വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

കണ്ണുകള്‍ കൊണ്ട് കാണുന്ന ഇത്തിരി കാഴ്ചയല്ല ഈ ലോകം. നമ്മള്‍ കാണുന്ന പകലും രാവും ചേര്‍ന്നതല്ല കാലം. പ്രകൃതിയിലെ ഓരോ വസ്തുവിനും അതിന്റെ ഉള്ളില്‍ പറഞ്ഞു കൊണ്ടിരിക്കുന്ന കുറേ കാര്യങ്ങളുണ്ട്. വിനോദ സഞ്ചാരത്തിനും മീൻ പിടുത്തതിനും പ്രശസ്തമാണ് അഴീക്കൽ ബീച്ച്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ആണ് ഈ ബീച്ച്. രണ്ടര വർഷങ്ങൾക്ക് ശേഷം വീണ്ടും കൂടെപിറപ്പിനൊപ്പം ഉള്ള യാത്ര. യാത്രകൾ ചെറുതോ വലുതോ എന്നതിൽ അല്ല കാര്യം. യാത്രയുടെ ലക്ഷ്യത്തിന് പ്രാധാന്യം ഉണ്ടെങ്കിലും, യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുക , സന്തോഷിക്കുക എന്നതിലാണ് കാര്യം.

ജീവിതം പോലെ നാളത്തെ ചെറിയ യാത്രയുടെ ഓർമയ്ക്കായി. ആ ചെറിയ ഓർമ്മ എന്റെ പ്രിയപ്പെട്ടവരിലേക്ക്. ഞാൻ രണ്ടര വർഷം എന്ന് പറഞ്ഞില്ലേ കാരണമുണ്ട്. ഇദേഹം അങ്ങ് ദുബായി ൽ ആയിരുന്നു ഇപ്പോൾ ലീവിന് വന്നതാണ് ചങ്ക് ബ്രദർ. രക്തബന്ധങ്ങളെക്കാൾ പ്രാധാന്യം ഞാൻ സ്നേഹ ബന്ധങ്ങൾക്ക് കൊടുക്കുന്നുണ്ട്. അതെ കൂടെപിറപ്പ് Shambu Pillai ക്ക് ഒപ്പം അഴീക്കൽ ബീച്ചിൽ ആയിരം സൂര്യന്റെ താപമുള്ള ഓർമ്മകളിൽ ചങ്ക് ബ്രോയ്ക്കൊപ്പം ഒരു അസ്തമന യാത്രയിലേക്ക് നമ്മുക്ക് ഒരുമിച്ച് പോയി വരാം . ഉച്ച മയക്കത്തിലായിരുന്ന ശംഭുവിനെ വീട്ടിൽ നിന്നും കുത്തി പൊക്കിയപ്പോൾ സമയം ഏകദേശം മൂന്ന് മണി, പുറത്ത് വേനൽ ചൂട് അതി കഠിനം. രണ്ടര വർഷങ്ങൾക്ക് ശേഷം ഉള്ള കണ്ട് മുട്ടലുകൾ എന്റെ അമ്മ മരിച്ചപ്പോൾ എനിക്ക് താങ്ങായി നിന്ന ബ്രദർ. ശംഭു നീ മറന്നുവോ ദുബായിൽ പോക്കുന്നതിന് മുൻമ്പ് അന്ന് 2016 ൽ അഴീക്കൽ ബീച്ചിൽ നമ്മൾ പോയത്.

ആദ്യം ഞാൻ അവനെ ഉച്ച മയക്കത്തിൽ നിന്ന് കുത്തിപ്പൊക്കിയേറ്റ ദേഷ്യം വേനൽ ചൂടിൽ അലിഞ്ഞ് പോയത് ഭാഗ്യം. ചെറു പുഞ്ചരിയോടെ അവന്റ മറുപടി എടാ നമ്മുക്ക് യാത്ര പോകാം. അങ്ങനെ അവന്റെ ബജാജ് പൾസർ ആർ. എസ് 200 ബൈക്കിൽ ഞങ്ങൾ പുത്തൂരിൽ നിന്ന് യാത്ര ആരംഭിച്ചു. ഏകദേശം പുത്തൂർ – അഴീക്കൽ റോഡ് മാർഗ്ഗം എത്താൻ 40 km വേണം. വേനൽ ചൂട് സഹിക്കാൻ കഴിയിലെങ്കിലും എന്റെ വർത്തമാനങ്ങളിൽ താണ്ടിയ ദൂരം ഞങ്ങൾ ഇരുവരും ഓർക്കുന്നില്ല. അങ്ങനെ അസ്തമന സുര്യനെ കാണാൻ ഞങ്ങൾ അഴീക്കൽ ബീച്ചിൽ എത്തിച്ചേർന്നു. സഞ്ചാരികളുടെ തിരക്കേറിയ സന്ദർശനമാണ് ഇപ്പോൾ ബീച്ചിൽ കാണാൻ സാധ്യമാക്കുന്നത്. സമുദ്രത്തിന് കുറുകെ ഗതാഗതത്തിനായി നിർമ്മിക്കുന്ന പാലം നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം ബഹുദൂരം പിന്നിട്ടിരിക്കുന്നു.

എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ഒന്ന് അഴീക്കൽ ബീച്ചിന്റെ കടൽ ഭിത്തികളാണ്. ദൂരെ ആഴ കടലിൽ നിന്നും മത്സൃ ബന്ധന ബോട്ടുകൾ മീനുകളുമായി പോക്കുന്ന ദ്യശ്യ മനോഹാരിതയും കടൽകാറ്റിന്റെ തണുത്ത ചില സമയങ്ങളിലെ വീശലും തലോടലുകളും കൊണ്ടൊക്കെ ഏതൊരു സഞ്ചാരിയേയും അഴീക്കൽ ബീച്ച് വശീകരിക്കുന്നുമുണ്ട്. അതു പോലെ തന്നെ, ഇവിടെ നിന്ന് കണ്ണോടിച്ചാൽ കാണുന്ന എല്ലാ കാഴ്ചകളും ആരുടെയും മനസ്സ് കുളിർപ്പിക്കും. വൈകുന്നേരങ്ങളിലെ കാഴ്ചയ്ക്ക് ഭംഗിയേറും. അസ്തമയ സൂര്യന്റെ നിറഭംഗി, പുലിമുട്ടുകൾക്കിടയിലൂടെ കടലിൽ നിന്ന് നിരയായി പ്രവേശിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ എല്ലാം പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. പാറകൂട്ടങ്ങളിൽ തട്ടി ചന്നം ചിന്നം ചിതറുന്ന തിരമാലകൾ ഓരോ തവണയും ഓരോ കഥകൾ പറയാറുണ്ട്. ശ്രദ്ധയോടെ നമ്മൾ കാതുകൾ കൂർപ്പിച്ചിരുന്നാൽ അത് അറിയാൻ സാധ്യമാക്കും . കടലമ്മയുടെ തീരാത്ത കഥ അതെ കഥയ്ക്കുള്ളിലെ കഥ .

അവധിക്കാലമായതിനാൽ ബീച്ചിൽ കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ളവർ ഈ വർണ്ണാനാതീതമായ പ്രകൃതി ഭംഗി ആസ്വദിക്കുകയാണ്. കുതിര സവാരിയും പട്ടം പറത്തലും തകതിമിർതിയായി ബീച്ചിൽ അരങ്ങേറുമ്പോൾ, പെട്ടന്നാണ് ആ മൂന്ന് വയസ്സുകാരിയെ ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. ഐസ്ക്രീം നുണഞ്ഞ് ആ കുരുന്ന് കുറുമ്പിയുടെ സന്തോഷ നിമിഷങ്ങൾ കണ്ട് നിൽക്കാൻ എന്ത് രസമായിരുന്നു എന്നോ. ബീച്ചിൽ ഇപ്പോൾ ആകെ ബഹളം കൊണ്ട് നിറഞ്ഞിരിക്കുന്ന സമയം. അസ്തമന സൂര്യനെ ക്യാമറ കണ്ണുകളിൽ പകർത്താൻ ശംഭു നിന്ന സമയം, അവന്റെ കൈ കുമ്പിളിലേക്ക് ഞാൻ ആയിരം സൂര്യന്റെ താപമുള്ള ഓർമ്മകളിലേക്ക് പോയ സമയവും, നിമിഷവും.

കടൽ തിരമാലകൾ എന്നിലേക്ക് വന്ന് ആഞ്ഞ് അടിച്ച സമയം ചില ഓർമ്മപ്പെടത്തലുകളിലേക്ക് എന്നെ കൊണ്ടു പോയി. അമ്മ ഇല്ലാത്ത എനിക്ക് കടലമ്മ നല്കിയ സ്നേഹവും, പൊൻ മുത്തവും കടലമ്മയുടെ മകൻ ആകാൻ കഴിഞ്ഞ ഭാഗ്യം എനിക്ക് മറക്കാൻ കഴിയുന്നില്ല. അസ്തമന സൂര്യന്‍ മാനത്ത് ചെങ്കല്ല് വിതറി പക്ഷികള്‍ ചേക്കേറിയ ചില്ലകള്‍ ശൂന്യത വരിച്ചു. ഓരോ ചെറിയ കാറ്റിലും തിരമാലകളുടെ ചെറിയ ഓളങ്ങളിലും സൂര്യന്‍ നിറം നല്‍കി. ജീവിത വീഥിയിലെ അനുഭവങ്ങളുമായി ഓരോ ദിവസങ്ങളും ഓര്‍മ്മകള്‍ വാരിക്കൂട്ടി അസ്തമിക്കുന്നു. വീണ്ടും പ്രതീക്ഷയുടെ സ്വപ്നങ്ങളില്‍ വര്‍ണ്ണങ്ങള്‍ വിതറി നിദ്ര മാടിവിളിക്കുന്നു. വീണ്ടുമൊരു സൂര്യോദയം നാളെയുടെ പ്രതീക്ഷയിലേക്ക്. വീണ്ടും സഞ്ചാരിയുടെ മറ്റൊരു യാത്രയുടെ കാല്‍വെപ്പിനായി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.