എഴുത്ത് – ജൂലിയസ് മാനുവൽ.
ഈജിപ്ത്തിന്‍റെ മെഡിറ്ററേനിയന്‍ തീരത്തുള്ള അബുകിര്‍ ഉള്‍ക്കടല്‍ (Abū Qīr Bay) ഒരു ചരിത്രാന്വേഷിയെ സംബന്ധിച്ചടുത്തോളം അത്ഭുതങ്ങളുടെ കലവറയാണ് ! മെഡിറ്ററേനിയന്‍ കടലിലേക്കുള്ള നൈല്‍ നദിയുടെ അനേകം മുഖങ്ങളില്‍ ഒന്നായ റോസറ്റ (Rosetta) ക്കും പുരാതന നഗരമായ അലക്സാണ്ട്രിയക്കും ഇടയില്‍ ആണ് അനേകം തുരുത്തുകള്‍ നിറഞ്ഞ അബുകിര്‍ ഉള്‍ക്കടല്‍ സ്ഥിതി ചെയ്യുന്നത് . പുരാതന കാലത്തെ അനേകം കടല്‍ യുദ്ധങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നതല്ല അബുകിര്‍ ഉള്‍ക്കടല്‍ നമ്മുക്ക് ഒരു അത്ഭുതമായി തോന്നുന്നത് .അതി പുരാതനങ്ങളായ മൂന്ന് ഈജിപ്ഷ്യന്‍ മഹാനഗരങ്ങളെ അപ്പാടെ വിഴുങ്ങിയ കടല്‍ വ്യാളിയാണ് ഈ ഉള്‍ക്കടല്‍ ! കനോപസ് ( Canopus), മെനൌതിസ് ( Menouthis) പിന്നെ ഹെറാക്ളിയോണ്‍ ( Herakleion–Thonis) എന്നിവയാണ് ആ ഭാഗ്യംകെട്ട നഗരങ്ങള്‍ !
രണ്ടായിരമാണ്ടിന്റെ തുടക്കം …. പ്രശസ്ത ചരിത്ര ഗവേഷകനും , മുങ്ങല്‍ വിദഗ്ദനും ആയ ഫ്രാങ്ക് ഗോഡിയോയും ( Franck Goddio) സംഘവും അബുകിര്‍ ഉള്‍ക്കടലില്‍ പര്യവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു . ലക്ഷ്യം, 1798 ല്‍ ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ ഈ ഉള്‍ക്കടലില്‍ വെച്ചു നടന്ന നടന്ന നൈല്‍ യുദ്ധത്തില്‍ (The Battle of the Nile—Napoleon’s lost fleet from the battle against Admiral Nelson ) മുങ്ങിപ്പോയ ഫ്രഞ്ച് പടക്കപ്പലുകളുടെ അവശിഷ്ടങ്ങള്‍ കണ്ടുപിടിക്കുക ! കാര്യം നടന്നു … കപ്പലുകള്‍ കിട്ടി … ഒന്നും രണ്ടുമല്ല ഏതാണ്ട് അറുപത്തി നാലെണ്ണം ! ഇതില്‍ ഫ്രഞ്ച് -ബ്രിട്ടീഷ് കപ്പലുകള്‍ അല്ലാത്തവയും ഉണ്ടായിരുന്നു . അവയെ ചുറ്റിപ്പറ്റി വീണ്ടും മുങ്ങി നോക്കിയപ്പോള്‍ ചിലത് പുരാതന ഗ്രീക്ക് കച്ചവട കപ്പലുകള്‍ ആണെന്ന് ബോധ്യമായി . അങ്ങിനെയെങ്കില്‍ ഇവിടെ ഒരു പുരാതന തുരമുഖമോ മറ്റോ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഗോഡിയോ ഊഹിച്ചു . പിന്നെ കപ്പലുകള്‍ക്കിടയില്‍ ആയി അന്വേഷണം ! അവസാനം തീരത്ത് നിന്നും ഏകദേശം നാല്കി -അഞ്ച് കിലോ മീറ്ററുകള്‍ അകലെ; അതുവരെ മോഡേണ്‍ മനുഷ്യന് പിടികൊടുക്കാതെ ഒളിഞ്ഞു കിടന്നിരുന്ന ഒരു നഗരം ഗോഡിയോയുടെയും സഹപ്രവര്‍ത്തകരുടെയും മുന്നില്‍ തെളിഞ്ഞു വന്നു . അനേകം ശില്‍പ്പങ്ങള്‍ …. പുരാതന ഈജിപ്ഷ്യന്‍ ദേവന്മ്മാരുടെ വിഗ്രഹങ്ങള്‍ ….. പാത്രങ്ങള്‍ … പണി ആയുധങ്ങള്‍ ….. ക്ഷേത്രാവശിഷ്ടങ്ങള്‍ …. ചില അപൂര്‍വ്വ ലിഖിതങ്ങള്‍ ….അങ്ങിനെ ഓരോന്നായി സമുദ്രത്തില്‍ നിന്നും ഉയര്‍ന്നു വന്നുകൊണ്ടിരുന്നു .
അങ്ങിനെ കിട്ടിയ ഒരു ശിലാ ലിഖിതം വായിച്ചെടുത്തപ്പോള്‍ ആണ് അന്നുവരെ വെറും മിത്ത് മാത്രം ആണെന്ന് കരുതിയിരുന്ന ഹെറാക്ളിയോണ്‍ എന്ന തുറമുഖ നഗരം ആയിരുന്നു അതെന്ന് ലോകത്തിന് മനസ്സില്‍ ആയത് ! ദേവന്മ്മാരുടെയും മനുഷ്യരുടെയും കഥകള്‍ പരസ്പ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഗ്രീക്ക് -ഈജിപ്ഷ്യന്‍ കഥകളില്‍ നിന്നും യാഥാര്‍ത്ഥ്യം ഏത് സത്യം ഏത് എന്ന് മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ് . സംഭവങ്ങളില്‍ അതിശയോക്തി കലര്‍ന്നിട്ടുണ്ടെങ്കിലും കഥകളില്‍ പറയുന്ന നഗരങ്ങള്‍ യാഥാര്‍ത്ഥ്യം തന്നെ ആയിരുന്നു എന്ന് ട്രോയ് പോലുള്ള നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ തുര്‍ക്കിയില്‍ നിന്നും കണ്ടെടുത്തപ്പോള്‍ ചരിത്രകാരന്‍മ്മാര്‍ക്ക് ബോധ്യപ്പെട്ടത് ആണ് . ഹെറോഡോട്ടസിന്‍റെ പരാമര്‍ശങ്ങളിലും , ഹോമറിന്റെ ഇലിയഡിലും പിന്നെ വിരലില്‍ എണ്ണാവുന്ന ചില ശിലാഫലകങ്ങളിലും മാത്രം കാണപ്പെട്ട ഹെറാക്ളിയോണ്‍ എന്ന നഗരം വെറും മിത്ത് മാത്രമായി ഗവേഷകര്‍ മറന്നു കളഞ്ഞതായിരുന്നു . ഈ നഗരത്തെ തിരിച്ചറിയാന്‍ തടസ്സമായ മറ്റൊരു പ്രധാന കാരണം ഹെറാക്ളിയോണ്‍ നഗരത്തിന് മറ്റൊരു പേര് കൂടി ഉണ്ടായിരുന്നു എന്നതാണ് ! നഗരത്തിന്‍റെ ഗ്രീക്ക് നാമം ഹെറാക്ളിയോണ്‍ എന്നായിരുന്നു എങ്കില്‍ ഈജിപ്ഷ്യന്‍ പേര് തോണിസ് (Thonis) എന്നായിരുന്നു . ഈ രണ്ടു പേരുകളും ഒരുമിച്ചു തന്നെ ഗോഡിയോക്കും സംഘത്തിനും കിട്ടിയ ഫലകങ്ങളില്‍ ഉണ്ടായിരുന്നതാണ് എല്ലാ സംശയങ്ങള്‍ക്കും അറുതി വരുത്തിയത് . ക്രിസ്തുവിനു മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന ഈ തീര നഗരം ക്രിസ്തുവിന് ശേഷം മൂന്നോ അല്ലെങ്കില്‍ അഞ്ചോ നൂറ്റാണ്ടില്‍ അത്ഞാതങ്ങളായ കാരണങ്ങളാല്‍ മെഡിറ്ററേനിയനില്‍ മുങ്ങി പോവുകയായിരുന്നു .
മിത്തുകള്‍ : ഇലിയഡിലെ കാമുകീകാമുകന്മാരായ ഹെലനും പാരിസും ക്രൂദ്ധനായ മെനലാസിന്‍റെ കൈകളില്‍ നിന്നും രക്ഷപെടാന്‍ ഹെറാക്ളിയോണ്‍ ദ്വീപ് നഗരത്തില്‍ വന്നു താമസിച്ചിരുന്നു . അതിനും മുന്‍പ് ഹെലന്‍ മെനലാസിന്‍റെ കൂടെ ആയിരുന്നപ്പോള്‍ അവരും ഇവിടെ വന്നു താമസിച്ചിരുന്നതായി മഹാകവി ഹോമര്‍ പാടുന്നു . റോമന്‍ വീരസിംഹം ആയിരുന്ന ഹെര്‍ക്കുലീസ് ഇവിടെ കാലു കുത്തിയാതായും അദ്ദേഹം ഇവിടെ ഒരു ക്ഷേത്രം നിര്‍മ്മിച്ചതായും ആണ് അടുത്ത കഥ . ഹെര്‍ക്കുലീസിന്റെ ഗ്രീക്ക് പേരായ ഹെരാക്ളിസില്‍ (Heracles) നിന്നും ആണ് നഗരത്തിന് പേര് ലഭിച്ചത് .
{ Warning ! Off topic >>>> ഹെര്‍ക്കുലീസ് പേര്‍ഷ്യസിന്‍റെ ( Remember the film “Clash of the Titans”) great-grandson ആണ് . ഹെറോഡോട്ടസ് പറയുന്നത് പേര്‍ഷ്യക്ക് ആ പേര് ലഭിച്ചത് പേര്‍ഷ്യസില്‍ നിന്നാണ് എന്നാണ് . ഈ രണ്ടുപേരുടെയും പിതാവ് സീയുസ് തന്നെ ആയതിനാല്‍ മുതുമുത്തച്ചനും പേരക്കുട്ടിയും അര്‍ദ്ധസഹോദരന്മ്മാര്‍ കൂടി ആണ് !! }.
രേഖകള്‍ : പുരാതന ചരിത്രകാരന്മ്മാരായ Diodorus , Strabo , Herodotus എന്നിവര്‍ ഹെറാക്ളിയോണ്‍ എന്ന തുറമുഖ നഗരത്തെ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട് .പുരാതന ഈജിപ്ഷ്യന്‍ ശിലാഫലകമായ Stele of Naukratis’ ല്‍ (Twin steles of Decree of Nectanebo I) തോണിസിനെ കുറിച്ച് പരാമര്‍ശമുണ്ട് . ഗ്രീക്കിലും ഈജിപ്ഷ്യനിലും ഉള്ള ദ്വിഭാഷ ലിഖിതമായ Decree of Canopus ആണ് ഈ നഗരത്തെ പേരെടുത്ത് പരാമര്‍ശിക്കുന്ന മറ്റൊരു പുരാതന രേഖ .
നിര്‍മ്മാണവും ഘടനയും : നൈല്‍ മെഡിറ്ററേനിയനുമായി കൂട്ടി മുട്ടുന്ന ഇവിടം അനേകം ചെറു ദ്വീപുകളും,തുരുത്തുകളും, കൈവഴികളും, കനാലുകളും ഉള്ള ഒരു ഡെല്‍റ്റആണ് (നമ്മുടെ സുന്ദര്‍ബാന്‍സ് പോലെ അല്ലെങ്കില്‍ ഏകദേശം കൊച്ചി പോലെ ) . അതില്‍ പല ദ്വീപുകളിലായി ചിതറിയാണ് ഹെറാക്ളിയോണ്‍ നഗരം സ്ഥിതി ചെയ്തിരുന്നത് . പ്രധാന ദ്വീപില്‍ ഈജിപ്ഷ്യന്‍ ചന്ദ്രദേവന്‍ ആയിരുന്ന Khonsou വിന്റെ ഒരു വലിയ ക്ഷേത്രം ഉണ്ടായിരുന്നു . ചുറ്റുമുള്ള ചെറു ദ്വീപുകളില്‍ ആളുകള്‍ താമസിക്കുകയും കച്ചവടം ചെയ്യുകയും ചെയ്തു പോന്നിരുന്നു . ഗ്രീസില്‍ നിന്നുമുള്ള അനേകം കച്ചവട കപ്പലുകള്‍ സദാസമയവും ഇവിടെ ഉണ്ടായിരുന്നു
തിരോധാനം : നൈലിന്റെ അഴിമുഖത്ത് ഉണ്ടായിരുന്ന ഹെറാക്ളിയോണ്‍ ഉള്‍പ്പടെ മൂന്ന് നഗരങ്ങള്‍ കടലിനടിയില്‍ ആയത് എങ്ങിനെ എന്നതിന് ഏകാഭിപ്രായം ഇതുവരെ ഉരുത്തിരിഞ്ഞിട്ടില്ല . ബലം കുറഞ്ഞ പൂഴിയില്‍ നില നിന്നിരുന്ന ദ്വീപുകള്‍ നൈലില്‍ ഉണ്ടായ ഏതോ കൂറ്റന്‍ ജലപ്രളയ കാലത്ത് തകര്‍ന്നു പോയതാവാം എന്നാണ് ഭൂരിഭാഗം പേരും ചിന്തിക്കുന്നത് . കൂട്ടത്തില്‍ ഭൂകമ്പവും സുനാമിയും കൂടി ചേരുമ്പോള്‍ ഉണ്ടായ അണ്‍ബാലന്‍സിംഗ് മറ്റൊരു കാരണം ആവാം . എന്തായാലും ഇപ്പോഴും കടലില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന പുരാവസ്തുക്കള്‍ എല്ലാം കൂടി ചേര്‍ത്ത് ചിന്തിക്കുമ്പോള്‍ സമീപ ഭാവിയില്‍ തന്നെ ഇതിനൊരു ഉത്തരം ഗവേഷകര്‍ക്ക് തരാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കാം.
നോട്ട് : Heraklion എന്ന പേരില്‍ ഒരു ഗ്രീക്ക് നഗരം ഇപ്പോള്‍ നിലവില്‍ ഉണ്ട് .