ദുരിതം വിതച്ച നിലമ്പൂരിലെ മലയോര പ്രദേശങ്ങളില്‍ എയര്‍ഡ്രോപ്പുമായി എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററെത്തി. എന്താണ് ഈ എയർഡ്രോപ്പ്? സൈനികമോ സൈനികേതരമോ ആയ വിമാനങ്ങളിൽ നിന്ന് വസ്തുക്കൾ ഒരു പ്രത്യേക മേഖലയിൽ പാരച്യൂട്ട് സഹായത്തോടെ നിക്ഷേപിക്കുന്നതിനെയാണ് എയർഡ്രോപ്പ് എന്ന പദം അർത്ഥമാക്കുന്നത്. ഈ വസ്തുക്കൾ മരുന്നുകൾ പോലുള്ള ചരക്കുകളോ ഭക്ഷണമോ എന്തുമാവാം.
ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ ആളുകൾ ഭക്ഷണവും മരുന്നുകളും അവശ്യ സാധനങ്ങളുമൊന്നും ഇല്ലാതെ വിഷമിച്ചു നിൽക്കുന്ന അവസ്ഥയായിരുന്നു. അത്തരമൊരു അവസ്ഥയെ മുൻനിർത്തിയാണ് എയര്‍ ഡ്രോപ്പിനുള്ള സാധ്യത തേടിയത്. ആദ്യ ദിനങ്ങളിൽ എയര്‍ ഡ്രോപ്പിനായി ശ്രമിച്ചിരുന്നു എങ്കിലും പ്രതികൂല കാലാവസ്ഥ കാരണം എയര്‍ഡ്രോപ്പ് സാധ്യമായില്ല.
ഒടുവിൽ ഏതുവിധേനയും സാധനങ്ങൾ എത്തിക്കണമെന്ന ദൃഡനിശ്ചയത്തിലാണ് സൈന്യവും ജില്ലാ ഭരണകൂടവും വിവിധയിടങ്ങളിൽ എയർഡ്രോപ്പ് സാധ്യമാക്കിയത്. മലപ്പുറം എം.എസ്.പി മൈതാനത്തും നിന്നും രാവിലെ പുറപ്പെട്ട എയര്‍ഫോഴ്സ് സംഘം നിലമ്പൂരില്‍ ഒട്ടേറെപേര്‍ കുടുങ്ങി കിടക്കുന്ന മുണ്ടേരിക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് ഭക്ഷണപൊതികള്‍ വിതരണം ചെയ്തത്.
വാണിയംപുഴക്കപ്പുറത്ത് വനത്തിനുള്ളിലെ വാണിയംപുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി കോളനികളിലെ നിവാസികള്‍ക്കും പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും എയര്‍ ഡ്രോപ്പ് മുഖേനയാണ് ഭക്ഷണപ്പൊതികള്‍ നല്‍കിയത്. ജില്ലാ ഭരണ കൂടത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശേഖരിച്ച അവശ്യ സാധനങ്ങളില്‍ നിന്നും കുപ്പി വെള്ളവും അത്യാവശ്യ ഭക്ഷണ സാധനങ്ങളും അടങ്ങുന്ന 1000 പാക്കറ്റുകളാണ് വിതരണം ചെയ്തത്.
കാലാവസ്ഥ പ്രശ്നങ്ങള്‍ ഇല്ലാത്തതിരുന്നതിനാല്‍ വിതരണം സുഗമമായി നടന്നു. ഇന്ത്യന്‍ വ്യോമസേനയുടെ Mi 17 ഹെലികോപ്റ്ററിലാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. കള്ക്ടറേറ്റിലെ ഉദ്യോഗസ്ഥനും തദ്ദേശവാസിയുമായ രാമകൃഷ്ണനും നാവികസേനാ സംഘത്തോടൊപ്പമുണ്ടായിരുന്നു.
വാണിയംപുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി കോളനികളിലേക്ക് ഒരാഴ്ചയ്ക്ക് വേണ്ട ഭക്ഷണ സാധനങ്ങളും എത്തിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘം അതിസാഹസികാമായി പുഴ മുറിച്ചുകടന്ന് കോളനിയിലെത്തി വെെദ്യസഹായവും നല്‍കിയിരുന്നു. കൂടതെ കോളനികള്‍ക്കുള്ളിലുണ്ടായിരുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാരെയും ബോട്ടില്‍ പുറത്തെത്തിച്ചിരുന്നു.
രണ്ടാം ലോക യുദ്ധകാലത്താണ് എയർഡ്രോപ്പിംഗ് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ റോഡുകൾ അടക്കം തകർന്നു ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഭക്ഷണവും മരുന്നുകളും എത്തിക്കുന്നതിന് എയർഡ്രോപ്പിംഗ് മാത്രമാണ് മാർഗം. കഴിഞ്ഞ തവണത്തെ പ്രളയത്തിനിടയിൽ ഒറ്റപ്പെട്ടുപോയവർക്ക് ആശ്വാസമായത് ഇത്തരത്തിലുള്ള എയർഡ്രോപ്പിംഗ് സംവിധാനങ്ങൾ ആയിരുന്നു.
ദിവസങ്ങൾക്ക് മുൻപുണ്ടായ പ്രളയത്തിൽ മലപ്പുറം ജില്ലയിൽ മാത്രം നഷ്ടമായത് 28 ജീവനുകളാണ്.ഇതുകൂടാതെ 44 ഓളം ആളുകളെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഇപ്പോഴുണ് ഊർജ്ജിതമായി നടക്കുകയാണ്. സൈന്യവും ദുരന്തനിവാരണസേനയും പോലീസും അഗ്നിരക്ഷാസേനയും സന്നദ്ധസംഘടനകളും നാട്ടുകാരുമൊക്കെ ഒന്നിച്ചാണ് തിരച്ചിൽ നടത്തുന്നത്.
വിവരങ്ങൾക്ക് കടപ്പാട് – മലപ്പുറം ജില്ലാ കളക്ടറുടെ ഫേസ്‌ബുക്ക് പേജ്.