വിവരണം – ഡോ. മിത്ര സതീഷ്.
അമൃത്സർ ഒരു അനുഭവമാണ്. “അനുഭവിച്ച് തന്നെ അറിയേണ്ട അനുഭവം”. എങ്കിലും അവിടെ കണ്ടതും കേട്ടതുമായ കുറച്ചു കാര്യങ്ങൾ നിങ്ങളോട് പങ്ക് വെക്കാൻ ഒരു ശ്രമം നടത്തുന്നു.
2020 വർഷം ആരംഭിച്ചിട്ട് തിരക്ക് കാരണം എങ്ങോട്ടും പോകാൻ സമയം കിട്ടാതെ വീർപ്പുമുട്ടി ഇരിക്കുമ്പോഴാണ് ആ സന്തോഷ വാർത്ത അറിയുന്നത്. ഒരാഴ്ച ഡൽഹിയിൽ ട്രെയിനിംഗിനു തിരഞ്ഞെടുക്കപ്പെട്ടു എന്ന്. പക്ഷേ ട്രെയിനിംഗ് നു മുമ്പ് ആകെ ഒരു ദിവസം ലീവ് ഒള്ളൂ. അത് കൊണ്ട് അമൃത്സർ പോയി ഗോൾഡൺ ടെമ്പിൾ മറ്റും കാണാം എന്ന് തീരുമാനിച്ചു.
ശനിയാഴ്ച കോളേജ് കഴിഞ്ഞ് രാത്രി 7.30 നു ഉള്ള ഫ്ലൈറ്റിൽ ഡൽഹി ക്ക് പോയി. അവിടെ ഒരു മുറിയെടുത്ത് 4 മണിക്കൂർ വിശ്രമിച്ച്, കുളിച്ച് തയ്യാറായി രാവിലെ 5.30 ക്ക് ഒള്ള ഫ്ലൈറ്റിൽ അമൃത്സർ പുറപെട്ടു. ഒരു മണിക്കൂർ ഉള്ളിൽ അമൃത്സറിലേ കോച്ചുന്ന തണുപ്പിൽ ചെന്നിറങ്ങി. അവിടുന്ന് 50 രൂപക്ക് ഒരു ഷേയർ ഓട്ടോ പിടിച്ച് ടൗണിൽ എത്തി. അവിടുന്ന് ഒരു കിലോമീറ്റർ നടന്നാൽ ഗോൾഡൺ ടെമ്പിൾ എത്തുമെന്ന് ഓട്ടോക്കാരൻ പറഞ്ഞു.
ഞാൻ നടപ്പ് തുടങ്ങി. ഓരോ കാഴ്ചകൾ കാണുമ്പോഴും ഇത് ഇന്ത്യ തന്നെയാണോ എന്ന് ചോദിച്ചു പോകും. അത്ര വൃത്തിയും മനോഹരവുമായ ഇന്റർലോക്ക് പാകിയ പാതകൾ, ഇരു വശത്തും പഴയ കൊളോണിയൽ സ്റ്റൈൽ വഴിവിളക്കുകൾ, അതിൽ നിന്നും തൂങ്ങി കിടക്കുന്ന പൂച്ചട്ടികളും , മനോഹരമായ പൂക്കളും, ചെങ്കൽ വർണ്ണത്തിലുള്ള കെട്ടിടങ്ങൾ, കൂറ്റൻ പ്രതിമകൾ. എല്ലാം വിസ്മയ കാഴ്ചകൾ ആയിരുന്നു. ഒരു സ്ത്രീയും അവരുടെ കുഞ്ഞു മകളും തണുപ്പത്ത് റോഡ് അരികിൽ തീ കഞ്ഞിരിക്കുന്നത് കണ്ടപ്പോൾ ഒരു നൊമ്പരം തോന്നി.
20 മിനിറ്റ് നടന്ന് ഞാൻ ടെമ്പിൾ അടുത്തെത്തി. 24 മണിക്കൂർ തുറന്നിരിക്കുന്ന സൗജന്യ ലോക്കറിൽ ബാഗ് വെച്ചിട്ട്, അടുത്തുള്ള ഷൂ കൗണ്ടറിൽ ഷൂ കൊടുത്ത്, ടോക്കൺ വാങ്ങി ടെമ്പിൾ അടുത്തേക്ക് പോയി. ഷൂ കൗണ്ടറിൽ നിന്ന സർദാർജി ഗ്ലൗസ് ഒന്നും ഇടതെയാണ് ചെരിപ്പ് വാങ്ങി വെക്കുന്നത്. ഒന്നിനോടും അയിത്തം ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പ്രവർത്തി. ഒരു ചെറിയ ചാലിലൂടെ വെള്ളം ഒഴുക്കുന്നു. വെള്ളത്തിൽ കാലു കഴുകി വേണം ഉള്ളിൽ കയറാൻ. നേരെ നടന്നതും സ്വർണം പൂശിയ ഗോൾഡൺ ടെമ്പിൾ കണ്ടു.
വിശ്വപ്രസിദ്ധമായ സിക്കുകാരുടെ മക്ക. ഇത് സ്ഥിതി ചെയ്യുന്നത് മനുഷ്യ നിർമ്മിതമായ അമൃത് സരോവരിന്റെ ഒത്ത നടുവിലാണ്. മൂന്ന് നിലയുള്ള അമ്പലത്തിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങിയിട്ടാണുള്ളത്. ഇവിടത്തെ പ്രതിഷ്ഠ ഗുരുഗ്രന്ഥസാഹിബ് ആണ്. അതേ പുണ്യ ഗ്രന്ഥത്തെയാണ് അവർ എല്ലാ ഗുരുദ്വാരയിലും ആരാധിക്കുന്നത്. പത്താമത്തെ ഗുരുവിന്റെ നിർദ്ദേശപ്രകാരമാണ് പതിനൊന്നാമത്തെ ഗുരുവായി ഗ്രന്ഥത്തെ തിരഞ്ഞെടുത്തത്.
ഞാൻ മനോഹര ദൃശ്യം പകർത്തികൊണ്ട് നിന്നപ്പോൾ ഒരു കാവൽക്കാരൻ സർദാർജി എന്നെ ഫോട്ടോ എടുക്കരുത് എന്ന് എഴുതിയിട്ടുള്ള ബോർഡ് കാണിച്ചു തന്നു. പുള്ളി കുറച്ചങ്ങോട്ട് നീങ്ങിയതും ഞാൻ 1-2 പടം കൂടി എടുക്കാമെന്ന് വിചാരിച്ചു. നോക്കിയപ്പോൾ കുന്തം പിടിച്ച ആ അതികായനായ സർദാർജി ഓടി കൊണ്ട് വരുന്നു. പണി കിട്ടി എന്ന് കരുതി നിക്കുമ്പോൾ പുള്ളി അടുത്ത് വന്നു ബ്രേക്ക് ഇട്ട് നിന്നു. രണ്ടു കൈയും കൂപ്പി ഫോട്ടോ എടുക്കരുത് എന്ന് വീണ്ടും പറഞ്ഞു. ആകെ ചമ്മി! വേഗം ഞാൻ അവിടുന്ന് മാറി.
കുറച്ച് അപ്പുറത്ത് നീങ്ങിയപ്പോൾ നല്ല ഭംഗിയുള്ള കാഴ്ച്ച. ഉദിച്ചു വരുന്ന സൂര്യന്റെ പ്രഭയിൽ തിളങ്ങുന്ന ഗുരുദ്വാര. നോക്കുമ്പോൾ ചിലരൊക്കെ പടം പിടിക്കുന്നു. അവിടെ നിന്ന കാവൽക്കാരൻ അത്ര കണിശക്കാരനല്ല. ഞാനും പിടിച്ചു മതി ആകുവോളം പടങ്ങൾ. അമൃത് സരോവർ നിറയെ നല്ല ചന്തമുള്ള ഓറഞ്ച്, വെള്ള, കറുപ്പ് മത്സ്യങ്ങൾ നീന്തി നടന്നു. ഇൗ തടാകത്തിൽ മുങ്ങിക്കുളിച്ചു ആണ് വിശ്വാസികൾ ഗുരുദ്വാരയിൽ പ്രവേശിക്കുന്നത്. അതിനു പ്രത്യേക കുളിക്കടവും അവിടെ തന്നെയുണ്ട്.
ഉള്ളിൽ കയറാൻ പോയപ്പോഴാണ് കണ്ടത് തൃശൂർ പൂരത്തിന്റെ ആളുകൾ ഒണ്ട്. ഞായറാഴ്ച തിരക്കുള്ള ദിവസമാണ്. അത് കൂടാതെ അന്ന് ഇവരുടെ ഒരു ഗുരുവിന്റെ ജന്മദിനവും. തൊഴുത് ഇറങ്ങാൻ മൂന്ന് മണിക്കൂർ എങ്കിലും പിടിക്കും എന്നറിഞ്ഞപ്പോൾ ഞാൻ പിൻവാങ്ങി. പുറത്ത് നിന്ന് നമസ്കരിച്ചു ഞാൻ കാഴ്ചകൾ കാണാൻ ഇറങ്ങി.
തടാകത്തിനു ചുറ്റും മാർബിൾ പാകിയ നടപ്പാതയിൽ ചുവന്ന കാർപെറ്റ് വിരിച്ചിട്ടുണ്ട്. വെയിലത്ത് ആൾക്കാർക്ക് നടക്കാൻ വേണ്ടി. നടപ്പാതയ്ക് ചുറ്റുമുള്ള കെട്ടിടങ്ങളിൽ ആണ് ഗുരു ദ്വാരയുമായി ബന്ധപ്പെട്ട ഓഫീസ് പ്രവർത്തിക്കുന്നത്.
അവിടെ ഒരു സർദാർജി വാളുമായി നിൽക്കുന്നു. ഞാൻ പതുക്കെ പുള്ളിയോട് ചെന്ന് ഈ വാൾ എന്തിനാണ് കൊണ്ട് നടക്കുന്നത് എന്ന് ചോദിച്ചതും പുള്ളി എനിക്ക് ഒരു രസകരമായ ക്ലാസ്സ് എടുത്തു തന്നു സിക്കിസത്തെ പറ്റി. പതിനാലാം നൂറ്റാണ്ടിൽ ജാതി വ്യവസ്ഥയിൽ മനം നൊന്ത ഗുരു നാനാക്ക് പുതിയ ഒരു കൂട്ടായ്മക്ക് രൂപം കൊടുത്തു. ജാതി, മത, ലിംഗ ഭേദമന്യേ എല്ലാവരെയും ഒന്നായി കാണുന്ന ഒരു മതം. അതാണ് സിക്കിസം.
വർഷങ്ങൾ പിന്നിട്ടപ്പോൾ അനുയായികൾ വർദ്ധിച്ചു വരുന്നതിൽ അസ്വസ്ഥനായ മുഗൾ രാജാവ് അഞ്ചാമത്തെ ഗുരുവായ അർജുൻ സിങിനെ പീഡിപ്പിച്ചു കൊന്നു. ആറാമത്തെ ഗുരു അതോടെ രണ്ടു വാളുകൾ സ്വീകരിച്ചു – പീരി ( ദൈവീക ശക്തി) , മീരി ( മാനുഷിക ശക്തി). അന്ന് മുതലാണ് സിക്കുകർ യുദ്ധമുറകളിലും പ്രാവീണ്യം നേടാൻ തുടങ്ങിയത്. മുഗൾ വംശത്തിനെത്തിരെ പല യുദ്ധവും അതിനു ശേഷം ഇവർ ജയിക്കുകയും ചെയ്തു.
പത്താമത്തെ ഗുരുവായ ഗോവിന്ദ് സിംഗ് സിഖുകാരുടെ ഇടയിൽ ബാപ്റ്റ്റിസം കൊണ്ട് വന്നു. അങ്ങനെയുള്ള സിക്കുകാരെ( സ്ത്രീ/ പുരുഷൻ) ഖൽസ എന്നാണ് വിളിക്കുന്നത്. പുരുഷൻ സിംഗ് എന്നും സ്ത്രീയെ കൗർ എന്നും വിളിക്കും. അവരുടെ പക്കൽ 5 കാര്യങ്ങൽ എപ്പോഴും കാണണം – കേഷ് ( വെട്ടാത്ത മുടി), കാങ്ങ(ചീപ്പ്), കാച (മുട്ടോളം വരുന്ന നിക്കർ), കാര (ഇരുമ്പ് വള), കിർപൻ (വാൾ). മുടിയും താടിയും അവർ വെട്ടില്ല. അത് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെ പ്രതീകമാണ് പോലും. ഈ നീളൻ മുടി സൂക്ഷിക്കാനായി അവരു തലപ്പാവ് വെക്കുന്നു. വൃത്തി ഇവർക്ക് പരമ പ്രധാനമാണ്. അതാണ് ചീപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ വൃത്തി അവിടെ പ്രകടമായിരുന്നു. ലക്ഷകണക്കിന് തീർത്ഥാടകർ വന്നിട്ടും ഗുരു ദ്വാരയും ചുറ്റുമുള്ള പ്രദേശവും നല്ല വൃത്തിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. വാൾ സ്വയം രക്ഷക്കും ,അശരണരെ രക്ഷിക്കാനും ആണ് ഉപയോഗിക്കുന്നത്.
ഗുരുദ്വാരക്ക് പുറത്തേക്ക് നാല് ദിശയിലും വാതിലുണ്ട്. ഇതിൽ കൂടി ആർക്കും എപ്പോഴും പ്രവേശിക്കാം. എല്ലാ മനുഷ്യരും ഒന്നാണ് എന്ന് സിക്കിസം ഇവരെ പഠിപ്പിക്കുന്നു. വേറൊരു എടുത്ത് പറയേണ്ട കാര്യം സേവയാണ്. ഗുരു ദ്വാരക്ക് വേണ്ടി സേവ ചെയ്യുന്നത് പുണ്യമായി കരുതുന്നു. ഗുരു ദ്വാരയിൽ നൂറു കണക്കിന് ആളുകൾ സേവ ചെയ്യുന്നു. ഒരു രൂപ പോലും പ്രതിഫലം പറ്റാതെ. എന്നോടും പുള്ളി പറഞ്ഞു അടുക്കളയിൽ പോയി എന്തെങ്കിലും സേവ ചെയ്യാൻ.
ഞാൻ നേരെ അവരുടെ “ലങ്കാർ” എന്ന് വിളിപ്പേരുള്ള അടുക്കളയിലേക്ക് ചെന്നു. ഇൗ അടുക്കളയിലാണ് ആയിരങ്ങൾക്ക് ആഹാരം തയ്യാറാക്കുന്നത്. അവിടെ കണ്ട സർദർജിയോട് കാര്യം അവതരിപ്പിച്ചപ്പോൾ ഒരു കോണിപ്പടി കാണിച്ചിട്ട് ഒന്നാം നിലയിൽ ചെല്ലാൻ പറഞ്ഞു. ചെന്നു കയറിയത് വലിയൊരു ഹാളിൽ. 10-12 പേരടങ്ങുന്ന സ്ത്രീകൾ കൂട്ടമായിട്ടിരുന്നു പാചകം ചെയ്യുന്നു. എന്നെ ഒരു സർദാർജി മക്കി -കി – റൊട്ടി ഉണ്ടാക്കുന്ന ഗ്രൂപ്പിൽ കൊണ്ട് ചെന്നാക്കി.
കടലമാവ് കുഴച്ചു ചെറിയ കുന്നുപോലെ വെച്ചിരിക്കുന്നു. അതിൽ നിന്ന് കുറച്ച് എടുക്കുന്നു. മാവ് കൈയ്യിൽ വെച്ച് കൈ കൊട്ടുന്നു . നിമിഷ നേരം കൊണ്ട് ചപ്പാത്തി പോലെ പരന്ന സാധനം തയ്യാർ. അത് പിന്നെ ചുട്ട് എടുക്കണം. കൈ കൊട്ടി പരിപാടി എന്നേ കൊണ്ട് പറ്റില്ല. അതുകൊണ്ടു റൊട്ടി ചുടാൻ ചട്ടുകം എടുത്ത് ഒരു ചെറിയ സ്റ്റൂളിൽ ഇരിപ്പായി.
പഞ്ചാബി അമ്മച്ചി റൊട്ടി ചുടാൻ കല്ലിൽ ഇട്ടു. ഒരു കുമിള വന്നതും ആവേശത്തോടെ ഞാൻ മറിച്ചിടാൻ നോക്കി. അത് കല്ലിൽ നിന്ന് പൊന്നില്ല എന്ന് മാത്രമല്ല മൊത്തത്തിൽ വിണ്ടു കീറി. ആദ്യത്തെ “പ്ലിങ്”. ചമ്മി ഇരിക്കുമ്പോഴാണ് വേറൊരു അമ്മച്ചി കല്ലിൽ നോക്കി ബഹളം വെക്കുന്നത്. നോക്കുമ്പോ എന്റെ തൊട്ടടുത്ത ഉണ്ടായിരുന്ന റൊട്ടിയുടെ അടിയിൽ നിന്നും പുക വരുന്നു. അത് വേഗം മറിച്ചു. നോക്കുമ്പോൾ മനോഹരമായി കരിഞ്ഞു. അടുത്ത “പ്ലിങ്”.
പഞ്ചാബി അമ്മച്ചിക്കും കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. പിന്നെ അവരു ചൂണ്ടി കാണിക്കാൻ തുടങ്ങി. അവരു പറയുന്ന റൊട്ടി ഞാൻ മറിക്കും. ഒന്ന് മറിച്ച് കൈയെടുക്കുന്നതിന് മുമ്പ് അടുത്തത് മറിക്കണം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ കൈ കഴക്കൻ തുടങ്ങി. ഇരുമ്പ് ചട്ടുകത്തിന് കുറഞ്ഞത് ഒരു 300 ഗ്രാം ഭാരം കാണും. പതുക്കെ തടി തപ്പുന്നതാണ് ബുദ്ധി എന്ന് തോന്നി. പക്ഷേ അമ്മച്ചി ഒണ്ടോ വിടുന്നു. അവരു റൊട്ടി ഇട്ടോണ്ട് ഇരുന്നു. അവസാനം ഞാൻ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റ് അമ്മച്ചിക്ക് ചട്ടുകം സമ്മാനിച്ചിട് സ്ഥലം കാലിയാക്കി.
അടുത്ത ലക്ഷ്യം ലങ്കാർ ഭക്ഷണം കഴിക്കുക എന്നതായിരുന്നു. സർദാർജി പ്ലേറ്റ് വിതരണം ചെയ്യുന്നു. ഓടി പോയി പ്ലേറ്റ്, ഒരു വലിയ കിണ്ണം, സ്പൂൺ ഒക്കെ വാങ്ങി എല്ലാവരുടെയും കൂടെ നിലത്ത് വരിയിൽ ഇരുന്നു. ആദ്യം ചോറ് വിളമ്പി. നമ്മുടെ നെയ്‌ച്ചോറ് പോലൊരു ഐറ്റം. പിന്നെ വെള്ള സാധനം എല്ലാവരും കിണ്ണത്തിൽ വാങ്ങുന്നു. ഞാനും കിണ്ണം നീട്ടി. ഒരു വലിയ തവി കിട്ടി. ഇത് എന്താണ് എന്ന ഞാൻ ആശ്ചര്യത്തോടെ നോക്കുന്നത് കണ്ടപ്പോൾ പുള്ളി വിചാരിച്ചു എതോ ദാരിദ്ര്യം പിടിച്ച സാധനമാണെന്നു . കിണ്ണം പുള്ളിയങ്ങു നിറച്ചു. രുചിച്ചപ്പോ പായസം പോലെ ഒരു സാധനം. ഈശ്വരാ ജീവിതത്തിൽ ഇത്രയും പായസം ഒന്നിച്ച് കുടിച്ചിട്ടില്ല. തീർന്നില്ല അടുത്ത ഐറ്റം മാ കി ദാൽ എന്ന ഉഴുന്ന് പരിപ്പിന്റെ വിഭവം, പിന്നേ കടുകിന്റെ ഇല അരച്ച് ഉണ്ടാക്കുന്ന സർസോങ് കി സാഗ്.
പിന്നെയാണ് രസം. ഞാൻ ഉണ്ടാക്കാൻ സഹായിച്ച മക്കി കി റൊട്ടി കൊണ്ട് വരുന്നു. രണ്ടു കൈയും നീട്ടുമ്പോൾ കൈയ്യിൽ വെച്ച് തരും. ഞാൻ നോക്കുമ്പോ എന്റെ കൈയ്യിൽ വെച്ച് തന്നത് കരിഞ്ഞ മക്കി കി റൊട്ടി. ആര് കരിച്ചതാണ് എന്ന് എടുത്തു പറയണ്ടല്ലോ. എന്തായാലും വിതയ്ക്കുന്നത് കൊയ്യും, കൊയ്തു. എല്ലാം കുറേശ്ശെ രുചിച്ചപ്പോ തന്നെ വയർ നിറഞ്ഞു. പതുക്കെ എഴുനേൽക്കാൻ തുടങ്ങുമ്പോൾ അപ്പുറത്തെ സർദാർ പറഞ്ഞു ഇവിടെ ഒന്നും കളയാൻ പറ്റില്ല. വേറെ നിവർത്തിയൊന്നുമില്ല. രണ്ടും കല്പിച്ച് ഞാൻ അങ്ക തട്ടിൽ ഇറങ്ങി , കിട്ടിയത് മൊത്തം കാലിയാക്കി. അടുത്ത റൗണ്ട് ചപ്പാത്തി വരുന്നു. ഞാൻ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു. പ്ലേറ്റ് കഴുകാൻ പൈപ്പ് അന്വേഷിച്ചപ്പോൾ ഒരു സർദാർജി വന്ന് എച്ചിൽപാത്രം തട്ടിപറിച്ചോണ്ട് പോയി.പ്ലേറ്റ് കഴുകുന്നത് മുതൽ തൂക്കുന്നതും തുടക്കുന്നതും, പാചകം ചെയ്യുന്നതു എല്ലാം സേവ ആണ്.
അവിടുന്ന് ഇറങ്ങി ഷൂസ് തിരികെ വാങ്ങി ജാലിയൻ വാലാബാഗിലേക്കു നടന്നു. ഗുരുദ്വാരയുടെ തൊട്ടടുത്താണ് ഇത്. ചെറിയ ഇടനാഴിയിലൂടെ അകത്തേക്ക് കടക്കുമ്പോൾ മരണവെപ്രാളത്തിൽ ഓടിയ പാവം നിരപരാധികളുടെ നിലവിളി കാതിൽ മുഴങ്ങി കൊണ്ടിരുന്നു. അകത്ത് മൊത്തം അറ്റകുറ്റപ്പണികൾക്കായി പൊളിച്ചിട്ടിരിക്കുകയിരുന്നു. വേഗം തന്നെ പുറത്തിറങ്ങി.
പിന്നെ കാണാൻ ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു ഷാഹിദ് ഉദ്ധം സിംഗ് പ്രതിമ. ജാലിയൻ വാലാ കൂട്ടകൊല ക്ക് ഉത്തരവിട്ട അന്നത്തെ പഞ്ചാബ് ഗവർണ്ണർ റെണാൾഡ് ഡൈർ എന്ന സായിപ്പിനെ കൊല്ലാൻ പ്രതിജ്ഞ എടുത്ത ഇന്ത്യയുടെ ധീരനായ പുത്രൻ. തന്റെ പ്രതിജ്ഞ നിറവേറ്റാൻ 21 വർഷം ഡൈർനെ അന്വേഷിച്ചു നടന്നു, പിന്നീട് ഇംഗ്ലണ്ടിലേക്ക് കള്ള വണ്ടി കയറി ആയിരത്തി തൊള്ളായിരത്തി നാൽപ്പതിൽ ഇംഗ്ലണ്ടിൽ വച്ച് വെടി വച്ച് വീഴ്ത്തി. അത് ഓർക്കുമ്പോൾ തന്നെ അഭിമാനം തോന്നുന്നു. പണി നടക്കുന്ന കൊണ്ട് മറച്ചു വെച്ച പ്രതിമ അന്വേഷിച്ചു കണ്ട് പിടിച്ചപ്പോൾ വല്ലാത്തൊരു നിർവൃതി തോന്നി.
നഗരത്തിൽ പല ഇടങ്ങളിലും സൗജന്യ കുടിവെള്ള വിതരണം ഉണ്ടായിരുന്നു. കുടിച്ച പാത്രം സോപ്പ് ഇട്ട് കഴുകിയാണ് അടുത്ത് ആൾക്ക് കുടിക്കാൻ കൊടുക്കുക. അവരുടെ വൃത്തി എടുത്ത് പറയാതെ വയ്യ. ഓട്ടോ പിടിച്ച് ദുർഗിയാന മന്ദിർ കാണാൻ പോയി. ഗോൾഡൺ ടെമ്പിൾ മാതൃകയിൽ ഉണ്ടാക്കിയ ഹിന്ദുക്കളുടെ ഒരു അമ്പലമാണ് ദുർഗിയന. വിഷ്ണു ഭഗവാനും ലക്ഷ്മി ദേവിയുമാണ് ഇവിടത്തെ പ്രതിഷ്ഠ. തൊഴുതിറങ്ങിയപ്പോൾ 11.30 മണിയായി.
രസകരമായ ചില കാഴ്ചകൾ കാണാൻ പറ്റി. നമ്മുടെ ഉന്തുവണ്ടിയിൽ വലിയ ഒരു മരം കുതിര വലിച്ചൊണ്ട് പോകുന്നു. പിന്നെയും പലയിടത്തും ഇൗ കുത്തിരവണ്ടി പല സാധനങ്ങളും ഏറ്റി പോകുന്നത് കണ്ടൂ. Durgiyana അമ്പലത്തിന്റെ അടുത്ത് പൂരി ഒരുക്കുന്നത് കാണേണ്ട കാഴ്ചയാണ്. നാലഞ്ച് ആണുങ്ങൾ നിരന്ന് ഇരുന്നു ‘മക്കി റൊട്ടി കൈകൊട്ടി കളി’ പോലെ മാവ് കൈയിലെടുത്ത് കൈ കൊട്ടുന്നു. ദാ നല്ല വട്ടത്തിലുള്ള പൂരി റെഡി.
ഒരു ഡൽഹി സുഹൃത്തിന്റെ സുഹൃത്തായ തദ്ദേശവാസിക്കൊപ്പം ലോഹഗാർ ഗ്രാമം കാണാൻ പോയി. ആറടി പൊക്കമുള്ള ഒരു മതിൽ കൊണ്ട് മറച്ചിട്ടുള്ള ഒരു ഹവേലിയിലാണ് പോയത്. ഹവേലി ചുറ്റും കണ്ണെത്താ ദൂരത്തോളം ഗോതമ്പ് പാടം. പുള്ളി അവരുടെ പച്ചക്കറി കൃഷിയും, കന്നുകാലികളും മീൻ വളർത്തുന്ന കുളവും, ഗോതമ്പ് സംഭരിച്ച് വെക്കുന്ന വീപ്പകളും എല്ലാം കാണിച്ചു തന്നു.കൃഷിയിടങ്ങളിൽ വരുന്ന പക്ഷികളെ വെടി വച്ച് ഓടിക്കുന്നതും എല്ലാം വളരെ ഉത്സാഹപൂർവ്വം അദ്ദേഹം പ്രദർശിപ്പിച്ചു. അപ്പോഴേക്കും 1 മണിയായി.
ഭക്ഷണം കഴിച്ച് നേരെ വാഗാ ബോർഡർ ഉൾ ബീറ്റലിങ് റിട്രീറ് സെറിമണി സാക്ഷ്യംവഹിക്കാൻ പോയി . റിപ്പബ്ലിക്ക് ദിനമായതു കൊണ്ട് തന്നെ ഗംഭീരമായിരുന്നു വാഗ ബോർഡറിൽ ഉള്ള അന്നത്തെ ചടങ്ങും കാണികളുടെ ഉത്സാഹവും. അവിടുന്ന് തിരിച്ച് 6.30 നു ഗോൾഡൻ ടെമ്പിൾ എത്തി. ബാഗ് ലോക്കർ നിന്നും എടുത്തു. ഇതിന്റെ ഇടക്ക് കുൽച്ച ലാൻഡ് കടയിൽ പോയി ഒരു അടിപൊളി അമൃത്സറി കുൽച്ചയും ലസ്സിയും തട്ടി.
അവിടുന്ന് ‘സിറ്റി ഓൺ പെഡൽസ്’ എന്ന ടൂർ ഓപ്പറേറ്റർസ് നടത്തുന്ന ഒരു പരിപാടിക്ക് കൂടി പോയി. സൈക്കിളിൽ അവിടത്തെ തട്ട് കടകൾ സന്ദർശിക്കുക. രസകരമായ ടൂർ ആയിരുന്നു . സോയ കൊണ്ടുണ്ടാക്കിയ സോയ ചപ്പ്, മാങ്ങയുടെ സത്ത് കൊണ്ടുണ്ടാക്കിയ ആം പപ്പദ്, തന്തൂരി സ്റ്റൈൽ മോമോസ് അങ്ങനെ പലതും രുചിച്ചു. അതും കഴിഞ്ഞ് രാത്രിയിൽ 10 മണിക്കുള്ള ബസിൽ തിരികെ ഡൽഹിക്ക് പോയി.
അമൃത്സറിൽ കാണാൻ ഇനിയും ഒത്തിരി ബാക്കിയുണ്ട്. കണ്ടതാകട്ടെ വീണ്ടും കാണാൻ മോഹം ജനിപ്പിക്കുകയും ചെയ്യും.ഒരു ദിവസം കൊണ്ട് കുറേ നല്ല കാഴ്ചകൾ കാണാനും അനുഭവിക്കാനും പറ്റിയത് ഒരു മഹാഭാഗ്യം തന്നെ.