കടപ്പാട് – റസാഖ് അത്താണി, വിക്കിപീഡിയ.

ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒരു സ്ഥലമുണ്ട്, പേര് അഗുംബെ. ചിലർക്ക് സുപരിചിതമാണ് ഈ പേര്. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി… കർണാടകത്തിലെ ഷിമോഗ ജില്ലയിലെ ഒരു ഗ്രാമമാണ് ആഗുംബെ (Agumbe). ഇന്ത്യയിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ആഗുംബെയെ ‘ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി’ എന്നു വിശേഷിപ്പിക്കാറുണ്ട്. വർഷത്തിൽ 11000 മില്ലി മീറ്ററിൽ കൂടുതൽ മഴ പെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. യുനെസ്കോ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് ആഗുംബേയിലെ മഴക്കാടുകൾ.

ആഗുംബെയിലെ സൂര്യാസ്തമന ദൃശ്യം വളരെ മനോഹരമാണ്. ഉഡുപ്പിയിൽ നിന്ന് ആഗുംബെയിലേക്കുള്ള പാതയിലെ 14-ആം ഹെയർപിൻ വളവിലുള്ള സൂര്യാസ്തമന മുനമ്പ് വിനോദ സഞ്ചാരികളെ ആകർഷിക്കാറുണ്ട്. നിരവധി വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്. കർണാടകത്തിലെ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. അഗുംബെ ഗ്രാമത്തില്‍ ജനവാസം കുറവാണ്.

ആഗുംബേയ്ക്കടുത്ത് കാട്ടിനുള്ളിലാണ് “ജോഗിഗുണ്ടി” എന്ന ചെറിയ വെള്ളച്ചാട്ടം. ബർക്കാനാ വെള്ളച്ചാട്ടം: കൊടുംകാട്ടിലൂടെ ഏതാണ്ട് ഏഴു കിലോമീറ്റർ സഞ്ചരിച്ചാണ് വെള്ളച്ചാട്ടത്തിലേക്കത്തേണ്ടത്. ഇന്ത്യയിലെതന്നെ ഏറ്റവും ഉയരമുള്ള ജലപാതങ്ങളിൽ ഒന്നായ ബർക്കാന സീതാനദിയിലാണ്. അഗുംബയില്‍ നിന്ന് പതിനേഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുടജാദ്രി മലയിലെത്താം.

മംഗലാപുരത്തുനിന്ന് ഉഡുപ്പി, ഹെബ്രി വഴി 110 കി.മീ. ആഗുംബേയിലേക്കുള്ള ദൂരം. ആദിശങ്കരൻ സ്ഥാപിച്ച പ്രശസ്തമായ ശൃംഗേരിമഠം 26 കി.മീറ്റർ അകലെ. ദക്ഷിണ കർണാടകത്തിലെ മൂന്നു ജില്ല ആഗുംബേയിൽ സംഗമിക്കുന്നെന്നു പറയാം. മാംഗളൂർ-ശിവമോഗാ റോഡിലെ ആഗുംബേയിലെ നാട്ടുകവലയിൽ മൂന്ന് ചെറിയ കവാടമുണ്ട്. പ്രധാന റോഡിൽനിന്നു തിരിയുന്ന പാത ചിക്‌മംഗളൂരു ജില്ലയിലേക്ക്. പടിഞ്ഞാറോട്ട് ഉഡുപ്പി ജില്ല, വടക്കോട്ടു തിരിഞ്ഞാൽ ശിവമോഗ.

മഴക്കാടുകളെക്കുറിച്ച് ഗവേഷണത്തിനായുള്ള ഇന്ത്യയിലെതന്നെ ഏക സ്ഥിരം സംവിധാനമായ റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ(Agumbe Rainforest research station അഥവാ ARRS) ഇവിടെ പ്രവർത്തിക്കുന്നു. പ്രശസ്ത പാമ്പുഗവേഷകനായ റോമുലസ് വിറ്റേക്കറായിരുന്നു ആഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷന്റെ സ്ഥാപനത്തിന് നേതൃത്വം നൽകിയത്. രാജവെമ്പാലകളെ സ്വാഭാവികരീതിയിലും കൃത്രിമസാഹചര്യങ്ങളിലും വളരാനനുവദിക്കുകയും അവയുടെ ജീവിതരീതി നിരന്തരമായി പഠിക്കുകയും ചെയ്യുന്ന ഒരു പ്രധാന ഗവേഷണകേന്ദ്രമാണ് ഇത്.

ആഗുംബെ മഴക്കാടുകളിൽ ധാരാളം രാജവെമ്പാലകളെ കണ്ടു വരുന്നു. ലോകത്തിൽ തന്നെ ഏറ്റവും അധികം രാജവെമ്പാലകൾ അധിവസിക്കുന്ന പ്രദേശമായ ആഗുംബേയ്ക്ക് ‘രാജവെമ്പാലകളുടെ തലസ്ഥാനം’ എന്നും വിളിപ്പേരുണ്ട്. ആർ കെ നാരായണന്റെ പ്രശസ്തമായ “മാൽഗുഡി ഡേയ്സ്” ടെലിസീരിയലായപ്പോൾ മാൽഗുഡിയായി രൂപംമാറിയത് ഇവിടുത്തെ നാട്ടുമ്പുറങ്ങളായിരുന്നു. 1986 ല്‍ ആണു മാല്‍ഗുഡി ഡെയ്‌സ് ചിത്രീകരിച്ചത് എന്നു പറയുന്നു.

തീവണ്ടിയിലാണ് യാത്രയെങ്കില്‍ ഉഡുപ്പിയില്‍ ഇറങ്ങണം. അവിടെ നിന്ന് റോഡ് മാര്‍ഗം ഹെബ്രി വഴി അഗുംബെയിലെത്താം. ദൂരം 52 കിലോമീറ്റര്‍. ഉഡുപ്പിയില്‍ നിന്ന് ഇങ്ങോട്ടേക്ക് ബസ്സുണ്ട്. റോഡ് മാര്‍ഗമാണെങ്കിലും മംഗലാപുരം – ഉഡുപ്പി വഴി പോകുന്നതാണ് നല്ലത്. നിബിഡവനത്തിലെ പാതയിലൂടെ ചുരം കയറി മുകളിലെത്തിയാല്‍ 14-ാമത്തെ ഹെയര്‍പിന്‍ വളവില്‍ വ്യൂ പോയിന്റ് ആണ്.

വലിയ സൗകര്യങ്ങളൊന്നും ലഭിക്കില്ലെങ്കിലും അഗുംബെയിലെ നാട്ടുകാരുടെ സ്‌നേഹവും അവരുടെ ജീവിതരീതികളും ഭക്ഷണവുമെല്ലാം അടുത്തറിയാന്‍ ഇതാണ് നല്ല വഴി. ചിലരുടെ ഫോണ്‍ നമ്പറുകളിതാ: മല്ല്യ ഹോം സ്റ്റേ – 09448759363, 08181  233042.

അവിസ്മരണീവും അതിമനോഹരവുമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന അഗുംബെ എന്നും പ്രകൃതിസ്‌നേഹികളായ സഞ്ചാരികളുടെ പ്രിയ ഇടം ആണ്. പ്രകൃതിയുടെ ക്യാന്‍ വാസില്‍ മഴയൊരുക്കുന്ന ദൃശ്യവിരുന്ന് ആസ്വദിക്കുവാന്‍ ഒരിക്കലെങ്കിലും ഇവിടെയെത്തിയില്ലെങ്കില്‍ അതൊരു തീരാ നഷ്ടമാവും തീര്‍ച്ച.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.