ഒരിക്കലും മറക്കാത്ത ഒരു അഗുംബെ യാത്രയും അനുഭവങ്ങളും

Total
229
Shares

വിവരണം – ദീപ ഗംഗേഷ്.

സൂര്യൻ രാത്രിക്ക് നൽകുന്ന ജ്വലിക്കുന്ന പ്രണയ ചുംബനം കാണണോ നിങ്ങൾക്ക്? കനത്ത മൂടൽമഞ്ഞിൽ ഇളംകാറ്റിൻ്റെ ശ്രുതിയിൽ ലയിച്ച് പ്രകൃതിയോട് ചേർന്ന് ഏകാന്തനായി നടക്കണോ? നനയിക്കാത്ത നൂൽമഴയുടെ കുളിര് ഹൃദയംകൊണ്ട് അനുഭവിച്ചറിയണോ?എങ്കിൽ നമുക്ക് അഗുംബയിലേക്ക് പോകാം. ആർ.കെ നാരായണൻ്റെ ‘മാൽഗുഡി ഡേയ്സി’ലെ മാൽഗുഡി എന്ന സങ്കൽപ്പഭൂമിയ്ക്ക് ദൃശ്യഭംഗി നൽകിയ അതേ അഗുംബ. സ്വാമിയും കൂട്ടുകാരും ഓടിക്കളിച്ച സ്ഥലം. കാടും മലകളും മഞ്ഞും നിറഞ്ഞ അഗുംബ.

കർണ്ണാടകയിലെ ഹിമോഗ ജില്ലയിലെ തീർത്ഥഹളളി താലൂക്കിലാണ് അഗുംബ എന്ന കൊച്ചുഗ്രാമം. വർഷത്തിൽ തുടർച്ചയായി ആറുമാസം മഴ പെയ്യുമെന്നതിനാൽ ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നും അഗുംബയെ വിളിക്കുന്നു. രാജവെമ്പാലകളുടെ സ്വന്തം നാട്. സമുദ്രനിരപ്പിൽ നിന്ന് 826 മീറ്റർ ഉയരത്തിൽ കുടജാദ്രി മലകളുടെ ഭാഗമാണ് അഗുംബ. മൂടൽമഞ്ഞിൻ്റെ സ്വന്തം ഗ്രാമം.

മഴക്കാല യാത്രകൾക്കാണ് അഗുംബ എല്ലാവരും തെരഞ്ഞെടുക്കാറ്, എങ്കിലും വർഷങ്ങൾക്ക് മുൻപുള്ള ഒരു മധ്യവേനൽ അവധിക്കാലത്താണ് ഞങ്ങൾ അഗുംബയിൽ എത്തിയത്. കൊല്ലൂർ മൂകാംബിക സന്നിധിയിൽ നിന്ന് രാവിലെ ടൂറിസ്റ്റ് ടാക്സിയിൽ അഗുംബയിലേക്ക് പുറപ്പെട്ടു. ഞങ്ങളുടെ ഫാമിലിയും ഫ്രണ്ട് ഡോ.പ്രതീഷും കുടുംബവുമാണ് കൂടെ ഉണ്ടായത്. പച്ചപുതച്ച കാടിനുള്ളിലൂടെയുള്ള യാത്ര ഒരു അനുഭവം ആയിരുന്നു. കാട്ടിലൂടെയുള്ള വഴികൾ പിന്നിട്ട് ഹെയർപിൻ കയറ്റങ്ങളിലൂടെയുള്ള യാത്ര. വളഞ്ഞ് പുളഞ്ഞുള്ള റോഡും കുത്തനെയുള്ള കയറ്റങ്ങളും. കുടജാദ്രി മലകളുടെ മനോഹാരിത തൊട്ടറിഞ്ഞുള്ള യാത്ര. ഉച്ചയോടെ അഗുംബയിൽ എത്തിച്ചേർന്നു.

അഗുംബ എന്നാൽ പരിഷ്കാരം തൊട്ടു തീണ്ടാത്ത ഒരു കൊച്ചു സ്ഥലമാണ്. ഒന്നു രണ്ട് കടകൾ, ഒരു കൊച്ചു ഹോട്ടൽ, ഓടിട്ട ഒന്നോ രണ്ടോ ചെറിയ കെട്ടിടങ്ങൾ ഇതൊക്കെ മാത്രം. ചെറിയൊരു ബസ് സ്റ്റാൻഡ് ആണ് അൽപ്പം ആഡംബരം എന്നു പറയാനുള്ളത്. അതിൽ വല്ലപ്പോഴും വരുന്ന അഴുക്കുപിടിച്ച, കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസ്സുകൾ.

താമസസൗകര്യമായി ആകെയുളളത് മല്യ റസിഡൻസിയും ഡോഡമനെയും മാത്രം. ഡോഡമനെയിലാണ് മാൽഗുഡി ഡേയ്സിൻ്റെ ചിത്രീകരണം നടന്നിട്ടുള്ളത്. പ്രസിദ്ധമായ ഒരു വലിയ പഴയവീട്. വീട്ടുടമസ്ഥയായ കസ്തൂരി അക്ക ഇപ്പോഴതിൽ ഹോം സ്റ്റേ നടത്തുന്നുണ്ട്. എന്നാൽ ഞങ്ങൾ താമസം ബുക്ക് ചെയ്തിരുന്നത് മല്യ റസിഡൻസിയിൽ ആയിരുന്നു. പേരൊക്കെ കേട്ടപ്പോൾ നമ്മുടെ കിംഗ്ഫിഷർ മല്യയുടെ ഹോട്ടലുപോലെയൊക്കെ പ്രതീക്ഷിച്ചു റൂം ബുക്ക് ചെയ്ത് വന്ന ഞങ്ങൾ റസിഡൻസി കണ്ട് ഞെട്ടി എന്നതാണ് സത്യം. താഴെ കച്ചവടം നടത്തുന്ന കടമുറികൾക്കു മുകളിൽ പണിതിട്ടിരിക്കുന്ന നാല് കൊച്ചുമുറികൾ. അറ്റാച്ച്ഡ് ബാത്ത് റൂം ഉണ്ട് എന്ന ആശ്വാസം മാത്രം.

വേനൽക്കാലം ആയതു കൊണ്ട് കാര്യമായ തണുപ്പില്ല. അല്പം വിശ്രമത്തിനു ശേഷം തെരുവിലൂടെ നടക്കാനിറങ്ങി. ട്രക്കിംഗിനായി വന്നിട്ടുള്ള ഒരു കൂട്ടം ചെറുപ്പക്കാരെ അവിടെ കണ്ടു. വഴിയരികിലെ കുഞ്ഞ് കടയിൽ തൂക്കിയിട്ടിരിക്കുന്ന വോക്കിംഗ് സ്റ്റിക്കുകൾ ഇത് ട്രക്കിംഗ്കാരുടെ പറുദ്ദീസയാണെന്ന് പറഞ്ഞു തന്നു. നിരവധി വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്. കാട്ടിലൂടെ നാലു കിലോമീറ്റർ നടന്നാൽ നാനൂറ് അടി ഉയരമുള്ള അബ്ബി വെള്ളച്ചാട്ടത്തിനടുത്തെത്താം.

കാട്ടിലൂടെയുള്ള യാത്രയ്ക്ക് ഫോറസ്റ്റിൻ്റെ അനുമതി വേണം. അബ്ബിയെ കൂടാതെ ജോഗിഗുണ്ടി, കൂടലുതീർത്ഥ, ബർക്കാന എന്നീ വെള്ളച്ചാട്ടങ്ങളും അഗുംബയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടമായ ജോഗ്ഫാൾസ് അഗുംബയ്ക്ക് അടുത്താണ്. ആ സമയത്ത് വെള്ളച്ചാട്ടങ്ങളിൽ വെള്ളം ഇല്ല എന്നു തന്നെ പറയാവുന്ന അവസ്ഥ ആയതിനാൽ ആ വഴിക്ക് പോയില്ല.

അഗുംബയിലെ അസ്തമയങ്ങൾ ലോകപ്രസിഡമാണ്. മലഞ്ചെരിവിലെ വ്യൂ പോയൻറിൽ നിന്ന് നോക്കിയാൽ അങ്ങ് ദൂരെ അറബിക്കടൽ കാണാൻ കഴിയും. കിഴക്ക് പർവ്വതത്തിൽ നിന്ന് പടിഞ്ഞാറ് കടലിൽ സൂര്യൻ അസ്തമിക്കുന്ന കാഴ്ച ഒരു അപൂർവ്വ ദൃശ്യാനുഭവം തന്നെയാണ്. അഗുംബയിൽ നിന്ന് പത്ത് മിനിറ്റ് നടന്നാൽ അസ്തമയം കാണാവുന്ന വ്യൂ പോയൻറിലെത്താം. സഞ്ചാരികളുടെ തിരക്ക് ഉണ്ടായിരിക്കും എന്ന കാരണത്താൽ ഓട്ടോ പിടിച്ചാണ് അവിടേക്ക് പോയത്.

അത്യാവശ്യം ചെറിയ കടകളും തിക്കും തിരക്കുമുള്ള ഒരു ടൂറിസ്റ്റ് സ്പോട്ട്. സ്ത്രീകളും കുട്ടികളുമടക്കം ധാരാളം സഞ്ചാരികൾ അസ്തമയം കാണാൻ എത്തിയിട്ടുണ്ട്. മറ്റ് തടസ്സങ്ങളില്ലാതെ അസ്തമയം കാണുന്നതിനായി മലഞ്ചെരുവിലേക്ക് തള്ളി വാർത്തിട്ടുള്ള ബാൽക്കണിപോലുള്ള നിർമ്മിതിയുണ്ടായിരുന്നു. അതിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഹെയർപിൻ വളവുകളിലൂടെ വാഹനങ്ങൾ വരുന്ന മനോഹരമായ കാഴ്ചകൾ .

മലയിറങ്ങുന്ന പച്ചപ്പിന് ഒടുവിൽ അങ്ങ് ദൂരെയായി അറബിക്കടൽ കാണാം. കാഴ്ചയുടെ ഫ്രയിമിൽ പച്ചപ്പ് കഴിഞ്ഞ് പെൻസിൽ കൊണ്ട് വരച്ച നേർരേഖ പോലെയാണ് ദൂരെ കടൽ കാണപ്പെട്ടത്. ആകാശം ചുവക്കാൻ തുടങ്ങിയിരിക്കുന്നു. മഴക്കാറ് ഇല്ലാത്തതിനാൽ കാഴ്ച വ്യക്തമായിരുന്നു. സീമന്തരേഖയിൽ അണിയുന്ന ചുവന്ന കുങ്കുമപൊട്ട് പോലെ സൂര്യൻ. അത്രയേ വലിപ്പമുള്ളൂ. ആകാശം മുഴുവൻ വർണ്ണാഭമായി മാറുന്ന കാഴ്ചയുടെ മനോഹാരിത വാക്കുകളിൽ വർണ്ണിക്കാൻ എളുപ്പമല്ല. നിറങ്ങളുടെ മധ്യത്തിലായി സൂര്യൻ താഴേയ്ക്കിറങ്ങി കടലിൽ മറയുന്ന കാഴ്ച. നിശയുടെ മാറിൽ ചാർത്തുന്ന അവൻ്റെ ജ്വലിക്കുന്ന ചുംബനമാണ് അസ്തമയം എന്നുള്ള ക്രിസ്റ്റൽവുഡ്സിൻ്റെ ഭാവനയിൽ അതിശയോക്തി ഒട്ടുമില്ല.

അസ്തമയം കഴിഞ്ഞ് സഞ്ചാരികളുടെ മടക്കമായി. വന്നവരെല്ലാം തിരിച്ചിറങ്ങുന്ന തിരക്ക്. വഴികൾ മഞ്ഞുമൂടി കഴിഞ്ഞിരുന്നു. മൂടൽമഞ്ഞിൻ്റെ കൈകളിലൂടെ കാട്ടുപാതയിലൂടെ തിരിച്ചുള്ള നടപ്പ്. വഴിയരികിലെ കുരങ്ങൻമാരോട് കുശലം പറഞ്ഞു. ഇടയിലെപ്പോഴോ നനുത്ത നൂലുമഴ പെയ്യുന്നു. നനയിക്കാത്ത മഴ. അതിൻ്റെ കുളിര്. അനുഭൂതി. സ്വർഗ്ഗീയം തന്നെ ആ നിമിഷങ്ങൾ.

അടുത്തുള്ള താജ് എന്നു പേരുള്ള ചെറിയൊരു നാടൻ ഹോട്ടലിൽ നിന്ന് രാത്രി ഭക്ഷണം. എഗ്റൈസും ചിക്കൻ കറിയുടെയും രുചി ഒന്നു വേറേ തന്നെയായിരുന്നു. അവിടുത്തെ പാചകക്കാരനായ ചേട്ടനെ മണിയടിച്ച് അടുക്കളയിൽ കയറി എഗ്റൈസ് റെസിപ്പി സ്വന്തമാക്കാനും മറന്നില്ല. രാത്രി ചെറിയ ബാൽക്കണിയിലിരുന്ന് മൂടൽമഞ്ഞിനെ കണ്ടു. തൊട്ടടുത്ത ബസ് സ്റ്റാൻ്റ് എല്ലാം മഞ്ഞിൽ മറഞ്ഞു പോയിരിക്കുന്നു. ഹോട്ടലിന് മുന്നിൽ അവരുടെ ഭാഷയിൽ കാട്ടുപശു എന്ന് വിളിക്കുന്ന വെച്ചൂരി പശുക്കളുടെ മാത്രം വലിപ്പമുള്ള കുഞ്ഞ് പശുക്കൾ നിരന്ന് കിടക്കുന്നുണ്ട്. ഇവയ്ക്ക് ഉടമസ്ഥൻമാരൊക്കെ ഉണ്ടോ എന്തോ?

കുന്ദാദ്രി മലയിലേക്കായിരുന്നു രാവിലത്തെ യാത്ര. മല്യ ലോഡ്ജിന് സ്വന്തമായൊരു സ്കോർപ്പിയോ ഉണ്ടായതിനാൽ കാര്യങ്ങൾ എളുപ്പമായി. അഗുംബയിൽ നിന്ന് പതിനെട്ട് കി.മി ദൂരമുണ്ട് അവിടേയ്ക്ക്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ജൈനക്ഷേത്രം അവിടെയുണ്ട്. ജൈനമത ആചാര്യൻ കുന്ദകുന്ദ മഹർഷി താമസിച്ചിരുന്ന സ്ഥലം ആയതിനാലാണെത്രെ മലയ്ക്ക് കുന്ദാദ്രി എന്ന പേര് വന്നത്.

സമതല പ്രദേശങ്ങളിലൂടെ വാഹനം കടന്നു പോകുമ്പോൾ കമ്പിവേലികളുടെ ഇടയിൽ നാട്ടുന്ന കോൺക്രീറ്റ് തൂണിനോട് സാമ്യമുള്ള കരിങ്കല്ല് കൊണ്ടുണ്ടാക്കിയ തൂണുകൾ കണ്ടു. ഇവ അടുപ്പിച്ച് കുഴിച്ചിട്ട് കരിങ്കൽ മതിലുകൾഉണ്ടാക്കിയിരിക്കുന്നത് കാണാൻ കൗതുകകരം ആയിരുന്നു. കൃഷിസ്ഥലങ്ങൾ എല്ലാം ഇത്തരം കരിങ്കൽ കാലുകൾ കൊണ്ടാണ് അതിർത്തി നിശ്ചയിച്ചിരിക്കുന്നത്. കുറച്ചു വഴി പിന്നിട്ടപ്പോൾ ദൂരെയായി മലയടിവാരത്തിൽ ക്ഷേത്രകവാടം പ്രത്യക്ഷപ്പെട്ടു.

പ്രവേശന കവാടം കഴിഞ്ഞ് പതിനാറ് ഹെയർപിൻ വളവുകൾ കയറി വേണം മലമുകളിൽ എത്താൻ. കുത്തനെയുള്ള കയറ്റമാണ്. പലപ്പോഴും വണ്ടി കിതക്കുന്നതായി തോന്നി. ക്ഷേത്രത്തിനു സമീപത്തെ ചെറിയൊരു പാർക്കിംഗ് ഗ്രൗണ്ടിലാണ് യാത്ര അവസാനിച്ചത്. അവിടം വിജനമായിരുന്നു. കർണ്ണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിലുള്ള ഷിമോഗ ഡിവിഷൻ്റെ കീഴിലുള്ള സ്ഥലമാണ് കുന്ദാദ്രി. എങ്ങും കോടമഞ്ഞ് നിറഞ്ഞിരുന്നു. ക്ഷേത്രത്തിലേക്ക് കയറുന്ന പടികൾക്ക് ഇരുവശവും മാവിലകൊണ്ടുള്ള തോരണങ്ങൾ. വിശാലമായ പാറയുടെ മുകളിൽ മഴവീണ് തഴംമ്പിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈന ക്ഷേത്രം തലയുയർത്തി നിന്നിരുന്നു.

ക്ഷേത്രപരിസരം വിജനമായിരുന്നു. ജൈന തീർത്ഥങ്കരൻ്റെ പ്രതിഷയാണെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തോട് ചേർന്ന് പാറയിൽ 200 അടിയോളം താഴ്ചയുണ്ടെന്ന് പറയുന്ന ഒരു വലിയ കുളവും ഒരു ചെറിയ കുളവും ഉണ്ടായിരുന്നു. കുളത്തിൽ നിറയെ മത്സ്യങ്ങൾ. താഴേയ്ക്ക് നോക്കിയാൽ കൃഷിയിടങ്ങളും വനങ്ങളും. അങ്ങ് ദൂരെയായി കയറി വന്ന പ്രവേശന കവാടം കാണാമായിരുന്നു.

നനുത്ത കാറ്റിൻ്റെ തണുപ്പ്. കോടമഞ്ഞിൻ്റെ കുളിര്. വിജനതയുടെ വല്ലാത്തൊരു സുഖം സ്വാതന്ത്ര്യം.. കുറെ നേരം അവിടെ ചിലവഴിച്ചു. പെട്ടന്നാണ് മഴ വന്നത്. അഗുംബയിൽ വന്നിട്ട് മഴ നനയാതെ പറ്റില്ലല്ലോ. നനയിപ്പിച്ചിട്ടേ അവൾ നമ്മളെ യാത്രയാക്കൂ. മഴയിൽ കുതിർന്ന് കോടമഞ്ഞിൽ ലയിച്ച്.. അങ്ങനെ…

രാത്രി ഉഡുപ്പിയിൽ നിന്നായിരുന്നു തിരിച്ച് നാട്ടിലേക്കുള്ള ട്രയിൻ. ഉച്ചകഴിഞ്ഞ് മല്യയുടെ ജീപ്പിൽ തന്നെ ഉഡുപ്പിയിലേക്ക് തിരിച്ചിറങ്ങി. വണ്ടിയിൽ ഇരുന്ന് ഒന്നുകൂടി അവളെ ആർത്തിയോടെ തിരിഞ്ഞു നോക്കി. സ്വാമിയും കൂട്ടുകാരും അവിടെ നിന്ന് ഞങ്ങളെ നോക്കി കണ്ണിറുക്കി ചിരിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post