എഴുത്ത് – അരുൺ വിനയ്.

ചില സമയം നമ്മള്‍ തിരുവനന്തപുരത്തുകാരോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നാറുണ്ട്. കാലം നമുക്കായ് മാറ്റി വച്ച ചരിത്രാവശ്ശേഷിപ്പുകളെ കാത്തു സൂക്ഷിക്കുക എന്നത് വളരെ വലിയൊരു കാര്യമാണ്. അവയെ നേരായ രീതിയില്‍ വികസിപ്പിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ വരും തലമുറകള്‍ക്കായി നമുക്ക് നല്‍കാനാകുമായിരുന്ന ലോകമറിയുന്ന ഹെറിട്ടേജ് ടൂറിസം സാധ്യതകള്‍ക്കായുള്ള വാതിലുകള്‍ ആയിരുന്നിരിക്കാം അവയെല്ലാം. കേരളത്തിന്റെ സഞ്ചാരചരിത്രത്തിന്റെ ഭാവിയെ തന്നെ അവയ്ക്ക് മാറ്റി മറിക്കാന്‍ സാധിച്ചേനെ.

അറബികളും ഡച്ചുക്കാരും പറങ്കികളുമൊക്കെ മാറി മാറി വന്നിട്ടും ഇന്നും നഷ്ടപെടാതെ, നഷ്ടപ്പെടുത്താത നമ്മള്‍ സൂക്ഷിക്കുന്ന ആ മഹത്തായ സാംസ്കാരികതയുടെ തന്നെ ഭാഗമായി മാറുകയായിരുന്നു മാറി മാറി വന്ന ഭരണ വ്യവസ്ഥിതികളുടെ ജീവിക്കുന്ന സ്മാരകങ്ങളായ നമ്മുടെ കോട്ടകളും. പല സ്ഥലങ്ങളിലും ഇന്ന് അവിടെ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് പോലും അറിയാത്ത ചരിത്രം ഉറങ്ങുന്ന മണ്ണാണ് തിരുവനന്തപുരത്തിന്‍റെത് എന്നതാണ് സത്യം.

അപ്രതീക്ഷിതമായി കിട്ടിയ ഒരു അവധി ആഘോഷിക്കാന്‍ സഹയാത്രികനായ ‘കുടു കുടു’ വണ്ടിയുമെടുത്ത്‌ വര്‍ക്കല വിടുമ്പോള്‍ ഹിപ്പി സംസ്കാരത്തിന്‍റെ മറ്റൊരു മുഖമാണ് അവിടെ പ്രതീക്ഷിച്ചത്. പക്ഷേ പണ്ട് കാലം മുതല്‍ക്കെ മനസ്സില്‍ കടം പോലെ കരുതി വച്ചിരുന്ന അഞ്ചുതെങ്ങിന്‍റെ സ്വന്തം ചതുരക്കോട്ട കാണണമെന്നൊരു തോന്നല്‍, പിന്നെ രണ്ടും കല്‍പ്പിച്ചു ബ്രിട്ടീഷ് സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ്കോട്ട ലക്ഷ്യമാക്കി ഞങ്ങള്‍ വച്ച് പിടിച്ചു.

റോഡരികില്‍ തന്നെയാണ് കോട്ട. ആളും ആരവങ്ങളുമില്ലാതെ കടലിനും റോഡിനുമിടയില്‍ പ്രൗഢഗംഭീരമായി തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന അഞ്ചുതെങ്ങിന്‍റെ മക്കളുടെ രക്തം ചിന്തിയ കോട്ട. ഭാരത മണ്ണില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യമായി പ്രക്ഷോപങ്ങള്‍ക്ക് തുടക്കമിട്ട മണ്ണാണ് ഇവിടം, പിന്നീടതിനെ ചരിത്രം ആറ്റിങ്ങല്‍ കലാപം എന്ന് വിളിച്ചു. കോട്ടയുടെ കഥ തുടങ്ങണമെങ്കില്‍ അത് അഞ്ചുതെങ്ങിന്‍റെ കഥകളിലൂടെ മാത്രമേ സാധിക്കു.

അഞ്ചു തെങ്ങ്, കേള്‍ക്കുമ്പോള്‍ തന്നെ ഒരു പ്രതേകത തോന്നിയത് കൊണ്ട് കോട്ടയുടെ അടുത്ത് കടയിട്ടിരുന്ന ഒരു ചേടത്തിയോടു ചോദിച്ചപ്പോള്‍ തനി തിരോന്തോരം മൊഴിയില്‍ “അതിലിപ്പോ എന്തരു പറയാന്‍ അഞ്ചിങ്ങല്‍ എന്നായിരുന്നു ആദ്യത്ത പേര്. പിന്നെ സായിപ്പന്മാര്‍ക്ക് വായില്‍ കൊള്ളാത്തത് കൊണ്ട് അഞ്ചെങ്ങോ ആക്കി. പിന്നെ പറഞ്ഞു പറഞ്ഞു അഞ്ചുതെങ്ങ് ആയതാണ്.” അന്വേഷിച്ചപ്പോള്‍ പിന്നെയും കിട്ടി പേര് വന്ന വഴിയെക്കുറിച്ചുള്ള വേറെയും കഥകള്‍. അഞ്ചു ശിഖരങ്ങള്‍ ഉള്ള തെങ്ങ് ഉണ്ടായിരുന്നത് കൊണ്ട് വന്നതാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍, അഞ്ചു ചുമടുതാങ്ങികള്‍ ഉള്ളതു കൊണ്ടാണ് ആ പേര് കിട്ടിയതെന്ന് വേറെ കുറെ പേര്‍. ഇനി കഥകള്‍ വിട്ടു നമുക്ക് കാര്യത്തിലേക്ക് കടക്കാം..

ഏകദേശം 1721 സമയങ്ങളില്‍ ആറ്റിങ്ങലിന്റെ ഭരണം നിര്‍വഹിച്ചിരുന്ന ആറ്റിങ്ങല്‍ റാണിക്കുള്ള സമ്മാനങ്ങളുമായി കോട്ടയുടെ തലവന്‍ ആയിരുന്ന ഗൈഫോര്‍ഡ് സായിപ്പും 140 സൈനികരും കൊട്ടാരത്തിലേക്ക് യാത്ര തിരിക്കവെ, ആദ്യ സമയം മുതലേ തന്നെ പ്രാദേശിക തൊഴിലുമായി ബന്ധപ്പെട്ടു പ്രശ്നത്തില്‍ ആയിരുന്ന അഞ്ചുതെങ്ങ് നിവാസികള്‍, സമ്മാനം തങ്ങളിലൂടെ റാണിയിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെടുകയും അത് വന്‍ കലാപത്തിലേക്ക് നയിക്കുകയും ചെയ്യുകയായിരുന്നു. ആ സമയം കടലിന്‍റെ മക്കള്‍ കോട്ട വളഞ്ഞു ഉപരോധത്തിലാക്കുകയും തലശ്ശേരി റെജിമെന്റില്‍ നിന്നും ഇംഗ്ലീഷ് പട്ടാളം വന്നു കോട്ട മോചിപ്പിക്കുകയും, പൂര്‍ണ്ണമായും അഞ്ചുതെങ്ങിനെ തങ്ങളുടെ വരുതിയിലാക്കുകയും ചെയ്തു.

പണ്ടുകാലത്ത് ബ്രിട്ടീഷുകാരുടെ പ്രധാന വിപണനകേന്ദ്രം ആയിരുന്നു കോട്ടയുടെ അടുത്തുള്ള പണ്ടകശാല. ഇവിടെ നിന്നു കൊച്ചിക്കും കൊടുങ്ങലൂരിനും സാധനങ്ങള്‍ കടലിലൂടെ തന്നെ എത്തിക്കല്‍ പതിവായപ്പോള്‍ അവര്‍ ഇവിടെ തന്നെ കച്ചവടാവശ്യങ്ങള്‍ക്കായി താവളമുറപ്പിച്ചു. 1690ല്‍ കോട്ട നിര്‍മ്മിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് ആറ്റിങ്ങല്‍ റാണി അനുമതി നല്‍കിയപ്പോള്‍, അഞ്ചു വര്‍ഷം കൊണ്ട് തന്നെ കോട്ടയുടെ പണി കഴിക്കുകയും, ആദ്യ സമയങ്ങളില്‍ അവര്‍ കോട്ടയെ ഫ്രഞ്ചുകാര്‍ക്ക് എതിരെ സജീകരിക്കുകയും ചെയ്തു. പക്ഷെ പണ്ട് മുതല്‍ക്കേ കൂടെ നിര്‍ത്തിയവരെയെല്ലാം വെട്ടിനിരത്തി മാത്രം ശീലിച്ച ബ്രിട്ടീഷ് ഭരണവ്യവസ്ഥയുടെ കോട്ടയില്‍ ഉറപ്പിക്കപെട്ട പീരങ്കികള്‍ നാട്ടുകാര്‍ക്കെതിരെയും തീയുണ്ടകള്‍ വര്‍ഷിക്കാന്‍ അവര്‍ ഉപയോഗിച്ചു. സ്നേഹിച്ചാല്‍ ജീവന്‍ നല്‍കുമായിരുന്ന അഞ്ചുതെങ്ങിന്റെ മക്കള്‍ക്ക്‌ അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അക്കാലത്തു സാക്ഷാല്‍ വേലുത്തമ്പി ദളവയുടെ നേതൃത്വത്തില്‍ കോട്ടയ്ക്കെതിരെ ആക്രമണവും നടന്നിട്ടുണ്ട്

ഇനി ഭൂതകാല സ്മരണകളില്‍ നിന്നുമാറി വര്‍ത്തമാനകാല സ്ഥിതിയിലേക്ക് വരാം. വലിയപള്ളിയും ചെറിയപള്ളിയും കഴിഞ്ഞു കടലിനോടു ചേര്‍ന്ന റോഡിലൂടെ നേരെ വന്നു കോട്ടയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ മലയാളസിനിമയിലെ ക്ലീഷേ ജയില്‍ മതിലുകള്‍ ഓര്‍മ്മ വരും. നൂറ്റാണ്ടുകള്‍ക്കു മുന്നേ ഇവിടം പണിതുയര്‍ത്തുമ്പോള്‍ അന്ന് വെട്ടുകല്ലില്‍ ആയിരുന്നു കോട്ടമതിലുകള്‍ നിര്‍മ്മിച്ചത്, ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്നേ സിമെന്റ് ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്തുവെങ്കിലും കാലത്തിന്‍റെ കടന്നു പോക്കില്‍ നശിക്കപ്പെടുന്ന ഭാഗങ്ങളെ ഇപ്പോള്‍ വീണ്ടും പണിതുറപ്പിക്കുകയാണ് പുരാവസ്തു വകുപ്പ്.

കോട്ട മതിലിലൂടെയുള്ള ചെറിയ ഗോപുരം കടന്നു ഉള്ളിലേക്ക് ചെല്ലുമ്പോള്‍ ചെങ്കല്ല് പാകിയ നടവഴികള്‍ക്ക് ചുറ്റിലും പച്ചപ്പ്‌ നിറഞ്ഞ പുല്‍ത്തകിടിയും പൂന്തോട്ടവും ഉണ്ട്. കടലിനോടു ചേര്‍ന്ന് കിടന്നിട്ടും ഉപ്പു രസമില്ലാത്ത കിണറും, ബ്രിട്ടീഷുകാരുടെ ശവകുടീരങ്ങളും കോട്ടയുടെ അകത്തളങ്ങള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നു. അധികമാരും അറിയാതെ പോകുന്ന ഒരു നിഗൂഡത കൂടി കോട്ടയില്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു വസ്തുത. തെക്കേ മൂലയില്‍ സെക്യുരിറ്റി ഇരിക്കുന്നതിനായി ഒരു മുറി പോലെ ചെയ്തിരിക്കുന്ന ഭാഗത്തായി കോട്ടയുടെതായ ഒരു ഗുഹ കൂടി ഉണ്ട്.

ഏകദേശം അഞ്ചു മീറ്റര്‍ ഉള്ളിലായി ചുടു കല്ല്‌ കൊണ്ട് ഇവിടം അടച്ചിരിക്കുകയാണ് ഇപ്പോള്‍. വര്‍ഷങ്ങള്‍ക്കു മുന്നെ ഒരു നാട്ടുകാരനും പശുവും ആ ഗുഹയ്ക്കുള്ളില്‍ പോകുകയും പിന്നീട് അവരെക്കുറിച്ച് യാതൊരു അറിവുമില്ലെന്നുമാണ് അറിയാന്‍ സാധിച്ചത്. കൂടുതല്‍ അന്ന്വേഷിച്ചപ്പോള്‍ ഈ ഗുഹയ്ക്ക് ഒരു മറുപുറം ഉണ്ടെന്നും അത് കൊല്ലത്താണെന്നും അതല്ല കടലിലേക്കാണെന്നും വാദങ്ങള്‍ ഉണ്ട്. എന്‍റെ മനസ്സു അപ്പോഴും പക്ഷെ ഗുഹയ്ക്കുളില്‍ പോയ പശുവിന്‍റെയും നാട്ടുകാരന്‍റെയും പുറകെ ആയിരുന്നു.

കോട്ടയുടെ ഉള്ളിലൂടെ തന്നെയുള്ള കല്‍പ്പടവുകളിലൂടെ മുകളിലെ ഭാഗങ്ങളില്‍ ചെന്നെത്താന്‍ സാധിക്കും. ശിപായി തൊപ്പികള്‍ ധരിച്ച വെള്ളക്കാരുടെ പടയാളികള്‍, ബ്രിട്ടീഷ് സാമ്രാജ്യം അടക്കി വാണിരുന്ന ഈ കടല്‍ത്തീരങ്ങളില്‍ എന്നെ പോലെ സായാഹ്നസൂര്യനെ നോക്കി ഇരുന്നിട്ടുണ്ടയിരുന്നിരിക്കണം ഒരുകാലത്ത്, ഇവിടെ നിന്നുമായിരുന്നിരിക്കണം അവര്‍ കരയിലേക്കടുക്കുന്ന കപ്പലുകളെ നോക്കി കണ്ടിരുന്നത്‌.

സൂക്ഷിച്ചില്ലെങ്കില്‍ ആ ഉയരത്തില്‍ നിന്നുമുള്ള വീഴ്ച വലിയ അപകടം വിളിച്ചു വരുത്തുന്നത് പോലെയാണ്. കോട്ട മുകളില്‍ നിന്നും കടലിലേക്ക്‌ നോക്കുമ്പോള്‍ നമുക്ക് കേള്‍ക്കാനാകും ചരിത്രത്തില്‍ ഉറച്ചുപോയ ബ്രിട്ടീഷ് പട്ടാളങ്ങളുടെ കുതിരകുളമ്പടികള്‍, കോട്ടയുടെ അകത്തളങ്ങളില്‍ നിന്നുമുള്ള ആക്രോശങ്ങള്‍, പീരങ്കിനാളങ്ങളിലേക്ക് ഊഴിയിട്ടിറങ്ങുന്ന പീരങ്കിയുണ്ടകളുടെ ശബ്ദം, വീരനായകന്മാരായ അരയന്മാരുടെ നിലവിളികളും ജല്‍പനങ്ങളും..

കുറെ സമയം കോട്ടയ്ക്കുള്ളിലെ മരത്തണലില്‍ ഇരുന്നതിനു ശേഷം പുറത്തേക്കിറങ്ങുമ്പോള്‍ കോട്ടയോട് ചേര്‍ന്നുള്ള അഞ്ചുതെങ്ങ് ലൈറ്റ് ഹൌസ് കാണാന്‍ സാധിക്കും. അഞ്ചുതെങ്ങിലേ പ്രക്ഷോപങ്ങളുടെ വീരചരിത്രകഥകളെ തന്റെ ഒറ്റക്കണ്ണുകൊണ്ട് സാക്ഷ്യം വഹിച്ച് മറ്റൊരു സുവര്‍ണ്ണകാലത്തിനു വഴികാട്ടിയാകാന്‍ ഇനിയും തപസ്സിരിക്കുന്നത് പോലെ തോന്നും ഇവിടം കാണുമ്പോള്‍.

കോട്ടയുടെ ഏരിയല്‍ വ്യു പകര്‍ത്തുന്നതിനായി ക്യാമറയുമായി അവിടെക്കു ചെല്ലുമ്പോള്‍ ഇരട്ടക്കുഴലുമായി വന്ന ബ്രിട്ടീഷുകാരനെ നോക്കി കാണുന്നത് പോലെ അവിടെയുണ്ടായിരുന്ന ഗാര്‍ഡ് ചേട്ടന്മാര്‍ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ആവശ്യം പറഞ്ഞപ്പോള്‍ മലര്‍ക്കെ തുറന്ന ആ ആകാശഗോപുരത്തിന്റെ ഉയരങ്ങളിലേക്ക് കടത്തി വിടുകയും ചെയ്തു അവര്‍. ഉയരങ്ങളില്‍ നിന്നും ബ്രിട്ടീഷ് സംസ്കാരത്തിന്റെ ചരിത്രവശേഷിപ്പുകളെ നോക്കിക്കാണുമ്പോള്‍ ഒരല്‍പം വേദനയോടെയാണെങ്കില്ലും അഭിമാനത്തോടെ വിളിച്ചു കൂവാന്‍ തോന്നും “രക്തസാക്ഷികള്‍ മരിക്കുന്നില്ല, അവര്‍ ജീവിക്കുന്നു ഞങ്ങളിലൂടെ…”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.