വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

നിങ്ങൾ ഒരു ബിരിയാണി പ്രിയനാണോ? എങ്കിൽ നേരെ വിട്ടോളു തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക്. അവിടെയുള്ള ഒരേ ഒരു റെസ്റ്റോറന്റായ ഫ്രാങ്ക്സ്ട്രീറ്റിലേക്ക് നാലാം നമ്പർ ഗേറ്റ് വഴി കടന്നു ചെല്ലുക. 190 രൂപ വിലയുള്ള ഒരു നീൽസ് അമ്പൂര്‍ ചിക്കൻ ബിരിയാണി പറയുക. മൃഷ്ടാന്നം തട്ടുക. ജീരകശാല അരിയിൽ തയ്യാറാക്കുന്ന ഓരോ ബിരിയാണി ചോറും നൊട്ടി നുണയുക. അതിലെ കത്തിരിക്ക കറിയൊക്കെ തട്ടി തട്ടികേറ്റുക.

മായമില്ല കപടമില്ല. ഡാൽഡയുടെ ഒരു തുള്ളി അംശമില്ല. ഒട്ടി പിടിക്കുന്ന നെയ്യുടെ അതിപ്രസരമില്ല. സംത്യപ്തിയോടെ ഇറങ്ങുക. അടുത്ത ദിവസം അതേ സമയം ആ രുചി നിങ്ങളെ വീണ്ടും മാടി വിളിക്കുന്നുണ്ടാവും. Authentic അമ്പൂര്‍ ബിരിയാണിയുമാണ് ഫ്രാങ്ക്സ്ട്രീറ്റിന്റെ വരവ്. Authentic എന്ന് എടുത്ത്പറയാൻ കാര്യം അമ്പൂരിൽ 25 വർഷമായി അമ്പൂര്‍ ബിരിയാണി ഉണ്ടാക്കി കൈ തഴക്കംവന്ന അസ്ക്കർ ബാഷ എന്ന അമ്പൂര്‍ സ്വദേശിയാണ് ഇതിന്റെ ഷെഫ്.

എരിവ് അങ്ങനെ എടുത്ത് പറയാനില്ല. പിന്നെ മുട്ട ഉണ്ട്. അത്ര വരണ്ടതല്ല. ഇതൊക്കെയാണ് നീൽസ് ആമ്പൂറിനെ സാധാരണ അമ്പൂര്‍ ബിരിയാണിയിൽ നിന്ന് വേർതിരിച്ച് നിർത്തുന്ന ഘടകങ്ങൾ.

അമ്പൂര്‍ ബിരിയാണിയുടെ ചരിത്രം – ചരിത്രങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കു ഒന്ന് കണ്ണോടിക്കേണ്ടി വരും അമ്പൂര്‍ ബിരിയാണിയെപ്പറ്റി പറഞ്ഞു തുടങ്ങിയാൽ. ആർക്കോട്ട് നവാബിന്റെ തീൻമേശയിൽ മുൻപന്തിയിൽ സ്ഥാനം ഇടം പിടിച്ചിരുന്നു അമ്പൂര്‍ ബിരിയാണി. നവാബുമാർ തമിഴ്‌നാടിൽ എത്തിയപ്പോൾ അവർ അമ്പൂര്‍ ബിരിയാണി ഉണ്ടാക്കി ആദ്യമായി നൽകിയതും അവിടത്തെ രാജാവിനാണ്.

തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ഒരു പട്ടണമാണ് അമ്പൂര്‍. ബിരിയാണിയുടെ പേരിലാണ് ഈ സ്ഥലം ഇത്ര അറിയപ്പെടുന്നതും. ലോകത്തിൽ ഒരു കിലോമീറ്ററിനുള്ളിൽ ഏറ്റവും കൂടുതൽ ബിരിയാണി കടകൾ ഉള്ള ഒരു സ്ഥലം കൂടിയാണ് ഇത്. 1890 ൽ സ്റ്റാർ ഹോട്ടൽ എന്ന പേരിൽ ഒരു കൊച്ചു വീട്ടിൽ തുടങ്ങിയ കടയാണ് ഇവിടെ കൂടുതൽ പ്രശസ്തം.

അമ്പൂർ സ്റ്റാർ ബിരിയാണി എന്ന പേരിലാണ് ഇവിടത്തെ ബിരിയാണി അറിയപ്പെടുന്നത്. ഫൈവ് സ്റ്റാർ, റോയൽ സ്റ്റാർ തുടങ്ങി ഇതിന്റെ അപരന്മാർ വേറെയും ഉണ്ട്. സ്റ്റാർ ബിരിയാണിക്ക് ബ്രാഞ്ചുകൾ ചെന്നൈയിലും ബാംഗ്ലൂരിലും ഉണ്ട്. ഇറച്ചി തൈരില്‍ കുതിര്‍ത്ത് വച്ച ശേഷമാണ് പാചകം എന്ന പ്രത്യേകത ഉള്ള ഈ ബിരിയാണി അതിന്റെ authentic ഭാവത്തിൽ തന്നെ Frankztreat അനന്തപുരിയിൽ എത്തിച്ചിരിക്കുകയാണ്.

FrankZtreat വന്ന വഴികൾ – FrankZtreat എന്ന പേരിൽ തന്നെയുണ്ട് ഒരു കൗതുകം. sausages എന്ന അർത്ഥം വരുന്നു ഫ്രാങ്ക്‌സും അത് കൊടുത്തുള്ള ട്രീറ്റും, ഇത് രണ്ടും ചേർന്നാണ് FrankZtreat. 2017 ഓഗസ്റ്റ് മാസത്തിലാണ് തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഫ്രാങ്കസ്ട്രീറ്റിന്റെ കടന്നു വരവ്. അതിനു മുൻപായി 2014 RP മാൾ കൊല്ലത്തായിരുന്നു ആദ്യ ബ്രാഞ്ചിന്റെ തുടക്കം.

ഫ്രാങ്കസ്ട്രീറ്റിന്റെ ഉടമസ്ഥനായ ശ്യാം ശശിധരൻറെ ഒരു അമേരിക്കൻ സുഹൃത്തിന് ഇന്ത്യയിൽ ഒരു വർഷം താമസിക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ചൈനയിൽ അമേരിക്കൻ ഭക്ഷണം ഒരു റെസ്റ്റോറന്റിൽ ഉണ്ടാക്കി തഴക്കം വന്ന ആ വനിത ഷെഫിൽ നിന്ന് രുചിയുടെ പുതിയ സ്വാദു അറിയിച്ചു കൊണ്ടായിരുന്നു RP മാളിൽ ഫ്രാങ്കസ്ട്രീറ്റിന്റെ നാൾ വഴികൾക്കു തുടക്കം കുറിച്ചത്.

ഇന്നും ആ റെസിപ്പി തന്നെയാണ് അവർ പിന്തുടരുന്നതും. മൂന്നാമത്തെ ബ്രാഞ്ച് കൊല്ലം ചെങ്കോട്ട ഹൈവേയിൽ കിളികൊള്ളൂർ റെയിൽവേ സ്റ്റേഷന് എതിരേയായി 2018 ൽ തുടങ്ങി. വരുന്ന ഫെബ്രുവരിയിൽ കുറവൻകോണത്തും വരാനുള്ള തയ്യാറെടുപ്പിലാണ് FrankZtreat. അതും ഭക്ഷണപ്രേമികൾക്ക് ഒരു വിരുന്നായിരിക്കുമെന്നതിൽ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.