വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).
ഒരു രാത്രി സമയമാണ് ഇവിടെ എത്തിയത്. കാട്ടാക്കടയിലെ പ്ലാവൂരിലെ അമ്മാസ് കഫേയിൽ. ബീഫ് പെരട്ട് കഴിഞ്ഞിരുന്നു, സാധാരണ രാവിലെയാണ് ബീഫ് പെരട്ട്. ബീഫ് ഫ്രൈ (₹70) പറഞ്ഞു. കൂടെ അകമ്പടിക്കായി പെറോട്ടയും (₹ 7) ബീഫ് കൊള്ളാം, പതിരില്ലാത്ത നാട്ടുമ്പുറത്തിന്റെ രുചി.
നല്ല ഫ്രഷ് ചിക്കൻ ഫ്രൈ ലൈവ് ആയി പൊരിക്കുന്നുണ്ട്. പലരും വാങ്ങിച്ച് കഴിക്കുന്നുമുണ്ട്. മണം അടിച്ചപ്പോൾ പിടി വിട്ടു പോയി. ഒരു ഹാഫ് ചിക്കൻ ഫ്രൈ (₹ 70 – ഫുൾ ₹ 120 ആണ്) കൂടി ഓർഡർ ചെയ്തു. അധികം താമസിയാതെ തന്നെ സംഭവം മുന്നിൽ എത്തി. അടിപൊളി ചിക്കൻ ഫ്രൈ. ആ ചിക്കൻ ഫ്രൈ ഓർത്താൽ വായിൽ ഇപ്പോഴും കപ്പലോടും. അമ്മാതിരി രുചി. ബീഫ് ഫ്രൈ പോലെ തന്നെ ഇവിടത്തെ ചിക്കൻ ഫ്രൈയും പൊളിയാണെന്നു മനസ്സിലായി. ഹാഫ് ആണെങ്കിലും നല്ല ക്വാണ്ടിറ്റി ഉണ്ടായിരുന്നു. മില്ലിൽ ആട്ടിയ വിലയുള്ള വെളിച്ചെണ്ണയാണ് ഇവിടെ ഉപയോഗിക്കുന്നത്. ആ ഗുണം ഫ്രൈയിൽ കാണാനുമുണ്ട്.
നാടൻ കടയിൽ വന്നിട്ട് ദോശയും (₹ 4) ചമ്മന്തിയും മുളക് കറിയും ഉള്ളപ്പോൾ അതു കഴിക്കാതെ പോകുന്നതെങ്ങനെ. അതും കൂടി വാങ്ങിച്ച് ഒരു പിടി പിടിച്ചപ്പോൾ സമ്പൂർണമായി. എല്ലാം അടിപൊളി. പ്രത്യേകിച്ച് പഴയ കാലത്തെ മലയാളത്തിലെ മണ്ണിന്റെ മണമുള്ള ഗാനങ്ങൾ കേട്ട് കഴിക്കുമ്പോഴുള്ള ആ സുഖം. ഇവിടത്തെ കോഫിയും എടുത്തു പറയേണ്ടത് തന്നെയാണ്. സൊസൈറ്റിയിലെ പാൽ ആണ് ഉപയോഗിക്കുന്നത്. പാലിൽ വെള്ളം ചേർക്കുന്നില്ല. അതാണിത്ര രുചി.
ഊണ് മുതൽ ചിക്കൻ, ബീഫ് വിഭവങ്ങളെല്ലാം വിറകടുപ്പിലാണ്. പെറോട്ട, ദോശ, ചായ ഇതിനു മാത്രമേ ഗ്യാസ് ഉപയോഗിക്കുന്നുള്ളൂ. 16 പേർക്ക് ഇരിക്കാവുന്ന കൊച്ചു കടയാണെങ്കിലും ഫാമിലി ആയിട്ടും ആൾക്കാർ വരുന്നുണ്ട്. പാഴ്സലും ധാരാളം പോകുന്നുണ്ട്. സർവീസ് എല്ലാം നല്ലതായിരുന്നു. ബീഫ് ഫ്രൈ, ബീഫ് പെരട്ടു, ചിക്കൻ പെരട്ടു, ചിക്കൻ ഫ്രൈ, ദോശ, പെറോട്ട, ചപ്പാത്തി ഇവയൊക്കയാണ് ഇവിടത്തെ രുചികൾ.
മഹേഷ് എന്ന ചെറുപ്പക്കാരനാണ് അമ്മാസ് കഫേയുടെ ഉടമസ്ഥൻ. 1997 മുതൽ ഹോട്ടലുകളുമായി ബന്ധപ്പെട്ട ജോലിയിൽ ആയിരുന്നു മഹേഷ്. ആസാദ് ഉൾപ്പെടെ പല ഹോട്ടലുകളിലും ജോലി ചെയ്തു. 2005 തൊട്ടു 2011 വരെയുള്ള കാലയളവിൽ മസ്‌ക്കറ്റിലും ദുബായിലുമായിരുന്നു ജോലി. മസ്‌ക്കറ്റിൽ ആയിരുന്നപ്പോഴും ചെയ്ത് പഠിച്ച ഹോട്ടൽ ജോലി കളഞ്ഞില്ല. അങ്ങനെ വർഷങ്ങളുടെ കൈത്തഴക്കം വന്ന പരിചയവുമായാണ് 2011 ൽ പ്ലാവൂർ അമ്മാസ് കഫേ തുടങ്ങിയത്. ഒപ്പം തന്നെ കല്യാണത്തിനുള്ള സദ്യയുടെ കാറ്ററിങ്ങും ചെയ്ത് പോരുന്നു. അച്ഛനായ ശ്രീ വിക്രമൻ ചേട്ടനെ ഹോട്ടൽ മേഖലയിലോട്ടു മകൻ കൈ പിടിച്ചു കൊണ്ടു വന്നു. അച്ഛനും തന്റെ വഴി മോശമാക്കിയില്ല.
വളരെ നല്ല സംസാരവും പെരുമാറ്റവുമാണ് അദ്ദേഹത്തിൽ നിന്ന് നമ്മൾക്ക് അനുഭവപ്പെട്ടത്. 6 മാസമായി പ്ലാവൂരിൽ, അദ്ദേഹം ആണ് കാര്യങ്ങൾ എല്ലാം നോക്കി നടത്തുന്നത്. മകൻ മഹേഷ് അമ്മാസ് കഫേയുടെ രുചി പഴവങ്ങാടിയിലോട്ടും വ്യാപിപ്പിച്ചു. പഴവങ്ങാടി ക്ഷേത്രത്തിൽ നിന്ന് തകരപ്പറമ്പ് പോകുന്ന വഴി. 2 ഹോട്ടലുകൾ അടുത്തടുത്തായി കാണാം. അമ്മാസ് കഫേ (ജനുവരി 2019 ൽ തുടങ്ങി), രുചിക്കൂട്ട് (ജൂലൈ 4 2019 നു തുടങ്ങി). മഹേഷിന്റെയും മഹേഷിന്റെ ബന്ധുവായ ചേട്ടന്റെയും ഉടമസ്ഥതതയിൽ ആണ് ഈ കടകൾ ഉള്ളത്.
Seating Capacity: 16, Timings: 7:30 AM to 10:00 PM, Sunday Holiday. Address : Ammas Caffe, Kattakada – Ottasekharamangalam Road, Plavoor, Kulathummal, Kerala 695572, Phone 9656965303.