റബാത്തിൽ എത്തിയപ്പോഴാണ് മൊറോക്കോയിലെ എയർപോർട്ട് പൂട്ടിയ വാർത്ത ഞങ്ങൾ കേൾക്കുന്നത്, ഇനി എന്ത് ചെയ്യുമെന്ന് പകച്ച് നിൽക്കുമ്പോഴാണ് ഞങ്ങൾക്ക് ഒരാളെ കൂട്ടിനു കിട്ടുന്നത്. പേര് നസ്രിൻ. ഒരു ടൂർ ഗൈഡായിരുന്നു പുള്ളിക്കാരി. സ്വന്തമായി കാറും ഉണ്ടായിരുന്നതിനാൽ ഞങ്ങൾ നസ്റിന്റെയൊപ്പം കൂടി. അങ്ങനെ റബാത്തിൽ ഞങ്ങൾ താമസിച്ചിരുന്ന അപ്പാർട്മെന്റിൽ നിന്നും അടുത്ത ദിവസം വെക്കേറ്റ് ചെയ്തു നസ്റിന്റെയൊപ്പം പുറത്തേക്കിറങ്ങി.

ഞങ്ങൾ ഒരു ഹോട്ടലിൽ താമസം ഏർപ്പാടാക്കിയിരുന്നു. ആ ഹോട്ടലിലേക്ക് നസ്രിൻ ഞങ്ങളെ കാറിൽ കൂട്ടിക്കൊണ്ടുപോയി. പോകുന്ന വഴിയിലും, കെട്ടിടങ്ങളുടെ മുകളിലുമൊക്കെ മൊറോക്കൻ പതാക പാറിക്കളിക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും പുറംരാജ്യങ്ങളിലൊക്കെ അങ്ങനെയാണ് കണ്ടിട്ടുള്ളത്. അങ്ങനെ ഹോട്ടലിലെത്തി ചെക്ക് ഇൻ നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കിയ ശേഷം ഞങ്ങൾ റൂമിലേക്ക് ചെന്നു. നല്ല കിടിലൻ ഡബിൾ ബെഡ് റൂം ആയിരുന്നു അത്. ഏതായാലും അവിടെത്തന്നെ ഇനി തങ്ങാമെന്നു ഞങ്ങൾ തീരുമാനിച്ചു.

ഹോട്ടലിൽ ചെന്നു ലഗേജുകളും മറ്റും റൂമിൽ വെച്ചശേഷം ഞങ്ങൾ നസ്റിന്റെയൊപ്പം സ്ഥലങ്ങൾ കാണുവാനായി ഇറങ്ങി. വ്യത്യസ്ത തരത്തിലുള്ള കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. അങ്ങനെ പോയിപ്പോയി ഞങ്ങൾ മറീന എന്ന സ്ഥലത്ത് എത്തിച്ചേർന്നു. ഒരു നദിക്കരയിലുള്ള മനോഹരമായ സ്ഥലമായിരുന്നു അത്. ടൂറിസ്റ്റുകൾക്ക് വേണ്ടി ഇരിപ്പിടങ്ങളൊക്കെ അവിടെ ഒരുക്കിയിരുന്നു. ഒരു നദി എന്നു പറയാനാകില്ല, ലഗൂൺ എന്ന പേരായിരിക്കും അതിനു ചേരുക. അതിനു തൊട്ടപ്പുറത്തായി കടലാണ്.

രാവിലെ സമയമായിരുന്നതിനാൽ അവിടെ ആൾത്തിരക്ക് വളരെ കുറവായിരുന്നു. മറീനയിലെ കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ വീണ്ടും കാറിൽക്കയറി അടുത്ത സ്ഥലത്തേക്ക് യാത്രയായി. നല്ല വിശപ്പ് അനുഭവപ്പെട്ടിരുന്നതിനാൽ ഞങ്ങൾ നേരെ അവിടത്തെ ഒരു മക്ഡൊണാൾഡ്‌സ് ഷോപ്പിലേക്ക് ആയിരുന്നു പോയത്. കൊറോണ വ്യാപനത്തിനെതിരായുള്ള പ്രതിരോധമെന്നോണം അവിടെ ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം ഭക്ഷണം കഴിക്കുവാൻ അനുവദനീയമല്ലാതിരുന്നു. അതിനാൽ മക്ഡൊണാൾഡ്‌സ് ഷോപ്പിൽ ഡ്രൈവ് ത്രൂ ആയിട്ടായിരുന്നു ഭക്ഷണം സെർവ് ചെയ്തിരുന്നത്.

ഡ്രൈവ് ത്രൂ എന്നു പറഞ്ഞാൽ നമ്മൾ കാറിലിരുന്ന് തന്നെ ഓർഡർ ചെയ്യുകയും, അവിടത്തെ കൗണ്ടറിനു മുന്നിൽ കാർ കൊണ്ടുചെന്ന് കാറിലിരുന്ന് തന്നെ പാർസൽ വാങ്ങുകയും ചെയ്യാം. നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള സെറ്റപ്പുകൾ ഉണ്ട്. അങ്ങനെ അവിടുന്ന് ഭക്ഷണം വാങ്ങിയതിന് ശേഷം അവിടെയടുത്തുണ്ടായിരുന്ന തിരക്ക് കുറഞ്ഞ ഒരു ഏരിയയിൽ ചെന്നിരുന്ന് അത് കഴിച്ചു.

റബാത്ത്‌ എന്ന ആ നഗരം പതിയെ ലോക്ക്ഡൗണിലേക്ക് നീങ്ങുന്ന സമയമായിരുന്നു അത്. അതുകൊണ്ടു തന്നെയായിരുന്നു അവിടെ ഒട്ടും തിരക്ക് അനുഭവപ്പെടാതിരുന്നതും. ഞങ്ങൾ അവിടെയിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഞങ്ങൾ ഞെട്ടിക്കുന്ന ആ വാർത്ത അറിയുന്നത്. മൊറോക്കോയിലെ എയർപോർട്ടെല്ലാം പെട്ടെന്നു തന്നെ അടച്ചിരിക്കുന്നു. ഞങ്ങൾ എന്തുചെയ്യും എന്ന അവസ്ഥയായി. ഉടനെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ കോവിഡ് – 19 വ്യാപനം തടയുന്നതിനായാണ് എയർപോർട്ട് അടച്ചത് എന്ന വിവരമാണ് ലഭിച്ചത്. കൂടാതെ ഞങ്ങളോട് മടക്കയാത്ര നീട്ടാനും അവർ നിർദ്ദേശിച്ചു.

സത്യം പറഞ്ഞാൽ ഞങ്ങൾ പെട്ടെന്ന് ആകെ വല്ലാതായി. പിന്നെ എവിടേക്കും പോകാതെ ഞങ്ങൾ നേരെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് ആയിരുന്നു പോയത്. അന്നത്തെ മൂഡ് ആ എയർപോർട്ട് ക്ളോസിംഗ് വാർത്ത കാരണം പോയിരുന്നതിനാൽ പിന്നെ അന്ന് പുറത്തേക്ക് ഇറങ്ങുവാൻ ഒട്ടും മനസ്സ് വന്നിരുന്നില്ല. ഈയൊരവസ്ഥയിലും ഞങ്ങൾക്ക് ധൈര്യം പകർന്നത് ഗൈഡ് നസ്രിനായിരുന്നു. ഞങ്ങളെപ്പോലെ തന്നെ ഒരു യാത്രാപ്രേമി ആയിരുന്നു 23കാരിയായ നസ്റിനും. അതുകൊണ്ടു തന്നെ അവൾക്ക് ഞങ്ങളുടെ മനസ്സ് വായിക്കുവാൻ കഴിഞ്ഞിരുന്നു. അടുത്ത ദിവസം എല്ലാം ശരിയാക്കാം എന്ന് ഉറപ്പുനൽകി അവൾ അന്ന് തിരികെപ്പോയി. ഞങ്ങളാകട്ടെ യാതൊരു പ്രതീക്ഷയുമില്ലാതെ ഹോട്ടൽ മുറിയിൽ ഒതുങ്ങിക്കൂടി. ബാക്കി മൊറോക്കൻ വിശേഷങ്ങൾ ഇനി അടുത്ത ഭാഗത്തിൽ…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.