എഴുത്ത് – ബിബിൻ ഏലിയാസ് തമ്പി (ജിജ്ഞാസ ഗ്രൂപ്പ്).

1972 ഒക്ടോബർ 13ന് നടന്ന ആന്റീസ് വിമാനാപകടത്തിൽ (Andes flight disaster) നിന്നും അവിശ്വാസനീയമാം വിധത്തിൽ അതിജീവിച്ച ചിലരുടെ കഥ . ഡിസംബർ 12 ന് പ്രധാനപ്പെട്ട ഒരു മത്സരത്തിൽ പങ്കെടുക്കാനായി ഉറുഗ്വേയിലെ റഗ്ബി ടീമും സംഘവും ഉറുഗ്വേയിൽ നിന്നും ചിലിയിലെ സാന്റിയാഗോയിലേക്ക് പ്രത്യേക വിമാനത്തിൽ പറക്കുകയായിരുന്നു .മോശമായ കാലാവസ്ഥ കാരണം വിമാനം അടിയന്തിരമായി അർജന്റീനയിലെ മെൻഡോസയിൽ ഇറക്കുകയുണ്ടായി. പിറ്റേദിവസം ഒക്ടോ-13 ന് വീണ്ടും യാത്ര തുടർന്നു.

ആന്റീസ് പർവ്വതത്തിനു (Andes Mountains) മുകളിലൂടെ പറക്കുന്ന സമയം മേഘം മൂടിക്കെട്ടിയ അവസ്ഥയിൽ പർവ്വതത്തിന്റെ സ്ഥാനം കണക്കാക്കുന്നതിൽ പൈലറ്റിന് പിഴവ് സംഭവിച്ചു. വിമാനം പർവ്വതടത്തിലിടിച്ച് തകർന്നു. അപകടത്തിൽ ഫ്ലൈറ്റിന്റെ നല്ലൊരു ഭാഗം തകർന്ന് പന്ത്രണ്ടു യാത്രക്കാരും മരണപ്പെട്ടു. ബാക്കിയായവർ ഏകാന്തമായ മഞ്ഞു മൂടിയ ആന്റിസ് പർവ്വതത്തിനു മീതെ രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളിനീക്കി. ഒരാഴ്ച പിന്നിട്ടപ്പോൾ കൊടും ശൈത്യവും പരിക്കും കാരണം അതിലുണ്ടായിരുന്ന ഏക ഡോക്ടറുൾപ്പെടെ ആറുപേർ കൂടെ മരണപ്പെട്ടു. പിന്നീടുള്ള 27 പേർ ആകെ ലഭ്യമായിരുന്ന ഒരല്പം ഭക്ഷണവും വസ്ത്രവും ഉപയോഗിച്ച് ജീവൻ നിലനിർത്താൻ ശ്രമിക്കുകയായിരുന്നു. അതിൽ പലരുടെയും കൈകാലുകൾ അപകടത്തിൽ ഒടിഞ്ഞിരുന്നു.

വിമാനം കാണാതെയായെന്ന് വിവരം ലഭിച്ച ചിലിയും അർജന്റീനയും പ്രത്യേക
ഹെലികോപ്റ്റർ അയച്ച് തിരച്ചൽ ആരംഭിച്ചു. എട്ടു ദിവസത്തെ തിരച്ചലിൽ മഞ്ഞുമൂടിയ പർവ്വതത്തിൽ കിടക്കുന്ന ആ വെളുത്ത വിമാനത്തെ നിർഭാഗ്യവശാൽ അവർക്ക് കണ്ടെത്താനായില്ല. ഓരോ ദിവസവും തങ്ങളെ തേടി രക്ഷാപ്രവർത്തകർ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു അവരോരോരുത്തരും. എട്ടാമത്തെ ദിവസം അവർ തിരച്ചൽ നിർത്താൻ പോകുന്നുവെന്ന വാർത്ത കൂടെയുള്ള ഒരുവന്റെ കയ്യിലുണ്ടായിരുന്ന റേഡിയോയിൽ കേട്ടതോടെ അവർ നിരാശരായി മരണത്തെ മുന്നിൽ കാണാൻ തുടങ്ങി.

ആകെയുണ്ടായിരുന്ന ഒരല്പ ഭക്ഷണം കഴിഞ്ഞതോടെ ജീവൻ നിലനിർത്താൻ നേരത്തെ മരണപ്പെട്ട യാത്രക്കാരുടെ ശവശരീരം അവരിൽ ചിലർ ഭക്ഷിച്ചു. തുടക്കത്തിൽ പലരും അതിന്‌ സന്നദ്ധമായില്ലെങ്കിലും ജീവൻ നിലനിർത്താൻ വേണ്ടി
അവസാനം അവരും അത് ചെയ്യേണ്ടിവന്നു. ഒരു മാസം പിന്നിട്ടപ്പോൾ അസഹ്യമായ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയാതെ അതിലുണ്ടായിരുന്ന എട്ടു പേർ കൂടെ മരണത്തിന് കീഴടങ്ങി.

രണ്ടു മാസങ്ങൾക്ക് ശേഷം ഡിസംബർ12 ന് അതിലുണ്ടായിരുന്ന രണ്ടുപേർ മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള മാർഗമന്വേഷിച്ച് യാത്രയായി. രണ്ടാഴ്ച മഞ്ഞിലൂടെ അവർ നടന്ന് അവസാനം ഏതോ ഒരു താഴ്വരയിൽ കുതിരപ്പുറത്ത് യാത്രചെയ്തു കൊണ്ടിരുന്ന മൂന്നുപേരെ കണ്ടെത്തി. തങ്ങളുടെ വിവരങ്ങൾ അവർക്ക് കൈമാറി. അവർ അവരെ സഹായിക്കാൻ വേണ്ടത് ചെയ്തു. അവസാനം അപകടം നടന്ന് 72 ദിവസങ്ങൾക്ക് ശേഷം അതിലുള്ള 16 പേർ രക്ഷപെട്ടു. അവിശ്വസനീയമായ ഈ അതിജീവനത്തിന്റെ കഥയെ ആസ്പദമാക്കി പിന്നീട് Miracle in the Andes എന്ന ഗ്രന്ഥവും ഹോളിവുഡ് ചലച്ചിത്രവും (Alive) പുറത്ത് വരുകയുണ്ടായി .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.