വിവരണം – Hamidsha Shahudeen.

പ്രീഡിഗ്രി ക്കു പഠിക്കുന്ന കാലം (1992 – 94). ഒരു ദിവസ്സം വൈകിട്ട് കൊല്ലത്ത് ഒരു ആശുപത്രിയിൽ പോയിട്ട് തിരിച്ചു ബസിൽ വരുന്നു വർക്കലക്കു. അതും കല്ലമ്പലത്തു ഇറങ്ങി വേറെ ബസിൽ കേറണം.

വൈകിട്ട് ഏകദേശം 5:30 ന് കൊല്ലം KSRTC ബസ്‌ സ്റ്റേഷനിൽ പോയി അവിടെ കിടന്ന ഒരു ഒരു ഫാസ്റ്റ് പാസ്സഞ്ചറിൽ കയറി. ഡ്രൈവർ സീറ്റിന് തൊട്ടുപുറകിലായി ജനാലക്കരികിൽ ഇരിപ്പിടം കിട്ടി. വല്യ തിരക്കൊന്നുമില്ല.

ബസ് ഏകദേശം കൊല്ലം ടൗൺ കഴിഞ്ഞു SN കോളേജ് എത്താറായപ്പോ ഒരു ചെറിയ ബസ്സ്സ്റ്റോപ്പിൽ നിന്നും ഒരാൾ ചാടി റോഡിൽ ഇറങ്ങി വണ്ടിക്കു കൈകാണിക്കുന്നതു എന്നെപോലെ ഡ്രൈവറും വളരെ വൈകിയാണ് കണ്ടത്. അയാളെ വണ്ടി തട്ടാതെ ഒരല്പം സാഹസികമായി ഡ്രൈവർ കുറച്ചു മുന്നോട്ട് വണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്തു നിർത്തി.

വണ്ടി പൂർണമായും നിക്കുന്നതിന് മുന്നേ തന്നെ അയാൾ വണ്ടിയിൽ ചാടി കയറുകയും ചെയ്തു. അയാൾ കയറിയ ഉടനെ കണ്ടക്ടർ ഡബിൾ മണി കൊടുത്തു, ഡ്രൈവർ വീണ്ടും വണ്ടി മുന്നോട്ടെടുക്കുന്നു. പിന്നങ്ങോട്ട് കാര്യങ്ങൾക്ക് വേഗത ലേശം കൂടുതലായിരുന്നു. ഏകദേശം ഒരു റോക്കറ്റ് കുതിക്കുന്നത് പോലെ.

ഡ്രൈവർ ഗിയർ മാറ്റി സ്പീഡ് കൂട്ടാൻ തുടങ്ങുബോഴാക്കും നമ്മുടെ പുതിയ സഹയാത്രികൻ ഡ്രൈവറുടെ അടുത്തേക്ക് പാഞ്ഞുവരുന്നത് ഞാൻ കണ്ടു. എന്നാൽ ഡ്രൈവർ അത്‌ അറിഞ്ഞത് അയാൾ അവിടെ എത്തി ഡ്രൈവറുടെ തലമണ്ടക്കിട്ടു ഒരൊറ്റ അടി വച്ചുകൊടുത്തപ്പോഴാണ്.

ഓർക്കാപ്പുറത്തു തലയിൽ ഒലക്കവച്ചു അടികിട്ടിയതു പോലെയായി പാവം നമ്മുടെ സാരഥിയുടെ അവസ്ഥ. വണ്ടി ഓടിക്കുന്ന ആൾക്ക് തലയിൽ ശക്തമായ ഒരു അടി കിട്ടിയാൽ അവസ്ഥ എന്താകും? നിയന്ത്രണം വിട്ട ബസ്‌ അതേ വേഗതയിൽ തന്നെ പോയി റോഡിന്റെ നടുവിലുള്ള ഐലൻഡ് പ്ലാറ്റ്ഫോമിൽ ഇടിച്ചുകയറി. എങ്ങനെയോ ആ ഡ്രൈവർ വണ്ടി അവിടെ ചവിട്ടി നിർത്തി. അദ്ദേഹത്തിന്റെ മനസ്സാന്നിധ്യം.

എന്താണ് സംഭവിച്ചതെന്നും, ഇനി എന്ത് സംഭവയ്ക്കുമെന്നും ബസിൽ ഇരിക്കുന്ന ആർക്കും ഒരു പിടിയില്ല. പക്ഷേ പിന്നേ സംഭവിച്ചത് “മുത്താരംകുന്ന് PO” സിനിമസ്റ്റൈലിൽ ആയിരുന്നു. താരാ സിങ് മുകേഷിനെ പൊക്കി എറിഞ്ഞപോലെ നമ്മുടെ ഡ്രൈവർ ചാടി എഴുന്നേറ്റ് പെടലി നോക്കി ഒരൊറ്റയടി ആ തല്ലിയ ആൾക്ക്.

അടി കിട്ടിയപാടെ ആ മധ്യവയസ്‌കൻ മറിഞ്ഞു സീറ്റിലേക്ക് വീണു. ഈ സീനൊക്കെ കണ്ട് ആകെ അന്ധാളിച്ചിരിപ്പാണ് ബാക്കിയെല്ലാരും. അടികൊണ്ടയാൾ ആ സീറ്റിൽ കമിഴ്ന്നു കിടന്ന് കരയുന്നു. ആ കരച്ചിൽ കേട്ട് വിഷമിച്ചു ഡ്രൈവർ ചെന്ന് ചോദിക്കുന്നു “എന്താ നിന്റെ പ്രശനം?”

അയാൾ കരഞ്ഞോണ്ട് പറഞ്ഞു, ഒരു കൊച്ചു കുഞ്ഞിനെപ്പോലെ. “ഞാൻ രണ്ട് മണിക്കൂറായി ഇവിടെ ഈ ബസ്‌സ്റ്റാൻഡിൽ നിന്നു ഇതുവഴി പോയ എല്ലാ വണ്ടികൾക്കും കൈ കാണിച്ചു. ഒരൊറ്റയെണ്ണം പോലും നിർത്തിയില്ല. നീയും നിർത്താതെ പോയതല്ലേ. അല്പം സ്പീഡ് കുറഞ്ഞതുകൊണ്ടു ഞാൻ ഓടി കയറി. “പാവത്തിന് ബസ്‌ കാത്തുനിന്ന് വട്ടായിപോയതാണ്.

ഏതോ സെട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥനാണെന്നും, എന്തോ ആവശ്യത്തിന് കൊല്ലത്തു വന്നപ്പോൾ തിരിച്ചുപോകാൻ വണ്ടി കിട്ടാതെ പെട്ടുപോയതാണെന്നും, ഇനി രാത്രിക്കുമുന്നെ കേശവദാസപുരത്തുള്ള വീട്ടിൽ എത്തണമെന്നുമൊക്കെ ആ പാവം കരഞ്ഞു പറഞ്ഞുകൊണ്ടേയിരുന്നു.

നിർഭാഗ്യം ആ ചേട്ടനെ പിന്നെയും വിട്ടില്ല. ബസിന്റെ കിടപ്പുകണ്ടു എത്തിയ ഹൈവേ പട്രോൾ പോലീസ് വണ്ടിയിൽ കയറി കാര്യം തിരക്കി. പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ എന്ന് മനസ്സിലാക്കി അയാളെ കൊണ്ടുപോകാൻ തീരുമാനിച്ചു.

“കൊന്നാലും വരൂല്ല ഏമാനെ” എന്നായി പുള്ളിക്കാരൻ. അയാളുടെ കരച്ചില് കേട്ട് തല്ലുകൊണ്ട ഡ്രൈവർ ചേട്ടൻ വരെ പറഞ്ഞുനോക്കി വെറുതെ വിടാൻ. പക്ഷേ ബസ്‌ ഓടിക്കവേ യാത്രക്കാരുടെയടക്കം അനേകം പേരുടെ ജീവന് ഭീഷണിയാകും വിധം ഡ്രൈവറെ മർദിച്ചവനെ വെറുതെവിടാനാകില്ല എന്നായിരുന്നു പോലീസ്ഭാഷ്യം.

എങ്കിലും അയാളുടെ നിഷ്കളങ്കമായ കരച്ചിൽ ബസിലുള്ള എല്ലാരേയും ഒരുപോലെ വേദനിപ്പിച്ചെന്ന് തോന്നുന്നു. വെറുതെവിടാൻ എല്ലാരും ഒരുപോലെ അഭ്യർത്ഥിച്ചു. അരമണിക്കൂർ നേരത്തെ കോലാഹലത്തിനൊടുവിൽ ആ യാത്രക്കാരനുമായിത്തന്നെ പൊക്കോളാൻ പോലീസ് സമ്മതിച്ചു.

ഏകദേശം കൊട്ടിയത്തെത്തിയപ്പോ എന്റെ അടുത്തിരുന്ന വേറൊരു ചേട്ടന്റെ പിറുപിറുപ്പു. “ഇങ്ങനെ ഉള്ള തെണ്ടികളെ തൂക്കിക്കൊല്ലണം”. ഞാൻ ചോദിച്ചു, “നിങ്ങളും സമ്മതിച്ചായിരുന്നല്ലോ വെറുതെവിടാൻ. പിന്നെന്തിനാ ഇപ്പൊ ഇങ്ങനെ?” അയാളുടെ മറുപടി : “ഞാൻ കരുതിയോ, നമ്മൾ പറഞ്ഞാൽ പോലീസ് വെറുതെ വിടുമെന്ന്.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.