വിവരണം – പ്രശാന്ത് പറവൂർ.
ജോലിയുടെ തിരക്കുകളും നഗര ജീവിതവുമൊക്കെയായി അങ്ങനങ്ങു പോകുന്ന സമയം. അങ്ങനെയിരിക്കെ ത്യശ്ശൂരിലെ ഭാര്യ വീട്ടിൽ പോയ സമയത്താണ് അവിടെ തൊട്ടത്തടുത്തുള്ള ധാരാളം മാവുകളും പ്ലാവുകളുമൊക്കെ നിറഞ്ഞ പറമ്പുകളെക്കുറിച്ചും മറ്റും അറിയുന്നത്. കുറച്ചു നാളുകളായി പറമ്പുകളിലും തൊടികളിലും കൂടെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഒന്ന് നടന്നിട്ട്. എന്തായാലും അവസരം വന്നിരിക്കുകയാണ്. അപ്പോൾ ഒന്ന് പൊയ്ക്കളയാം എന്ന് എനിക്കും ഒരു തോന്നലുണ്ടായി.
അങ്ങനെ ഞങ്ങൾ ഒരു ദിവസം വൈകുന്നേര സമയം നോക്കി പറമ്പുകളും തൊടികളും ലക്ഷ്യമാക്കി യാത്രയായി. ധാരാളം മാങ്ങയുണ്ടായി നിൽക്കുന്ന സമയമായതിനാൽ അവ പറിച്ചെടുക്കുന്നതിനായുള്ള തോട്ടിയും ഉണ്ടാക്കിക്കൊണ്ടാണ് ഞങ്ങൾ പോയത്. ഉടമസ്ഥർ തിരിഞ്ഞു നോക്കാത്ത പറമ്പായതിനാൽ നാട്ടുകാർക്ക് നല്ല ചാകരയാണ്, ഞങ്ങൾക്കും. ഞാൻ, ഭാര്യ,അവളുടെ പാപ്പൻ (അച്ഛന്റെ അനിയൻ), ഭാര്യയുടെ ചേച്ചിയുടെ ചെറിയ മകൾ, പാപ്പന്റെ ഇളയമകൾ എന്നിവർ ചേർന്നായിരുന്നു മാങ്ങ കാഴ്ചകൾ കാണുവാനായി ഇറങ്ങിത്തിരിച്ചത്.
പറമ്പിൽ എത്തിയപാടെ പാപ്പൻ തോട്ടി എടുത്ത് നല്ല മാങ്ങകൾ നോക്കി പൊട്ടിക്കുവാൻ തുടങ്ങി. മാവിൽ നിറയെ മാങ്ങകൾ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ ഞങ്ങൾക്ക് ആവശ്യമുള്ളവ മാത്രമേ പറിച്ചുള്ളൂ. പണ്ടുകാലത്ത് ഇതുപോലെ മാങ്ങ പൊട്ടിക്കുവാൻ വന്ന കഥകളൊക്കെ പാപ്പൻ ഞങ്ങളോട് പറയുകയുണ്ടായി. അന്നത്തെ കാലത്ത് ഇവിടമൊക്കെ അത്യാവശ്യം കാടു പിടിച്ചു കിടക്കുകയായിരുന്നത്രെ. പക്ഷെ അന്നും ഇതുപോലെ പിള്ളേരൊക്കെ ക്ലാസ്സ് കട്ട് ചെയ്ത് ഇവിടെ വന്നിരുന്നു മാങ്ങയൊക്കെ പൊട്ടിച്ചു കഴിക്കുമായിരുന്നു.
ഞങ്ങൾക്ക് വേണ്ട മാങ്ങകൾ ആയപ്പോൾ പറിക്കൽ നിർത്തി, താഴെ വീണവ ഒരു കവറിൽ എടുത്തിട്ടു. എന്നിട്ട് വീണ്ടും അടുത്ത സ്ഥലം നോക്കി നടത്തമാരംഭിച്ചു. അവിടെ അങ്ങിങ്ങായി ചില വീടുകൾ ഒക്കെ കണ്ടു.എങ്കിലും ആ പരിസരത്ത് യാതൊരുവിധ ഉണ്ടായിരുന്നില്ല. അങ്ങനെ കുറച്ചു നടന്നു ഞങ്ങൾ അവിടെ അടുത്തുള്ള ഒരു തോടിനു സമീപത്തെത്തി. ‘പാറത്തോട്’ എന്നാണ് ആ തോടിന്റെ പേര്. പണ്ടു കാലത്ത് പാപ്പനും കൂട്ടുകാരുമൊക്കെ തോട്ടിൽ കുളിക്കുവാൻ വന്നിരുന്ന കഥകളൊക്കെ പുള്ളി ഞങ്ങളോട് എ സമയത്ത് പറഞ്ഞു തന്നു. ശരിക്കും ഓർത്തപ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ തന്നെ. തൃശ്ശൂർ റൗണ്ടിൽ നിന്നും 4 – 5 കിലോമീറ്ററുകൾ മാത്രം ദൂരെ ഇങ്ങനെ ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു സ്ഥലം ഉണ്ടെന്നു ഞാൻ മുൻപൊന്നും അറിഞ്ഞിരുന്നേയില്ല.
അങ്ങനെ കറങ്ങിത്തിരിഞ്ഞു ഞങ്ങൾ തിരികെ വീട്ടിൽ എത്തിച്ചേർന്നു. പൊട്ടിച്ച മാങ്ങകൾ ഇനി കഴിക്കണം. അതാണ് അടുത്ത പരിപാടി. അങ്ങനെ മാങ്ങകൾ കല്ലിൽ ഇടിച്ചു പതം വരുത്തിയതിനു ശേഷം അതിൽ മുളകുപൊടിയും ഉപ്പും വെളിച്ചെണ്ണയും ഒക്കെ കൂട്ടിച്ചേർത്ത് ഒന്നു രുചിച്ചു നോക്കി. ഹെന്റമ്മോ… അടിപൊളി… എത്രയോ നാളുകൾക്കു ശേഷമായിരുന്നു ഞാൻ അത്തരത്തിൽ ഒരു കോമ്പിനേഷൻ രുചിക്കുന്നത്. പണ്ടെപ്പോഴോ പഠിക്കുന്ന സമയത്തു ഇതേപോലെ കഴിച്ചിട്ടുള്ള ഓർമ്മ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അതിനുശേഷം ബാക്കി വന്ന പച്ച മാങ്ങകൾ ഞങ്ങൾ മധുരം ചേർത്ത് ജ്യൂസ് അടിച്ചു കുടിക്കുകയുണ്ടായി. പച്ചമാങ്ങാ കൊണ്ട് പലതും സാധിക്കാമെന്നു എനിക്ക് അപ്പോഴാണ് മനസിലായത്.
അങ്ങനെ കുറേനാളുകൾക്കു ശേഷം ഒരു നല്ല അടിപൊളി വൈകുന്നേരം ശരിക്ക് ആസ്വദിക്കുവാൻ സാധിച്ചു. അടുത്ത ദിവസം ഇതേ പറമ്പിൽ അടുപ്പ് കൂട്ടി എല്ലാവർക്കും കൂടി എന്തെങ്കിലും ഉണ്ടാക്കി കഴിക്കാമെന്നു ഞങ്ങൾ പ്ലാൻ ചെയ്തു. അങ്ങനെ അടുത്ത ദിവസത്തേക്കുള്ള കാത്തിരിപ്പുമായി അന്നത്തെ ദിവസം ഞങ്ങൾ പിരിഞ്ഞു.