വിവരണം – Jubin Kuttiyani.
ഇയോബിൻ്റെ പുസ്തകം എന്ന സിനിമയിൽ ജയസൂര്യ ചെയ്ത “അങ്കൂർ റാവുത്തർ” എന്ന വില്ലൻ കഥാപാത്രത്തെ ഫഹദ് ഫാസിൽ ചെയ്ത “അലോഷീ” എന്ന കഥാപാത്രം വെടിവെച്ചു വീഴിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചത് ഈ തുരങ്കത്തിനുള്ളിലാണ്. യാത്രാ വിവരണത്തിലേക്കു കടക്കുന്നതിന് മുൻപ് നടന്ന ഒരു കാര്യം പറയാം. എറണാകുളത്തു ജോലിയുള്ള ഒരു സുഹൃത്ത് ഉണ്ട് എനിക്ക്. എന്നും ബസ്സിന് എറണാകുളം – തൊടുപുഴ പോയിവരുന്ന അവന് ഒരു ഹീറോ ഹോണ്ട പാഷൻ ബൈക്കുണ്ട്. പഴഞ്ചനായ ആ ബൈക്കിനേക്കുറിച്ച് എപ്പോഴും പരാതി പറയാറുണ്ട്.. എവിടെ എങ്കിലും പോകണമെങ്കിൽ അര മണിക്കൂർ മുൻപേ സ്റ്റാർട്ടാക്കി തുടങ്ങണം, സൈഡ് സ്റ്റാൻ്റ് ഇല്ലാത്തതിനാൽ വല്ലോടത്തും ചാരിവയ്ക്കണം അങ്ങനെ ഒത്തിരി പരാതികൾ പറയാറുണ്ട്. യാത്രകളെ വളരെ ഇഷ്ടപ്പെടുന്ന അവൻ്റെ ഏറ്റവും വലിയ ആഗ്രഹം വിലകൂടിയ ഒരു ആഡംബര കാർ മേടിച്ചു ഒത്തിരി നാടുകൾ ചുറ്റി നടന്ന് കാണണം എന്നതാണ്. അത് എപ്പോഴും എന്നോട് പറയാറുണ്ട്.
ആറുമാസം മുൻപ് എറണാകുളത്തു നിന്നും ജോലി കഴിഞ്ഞ് തൊടുപുഴയ്ക്കു പോരുവാൻ ബസ്സ് കാത്തു നിൽക്കുമ്പോൾ സുഹൃത്തിൻ്റെ അടുത്ത് ഒരു കാർ വന്നു നിന്നു. പരിചയമുള്ള ഒരു ബിസ്സിനസ്സ്കാരനായിരുന്നു അത്. ഡ്രൈവറും അദ്ദേഹവും മാത്രമേ ആ വാഹനത്തിലുള്ളൂ. തൊടുപുഴ വഴി പോകുന്ന വണ്ടി ആയതിനാൽ പോന്നോളാൻ പറഞ്ഞു. സുഹൃത്തും മറ്റൊരു തൊടുപുഴക്കാരനും ചാടി ആ വാഹനത്തിൽ കയറി. എ.സി കാറിൽ സുഖമായി നാട്ടിലെത്തി. പിന്നീട് പല ദിവസങ്ങളിൽ ഇങ്ങനെ ഫ്രീ ലിഫ്റ്റ് കിട്ടി. എപ്പോഴും മുൻ സീറ്റിൽ ചാരി കിടക്കുന്ന വാഹന ഉടമ മുഹമ്മദ് റാഫിയുടെ പാട്ടുകൾ കേട്ട് താളം പിടിച്ച് കുറച്ചു കഴിഞ്ഞു ഉറങ്ങുമെന്നും, ഡ്രൈവർ നല്ല പോക്കാണെന്നും സുഹൃത്ത് പറയാറുണ്ട്. അതുമാത്രമല്ല കുറെ പണമുണ്ടാക്കി ഒരു കാർ മേടിച്ച് ഇയാളെപ്പോലെ സുഖമായി അടിച്ചു പൂക്കുറ്റിയായി നടക്കണം എന്നാണ് തൻ്റെ ആഗ്രഹമെന്നും എപ്പോഴും പറയാറുണ്ട്.
എന്നാൽ ഒരു മാസം മുൻപ് എറണാകുളത്തെ ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഈ കാർ വന്നു നിർത്തി. ഇത്തവണ ഡ്രൈവർ മാത്രമേ ഉള്ളൂ. കാറിനുള്ളിൽ കയറിയ സുഹൃത്ത് ആദ്യമേ അന്വേഷിച്ചത് വാഹന ഉടമ എവിടെ എന്നാണ്.. ” മുതലാളിക്ക് ഇത്തവണ അസുഖം കൂടി ICU വിലാണ് ” എന്ന ഡ്രൈവറുടെ മറുപടി ഞെട്ടലോടെയാണ് അവൻ കേട്ടത്. പിന്നീടാണ് സുഹൃത്ത് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയത്. എറണാകുളത്തെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡയാലിസിസ് കഴിഞ്ഞു തിരികെ പോയിരുന്ന അദ്ദേഹത്തിന്റെ ഒപ്പമാണ് മുൻപ് പലതവണ യാത്ര ചെയ്തതെന്നും, കുറേ കാലമായി അദ്ദേഹം ചികൽസയിലായിരുന്നു എന്നും അറിഞ്ഞു. ക്ഷീണിതനായ അദ്ദേഹം മദ്യപിച്ച് ഫിറ്റായി ഇരിക്കുകയാണെന്ന് തെറ്റുധരിച്ചല്ലോ എന്ന് ഓർത്ത് സുഹൃത്തിന് വിഷമമായി. ഇനി ഒരിക്കലും ആരെക്കുറിച്ചും അറിയാത്ത കാര്യങ്ങൾ പറയുകയില്ല എന്നുമാത്രമല്ല കുറച്ചു കുഴപ്പമൊക്കെയുണ്ടെങ്കിലും തനിക്ക് തൻ്റെ പഴയ ബൈക്ക് തന്നെ മതിയെന്നും കഴിഞ്ഞ ദിവസം സുഹൃത്ത് പറഞ്ഞു.
ഞാനറിഞ്ഞ ഈ സംഭവം ഇവിടെ കുറിച്ചത് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കുവാനാണ്. ഒന്ന് – മറ്റുള്ളവരെക്കുറിച്ച് നമ്മൾ അഭിപ്രായം പറയരുത്. കാരണം പലരും പുറത്ത് ചിരിച്ചു സന്തോഷമായി നടക്കുമെങ്കിലും ഉള്ളിൽ കരയുന്നവരായിരിക്കും. രണ്ട് – നല്ലൊരു നാളെക്കായി ചെറിയ ആഗ്രഹങ്ങൾ നീക്കിവയ്ക്കരുത്. നമ്മുക്ക് പറ്റുന്നപോലെ അത് നടത്താൻ നോക്കണം. കാരണം ഇപ്പോൾ ഒരു പക്ഷേ ഒരു കുട്ടയിൽ വാരാവുന്ന പ്രശ്നങ്ങളേ കാണൂ. എന്നാൽ കുറച്ചു കഴിയുമ്പോൾ അത് പെട്ടി ഓട്ടോയിൽ കയറ്റാവുന്ന പ്രശ്നങ്ങളാകും പിന്നീട് കുറച്ചു കഴിയുമ്പോൾ ഒരു ലോറിയിൽ പോലും കയറ്റാവുന്നതിലും കൂടുതലായിരിക്കും. അതുകൊണ്ട് ഉള്ളതുകൊണ്ട് സന്തോഷമായി ജീവിക്കുക. ഇനി യാത്ര വിവരണത്തിലേക്കു കടക്കാം.
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പോകുവാൻ ഏറ്റവും നല്ല സ്ഥലമാണ് അഞ്ചുരുളി. മനുഷ്യർ സൃഷ്ടിച്ച തുരങ്കമാണ് അഞ്ചുരുളിയിലെ അഞ്ചര കിലോമീറ്റർ നീളമുള്ള തുരങ്കം. നിരവധി മലയാള സിനിമകൾക്ക് ലൊക്കേഷനായെങ്കിലും അഞ്ചുരുളിയുടെ ഭംഗി ശരിക്കും പുറം ലോകത്തെത്തിച്ചത് ഈയോബിൻ്റെ പുസ്തകം എന്ന മലയാള സിനിമയിലെ സീനുകളാണ്. മഴക്കാലത്ത് അഞ്ചുരുളിയിൽ പോയാൽ ടണലിനുള്ളിൽ കയറാൻ പറ്റില്ല. ഇടുക്കി ഡാമിന്റെ പിന്നാമ്പുറം ആണിവിടം. ഇരട്ടയാറു നിന്നും ഡാമിലേയ്ക്ക് ജലമെത്തിക്കുന്നതിനു വേണ്ടി ആറ് വർഷമെടുത്ത് പണിതതാണ് ഈ തുരങ്കം. ദിവസേന ധാരാളം ആളുകൾ അഞ്ചുരുളി വെളളച്ചാട്ടവും ഭംഗിയും ആസ്വദിക്കാനായി ഇവിടെ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ആളുകൾ എത്തി തുടങ്ങുന്നതിന് മുൻപേ എത്തണം എന്നുള്ളതിനാൽ വീട്ടിൽ നിന്നും അതിരാവിലെ യാത്ര തുടങ്ങി…
ഇടുക്കി വനത്തിലൂടെയുള്ള യാത്രയും, കട്ടപ്പനയിലെ കാറ്റും,ഏലത്തോട്ടവും ഒക്കെ നയനമനോഹര കാഴ്ചയാണ് സമ്മാനിച്ചത്. യാത്രയിലുടനീളം എൻ്റെ ചിന്ത എങ്ങിനെ ഈ സ്ഥലത്തിന് “അഞ്ചുരുളി” എന്ന പേരു വന്നു എന്നായിരുന്നു. എന്തായാലും പത്ത്മണിയോടെ അഞ്ചുരുളി ടണലിനു മുൻപിലെത്തി. അവിടെ ആരുമില്ല. ഗോപ്രോ ഉപയോഗിച്ച് കുറച്ചു വീഡിയോ എടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ ആളുകൾ എത്തിത്തുടങ്ങി. ഏതു നാട്ടിൽ ചെന്നാലും ആ നാട്ടിലെ ഒരു നാട്ടുകാരനെ പരിചയപ്പെട്ടാൽ ആ സ്ഥലത്തെക്കുറിച്ചുള്ള പൂർണ വിവരം ലഭിക്കും. ഇവിടെ ഞാൻ പരിചയപ്പെട്ടത് വിദേശികളെ ടണൽ കാണിക്കുവാൻ കൊണ്ടു വന്ന ജീപ്പ് ഡ്രൈവറായ ചേട്ടനെയാണ്. ഹൈറേഞ്ചുകാർ നന്മയുള്ളവരാണ് അതുകൊണ്ട് തന്നെ “അഞ്ചുരുളി” എന്ന പേര് എങ്ങനെ കിട്ടി എന്ന ഒറ്റ ചോദ്യത്തിന് ആ പ്രദേശത്തെക്കുറിച്ചുള്ള മുഴവൻ വിവരങ്ങളും അദ്ദേഹം പറഞ്ഞു തന്നു.
അഞ്ച് ഉരുളികൾ കമിഴ്ത്തിവെച്ചതു പോലെ, അഞ്ചു തുരുത്തുകൾ, ജലം ഇറങ്ങുമ്പോൾ ജലത്തിനിടയിൽ നിന്നും ദൃശ്യമാകുമെന്നും അതിനാലാണ് അഞ്ചുരുളി എന്ന് ഈ സ്ഥലത്തിനു പേരു വന്നതെന്നും, ഈ പേരിട്ടത് ആദിവാസികളാണെന്നും ഒക്കെയുള്ള വിവരങ്ങൾ ആ ചേട്ടൻ പറഞ്ഞുതന്നു. മാത്രമല്ല ടണലിനുള്ളിൽ പല തരത്തിലുള്ള വിഷമുള്ള പാമ്പുകൾ ഉണ്ടെന്നും അവ ഈ പാറയിലിരുന്നാൽ അറിയില്ലെന്നും അറിയാൻ കഴിഞ്ഞു. നടു ഭാഗത്തായി പെരുമ്പാമ്പും, വവ്വാലുമുണ്ട്. മാത്രമല്ല മുകളിൽ നിന്നും പാറകഷണം അടർന്നു വീഴാനും സാധ്യതയുണ്ട്. ടണലിനുള്ളിലേക്കു കയറിയാൽ മൊബൈൽഫോണിന് റേഞ്ചില്ല. പാറയൊക്കെ തെന്നി കിടക്കുകയാണ്. പല സ്ഥലങ്ങളിലും വലിയ കുഴിയുണ്ട്. കുറച്ചു പോയികഴിയുമ്പോൾ വായു കുറവാണ്. കുറച്ചു കാലം മുൻപ് സാഹസികരായ കുറച്ചു യുവാക്കൾ ടവറിനുള്ളിലൂടെ ഒരു കിലോമീറ്റർ പോയി കുടുങ്ങിയിട്ട് കട്ടപ്പനയിൽ നിന്നും ഫയർഫോഴ്സ് വന്ന് രക്ഷപെടുത്തിയ വിവരമൊക്കെ ഇദ്ദേഹം പറഞ്ഞു തന്നു.
അഞ്ചുരുളി മുതൽ ഇരട്ടയാർ വരെ ഒറ്റപ്പാറയിൽ 1979 -ൽ നിർമ്മിച്ചതാണ് ഈ തുരങ്കം. ഇടുക്കി പദ്ധതിയുടെ മൂന്നാംഘട്ട വികസനത്തിൻ്റെ ഭാഗമായി ഈ ജലസംഭരണിയിലേക്ക് ഹൈറേഞ്ചിൻ്റെ നിരവധി സ്ഥലങ്ങളിൽ നിന്നുള്ളവെള്ളം ശേഖരിക്കുന്നതിനു വേണ്ടിയാണ് തുരങ്കം നിർമ്മിച്ചത്. നിർമ്മാണ സമയത്ത് ഇരുപതിൽ കൂടുതൽ ആളുകൾ അപകടത്തിൽ മരിച്ചു. മൂന്ന് കിലോമീറ്റർ ഇവിടെ നിന്നു ഇരട്ടയാറ്റിലേക്കും ഇരട്ടയാറ്റിൽ നിന്നും ഇങ്ങോടും 2.5 കി.മീ തുരന്ന് അവസാനം തമ്മിൽ കൂട്ടിയോജിപ്പിച്ചാണ് തുരങ്കം നിർമ്മിച്ചത്. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ടണൽ നിർമ്മിച്ചിരിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ടണലിനകത്ത് കയറി കുറച്ചു ദൂരം പോകുവാൻ സാധിക്കും പക്ഷേ അധികദൂരം പോകരുത് അപകടമാണ്.
കാഴ്ചകൾ കണ്ടു തിരിച്ചു കട്ടപ്പനയിലെത്തി ബൈക്കിന് പെട്രോളും അടിച്ചു. ഞാൻ ചൂടൻ പൊറോട്ടയും , കുരുമുളകിട്ട ബീഫ് വരട്ടിയതും കഴിച്ചു. ഈ ഏകാന്ത യാത്ര നൂറു ശതമാനം മനസ്സിനു സന്തോഷം കിട്ടിയ ഒരു യാത്രയായിരുന്നു. ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്ക് സമീപമുള്ള കാഞ്ചിയാർ വില്ലേജിൽ പെട്ട അഞ്ചുരുളി കാണാൻ മറക്കരുത്. ഈ ടണൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതല്ല. നമ്മുടെ സംസ്ഥാന ഇലക്ട്രിസിറ്റി ബോഡാണ് ഇത് നിർമ്മിച്ചതെന്ന് നമുക്ക് അഭിമാനത്തോടെ പറയാം. ഇന്ത്യയിൽ ഒറ്റപ്പാറയിൽ നിർമ്മിച്ച ഏറ്റവും വലിയ തുരങ്കങ്ങളിൽ ഒന്നാണ് അഞ്ചുരുളി. കട്ടപ്പനയിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ശരിക്കും ഇടുക്കിയിലൂടെയുള്ള യാത്രതന്നെ നമുക്ക് ഒരു പ്രത്യേക ഫീലാണ് നൽകുന്നത്. ഇടുക്കി സുന്ദരിയാണ്. ഒരു ഇടുക്കി ജില്ലക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു.