നമ്മുടെയൊക്കെ ജീവനും കൈയ്യിൽ പിടിച്ച് നാടും നഗരവും എന്നില്ലാതെ ശരവേഗത്തിൽ പാഞ്ഞു നടക്കുന്ന ആംബുലൻസുകളിലെ ഡ്രൈവർമാരെക്കുറിച്ച് നമുക്കറിയുമോ, അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിട്ടുണ്ടോ? 10 മിനിറ്റു മുമ്പേ എത്തിച്ചിരുന്നേൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടർമാർ വിധിയെഴുതി കൈവിടുമ്പോൾ, ഒരിക്കൽ പോലും ആ അവസ്ഥ തങ്ങളാൽ വരരുതെന്നോർത്ത് സ്വന്തം ജീവൻ പോലും മറന്ന്, തിരക്കേറിയ റോഡുകളിലൂടെ മിന്നൽ വേഗത്തിൽ പാഞ്ഞു പോകുന്ന ആംബുലൻസുകൾ നമുക്ക് കൗതുകങ്ങൾ മാത്രമാണ്. ഒരിക്കൽ പോലും ആ വാഹനം ഓടിക്കുന്ന വ്യക്തിയെ കുറിച്ചോ അവരുടെ മാനസികാവസ്ഥയെക്കുറിച്ചോ നമ്മൾ ചർച്ച ചെയ്തിട്ടില്ല.

ഞരമ്പുകളിൽ രക്തത്തിനു പകരം കാമത്തിന്റെ അതിപ്രസരമുള്ള എതോ ഒരു നരാധമൻ ചെയ്ത തെറ്റിന് മുഴുവൻ ആംബുലൻസ് ജീവനക്കാരെയും പഴിക്കുമ്പോൾ, നാം ചിന്തിക്കാൻ മറക്കുന്ന കുറച്ച്കാര്യങ്ങൾ ഉണ്ട്. അവർക്കും ഒരു മനസ്സുണ്ട്. ആ മനസ്സിൽ തന്നെ കുറിച്ചും, തന്റെ കുടുംബത്തിനെ കുറിച്ചുമുള്ള വേവലാതികളുണ്ട്. തുച്ഛമായ വേതനത്തിന് സ്വന്തം ജീവനും ജീവിതവും മറന്ന്, നാടോ നഗരമോ, രാത്രിയോ പകലോ എന്നില്ലാതെ ഓടി നടക്കുന്ന ഇവരെ എന്ത് പേര് പറഞ്ഞു വിശേഷിപ്പിക്കും?

ആംബുലൻസ് ഡ്രൈവർ രോഗിയെ പീഡിപ്പിച്ചു എന്ന ഒറ്റവരി വാർത്തയിൽ നമ്മൾ മാറ്റി നിർത്തിയത് ഇവരെ കൂടിയാണെന്നോർക്കണം. അത് ഒരേ ഒരാളാണ്. ആ ഒരാൾ നമുക്കിടയിലൊക്കെയുണ്ട്. മാനസ്സീക വൈകല്യമുള്ള അത്തരക്കാരെ മാറ്റി നിർത്തി ഉചിതമായ ശിക്ഷ വാങ്ങി കൊടുക്കേണ്ടത് നമ്മളാണ്. അല്ലാതെ ഒരു കൂട്ടത്തെ മുഴുവനായ് ഒറ്റപ്പെടുത്തുകയല്ല വേണ്ടത്.

ജനിച്ചു വീണ സ്വന്തം കുഞ്ഞിന്റെ മുഖമൊന്നു കാണാൻ പറ്റാതിരുന്നതും, രോഗം പരത്തുന്നു എന്ന വ്യാജ വാർത്തയെ തുടർന്ന്, കൈ നീട്ടിയപ്പോൾ ആഹാരം നിഷേധിച്ചതും, വേതനത്തിന് ഓഫീസ് വരാന്തകൾ കയറി ഇറങ്ങേണ്ടി വന്നതും ഇവരുടെ ചില കഥകൾ മാത്രം. ഏത് പ്രതിസന്ധിയിലായാലും 108 ലേക്ക് വിളിക്കുന്ന നമുക്കെല്ലാം ഒരു പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ കൈവിടാതെ ദൈവദൂതനെ പോലെ പാഞ്ഞെത്തി, വാരിയെടുത്ത് ആശുപത്രികളിലേക്ക് കുതിക്കുമ്പോൾ ആ ഡ്രൈവറാൽ പാലിക്കപ്പെടുന്നത് മനുഷ്യത്വം എന്ന കടമ കൂടിയാണ്.

ഇത്തരം വാർത്തകളിൽ ഒരു കൂട്ടത്തെ മുഴുവനായും അടച്ചാക്ഷേപിക്കുമ്പോൾ നമുക്കില്ലാതെ പോകുന്നതും അതൊക്കെ തന്നെയാണ്. ചിലർക്ക് ദൈവങ്ങളും ചിലർക്ക് മാലാഖമാരും ആവാൻ കഴിയുന്നുവെങ്കിൽ തീർച്ചയായും ഇവരെ വിശേഷിപ്പിക്കേണ്ടത് ദൈവദൂതർ എന്നു തന്നെയാണ്. എത് മഹാമാരി വന്നാലും നമ്മുടെയൊക്കെ ജീവന്റെ വളയം കാക്കുന്ന ഇവരെ വേറെന്ത് പേരിൽ വിളിക്കാൻ പറ്റും?

കടപ്പാട് – സജീഷ് ഉണ്ണി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.