വിവരണം – പ്രേംശങ്കർ അന്തിക്കാട്.
മഴ അത്ഭുതമാകുന്നത് അത് അംഗുബെയിലാണ് , മഴയൊരു പെണ്ണായി മാറും , വിവിധ ഭാവങ്ങളിലൂടെ സ്നേഹിക്കും ശകാരിക്കും , വാത്സല്യത്തോടെ തഴുകും , ഓർമകളിലേക്ക് താലോലിക്കാൻ മഴക്കുഞ്ഞുങ്ങളെ പ്രസവിക്കും , കാറ്റും മഴയും പ്രണയിച്ചു പുണരുന്നത് കണ്ടിട്ടുണ്ടോ ? മഴയുള്ള അംഗുബൈയിൽ നമുക്കതു കാണാം , മഞ്ഞിന്റെ ആവരണങ്ങൾ നീക്കി ഇടക്കവരുടെ പ്രണയത്തിലേക്കൊളിഞ്ഞു നോക്കാം. അംഗുമ്പെ എന്ന സ്ഥലത്തെ കുറിച്ചറിയുന്നത് ഫെയ്സ് ബുക്കിൽ നിന്നാണ് . എവിടെയെങ്കിലും പോകണം, മനസിനെ ഒന്നു കീഴടക്കണം എന്നുള്ള ആഗ്രഹത്തിലിരിക്കുമ്പോൾ, കണ്ണൂർ നെസ്റ്റിലെ ബൈജു കീഴാറയുടെ പോസ്റ്റ് കാണുന്നത്. പിന്നീട് ഗൂഗിളിൽ സെർച്ച് ചെയ്തു. അപ്പോ തന്നെ അഭിലാഷേട്ടനെ വിളിച്ച് നമ്മക്ക് പോയാലോ ന്നൊരു ചോദ്യം ചോദിച്ചു. അഞ്ച് മിനിട്ടിനു ശേഷം , എന്നാ നമ്മക്കാറു പേർക്കങ്ങോട്ടു പോകാം എന്നിങ്ങോട്ടു പറഞ്ഞു. അവസാനം അഞ്ചു അന്തിക്കാട്ടുകാർ വെള്ളിയാഴ്ച്ച രാത്രി മംഗലാപുരത്തേക്ക് മാവേലിക്ക് വണ്ടി കയറി.
ട്രെയിനിലെ വെറും തറയിൽ കിടന്ന് മംഗലാപുരമെത്തിച്ചു. മംഗലാപുരത്തു നിന്നും എല്ലാവരും ഒത്തുകൂടി , പല പ്രായത്തിലും, പല ദേശത്തുമുള്ള ഇരുപതോളം പേർ , ഭക്ഷണം കഴിച്ച് അഗുംബയിലേക്കുള്ള യാത്ര തുടങ്ങി. ബൈജുവേട്ടൻ പ്രസംഗവും പരിചയപ്പെടുത്തലും നടത്തി. പിന്നെ നാടൻ പാട്ട് പാടി മുകളിലേക്ക് കയറി. കുത്തനെയുള്ള കയറ്റങ്ങളിൽ ഇടക്ക് വണ്ടിയൊന്നു ഞരങ്ങി ഡ്രൈവർ രാജുവണ്ണൻ ഒരു കുതിരയെ മെരുക്കുന്ന പോലെ വണ്ടിയെ ഇടക്ക് മെരുക്കി. താഴേക്ക് നോക്കിയാൽ സൗന്ദര്യം തുളുമ്പുന്ന പ്രകൃതിയുടെ കാഴ്ചകൾ , വണ്ടി അഗുംബെയിലെത്തി. സാധാരണ ഒരു ലോഡ്ജിൽ, പറയാൻ അവിടെ രണ്ടോ മൂന്നോ ഹോട്ടലുകളെ ഞാൻ കണ്ടുള്ളൂ, ഏറ്റവും ചിലവു കുറഞ്ഞ ലോഡ്ജിങ്ങ് ഫെസിലിറ്റി ഞങ്ങൾ വന്നിടമായിരുന്നു. അഗുംബെ ടൗൺ എന്ന നാലഞ്ചു ഷോപ്പുകളുള്ള സ്ഥലത്തിൽ നിന്ന് 200 മീറ്ററോളം അകലെ , ആസ്വാദനത്തിന്റെ ലോകത്തിൽ ആളുകളുടെ എണ്ണം വളരെ കുറവാണ്.
ഭക്ഷണശേഷമാണ് കാഴ്ച്ചകളുടെ പറുദീകളിലേക്ക് ഇറങ്ങാൻ പോകുന്നത്. പുറത്ത് നല്ല മഴയുണ്ട് തർക്കങ്ങളിൽ ചുവന്നു തുടുക്കുന്ന മുഖമുള്ള അവളെപോലെ ആർത്തലച്ച്.. അഗുംബെയിലെ മഴ രാത്രിയെ പ്രസവിക്കാൻ വെമ്പി നിൽക്കുന്ന പോലെ. അങ്ങനെയൊരു കാലാവസ്ഥ , കുന്ദ്രാദി ഹിൽസിൽ നല്ല കാറ്റുണ്ടാകും മഴയും അങ്ങനെ വണ്ടി കുന്ദ്രാദി ഹിൽസിലേക്ക് കയറുന്നത് , യന്ത്രങ്ങൾക്ക് കാഴ്ച കാണാൻ തിടുക്കമായി എന്ന് തോന്നിപോകും വണ്ടി മുക്കലും മൂളലും തുടങ്ങി , അത്രക്കും ചെറിയ വഴിയിലൂടെ കുത്തനെയുള്ള കയറ്റം തിരിച്ചിറങ്ങുമ്പോൾ എന്താവുമോ എന്തോ എന്ന് മനസിൽ പല പ്രാവശ്യം ചിന്തിച്ചു വണ്ടി കയറി കൊണ്ടേയിരിക്കുന്നു മഞ്ഞ് കനത്തു തുടങ്ങി. ഷിനിത്ത് മാഷ് എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു. സുജിത്തും വൈശാഖും ആദർശും വൈബിലാണ്. ബൈജുവേട്ടൻ അങ്ങോട്ടും ഇങ്ങോട്ടും ബസിലൂടെ ഓടി നടക്കുന്നു. മസിലൻ അശ്വന്ത് പുറത്തെ കാഴ്ച ആസ്വദിക്കുകയാണ്. സുമ എപ്പോഴും ചളിയടിച്ചു കൊണ്ടേയിരിക്കുന്നു. പ്രദീപ്സാറും കുടുംബവും ത്രില്ലിലാണ്. ശ്രീലാൽ എന്തൊക്കെയോ ചിന്തിക്കുന്നു , രണ്ട് ശരത്ത് മാർ അങ്ങിങ്ങായി ഇരിക്കുന്നുണ്ട്. വരുണും വിപിനും സൈലന്റ് ആണ്. ഇവരെയെല്ലാം കൂടെ എന്നെയും കയറ്റി ആ വണ്ടി മലമുകളിലേക്ക് നിരങ്ങി കയറുകയാണ്.
മഴ ചതിച്ചില്ല , നല്ല ശക്തിയായി തന്നെ പ്രണയം പുറത്ത് കാട്ടി. കാറ്റ് ശക്തിയായി വീശി തുടങ്ങി ഞാൻ കരുതി പോയി ഇടക്ക് ഞാൻ പറക്കുന്നുണ്ടോ എന്ന്. നനഞ്ഞ് കുതിർന്ന് ഒരു വല്ലാത്ത അവസ്ഥ. അവിടെ ഒരോർമയുടെ ചെടി നട്ട് തിരിച്ചിറങ്ങി. തിരിച്ചിറങ്ങുമ്പോൾ വണ്ടിയെ പോലെ തന്നെ ഞാനും കിതച്ചു. പക്ഷെ അതൊരു അനുഭവത്തിന്റെ കിതപ്പായിരുന്നു. വീണ്ടും വണ്ടി പോയത് വ്യൂ പോയന്റിലേക്കാണ്. അവിടെ കാട് പൂക്കുന്ന മണവും, ഊഞ്ഞാലാടുന്ന കുരങ്ങൻമാരുമുണ്ട്, ഫോട്ടോകളെടുക്കാൻ കുറെ സ്വപ്നങ്ങളുമുണ്ട്. അന്ന് രാത്രി സംഭവബഹുലമായ പലതും നടന്നു. പ്രകൃതിയെ കുറിച്ച് ദീർഘമായ ചർച്ചകൾ നടന്നു. നിരവധി അഭിപ്രായങ്ങൾ ഉയർന്നു വന്നു. പതിനൊന്ന് മണി വാച്ചിലായാൽ പഴംപൊരി (കോഡ്) കിട്ടുന്ന കട അടക്കും എന്നുള്ളതു കൊണ്ട് ഞങ്ങളിൽ കുറച്ചു പേർ ചർച്ച അവസാനിപ്പിക്കാൻ പലതവണ ശ്രമിച്ചു.
പത്തര വരെ നീണ്ട ചർച്ചക്ക് ശേഷം കുടകളെടുത്ത് ഞാനടക്കം കുറച്ച് യുവാക്കൾ തണുപ്പിലേക്കിറങ്ങി. വഴിയിൽ തവളകളും പാമ്പുകളും ചത്തു കിടക്കുന്നു. വണ്ടികൾ കയറി ഉറ്റവർക്കും ഉടയവർക്കും മനസിലാകാത്ത വിധം അവയെല്ലാം അരഞ്ഞു പോയിരുന്നു. മഴ അപ്പോഴുമുണ്ടായിരുന്നു. പഴംപൊരിക്കടയിൽ മെഴുകുതിരി വെളിച്ചത്തിൽ വട്ടമിട്ടിരിക്കുമ്പോഴാണ് ബൈജുവേട്ടന്റെ മാസ്സ് എൻട്രി. ഈ ക്യാമ്പിൽ പഴം പൊരി പറ്റില്ല എന്ന് മുത്തപ്പനു തുള്ളുന്ന പോലെ ബൈജുവേട്ടൻ പ്രസ്താവന ഇറക്കി. ഓർഡർ ചെയ്ത പഴംപൊരികളെ സ്വപ്നം കണ്ട് യുവാക്കൾക്കുറങ്ങേണ്ടി വന്നു.
പിറ്റേ ദിവസം കാവൽ ദുർഖ ഫോർട്ടിലേക്കുള്ള വഴിയിൽ പഴംപൊരി കഥകൾ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. അതിന്റെ വിഷമം അവർക്കറിയില്ലല്ലോ ലേ.. കാവൽദുർഖ അഗുംബെയിൽ നിന്ന് 40 km അകലെ ഉള്ള സ്ഥലമാണ്. അധികമൊന്നും പ്രതീക്ഷകളില്ല, ആരും കണ്ടവരുമില്ല അങ്ങനെയൊരു മനസോടെയാണ് അങ്ങോട്ട് യാത്ര പോയത്. മധുവേട്ടന്റെ നാടൻ പാട്ടുള്ളത് കൊണ്ട് നേരമിങ്ങനെ പോയിരുന്നു. വണ്ടി നിർത്തി രണ്ട് കിലോമീറ്ററോളം മല കയറണം. നല്ല മഴ പെയ്യുന്നുമുണ്ട് കോട്ടിട്ട് എല്ലാവരും കയറ്റം തുടങ്ങി. വഴുക്കലുണ്ട് ,രാജവെമ്പാലകളെ എപ്പോഴും പ്രതീക്ഷിക്കണം. അങ്ങനെ കയറി കിതപ്പോടെ ഒന്നാം കവാടത്തിലെത്തി. മൂന്ന് ലെയറുകളിലായി മൂന്ന് മതിലുകളായി കരിങ്കല്ലിലാണ് കോട്ട തീർത്തിരിക്കുന്നത്.
ഒൻപതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കോട്ട പതിമാനാലാം നൂറ്റാണ്ടിൽ പുതുക്കി പണിതു. വിജയനഗര സാമ്രാജ്യത്തിലെ നാട്ടു രാജ്യമായ നായകൻ മാർ പണി കഴിപ്പിച്ചതാണിത് എന്ന് വിക്കിപീഡിയ പറയുന്നു. അവരുടെ കലാചാതുര്യം, സാങ്കേതിക പരിജ്ഞാനം, ജലവിതരണ സംവിധാനങ്ങൾ എന്നിവയെല്ലാം അതിശയിപ്പിക്കുന്നതാണ്. തകർന്നു കിടക്കുന്ന തൂണുകളും , കെട്ടിടങ്ങളും കാണാം. രണ്ട് കവാടങ്ങൾക്ക് ശേഷം പാറക്ക് മുകളിൽ ഒരമ്പലമുണ്ട്. അവിടെ നിന്ന് ഫോട്ടോകളെടുത്തു. മഴ തന്നെ.. പക്ഷെ അവളോേരോ സമയത്തും ഭാവം മാറ്റി കൊണ്ടേയിരിക്കും. നേരമായിറങ്ങാനെന്ന് ബൈജുവേട്ടൻ ഇടക്കിടക്ക് ഓർമ്മിപ്പിക്കുന്നുണ്ട്. എല്ലാവരും തിരിച്ചിറങ്ങാൻ നിൽക്കുന്നു. അതിനിടക്കാണ് മുകളിലേക്ക് വൈശാഖ് ഒരു വഴി കണ്ടുപിടിച്ചത്. ബൈജുവേട്ടന്റെ എതിർപ്പുകളെ മറി കടന്ന് ഞാനും ആദർശും വൈശാഖും ഓടിക്കയറി. അവിടെയാണ് അഗുംബയിലെ നിധി കിട്ടുന്നതെന്ന് വേറാർക്കും അറിയില്ല.
മഞ്ഞ് മൂടി കാറ്റിലുലയാതൊരമ്പലം നിൽക്കുന്നു. ഫോട്ടോയെടുക്കാൻ ക്യാമറെയെടുത്തപ്പോൾ പലതവണ പറന്നു പോവാനായി പോയി. തിരിച്ചിറങ്ങണ്ട, പ്രകൃതിയുടെ മഴയും കാറ്റും മഞ്ഞും ഒത്തു ചേരുന്ന ഇവിടെയാണ് സ്വർഗം എന്ന് മനസിങ്ങനെ മന്ത്രിക്കും. അത്ര മാത്രം ഭ്രമിപ്പിക്കുന്ന വശ്യസൗന്ദര്യം. കാമ പരവശയായ പ്രണയിനിയെ പോലെ മഴ എന്നെ അവിടെ ചേർത്ത് പിടിക്കുന്നു. അതീവ തീവ്രതയോടെ അവളോടൊപ്പം ശയിക്കണമെന്ന് സമയം ചിലവാക്കണമെന്ന് ആഗ്രഹിച്ചെങ്കിലും താഴെ കാത്തു നിൽക്കുന്ന ഈ മനോഹര ദൃശ്യം കാണാതെ പോയ പാവപെട്ട മനുഷ്യരെ കുറിച്ചോർത്തപ്പോൾ സങ്കടം തോന്നിയിറങ്ങേണ്ടി വന്നു. മഴേ ഇനിയും നിന്നെ തേടി ഞാനീ വഴിക്കു വരും. അന്നും ഇതു പോലെ പ്രണയപരവശയായി നീയുണ്ടാകണം എന്ന് പറയാതെ പറഞ്ഞു.
തിരിച്ചിറങ്ങി. ട്രക്കിങ്ങ് റൂട്ടുകൾ അടച്ചിട്ടിരിക്കുന്നതിനാൽ , പിന്നീട് അഗുംബയിലൊന്നും ബാക്കിയില്ല എന്നത് കൊണ്ട് അവളോട് യാത്ര പറഞ്ഞ് ചുരമിറങ്ങി. അവൾ കൂടെ വന്നു. ചുരമിറങ്ങുമ്പോഴൊക്കൊയും അവൾ കരയുകയായിരുന്നു. അവളോടൊപ്പമുള്ള നാളുകൾ ഇനി ഓർമ്മകളിലേക്ക് ചുരം കയറുന്നു, പതുക്കെ പതുക്കെ.. പിന്നീട് തീർത്ഥാടന യാത്ര പോലെയായി തോന്നി. ജൈനമത ക്ഷേത്രങ്ങൾ , മൂഡബദ്രിയിലെ 1000 പില്ലർ അമ്പലവും , ചതുർമുഖ ബാസടിയും , ആർക്കിടെക്ചർ അക്കാലത്തെത്ര മാസം വികസിച്ചിരുന്നു. കലാപരമായും ദക്ഷിണേന്ത്യ ഒരുപാട് ഉയങ്ങളിലായിരുന്നു. ജൈനമതം ഇപ്രദേശത്ത് ഒരു പാട് വികസിതമായിരുന്നു.
തിരികെ എല്ലാരും കട്ടനുമടിച്ച് ഇറങ്ങി. ഇനി പലവഴികളാണ്. കങ്കണ റെയിൽവേ സ്റ്റേഷനിൽ നിന്ന് അന്തോദ്യയ ട്രെയിൻ ഞങ്ങളെ കാത്തു കിടപ്പുണ്ടായി. അതിന്റെ രണ്ടാമത്തെ യാത്ര. യാത്രയിൽ ബൈജുവേട്ടേൻ കവിത പാടുന്നുണ്ടായിരുന്നു. കൂടെ ഞാനും ഏറ്റുപിടിച്ചു. ഞാനൊരു കവിത എഴുതുകേം ചെയ്തു. അതിങ്ങനെയാണ് ”മഴനൂലിലൂഞ്ഞാലാടി കാറ്റിൽ പറന്നു പറന്നു പ്രണയത്തിന്റെ കാട്ടിലേക്ക് നമുക്കൊരു യാത്ര പോവാം, അവിടെ തണുപ്പാണ് കോച്ചിപിടിക്കുന്ന തണുപ്പ് മുട്ടിടിക്കുന്നതറിയാതെ ഹൃദയമിടിപ്പറിയാതെ നമുക്ക് പ്രണയം പറയണം.. അവിടെ മഞ്ഞാണ്.. പരസ്പരം മറക്കുന്ന മഞ്ഞ്.. ചുണ്ടുകൾ തിരഞ്ഞ്.. കണ്ണുകൾ തുറന്ന് കാണാതെ നമുക്കൊന്ന് ചുംബിക്കണം” അഗുംബെയിലെ മഴ ഇപ്പോഴും എന്നെ കാത്തിരുപ്പുണ്ടാവും.. പിരിയുമ്പോൾ അത്രമാത്രം അവൾ കരഞ്ഞു പെയ്തിരുന്നു.