എഴുത്ത് – രാജേഷ് ഉണുപ്പള്ളി, ചിത്രം – ചാർളി കെ.സി.

ചങ്ങനാശ്ശേരിക്കാരുടേയും, കുട്ടനാടിന്റേയും സ്വകാര്യ അഹങ്കാരമാണ് ഈ ആലപ്പുഴ-ചങ്ങനാശ്ശേരിറോഡ് എന്ന എയർകണ്ടീഷൻ റോഡ്. ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴ വരെ പോകുന്ന സംസ്ഥാന ഹൈവേ (SH-11) എ.സി.റോഡ് (ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്). ദൈർഘ്യം 24.2 കി.മി. ആലപ്പുഴയിലെ കളർകോട്ടു നിന്നും ആരംഭിച്ച് ചങ്ങനാശ്ശേരി പെരുന്ന മന്നം സ്ക്വയറിൽ അവസാനിക്കുന്ന കുട്ടനാടിനെ നെടുകെ പിളർന്നു പോകുന്ന റോഡ്; പ്രധാനമായും ദേശീയപാത-47 നേയും, എം.സി.റോഡിനേയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന റോഡ്.

എന്നാൽ; 1951-ൽ തിരു-കൊച്ചി രാജപ്രമുഖൻ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിർമ്മാണം തുടങ്ങിയത്. അന്നത്തെ പ്രധാന തുറമുഖപട്ടണമായ ആലപ്പുഴയെയും മധ്യകേരളത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചങ്ങനാശ്ശേരിയേയും കരമാർഗ്ഗം കുട്ടനാട്ടിലൂടെ ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടാവുന്ന പുരോഗതികൾ പഠന വിധേയമാക്കുകയുണ്ടായി. തുടർന്ന് വന്ന 1954-ലെ കുട്ടനാട്‌ വികസന സമിതി [കുട്ടനാട്‌ ഡവലപ്പ്‌മെന്റ്‌ സ്‌കീം] പഠന റിപ്പോർട്ട് ഈ വസ്തുത സാധൂകരിക്കുകയും ചെയ്തു. പുതിയ റോഡു സംരംഭത്തെ അന്ന് കുട്ടനാട്ടിലെ സർവ്വജനങ്ങളും പിന്തുണച്ചു. പലരുടെ സ്ഥലങ്ങൾ ഇതുമൂലം നഷ്ടപ്പെട്ടെങ്കിലും പൊതുവായി ആരും തന്നെ ഇതിനെ എതിർത്തില്ല. കുട്ടനാട്ടിലെ ആദ്യ റോഡായ എ.സി.റോഡിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചത് ചങ്ങനാശ്ശേരിയിലെ പെരുന്ന മനയ്ക്കച്ചിറയിൽ നിന്നാണ്.

അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രി സി.കേശവനാണ് റോഡ് പണി പെരുന്നയിൽ ഉത്ഘാടനം ചെയ്തത്. 1951 ജൂൺ മൂന്നിനു റോഡുപണിയുടെ ആരംഭത്തിനായി പെരുന്നയിലെ റെഡ് സ്ക്വയറിൽ ശിലാസ്ഥാപനം നടത്തി. പക്ഷെ 1959-ൽ നടന്ന വിമോചനസമരത്തിന്റെ അലയൊടികളിൽ പെരുന്ന ജം. നിലെ ഈ റൗഡാനയും ഉത്ഘാടന ശിലാസ്ഥാപന ഫലകവും തകർക്കപ്പെട്ടു. പിന്നീട് ഈ റെഡ് സ്ക്വയർ, പെരുന്ന മന്നം സ്ക്വയർ എന്നറിയപ്പെട്ടു.

സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് കുട്ടനാടിന്റെ ഉയരം. സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടിൽ റോഡ് നിർമ്മാണം ദുഷ്കരമായിരുന്നു. കുട്ടനാട്ടിലെ ചതുപ്പു നിറഞ്ഞ മണ്ണ് (ചെളി) ഒരു വശത്തു നിന്നും എടുത്ത് മറുവശത്തിട്ട് സമാന്തരമായി റോഡ് വെട്ടിതുടങ്ങി. ചങ്ങനാശ്ശേരി പെരുന്നയിൽ നിന്നും തുടങ്ങിയ റോഡ് പണി, കോട്ടയം തോട് പിന്നിട്ട്, മണിമലയാർ (കിടങ്ങറാ പാലം) കഴിഞ്ഞ് മാമ്പുഴക്കരിയിൽ എത്തിയപ്പോഴാണ് അറിയുന്നത് ഈ ദിശയിൽ മുൻപോട്ട് റോഡ് വെട്ടിയാൽ ആലപ്പുഴയ്ക്കു പകരം അമ്പലപ്പുഴയിലാണ് എത്തുന്നതെന്ന്.

ഇന്നുള്ള പല നല്ല സർവ്വേ എക്കുപ്മെൻസ്സുകളും അന്നില്ലാഞ്ഞതിനാൽ ഇതുമനസ്സിലാക്കാൻ താമസിച്ചുപോയിരുന്നു. അതുവരെ വളവുകളോ, തിരിവോ ഇല്ലാത്ത റോഡിനു ഒരു വലിയ വളവ് അതുമൂലം മാമ്പുഴക്കരിയിൽ ഉണ്ടായി. തന്മൂലം മാമ്പുഴക്കരിയിൽ നിന്നും റോഡിന്റെ ദിശ അല്പം വടക്കോട്ട് മാറ്റുകയും ചെയ്തു.

ഇതിനോടകം തിരു-കൊച്ചി മുഖ്യമന്ത്രിയായി പട്ടം താണുപിള്ളയെത്തിയിരുന്നു. പട്ടം മന്ത്രി സഭയിലെ കൃഷി മന്ത്രിയായിരുന്ന കെ.എം.കോരയുടെ കുടുംബവീട് മാമ്പുഴക്കരിയിലായിരുന്നു. അദ്ദേഹം ചങ്ങനാശ്ശേരിയെ പ്രതിനിധീകരിച്ചാണ് എം.എൽ.എ. ആയതും പിന്നീട് മന്ത്രിയായതും. മന്ത്രിയുടെ പാടശേഖരവും മറ്റു സ്ഥലങ്ങളും നഷ്ടമാവാതിരിക്കാൻ മന്ത്രി കോര നടത്തിയ കളിയാണന്നാണ് നാട്ടുകാർ കരുതിയത്.

മന്ത്രിക്കെതിരെ നാട്ടുകാർ പ്രക്ഷോഭവുമായിറങ്ങി. പാവം മന്ത്രി…. (അന്ന് ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു, കുട്ടനാട്). മന്ത്രിയുടെ വിശദീകരണമൊന്നും കേൾക്കാൻ കുട്ടനാട്ടുകാർ ക്ഷമകാണിച്ചില്ല. എന്തായാലും, ആ വളവിനു മന്ത്രിയുടെ പേർ ചാർത്തികൊടുത്തു നാട്ടുകാർ. കോരവളവ്… എ.സി. റോഡിലെ കോരവളവ്. ആലപ്പുഴയിൽ നിന്നും വരുമ്പോൾ കിടങ്ങറപാലത്തിനു പടിഞ്ഞാറുവശത്ത് ഈ വളവിൽ ബസിലിറങ്ങാൻ കോരവളവ് ജം. ലേക്കുള്ള ടിക്കറ്റാണ് എടുക്കേണ്ടത്.

ഒരു വശത്തു നിന്നും ചെളിയെടുത്ത് മറുവശത്ത് ഇട്ട് ഉണ്ടാക്കിയ ഈ റോഡിനു സമാന്തരമായി തെക്കുവശത്ത് ഒരു പുതിയ നദി രൂപാന്തരം കൊണ്ടു. പുതിയ ആർ എന്നർത്ഥം വരുന്ന പുത്തനാർ എന്നു പേരിട്ടു ഈ പുതിയ നദിയെ. എ.സി. റോഡിൽ ചങ്ങനാശ്ശേരിയിലെ മനയ്ക്കച്ചിറ മുതൽ ആലപ്പുഴയിലെ കൈതവന വരെ പുത്തനാർ റോഡിനു സമാന്തരമായിട്ടുണ്ട്. അതിനാൽ എ.സി.റോഡ് അതിമനോഹര കാഴ്ച യാത്രക്കാർക്ക് വിരുന്നൊരുക്കുന്നു.

എ.സി.റോഡിൽ ആകെ പതിനാലു പാലങ്ങളാണുള്ളത് (1.മനയ്ക്കച്ചിറപാലം [ഒന്നാം പാലം]; 2.കോട്ടയംതോട് പാലം [ആലപ്പുഴ, കോട്ടയം ജില്ലകളെ തിരിക്കുന്ന തോടാണിത്]; 3.കിടങ്ങറബസാർപാലം [റോഡിനുപൊക്കം കൂടിയപ്പോൾ ഇന്ന് കലുങ്കാണ്]; 4.കിടങ്ങറപാലം [മണിമലയാർ]; 5.മാമ്പുഴക്കരിപാലം; 6.രാമങ്കരിപാലം; 7.പള്ളികൂട്ടുമ്മപാലം [ഇന്ന് കലുങ്കാണ്]; 8.ഒന്നാംകരപാലം; 9.മങ്കൊമ്പ്പാലം; 10.നെടുമുടിപാലം [പമ്പാനദി]; 11.പൊങ്ങപാലം; 12.പണ്ടാരക്കളംപാലം; 13.പള്ളാത്തുരുത്തിപാലം [പമ്പാനദി]; 14.കൈതവനപാലം [ഒന്നാം പാലം]).

അതിലെ പതിനൊന്നു പാലങ്ങളുടെ പണിപൂർത്തിയാക്കി 1958-ൽ എ.സി. റോഡ് പൊതു ജനങ്ങൾക്കായി മുഖ്യമന്ത്രി ഇ.എം.എസ്. തുറന്നു കൊടുത്തു. നവകേരളത്തിലെ ആദ്യ റോഡുകളിൽ ഒന്നായിരുന്നു ഇത്. പക്ഷേ അപ്പോഴും മൂന്നു വലിയപാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ചങ്ങനാശ്ശേരിയിൽ നിന്നും കിടങ്ങറ വരെയും, അവിടെ നിന്നും ജങ്കാർ കയറി അക്കരെയെത്തി അടുത്ത ബസിൽ നെടുമുടിവരെയും, വീണ്ടും ജങ്കാർ കടത്ത് കയറിയിറങ്ങി അടുത്ത ബസ് പിടിച്ച് പള്ളാത്തുരുത്തി വരെയും, വീണ്ടും മൂന്നാമത്തെ ജങ്കാറിൽ കടത്തു കടന്ന് ആലപ്പുഴയ്ക്കുള്ള ബസിൽ യാത്ര ചെയ്താണ് കുട്ടനാട്ടുകാർ എ.സി. റോഡിൽ വർഷങ്ങളോളം യാത്ര ചെയ്തത്.

1982 ജൂലൈ മാസത്തിലെ പെരുമഴക്കാലത്ത് മണിമലയാറ്റിനു മുകളിലൂടെയുള്ള കിടങ്ങറ പാലം പൂർത്തിയാക്കി. കെ.കരുണാകരനായിരുന്നു അന്ന് കേരളാ മുഖ്യമന്ത്രി. വീണ്ടും വളരെ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു ചങ്ങനാശ്ശേരിയ്ക്ക് ആലപ്പുഴയെ കൈകോർത്ത് മുറുകെപ്പിടിക്കാൻ. 1987-ൽ കരുണാകരന്റെ ആ മന്ത്രിസഭാകാലത്തുതന്നെ മറ്റു രണ്ടു പാലങ്ങളും പൂർത്തിയാക്കി. ഈ പാലങ്ങളുടെ നിർമ്മാണത്തിൽ കരുണാകര മന്ത്രിസഭയിലെ തച്ചടി പ്രഭാകരന്റെ പ്രയത്നം അഭിനന്ദനാർഹമയിരുന്നു. പക്ഷെ പാലം ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിനും മുൻപെ അടുത്ത ഇലക്ഷനെത്തി.

1987 മാർച്ച് ഇരുപത്തിമൂന്നിനു നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ഇ.കെ.നായനാർ കേരളത്തിന്റെ എട്ടാം മന്ത്രിസഭ രൂപീകരിക്കുകയും, മുഖ്യമന്ത്രിയാവുകയും ചെയ്തു. തുടർന്ന് വന്ന ജൂൺ 17-ാം തിയതി (1987) പമ്പാനദിക്കു മുകളിലൂടെയുള്ള നെടുമുടിപാലവും, പള്ളാത്തുരുത്തിപാലവും പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. ആദ്യമായി ആലപ്പുഴയെന്ന ബോർഡും വെച്ച് ചങ്ങനാശ്ശേരി ഡിപ്പോയിലെ നാലു ആനവണ്ടികൾ ആലപ്പുഴ ലക്ഷ്യമാക്കി കുതിച്ച് ആ പെരുമഴയത്ത് യാത്ര തുടക്കം കുറിച്ചു.

കുട്ടനാടിനെ നെടുകെ പിളർന്നുകൊണ്ട്‌ ആദ്യമായി നിർമ്മിച്ച റോഡാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്. എ.സി.റോഡിന്റെ വരവോടെ തുടക്കമിട്ട ഗതാഗത വിപ്ലവം കുട്ടനാടിനേയും ആലപ്പുഴയേയും ഒരുപോലെ പുരോഗതി കൈവരിക്കുന്നതിൽ സഹായിച്ചു. ഇത്രയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന വേറൊരു റോഡ് കേരളത്തിലുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം.

ഇന്നും ചങ്ങനാശ്ശേരിക്കാരുടേയും, കുട്ടനാടിന്റേയും സ്വകാര്യ അഹങ്കാരമാണ് ഈ ആലപ്പുഴ-ചങ്ങനാശ്ശേരിറോഡ് എന്ന എയർകണ്ടീഷൻ റോഡ് (AC റോഡ്).

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.