ട്രെയിനുകളിൽ യാത്രക്കാർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. ധാരാളം യാത്രക്കാർ നോക്കി നിൽക്കെ ഇത്തരത്തിലെ അക്രമകാരികൾ അഴിഞ്ഞാടുമ്പോൾ അതിനെതിരെ കൈയുയർത്തുവാൻ ചുരുക്കം ചിലർ മാത്രമേ മുന്നോട്ടു വരികയുള്ളൂ. അത്തരത്തിലൊരു ഞെട്ടിക്കുന്ന സംഭവം കഴിഞ്ഞ ദിവസം ആലീസ് ചീവേൽ എന്ന വനിത ഫേസ്‌ബുക്കിൽ പങ്കുവെയ്ക്കുകയുണ്ടായി.

തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ കേരള എക്സ്പ്രസ്സിൽ വെച്ച് ലഹരിയ്ക്ക് അടിമപ്പെട്ട ഒരു സാമൂഹികവിരുദ്ധന്റെ ആക്രമണത്തെ പ്രതിരോധിച്ച് അവർ സ്വയരക്ഷ നോക്കിയപ്പോൾ കമ്പാർട്ട്മെന്റിലുണ്ടായ മറ്റു യാത്രക്കാർ പ്രതികരിച്ചേയില്ല. ഒടുവിൽ പ്രായമുള്ള ഒരു യാത്രക്കാരനാണ് അക്രമിയെ അടിച്ചു വീഴ്ത്തിയത്. സ്ത്രീകളടക്കമുള്ള യാത്രക്കാർ ട്രെയിനുകളിൽ എത്ര തിരക്കുണ്ടെങ്കിലും സുരക്ഷിതരല്ലെന്നു തെളിയിക്കുന്നതാണ് ഈ സംഭവം. ആലീസിന്റെ കുറിപ്പ് ഒന്നു വായിക്കാം.

“ഇന്ന് നമ്മുടെ നാട്ടിലെ ആണുങ്ങളോട് വെറുപ്പും പുച്ഛവും ഏറ്റവും അധികം തോന്നിയ ദിവസമാണ്. ( എല്ലാവരും ഇങ്ങനെയാവില്ല എന്നുതന്നെ വിശ്വസിക്കാനാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്). ഇന്ന് തൃശ്ശൂർക്കുള്ള യാത്രയിൽ കേരള എക്‌സ്‌പ്രസ്സ് ട്രെയിനിൽ അപ്പർ ബർത്തിൽ കിടക്കുകയായിരുന്നു ഞാൻ. താഴെ എന്തോ ഒച്ച കേട്ട് നോക്കിയപ്പോ ഒരുത്തൻ ഒരു പെണ്കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു. ചുറ്റും യാത്രക്കാരുണ്ട്. എന്നിട്ടും!!! നി എന്താടാ ചെയ്യുന്നെന്നു ആക്രോശിച്ചപ്പോ എന്നെ തെറിവിളിച്ചുകൊണ്ടു അവൻ എനിക്ക് നേരെ വന്നു. ഞാൻ അവന്റെ കരണത്തടിച്ചു. അവൻ ബർത്തിൽ നിന്നും എന്നെ വലിച്ചു താഴെയിടാൻ ശ്രമിച്ചു.

അപ്പോഴേയ്ക്കും അവന്റെ കരണത്ത് ഞാൻ വീണ്ടും ഒന്നുകൂടിക്കൊടുത്തു. അവൻ എന്റെ മുണ്ട് വലിച്ചഴിക്കാൻ ശ്രമിച്ചു. അവന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടു കൊടുത്തു. അവൻ അടിതെറ്റി വീഴുന്നതിനിടയിൽ അരുകിലിരുന്ന മറ്റൊരു സ്ത്രീയുടെ ദേഹത്ത് അവന്റെ ചവിട്ടുകൊണ്ടു. ഈ ബഹളങ്ങളെല്ലാം കണ്ടുകൊണ്ട് 3,4 പെണ്കുട്ടികൾ ഭയന്നുകൊകൊണ്ടും കംപാർട്ട്‌മെന്റിൽ ഉണ്ടായിരുന്നതും, ഓടിക്കൂടിയതുമായ പത്തൻപത് ആണുങ്ങളും (ചെറുപ്പക്കാരടക്കം) അന്തം വിട്ടു നിഷ്ക്രിയരായി നിൽക്കുന്നു. ആരോ ഓടി TTR നെ വിളിച്ചുകൊണ്ടു വന്നു. ആ ഉദോഗസ്ഥനെയും അവൻ തല്ലാൻ ശ്രമിച്ചു. പൂരത്തെറിയും. അവൻ ലഹരിക്ക് adict ആയിരുന്നു.

ഏതാണ്ട് ഒരു മണിക്കൂറോളം ഭീകര ബഹളമായി. എന്നിട്ടും ഒരു പോലീസും അവിടെ എത്തിയില്ല. അതായത് നമ്മുടെ ട്രെയിനിൽ ഉള്ള സുരക്ഷ ഇത്രയൊക്കെയാണ് എന്ന്. അപ്പൊ ഇവിടെ നിന്നോ ഓടി വന്ന ഒരു പ്രായമുള്ള ആൾ അവനെ അടിച്ചു വീഴ്ത്തി. അവൻ വീണു കഴിഞ്ഞപ്പോ മറ്റ് ആണുങ്ങൾ അവരുടെ വീരസ്യം അവന്റെ പുറത്തു തീർത്തു. പുച്ഛമാണ് തോന്നിയത്. പട്ടാപ്പകൽ ആൾക്കൂട്ടത്തിൽപ്പോലും ഏതു ക്രിമിനലിന് പോലും എന്തും ചെയ്യാൻ ധൈര്യപ്പെടും വിധം അത്രമാത്രം ഭീരുക്കളും നിഷ്ക്രിയരുമാണ് നമ്മുടെ ആണുങ്ങൾ. സ്വന്തം ശരീരത്തിൽ ഒരുവൻ കയറിപ്പിടിച്ചാൽ മരവിച്ചു നിന്നുപോകുന്ന വിധം ഒതുക്കത്തിലാണ് നമ്മുടെ പെണ്കുട്ടികളെ വളർത്തി എടുക്കുന്നതും.

ഇതാണ് നമ്മുടെ നാട്. ഇവിടെ സൗമ്യമാരും, ജിഷമാരും നിർഭയമാരും നിറഞ്ഞു കൊണ്ടിരിക്കും. കൊല്ലപ്പെടുമ്പോൾ ഫേസ്ബുക്കിൽ രോക്ഷങ്ങൾ പൊട്ടിയൊഴുകുകയും കവലകളിൽ പ്രസംഗങ്ങൾ ഘോരഘോരം മുഴക്കുകയും ചെയ്യുന്ന ഭീരുക്കൾ. അങ്ങനെയല്ലാത്തവർ ചിലർ മാത്രം. ഇവിടെയും ഒരു കൊലപാതകം നടക്കുമായിരുന്നു. അവനെ ഒതുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ കൊല്ലപ്പെടുകയോ, അവനെ കൊല്ലുകയോ ചെയ്യേണ്ടി വന്നേനെ. അതല്ലെങ്കിൽ മറ്റൊരു പെണ്കുട്ടി. തൃശൂർ എത്തിയപ്പോ police എത്തി. അവനെതിരെ ഞാൻ മൊഴി കൊടുത്തു. സാക്ഷികളായി മറ്റു പെണ്കുട്ടികളും വന്നു.341, 323, 294, 354 എന്നീ വകുപ്പുകൾ ചാർത്തി FIR രജിസ്റ്റർ ചെയ്തു, ലോക്കപ്പിലാക്കി.

NB: ,”നിന്റെ മുണ്ട് ആരെങ്കിലും വലിച്ചഴിച്ചാൽ എന്തു ചെയ്യും”? എന്ന് പല സുഹൃത്തുക്കളും കളിയായി എന്നോട് ചോദിച്ചിട്ടുണ്ട്. ഒരു ചുക്കുമില്ല. അടിയിൽ നീളം കുറഞ്ഞ ഒരു നിക്കർ ഇടാറുണ്ട്. അതൊക്കെത്തന്നെ ധാരാളം. ഇനീപ്പോ തുണി മൊതതോം ഇവനൊക്കെ പറിച്ചാലും വിറച്ചു പോകില്ല. നാണവും മാനവുമൊന്നും ഇല്ലാത്തൊരാൾ എന്ന് സ്വയം പറയാനാണ് ഇഷ്ട്ടം. ഇത്തരം ഊളകൾക്ക് ഒരു തോന്നലുണ്ട്, തുണി പറിച്ചാൽ സ്ത്രീകൾ പേടിക്കുമെന്ന്. തോന്നലാ.. ഒരു പുല്ലുമില്ലാ….”

ഈ സംഭവത്തിൽ കണ്ണൂർ ആനടുക്ക് സ്വദേശിയായ അഫ്നാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മിക്ക സന്ദർഭങ്ങളിലും ഇരയുടെ മൗനമാണ് വേട്ടക്കാരന്റെ ശക്തി! ശാരീരികമായി ഒരു ശരാശരി സ്ത്രീക്ക് എഴുപതു ശതമാനം വരെ ആരോഗ്യമുള്ള ഒരു പുരുഷനോട് പിടിച്ചു നിൽക്കാനും പറ്റും എന്നുള്ളതും കൂടുതൽ സ്ത്രീകൾ മനസ്സിലാക്കട്ടെ!

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.