കെഎസ്ആർടിസിയുടെ മുൻ എംഡിയും, ഐപിഎസ് ഉദ്യോഗസ്ഥനും, നിലവിൽ എഡിജിപിയുമായ ടോമിൻ തച്ചങ്കരിയുടെ പത്നി അനിത തച്ചങ്കരി അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന്‌ ഏറെനാളായി ചികിത്സയിലായിരുന്ന അനിത കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരണത്തിനു കീഴടങ്ങിയത്. പരേതരായ കുറന്തോട്ടത്തില്‍ വര്‍ഗീസ്‌ ചെറിയാന്റെയും ബഹ്‌റൈനില്‍ ഡോക്‌ടറായിരുന്ന മേരി ചാക്കോയുടെയും മകളായ അനിത ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ മ്യൂസിക്കില്‍നിന്നും പിയാനോയില്‍ (എട്ടാം ഗ്രേഡ്‌) ഉന്നതവിജയം നേടിയ വ്യക്തിയാണ്.

മികവ്‌ തെളിയിച്ച സംരംഭക കൂടിയായിരുന്ന അനിത തച്ചങ്കരി കൊച്ചി, തമ്മനത്തെ റിയാൻ സ്റ്റുഡിയോയുടെ മാനേജിങ്‌ ഡയറക്‌ടറായിരുന്നു. മലയാള സിനിമയെ ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് പറിച്ചു നടുവാൻ റിയാൻ സ്റ്റുഡിയോ വഹിച്ച പങ്ക് ചെറുതല്ല. വിദേശത്തെയും ഇന്ത്യയിലെയും പഠനത്തിനു ശേഷമാണു അനിത കുടുംബ ബിസിനസ്‌ ഏറ്റെടുത്തു നടത്തിയത്‌. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മികച്ച സംരംഭക എന്ന വിശേഷണവും നേടുവാൻ അനിത തച്ചങ്കരിയ്ക്ക് കഴിഞ്ഞു. ബിസ്സിനസ്സ് നടത്തിപ്പുകൾക്കൊപ്പം തന്നെ കാര്‍ഷികരംഗത്തും അനിതയ്ക്ക് തിളങ്ങുവാൻ സാധിച്ചു. കൂടാതെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെരുവുനായകളുടെ പുനരധിവാസത്തിനായി ഇടപെടലുകളും ഇവർ നടത്തിയിട്ടുണ്ട്‌.

ബിസിനസ്സുകാരിയായി ഇരിക്കുമ്പോള്‍ തന്നെ നല്ല ഭാര്യയും ത​ന്റെ രണ്ട് പെണ്‍മക്കളുടേയും നല്ല അമ്മയായും അനിത നിറഞ്ഞു നിന്നിരുന്നു. തച്ചങ്കരിയുടെ പൊലീസ് ജീവിതത്തിന്റെ വര്‍ണ്ണാഭകളില്‍ നിന്നും അകന്നു നില്‍ക്കുകയും അത്തരം സദസ്സുകളില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തിരുന്നെങ്കിലൂം ഭര്‍ത്താവിന് ഒപ്പം നിന്ന് ധാര്‍മ്മിക പിന്തുണ നല്‍കാനും ശ്രദ്ധിച്ചിരുന്നു. മാറിമാറി വന്ന സര്‍ക്കാരുകളിലെല്ലാം വിവാദങ്ങളുടെ ചൂളയിലൂടെ കടന്നു പോകുമ്പോഴെല്ലാം ടോമിന്‍ ജെ തച്ചങ്കരിയുടെ താങ്ങും തണലുമായിരുന്നു അനിത മാറി. കണ്‍സ്യൂമര്‍ ഫെഡിലും കെഎസ്ആര്‍ടിസിയിലും ഗതാഗത കമ്മീഷണറായും തച്ചങ്കരി കൈയടി നേടുമ്പോള്‍ പിന്നില്‍ ചാലക ശക്തിയായി അനിത ഉണ്ടായിരുന്നു.

അനിത കാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിഞ്ഞത് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു. ചികിത്സയ്ക്കിടെ വേദനകള്‍ മറന്ന് അനിത അടുത്തിടെ പൊതുവേദിയിലെത്തിയത് മകളുടെ വിവാഹത്തിനായിരുന്നു. അന്ന് വീല്‍ ചെയറില്‍ വന്ന് തച്ചങ്കരിയോടൊപ്പം വിവാഹവേദിയില്‍ പങ്കെടുത്തു. എറണാകുളത്തെ വീട്ടിലെ വിവാഹ ചടങ്ങില്‍ തച്ചങ്കരി എഴുതി സംഗീതം നല്‍കിയ പാട്ട് അവതരിപ്പിച്ചത് പോലും അനിതയുടെ മനസ്സ് അറിഞ്ഞായിരുന്നു. ആശുപത്രി കിടക്കയില്‍ നിന്നും വീല്‍ചെയറില്‍ എത്തിയ അനിത ചടങ്ങില്‍ സംബന്ധിച്ച ശേഷം വീണ്ടും ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്തു. മക്കള്‍: മേഘ, കാവ്യ. മരുമക്കള്‍: ഗൗതം, ക്രിസ്‌റ്റഫര്‍. മക്കളും മരുമക്കളും ബംഗളൂരുവില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്‌.

വൈറ്റില – തമ്മനം റോഡിലെ കുത്താപ്പാടിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം കോന്തുരുത്തി സെന്റ്‌ ജോണ്‍സ്‌ നെപുംസ്യാന്‍സ്‌ പള്ളിയില്‍ സംസ്ക്കാരച്ചടങ്ങുകൾ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നിരവധി പ്രമുഖർ അന്തിമോപചാരം അര്‍പ്പിക്കാന്‍ തച്ചങ്കരിയുടെ വസതിയിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.