വിവരണം – Rahim D Ce.

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വേമ്പനാട്ടു കായലും പച്ചപുതച്ചു നിൽക്കുന്ന പുഞ്ചപ്പാടങ്ങളുമാണ് കുട്ടനാടിനെ ഇത്ര സുന്ദരിയാക്കുന്നത്. ആയിരങ്ങൾ മുടക്കി ഹൗസ് ബോട്ട് എടുക്കാതെയും ശികാര ബോട്ട് കൂടാതെയും കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയുടെ കായൽ ഭംഗി അനുഭവിച്ചറിയാം.. അതിനാണ് SWTD. എന്താണ് SWTD എന്ന് ചോദിച്ചാൽ (State Water Transport Department) നമ്മുടെ ആനവണ്ടി പോലെ ആലപ്പുഴയുടെ പല ഭാഗത്തേക്കും സർവീസ് നടത്തുന്ന സർക്കാരിന്റെ ബോട്ട് സർവീസ്.

കായൽ ഭംഗി ചിലവ് ചുരുക്കി ആസ്വദിക്കാൻ 2 വഴികൾ ആണ് ഉള്ളത്. അതിൽ ഒന്നാമത്തേത് മൂന്ന് മണിക്കൂർ സമയമെടുക്കുന്ന കോട്ടയത്ത്‌ നിന്നും ആലപ്പുഴയിലേക്കുള്ള ബോട്ട് യാത്രയാണ്. മനം നിറയ്ക്കുന്ന കാഴ്ചകളാണ് കോട്ടയത്തു നിന്നും ആലപ്പുഴയിലേക്കുള്ള ഈ ബോട്ട് യാത്ര സമ്മാനിക്കുന്നത്. വെറും 19 രൂപ ചിലവിൽ കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ നിന്നും അലപ്പുഴ എത്തിച്ചേരുവാൻ സാധിക്കും. മൂന്ന് മണിക്കൂറോളം വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പുകൾ കീറി മുറിച്ചു കൊണ്ടുള്ള ഈ യാത്ര തികച്ചും ഒരു അനുഭവം തന്നെയാണ്. കായലിന്റെ തണുത്ത കാറ്റേറ്റ് കണ്ണിന് കുളിർമയേകുന്ന കാഴ്ചകളാണ് ഈ പോകുന്ന വഴിക്കെല്ലാം. കോട്ടയത്തിനും അലപ്പുഴക്കും ഇടയിലുള്ള R-ബ്ലോക്ക്‌ എന്ന ചെറുതുരുത്തും ഈ യാത്രയിൽ കാണുവാൻ കഴിയും. ബോട്ടിന്റെ സമയ ക്രമം – *ആലപ്പുഴയിൽ നിന്നും കോട്ടയത്തേക്ക് ( കോടിമത ).. 7:30, 9.35, 11:30, 13.00, 15:30, 17:15. *കോട്ടയത്തുനിന്നും(കോടിമത) ആലപ്പുഴയിലേക്ക് 6:45, 11:30, 13.00, 15:30, 17:15.

© Habeeb Rahman.

നിങ്ങൾ കോട്ടയത്തു നിന്നാണ് യാത്ര പോകുന്നതെങ്കിൽ രാവിലത്തെ 6.45 ന്റെ ബോട്ട് പിടിക്കുന്നതാകും നല്ലത്. പോള വീണു കിടക്കുന്ന കായൽ പരപ്പിലൂടെ ഗ്രാമീണഭംഗി ആസ്വദിച്ചു കൊണ്ട് ഉദയസൂര്യന്റെ കിരണങ്ങൾ തലോടുന്ന കായലിൽ കൂടി യാത്ര ചെയ്യാം. ജോലിക്ക് പോകാനായി ഓരോ ജെട്ടിയിലും കാത്ത് നിൽക്കുന്ന കൂലിപ്പണിക്കാർ, ജോലിക്കാർ അങ്ങനെ കായലിനു കരകളിൽ ആയി ഓരോ വീടിനു മുന്നിൽ കാണുന്ന ഓരോ കാഴ്ചകളും വ്യത്യസ്തമാണ്.. തുണി അലക്കുന്നവർ ,കായൽ തീരത്ത് ഇരുന്ന് സൊറ പറയുന്നവർ, ചൂണ്ട ഇടുന്നവർ തുടങ്ങി ഗ്രാമീണ ഭംഗി തൊട്ടുണർത്തുന്ന കാഴ്ചകളാണ് എല്ലാം.

ഇനി നിങ്ങൾ ആലപ്പുഴയിൽ നിന്നാണ് പോകുന്നതെങ്കിൽ വൈകുന്നേരം 3:30ന്റെ ബോട്ട് പിടിക്കുന്നതാവും നല്ലത്. സൂര്യാസ്തമയത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ നമുക്ക് കോട്ടയം എത്തുന്നതിനു മുന്നേ കാണുവാൻ കഴിയും. കൂടാതെ അങ്ങോട്ട്‌ പോകുന്ന വഴിയിലൂടെ ആയിരിക്കില്ല തിരികെയുള്ള യാത്ര. ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന ബോട്ടിൽ എല്ലായ്‌പ്പോഴും ആളുകൾ കൂടുതൽ ആയിരിക്കും. അതുകൊണ്ട് അടുത്ത ബോട്ടിനുവേണ്ടി കാത്തിരിക്കരുത്. കാരണം കൂടുതൽ ആളുകളും അടുത്തുള്ള സ്റ്റോപ്പുകളിലായി ഇറങ്ങുന്നവരായിരിക്കും.

രണ്ടാമത്തെ കിടിലൻ റൂട്ട് ആണ് ആലപ്പുഴ -കൈനകരി. ഈ വഴിയേ സർക്കാരിന്റെ 2 ബോട്ട് വഴി പോകാം. ഒന്ന് സാധാ ബോട്ട്. ആലപ്പുഴ നിന്ന് കൈനകിരി വരെ 15 രൂപയ്ക്ക് 1 മണിക്കൂർ കൊണ്ട് കൈനകരിയുടെ ഗ്രാമീണ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് എത്താം.ബോട്ട് ടൈം അറിയാൻ : https://bit.ly/2S9yj79. രണ്ടാമത്തേത് സീ കുട്ടനാട്. സാധാരണക്കാർക്ക് അപ്രാപ്യമായ ഹൗസ് ബോട്ട് ചെലവുകൾ കണ്ട് മനസ്സിലാക്കി സർക്കാർ ഒരുക്കിയിരിക്കുന്ന ഒരു സംവിധാനമാണ് സീ കുട്ടനാട് സർവ്വീസ്. ‘ആലപ്പുഴ- ആലപ്പുഴ’ സർക്കുലർ ആയി സീ കുട്ടനാട് സർവ്വീസിനെ ക്രമീകരിച്ചിരിക്കുന്നു.

© Habeeb Rahman.

യഥാർത്ഥത്തിൽ ഇതൊരു യാത്രാബോട്ട് ആണ്. എന്നാൽ ഇതിന്റെ മുകൾ നില സഞ്ചാരികൾക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു. ഇരുഭാഗങ്ങളിലേക്കുമായി 80 രൂപയാണ് യാത്രാകൂലി. പല പല ചെറിയ തുരുത്തുകളിലും നിർത്തി നല്ല കാഴ്ചകൾ നൽകി കൈനകരിയിൽ എത്തിച്ചു തിരിച്ച് കൊണ്ട് വരും. ടിക്കറ്റ് ബോട്ടിന്റെ ഉള്ളിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. ആലപ്പുഴ മുതൽ കൈനകരി വരെ സോമൻ ജെട്ടി വഴിയും, തിരികെ ആലപ്പുഴ വരെ കന്നിട്ട ജെട്ടി വഴിയുമാണ് ഇതിന്റെ യാത്ര. ദൈർഘ്യം ഏകദേശം 2 മണിക്കൂർ.*ആലപ്പുഴയിൽ നിന്നുമുള്ള സീ കുട്ടനാടിന്റെ യാത്രക്രമം രാവിലെ 5.55, 8.20, 10.45, 13.35, 16.45 എന്നിങ്ങനെയാണ്.

ആലപ്പുഴയിൽ നിന്നും കൈനകരിയിലേക്ക് ഉള്ള യാത്ര ഓരോ ഗ്രാമങ്ങളിൽ കൂടി ആണ്. ഗ്രാമീണ ഭംഗി ശരിക്കും ആസ്വദിച്ചു കൊണ്ട് കേരനിരകൾ നിറഞ്ഞു നിൽക്കുന്ന വഴികളിലൂടെ ഒരു യാത്ര. ഈ 2 ബോട്ട് യാത്രയും നല്ലൊരു അനുഭവം തന്നെയാണ്. അപ്പൊ എങ്ങനാ പോകുവല്ലേ ആലപ്പുഴയുടെ ഓളപരപ്പുകളിൽ നീരാടി കായൽ ഭംഗി ആസ്വദിക്കാൻ.

കവർ ചിത്രം – അശ്വന്ത് അശോക്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.