വിവരണം – Prasanth SK

ജോലിത്തിരക്കുമായി ഒരു വെള്ളിയാഴ്ച ലാപ്ടോപിനു മുന്നിൽ ഇരുന്നു കണ്ണു തളർന്നപ്പോലാണ് എൻറെ മനസ്സിൽ ആരോ പാലക്കാട്ടേക്ക് വിളിക്കുന്നത്‌ പോലെ തോന്നിയത്. മറ്റൊന്നുമാലോചിക്കാതെ അടുത്ത ബസ്സിനു പാലക്കാട്ടേക്ക് തിരിച്ചു. കുതിരാൻമല കയറി വാണിയൻപാറ പിന്നിട്ടപ്പോഴേക്കും പാലക്കാടൻ കാറ്റ് സ്വാഗതമോതുന്നുണ്ടായിരുന്നു. അന്നേരം ആ കാറ്റിനൊപ്പം എൻറെ മനസ്സും അലിഞ്ഞു ചേർന്നു.

കൽപ്പാത്തി രഥോത്സവം (2013) നടക്കുന്ന സമയമാണ്. അങ്ങനെ പാലക്കാട് ടൗണിൽ ബസ്സിറങ്ങി അവിടുന്ന് ഒരു ഓട്ടോയിൽ കൽപ്പാത്തിയിലേക്ക്. കല്പാത്തിയിൽ എത്തിയപ്പോൾ രാത്രി പത്തുമണിയോടടുത്തെത്തി. ‘കല്പാത്തി പൈതൃക ഗ്രാമത്തിലേക്ക് സ്വാഗതം’ എന്നെഴുതിയ ഫലകം വീഥി തുടങ്ങുന്നയിടത്തു കാണാനായി. ആ സമയത്ത് രഥോല്സവത്തിന്റെ അന്നത്തെ ചടങ്ങുകൾ എല്ലാം അവസാനിച്ചിരുന്നു. രഥങ്ങൾ ഓരോ സ്ഥലത്തും വിശ്രമിക്കുന്ന കാഴ്ചയായിരുന്നു എന്നെ കാത്തിരുന്നത്. പൊതുവെ ഉത്സവങ്ങൾക്കൊന്നും പോകാത്ത എന്നെ ആളുകളും വില്പ്പനക്കാരും നിറഞ്ഞ ആ തെരുവ് വല്ലാതെ അത്ഭുതപ്പെടുത്തി.

ചിത്രം – രഞ്ജിത്ത് റാം.

മറ്റെങ്ങും കാണാത്തതരത്തിലുള്ള വസ്തുക്കളായിരുന്നു അവിടെ വില്പനയ്ക്ക് വെച്ചിരുന്നത്. പക്ഷെ എൻറെ കാമുകിയെ ഇതുവരെ കാണാൻ കഴിഞ്ഞില്ല. ചുറ്റും അപരിചിതരായ ആളുകൾ. ചിലർക്ക് നല്ല തൂവെണ്ണ നിറം.. മറ്റു ചിലർക്ക് എണ്ണക്കറുപ്പിന്റെ ഏഴഴകും.. ഇവർക്കിടയിലൂടെ കള്ളനോട്ടവുമായി ഞാനും.

അങ്ങനെ തിരഞ്ഞു നടക്കുമ്പോഴാണ് വഴിവക്കിൽ ഉന്തുവണ്ടിയിലെ കടലവിൽപ്പനക്കാരനായ മുരുകനെ പരിചയപ്പെടുന്നത്. നമുക്ക് പരിചിതമായ തമിഴ് മുഖങ്ങളിൽ ഒന്ന്.. അതായിരുന്നു അയാൾ. ആ സമയത്ത് കച്ചവടം കുറവായിരുന്നതുകൊണ്ട് മുരുകനുമായി സംസാരിക്കാൻ കഴിഞ്ഞു. പൊള്ളാച്ചിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് അയാൾ വരുന്നത്. സാധാരണയായി പൊള്ളാച്ചിയിൽ മാത്രമാണ് അയാൾ കച്ചവടം നടത്താറുള്ളത്. എന്നാൽ 8 വർഷത്തോളമായി രഥോല്സവ സമയത്ത് കച്ചവടത്തിനായി കല്പാത്തിയിൽ എത്താറുണ്ട്‌. കൂടുതൽ സംസാരിച്ചപ്പോഴാണ് മുരുകനും എന്നെപ്പോലെ നഷ്ടപ്പെട്ടുപോയ കാമുകിയെ തേടിയാണ് ഇവിടേയ്ക്ക് വരുന്നതെന്ന് മനസ്സിലായത്.

8 വര്ഷം മുൻപ് വരെ അയാളുടെ എല്ലാമായിരുന്നു അവൾ. എന്നാൽ വിധി അവരെ തമ്മിൽ പിരിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പറഞ്ഞ ശ്രീ നാരായണഗുരുവിനെ നമ്മൾ ചില്ലുകൂട്ടിൽ മാത്രമായി ഒതുക്കി എന്നു പറയാം. അവളുടെ കല്യാണം കഴിഞ്ഞു കല്പാത്തിയിലേക്കാണ് വന്നതെന്ന് മാത്രം മുരുകന് അറിയാം. എന്നാൽ അതിനുശേഷം ഇതുവരെ ഒന്നു കാണാൻ പോലും കഴിഞ്ഞിട്ടില്ല.

തൻറെ നഷ്ടപ്രണയിനിയെ ഒരു നോക്ക് കാണാൻ വേണ്ടി മാത്രമാണ് അയാൾ ഇവിടെ വരുന്നതത്രേ. ഇത് പറയുമ്പോഴും വെറ്റിലകറ പിടിച്ച പല്ലുകാട്ടി ചിരിക്കുമ്പോഴും അയാളുടെ കണ്ണിലെ തിരയിളക്കം എനിക്ക് കാണാനായി. രഥോല്സവം അവസാനിക്കാൻ ഒരു ദിനം കൂടിയുണ്ടെന്നിരിക്കെ അവളെ കാണാൻ കഴിയുമെന്ന പ്രതീക്ഷ അയാളുടെ മുഖത്ത് തെളിഞ്ഞു നില്ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ മുരുകനോട് യാത്രപറഞ്ഞു നീങ്ങി.

തെരുവിൽ അപ്പോഴും ആളുകൾ അങ്ങിങ്ങായി നടന്നു നീങ്ങുന്നുണ്ടായിരുന്നു. മണ്‍ചട്ടി വില്ക്കുന്ന പ്രായമേറിയ അമ്മൂമ്മ, കളിക്കോപ്പുകൾ കൊണ്ട് നടക്കുന്ന ചെറിയ പയ്യൻ, ഐസ്ക്രീം തിന്നുന്ന പോലീസുകാരൻ… ഇവർ ഓരോരുത്തർക്കും പറയാനുണ്ടായിരിക്കും ഇത് പോലുള്ള കഥകൾ. അച്ചടക്കമുള്ള ആ പാലക്കാടൻ രാത്രിയിൽ അവിടെ പല തട്ടിലുള്ള ആളുകളെ കാണാൻ സാധിക്കുമായിരുന്നു. തമിഴ് മുഖമുള്ള സാധാരണക്കാരായ സ്ത്രീകളും പെണ്‍കുട്ടികളും നന്നായി അണിഞ്ഞൊരുങ്ങി തങ്ങൾ ഒട്ടും പിന്നിലല്ല എന്നു തെളിയിക്കുന്നുണ്ടായിരുന്നു.

വീഥിയുടെ വശങ്ങളിൽ പ്ലാസ്ടിക് കുപ്പികൾ ഉപേക്ഷിച്ചിട്ടിരിക്കുന്ന കാഴ്ച എല്ലായിടതെപോലെയും ഇവിടെയും ആവർത്തിച്ചു. ദാഹം ശമിച്ചാൽ പിന്നെ കുപ്പി നമുക്ക് ഒരു ഭാരമാണല്ലോ.. ഇത് തന്നെയാണ് മനുഷ്യന്റെ അവസ്ഥയും എന്നോർത്ത് ലജ്ജിക്കാൻ നമുക്ക് സമയവും ഇല്ല. പിന്നെന്താ ചെയ്ക?

അങ്ങനെ ചുറ്റി കറങ്ങി നേരം ഒരുപാട് കടന്നുപോയി. അപ്പോൾ ആളുകൾ എല്ലായിടത്തും അപ്രത്യക്ഷരായിരുന്നു. തിരിച്ചു നടക്കുന്നതിനിടെ കടലവിൽപ്പനക്കാരൻ മുരുകൻ ഒരു കടത്തിണ്ണയിലിരുന്നു ബീഡി വലിക്കുന്നത് കണ്ടു. അന്നേരം അയാൾ മറ്റേതോ ലോകത്തായിരുന്നിരിക്കണം. പുറത്തേക്കു ഊതുന്ന പുകച്ചുരുളുകൾ പോലെ അയാളുടെ മനസ്സും ആ വായുവിൽ അലിഞ്ഞു ചേരുന്നുണ്ടായിരിക്കും.

ചെറിയ നൊമ്പരത്തോടെ ആ തെരുവിൽ നിന്നും തിരികെ നടക്കുമ്പോൾ എൻറെ മനസ്സ് നിറഞ്ഞിരുന്നു. കാരണം ഞാൻ തേടി വന്ന എൻറെ കാമുകിയെ എനിക്ക് കിട്ടിയിരുന്നു. അതെ…..കല്പാത്തിയിലെ ആ രാത്രി ആയിരുന്നു ഞാൻ തേടി വന്ന എൻറെ പ്രണയിനി…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.