട്ട് ടെർമിനലും, എയർ ട്രാഫിക് കൺട്രോൾ ടവറും മറ്റുമൊക്കെ നിർമ്മിക്കുവാൻ തുടക്കമിട്ടത്. എന്നാൽ പണികൾ പകുതിയായപ്പോൾ റൺവേ വിപുലീകരിക്കുന്നതിനായി എല്ലാം ഇടയ്ക്ക് നിർത്തിവെക്കുകയുണ്ടായി.
2010 സെപ്റ്റംബർ 24 നു എയർ ഇന്ത്യ കൊച്ചിയിൽ നിന്നും അഗത്തിയിലേക്ക് വിമാന സർവ്വീസ് ആരംഭിച്ചു. അതേവർഷം നവംബർ മാസത്തിൽ അഗത്തിയിലെ റൺവേ വിപുലീകരണവും മറ്റുമെല്ലാം പൂർത്തിയാക്കുകയും ചെയ്തു. 46 ഏക്കറോളം സ്ഥലത്താണ് അഗത്തി എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ റൺവേയ്ക്ക് 1204 മീറ്റർ നീളവും 30 മീറ്റർ വീതിയുമാണുള്ളത്.
തിരക്കുള്ള സമയത്ത് 50 ഓളം യാത്രക്കാരെ വഹിക്കുവാൻ കഴിയുന്നതാണ് നിലവിൽ ഇവിടത്തെ ടെർമിനൽ കെട്ടിടം. ഒരു ചെക്ക് ഇൻ കൗണ്ടർ, ഒരു സെക്യൂരിറ്റി കൗണ്ടർ, ഒരു ബോർഡിംഗ് ഗേറ്റ് എന്നിവയാണ് ഈ ചെറിയ ടെർമിനലിൽ ഉള്ളത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ് അഗത്തി വിമാനത്താവളം പ്രവർത്തിക്കുന്നത്.
ATR 42 എന്ന ചെറുമോഡൽ എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് ദ്വീപിലേക്കുള്ള സർവ്വീസ് എയർ ഇന്ത്യയുടെ റീജണൽ എയർലൈനായ അലയൻസ് എയർ ഇന്നും തുടരുന്നത്. അഗത്തിയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള നോൺസ്റ്റോപ്പ് സർവ്വീസുകൾ ലഭ്യമാണ്.
മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന, നാലായിരം അടി നീളം മാത്രമുള്ള അഗത്തി എയര്‍പോര്‍ട്ട് ഏറ്റവും ചെറിയ വിമാനത്താവളങ്ങളില്‍ ഒന്നു കൂടിയാണ്. ലക്ഷദ്വീപിലെ 36 ദ്വീപുകളിലേക്ക് എത്താനുള്ള ഏക വിമാനമാര്‍ഗവും അഗത്തിയാണ്. അഗത്തിയിലെ ലാൻഡിംഗ് ഏറെ അപകടം പിടിച്ചതാണെങ്കിലും വിമാനത്തിൽ നിന്നുള്ള ദ്വീപിന്റെയും എയര്പോര്ട്ടിന്റെയും കാഴ്ചകൾ അതിമനോഹരമാണ്. ചെറിയ എയർപോർട്ട് ആയതിനാൽ വലിയ വിമാനങ്ങൾക്കൊന്നും അഗത്തിയിൽ ലാൻഡ് ചെയ്യുവാൻ സാധിക്കില്ല.
നിലവിലെ റൺവേയുടെ നീളം കൂട്ടുന്നതിനായുള്ള പദ്ധതി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അങ്ങനെയായാൽ കടലിനു മുകളിലൂടെയായിരിക്കും റൺവേയുടെ ഒരു ഭാഗം കടന്നു പോകുക. ഇത് യാഥാർഥ്യമായാൽ ഇന്ത്യയിലെ ആദ്യത്തെ ‘സീബ്രിഡ്ജ് റൺവേ’ എന്ന ഖ്യാതി അഗത്തി എയർപോർട്ടിന് വന്നു ചേരും.
യാത്രാപ്രേമികൾ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒന്നാണ് അഗത്തി ഐലൻഡിലേക്കുള്ള വിമാനയാത്രയും ലാൻഡിംഗും…