വിവരണം – മനു ശങ്കർ.

വാഗമൺ ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും, ഇതൊരു ഒന്നൊന്നര പോക്കായി പോയി. വാഗമൺ മൊട്ടക്കുന്നിൽ എത്തിയപ്പോൾ ആണ് മനസിലായത് അങ്ങോട്ട് പ്രവേശനം ഇല്ല എന്നൊക്കെ. നേരെ ചെന്ന് പെട്ടത് പോലീസിന്റെ മുന്നിലേക്കും. അപ്പൊ തന്നെ ഒരാള്ക് 200 രൂപ പെറ്റി അടിച്ചു കിട്ടി. “എവിടേം നിർത്താതെ വേഗം തിരിച്ചു വിട്ടോ” എന്ന് പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല അവിടുന്നു തിരിച്ചു പോന്നു.

എന്തായാലും ഇത്ര വന്നതല്ലേ നേരെ കുരിശുമല കേറിയിട്ട് വരാം എന്ന് കരുതി. കാരണം കുരിശുമല ടൂറിസ്റ്റ് കേന്ദ്രം അല്ല. അങ്ങനെ കുരിശുമല കയറി കയറി ഏകദേശം മുക്കാൽ ഭാഗം ആയപ്പോൾ ഇടത് വശത്തു ഒരു വ്യൂ പോയിന്റ് കണ്ടു. അവിടെ പോയിരിക്കുമ്പോൾ ആണ് അങ്ങ് താഴെ സ്വിട്സർലാൻഡ് പോലെയുള്ള ഒരു സ്ഥലം കാണുന്നത്. ഒരു രക്ഷ ഇല്ലാത്ത സ്ഥലം . എപ്പഴും കോട. കുറെ പശുക്കൾ മേഞ്ഞു നടക്കുന്നു. എന്തായാലും അവിടെ പോയിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു.

അങ്ങനെ ഞങ്ങൾ കുരിശുമല കയറ്റം അവിടെ വച്ച നിർത്തി താഴേക്ക് ആ കണ്ട സ്ഥലത്തേക്ക് ഇറങ്ങി. താഴെ എത്തി ഏകദേശം ഒരു ഊഹം വച്ചു അങ്ങ് പോയി. വഴി തെറ്റിയില്ല കറക്ട് സ്വിട്സര്ലാണ്ടിൽ എത്തി. മാരക വൈബ് സ്ഥലം, ഒരു മനുഷ്യൻ പോലും ഇല്ല. കോട ഇങ്ങനെ വരുന്നു പോവുന്നു. പാട്ടൊക്കെ കേട്ട് കുറച്ചു നേരം അങ്ങനെ അവിടെ നിന്നു. അവിടെ നിന്നാണ് ഞങ്ങൾ മറ്റൊരു കാഴ്ച കണ്ടത്. അങ്ങ് താഴെ ഒരു വെള്ളച്ചാട്ടം. എന്തായാലും ഇവിടെ വരെ വന്നതല്ലേ അവിടെ കൂടെ കണ്ടിട്ട് പോവാം എന്ന് കരുതി. ആ തീരുമാനം വളരെ മികച്ച തീരുമാനം ആയിരുന്നു.

അങ്ങനെ ആ വെള്ളച്ചാട്ടത്തിലേക്ക് പോകാൻ വഴി തപ്പി കൊറേ നടന്നു. പിന്നെ ഞങ്ങൾ മനസിലാക്കി അങ്ങോട്ട് പോവാൻ വഴി ഇല്ല എന്ന്. പിന്നെ രണ്ടും കൽപിച്ചു വഴി ഉണ്ടാക്കി നടക്കാൻ തുടങ്ങി. കുറച്ചങ് നടന്നപ്പോൾ ആണ് അങ്ങ് ദൂരെ ആ വെള്ളച്ചാട്ടത്തിന്റെ dead end എന്ന് പറയുന്നത് മറ്റൊരു മാരക വെള്ളച്ചാട്ടം ആണെന്ന് മനസിലായത്. അതിന്റെ ഭംഗി അങ്ങ് മുകളിൽ നിന്ന് കാണുമ്പോൾ തന്നെ നമുക്ക് മനസിലാവുമായിരുന്നു. ഞങ്ങളെകാളും ഉയരം കൂടിയ പുല്ലുകൾ വകഞ് മാറ്റി ഞങ്ങൾ താഴേക്ക് നടന്നു. മുന്നിൽ എന്താണെന്നോ, വല്ല ജീവികൾ ഉണ്ടാവുമോ എന്നൊന്നും അറിയാതെ.

പകുതി എത്തിയപ്പോ ശരിക്കും പെട്ട അവസ്ഥ ആയി ഒന്നും കാണുന്നില്ല. കൊടും കാട് മാത്രം. പിന്നെയും ഒന്നും നോക്കാതെ അങ്ങ് നടന്നു. ഒരു വിധത്തിൽ ഞങ്ങൾ താഴെ എത്തി. അപ്പോൾ അനുഭവിച്ച ഒരു സന്തോഷം പറഞ്ഞ അറിയിക്കാൻ കഴിയില്ല. അവിടെ നിന്ന് പുറകോട്ട് നോക്കിയപ്പോൾ ആണ് എത്ര ദൂരം ആണ് ഇങ്ങനെ വന്നത് എന്ന് മനസിലായത്. ഇതിനി തിരിച്ചും കേറാൻ എത്ര ടൈം എടുക്കുമോ ആവൊ.

അവിടെ നിന്ന് ആദ്യം ഞങ്ങൾ പോയത് മുകളിൽ നിന്ന് കണ്ട വെള്ളചാട്ടത്തിലേക്കായിരുന്നു. അത്യാവശ്യം നല്ല ഓഫ് റോഡ് ആയിരുന്നു. ഒരു വിധത്തിൽ മരത്തിന്റെ വേരെല്ലാം പിടിച്ചു വെള്ളച്ചാട്ടം വരെ എത്തി. സന്തോഷം സന്തോഷം സന്തോഷം. ഞങ്ങളുടെ പ്രധാന ലക്‌ഷ്യം ഇതായിരുന്നില്ല, ഇതിന്റെ dead end ആയിരുന്നു. അങ്ങനെ ഞങ്ങൾ അങ്ങോട്ട് തിരിച്ചു. വെള്ളത്തിൽ കൂടെ തന്നെ ഇങ്ങനെ പോകുമ്പോ ഓരോ സ്ഥലവും അതിമനോഹരം ആയിരുന്നു. അങ്ങനെ ത്രില്ലടിച്ചു മുന്നോട്ട് മുന്നോട്ട് നടന്നു.

Finally ഞങൾ അവടെ എത്തി. വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്ത അതിമനോഹരമായ ഒരിടം. ആരും അധികം എത്തിപ്പെടാൻ സാധ്യതയില്ലാത്ത, മനുഷ്യസ്പർശം ഇല്ലാത്ത ഒരു സ്ഥലം. നല്ല തെളിഞ്ഞ വെള്ളം, കാടിന്റേം വെള്ളത്തിൻറേം ശബ്ദം മാത്രം. എത്ര നേരം നോക്കിനിന്നാലും മടുപ്പ് തോന്നാത്ത ഒരിടം. താഴേക്ക് അതി ഭീകരമായ ഗർത്തം. അറ്റത്ത് ഒരു മരം. ആ മരത്തിനു ഒരു പ്രത്യേക ഭംഗി ആയിരുന്നു.

ഒരുപാട് നേരം അവിടെ നിന്നെങ്കിലും അവിടെ നിന്ന് തിരിച്ചു പോരാൻ തോന്നുന്നില്ലായിന്നു. അപ്പോൾ ഒരു മഴയും അങ്ങ് പെയ്തു. പിന്നെ പറയണ്ടല്ലോ, മാരക വൈബ്. നേരം വൈകി തിരിച്ചു കേറാൻ സമയം ആയി. ഒരുപാട് ദൂരം കുത്തനെ പുല്ലിൽ കൂടെ കേറണം. അങ്ങനെ മനസില്ലാ മനസോടെ ഞങ്ങൾ തിരിച്ചു കേറി തുടങ്ങി. മുളകിൽ എത്തിയപ്പോഴേക്കും സന്ധ്യ ആയിരുന്നു. ഏറ്റവും മുകളിൽ കയറി ഞങ്ങൾ താഴെയുള്ള ആ സ്വർഗ്ഗം ഒരുപാട് നേരം നോക്കി നിന്നു. ഇനിയുമൊരിക്കൽ കൂടി തിരിച്ചു വരുമോ എന്ന സംശയത്തോടെ, പ്രതീക്ഷയോടെ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.