അമേരിക്കൻ പ്രസിഡന്റിൻ്റെ ഔദ്യോഗിക വിമാനമാണ് എയർഫോഴ്സ് വൺ. ശരിക്കും എയർഫോഴ്സ് വൺ എന്നത് ഒരു വിമാനമല്ല, മറിച്ച് അതൊരു കോൾസൈൻ ആണ്. എന്നുവെച്ചാൽ അമേരിക്കൻ പ്രസിഡന്റ് കയറുന്ന വിമാനം, അത് ഏതാണെങ്കിൽപ്പോലും എയർഫോഴ്സ് വൺ എന്നായിരിക്കും പ്രസിഡന്റ് അതിൽ നിന്നും ഇറങ്ങുന്നതു വരെ അറിയപ്പെടുന്നത്. നമ്മുടെ ഇന്ത്യയിലുമുണ്ട് ഇങ്ങനെയൊരു കോൾസൈൻ – എയർ ഇന്ത്യ വൺ. അതിനെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്.

ഇന്ത്യയുടെ രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നീ വിശിഷ്ട വ്യക്തികൾ സഞ്ചരിക്കുന്ന വിമാനങ്ങളുടെ കോൾസൈനാണ്‌ എയർ ഇന്ത്യ വൺ എന്നത്. രാഷ്‌ട്രപതി VIP 1എന്നും , ഉപരാഷ്ട്രപതി VIP 2 എന്നും, പ്രധാനമന്ത്രി VIP 3 എന്നുമാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഒരു VVIP വിമാനമായിട്ട് ഇന്ത്യൻ എയർഫോഴ്സാണ് ഇതിനെ നിയന്ത്രിക്കുന്നത്. എയർ ഇന്ത്യയുടെ ബോയിങ് 747-400, ഇന്ത്യൻ എയർഫോഴ്‌സിന്റെ എംബ്രയർ 135, എംബ്രയർ 145, ബോയിങ് ബിസിനസ്സ് ജെറ്റുകൾ എന്നിവയാണ് നിലവിൽ ഇന്ത്യയിൽ എയർഫോഴ്സ് വൺ എന്ന കോൾസൈനിൽ VVIP യാത്രയ്ക്കായി പൊതുവെ ഉപയോഗിക്കുന്നത്. ഇവയിൽ ബോയിങ് 747-400 ആണ് രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകൾക്കായി ഉപയോഗിക്കുന്ന എയർക്രാഫ്റ്റ്.

എയർ ഇന്ത്യ പൈലറ്റുമാരാണ് ഈ VVIP B747 വിമാനങ്ങൾ വിശിഷ്ടാതിഥികൾക്കായി പറത്തുന്നത്, കൂടാതെ എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് അഥവാ AIESL ഇവ പരിപാലിക്കുകയും ചെയ്യുന്നു. ഈ B747 വിമാനങ്ങൾ വിശിഷ്ടാതിഥികൾ ഉപയോഗിക്കാത്ത സമയങ്ങളിൽ അവ എയർ ഇന്ത്യ തങ്ങളുടെ സർവ്വീസുകൾക്കായും ഉപയോഗിക്കും. അമേരിക്കയുടെ എയർഫോഴ്സ് വൺ ഒഫീഷ്യൽ വിമാനത്തിൻ്റെയത്രയും സുരക്ഷാ ഫീച്ചറുകളും, സജ്ജീകരണങ്ങളും മറ്റും നിലവിൽ എയർഇന്ത്യ വണ്ണിൽ ഇല്ലെങ്കിലും മറ്റ് എയർക്രാഫ്റ്റുകളേക്കാൾ കൂടുതൽ സുരക്ഷിതത്വം ഇവയ്ക്കുണ്ട്. രാജ്യസുരക്ഷയെ മുൻനിർത്തി അവയൊന്നും പരസ്യപ്പെടുത്താൻ പാടില്ലാത്തതുമാണ്.

ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് VVIPകൾക്ക് സഞ്ചരിക്കുവാൻ മാത്രമായി രണ്ടു വിമാനങ്ങൾ പ്രത്യേകം സജ്ജീകരിച്ച് പറക്കുവാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിനായി എയർ ഇന്ത്യ ഫ്‌ലീറ്റിൽ നിന്നും രണ്ടു ബോയിങ് B777-300ER വിമാനങ്ങൾ ബോയിങ്ങിൻ്റെ നിർമ്മാണകേന്ദ്രത്തിലേക്ക് അയയ്ക്കുകയും അവിടെ ഏകദേശം പണി പൂർത്തിയായിരിക്കുകയും ചെയ്തിട്ടുണ്ട്. യു.എസ്. പ്രസിഡന്റിന്റെ എയർഫോഴ്‌സ് വൺ വിമാനത്തിന് തുല്യമായ സൗകര്യങ്ങൾ ഇവയിലുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഏകദേശം 8,458 കോടി രൂപയാണ് ഇതിനായി ഇന്ത്യ ചിലവിടുന്നത്.

പുതിയ എയർ ഇന്ത്യ വൺ വിമാനത്തിൽ വിവിഐപി സ്യൂട്ട്, വലിയ ഓഫീസ്, മീറ്റിങ് റൂമുകൾ, സാറ്റലൈറ്റ് വഴിയുള്ള കോൺഫറൻസ് സംവിധാനം തുടങ്ങിയവയും മികച്ച മെഡിക്കൽ സംവിധാനങ്ങളും വിമാനത്തിന് ഉള്ളിൽ തന്നെയുണ്ടാവും. മിസൈലുകളെ വഴി തിരിച്ചുവിടുന്നതിനും, ശത്രുക്കളുടെ റഡാറുകളുടെ കണ്ണു വെട്ടിയ്കാനും കഴിവുള്ളതായിരിയ്ക്കും ഈ വിമാനങ്ങൾ. വി​മാ​ന​ങ്ങ​ൾ​ക്ക്​​ നേ​രെ മി​സൈ​ൽ ഭീ​ഷ​ണി​യു​ണ്ടാ​വു​ന്ന ​പക്ഷം നേ​ര​ത്തെ അ​പ​ക​ട​മു​ന്ന​റി​യി​പ്പ്​ ല​ഭ്യ​മാ​ക്കു​ക​യും ​ശ​ത്രു​മി​സൈ​ലു​ക​ളെ ത​ക​ർ​ക്കാ​നു​ള്ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ക​യും ചെ​യ്യാ​ൻ ഈ സംവിധാനത്തിന് സാധിക്കും.

2020 ൽത്തന്നെ ഈ B777 വിമാനങ്ങൾ ഇന്ത്യയിൽ എത്തിച്ചേരുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഈ പുതിയ വിമാനങ്ങൾ VVIP യാത്രയ്ക്ക് മാത്രമായിരിക്കും ഉപയോഗിക്കുക. കൂടാതെ ഈ രണ്ട് B 777 വിമാനങ്ങളും പ്രവർത്തിപ്പിക്കുന്നത് എയർ ഇന്ത്യയല്ലാതെ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റുമാരായിരിക്കും. എങ്കിലും ഇവ പരിപാലിക്കുന്നത് എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് ആയിരിക്കും.

മേല്പറഞ്ഞവ ഉൾപ്പടെയുള്ള അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളും മറ്റും ഘടിപ്പിക്കുന്നതോടെ ‘സഞ്ചരിക്കുന്ന വൈറ്റ് ഹൗസ്’ എന്നറിയപ്പെടുന്ന ‘എയര്‍ഫോഴ്സ് വണ്ണിനു’ തുല്യമാകും നമ്മുടെ എയര്‍ ഇന്ത്യ വണ്ണും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.