സ്‌കൂൾ കുട്ടികളെയും കൊണ്ട് പോകുന്ന ഓട്ടോറിക്ഷക്കാരെ നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ തൻ്റെ ഓട്ടോറിക്ഷയിലെ കുട്ടികൾക്ക്, ഒരു അച്ഛന്റെ വാത്സല്യത്തോടെ ഒരു നേരത്തെ ചായ വാങ്ങിക്കൊടുത്ത് വ്യത്യസ്തനായ ഒരു ഓട്ടോ ഡ്രൈവറെ നേരിൽക്കണ്ട അനുഭവമാണ് ഇനി പങ്കുവെക്കുവാൻ പോകുന്നത്.

ഈ അനുഭവക്കുറിപ്പ് എഴുതിയത് ആരാണെന്നറിയില്ല, പക്ഷേ, സമൂഹത്തിൽ നന്മ പടർത്തുവാൻ പ്രചോദനമാകുന്ന ഈ കാഴ്ച എല്ലാവരിലുമെത്തിച്ച അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഫേസ്‌ബുക്കിൽ ഷെയർ ചെയ്യപ്പെട്ട ആ അനുഭവക്കുറിപ്പ് ഇതാ.

“ഇന്ന് വൈകിട്ട് ചായ കുടിയ്ക്കാൻ ഇറങ്ങിയപ്പോൾ കണ്ട ഒരു കാഴ്ചയാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചായ കുടിച്ച് കൊണ്ടിരുന്നപ്പോൾ ഒരു ഓട്ടോയിൽ കുറച്ച് കുട്ടികളുമായി ഒരു ചേട്ടൻ കടയുടെ മുൻപിൽ വന്ന് നിന്നു. പെട്ടെന്ന് നിർത്തിയപ്പോൾ എന്താണ് ചേട്ടാ എന്ന് ഞങ്ങൾ ചോദിച്ചു.

ഉടനെ ചേട്ടന്റെ ഒരു കിടിലൻ മറുപടി. “ഇവരെ എന്നും സ്കൂളിൽ കൊണ്ട് വിടുക, ക്ലാസ്സ് കഴിയുമ്പോൾ തിരിച്ച് കൊണ്ടുവരികയുമാണ്. അപ്പോൾ ഇന്ന് പിള്ളേരെല്ലാം ചോദിച്ചു ചായ വാങ്ങി തരുമോ എന്ന്. പിന്നെ ഒന്നും ആലോചിച്ചില്ലാ, അപ്പോൾ കണ്ട കടയിൽ ഒതുക്കി അവർക്ക് ചായയും പലഹാരങ്ങളും വാങ്ങി നൽകാമെന്ന് കരുതി.”

ഞങ്ങൾക്ക് വളരെയധികം കൗതുകവും സന്തോഷവും തോന്നിയ ഒരു കാഴ്ചയാണ് അവിടെ കണ്ടത്. ഓട്ടോയിൽ ഉള്ള കുട്ടികൾക്ക് ചായ ആറിച്ച് ഒരു അച്ഛന്റെ സ്നേഹത്തോടെ അവർക്ക് എല്ലാം വാങ്ങി നൽകി. സെന്റ് സെബാസ്റ്റ്യൻ സ്കൂൾ തൊടുപുഴയിൽ പഠിയ്ക്കുന്ന കുട്ടികളെയാണ് ഓട്ടോയിൽ കൊണ്ട് വരുന്നത്. ഒരു നേരത്തെ അന്നത്തിന് വേണ്ടിയുള്ള കഷ്ടപ്പാടിനിടെ തന്റെ വാഹനത്തിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകി നൽകുക എന്നത് ചെറിയ കാര്യമായി തള്ളിക്കളയണ്ട വിഷയമല്ല. അത് നൽകിയപ്പോൾ കുട്ടികളുടെ മുഖത്തുള്ള സന്തോഷവും മനസ്സ് നിറച്ച ഒരു കാഴ്ചയായിരുന്നു.

ഇന്ന് നമ്മുടെ സമൂഹത്തിൽ പലവിധ ആളുകൾ ഉണ്ട്. പല പ്രശ്നങ്ങളും പത്ര മാധ്യമങ്ങളിലൂടെ വായിച്ച് അറിയാറുമുണ്ട്. പക്ഷേ ഇതുപോലെ കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന കാഴ്ചകൾ വല്ലപ്പോഴുമേ നമുക്ക് മുന്നിൽ ഉണ്ടാകാറുള്ളൂ. ഇങ്ങനെ ആയിരിക്കണം ഓരോ മനുഷ്യനും.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.