വിവരണം – Anz Ibn Elayathu.
പ്രിയ സുഹൃത്തുക്കളെ… കുറച്ചു ദിവസം മുന്പ് പോയ ഒരു യാത്രയുടെ വിവരണം ആണിത്. ഞാനൊരു സാഹിത്യകാരനോ വലിയൊരു സഞ്ചാരിയോ അല്ല. എന്നാലും ഇവിടെ ഞാൻ ചിലത് കുറിക്കുന്നു. കഴിഞ്ഞ കുറെ നാളുകളായി മനസ് അത്ര സുഖകരമല്ലായിരുന്നു. എന്തോ ഒരു ഒറ്റപ്പെടൽ പോലെ. സലിം കുമാർ ഏതോ സിനിമയിൽ പറയുന്നപോലെ ‘എന്തിനോ വേണ്ടി തിളക്കുന്ന സാംബാർ’ അതായിരുന്നു ശെരിക്കും എന്റെ മനസ്.. അങ്ങനെയിരിക്കെയാണ് മനസിന്റെ അവ്യക്ത മൂടുപടലങ്ങളെ കീറിമുറിച്ചുകൊണ്ടു ഒരു സുഹൃത്തിന്റെ ഫേസ്ബുക് പോസ്റ്റ് കാണാൻ ഇടയായത്. അദ്ദേഹം നമ്മുടെ കേരളത്തിന്റെ തന്നെ ഭാഗമായ ലക്ഷദീപിലേക്കു പോയ യാത്രയുടെ വിവരണവും ഫോട്ടോസും ആയിരുന്നു അതിൽ… അത് എന്നെ വല്ലാതെ ആകർഷിച്ചു. പഠിക്കുന്ന ടൈമിൽ ലക്ഷദീപിനെ കുറിച്ച് കേട്ടിട്ടുള്ളത് ഒഴിച്ചാൽ വേറെ ഒന്നും തന്നെ അറിയുമായിരുന്നില്ല. പക്ഷേ ലക്ഷദീപിന്റെ ഫുൾ വിവരങ്ങളും യാത്ര നിർദേശങ്ളും തരാൻ ആ വിവരണത്തിന് കഴിഞ്ഞു…
ഞാനും കൂലംകഷ്ടമായിത്തന്നെ ആലോചിച്ചു. ഒന്ന് പോയാലോ?പിന്നീട് അതിന്റെ വിവരങ്ങളെകുറിച്ചറിയാൻ ഞാൻ ആ സുഹൃത്തിനെ കോൺടാക്ട് ചെയ്തു… ആ കാലയളവിൽ ഞാനറിഞ്ഞു എന്റെ ഉള്ളിലും യാത്ര ഇഷ്ടപെടുന്ന ഒരു ആൻസ് ഉണ്ടെന്നു. എന്തോ പോസിറ്റീവ് എനർജി ഫീലായി വീണ്ടും.. ലക്ഷദീപ് യാത്രക്ക് കാലതാമസം ഉള്ളതിനാൽ അടുത്ത് തന്നെ പോകുന്ന ഏതേലും യാത്രയിൽ എന്നെ ഉൾപെടുത്താൻ ഞാൻ ആ സുഹൃത്തിനോട് പറഞ്ഞു. അദ്ദേഹം ഉറപ്പു തന്നു. കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ഒരു ഇവന്റ് ഉള്ളതായി പറഞ്ഞു. വാഴച്ചാൽ – വാൽപ്പാറ – പൊള്ളാച്ചി – പറമ്പിക്കുളം.. ഇതിൽ അതിരപള്ളി ഒഴികെ വേറെ എവിടെയും ഞാൻ പോകാത്തതുകൊണ്ടു ഞാൻ റെഡി ആണെന്ന് അപ്പോൾ തന്നെ പറഞ്ഞു… ഞാൻ മനസ്സിലോർത്തു..രാജമാണിക്യത്തിലെ മമ്മൂട്ടിയെ ‘യെവൻ പുലിയാണ് കേട്ടാ’ സുഹൃത്തിന്റെ കയ്യിൽനിന്നും യാത്ര ടീമിന്റെ ഡീറ്റെയിൽ വാങ്ങി പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.
Jan 26 & 27, ഒഴിവു ദിവസങ്ങൾ ആയതിനാൽ ഞാനും ഹാപ്പി .. അങ്ങനെ വാഴച്ചാൽ- വാൽപ്പാറ- പൊള്ളാച്ചി വഴി പറമ്പിക്കുളം ആസ്വദിക്കാൻ ഇറങ്ങി പുറപ്പെട്ടൂ. 26ന് രാവിലെ ആലുവയിൽ നിന്ന് പുറപ്പെടാൻ തലേരാത്രിയിൽ കെട്ടും മുറുക്കിയിറങ്ങി. കൂടെയുള്ള സഹയാത്രികയുടെ കൃത്യനിഷ്ട കൊണ്ട് ഐശ്വര്യമായി ‘2 മണിക്കൂർ’ വൈകി പരിപാടി ആരംഭിച്ചു . യാത്രയെ ഇഷ്ടപ്പെടുന്ന, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 19 പേർ ട്രാവലറിലും ബാക്കിയുള്ളവർ 3 കാറുകളിലുമായി ആലുവയിൽ നിന്നും തിരിച്ചു. വാഴച്ചാലിന്റെ വശ്യതയുടെ കുത്തൊഴുക്കിലേയ്ക്കാണ് ആദ്യം ഓടിയെത്തിയത്. മരങ്ങൾ സഞ്ചരിക്കുന്ന മനുഷ്യരെപ്പോലെ പിന്നിലേയ്ക്ക് ഓടിമറയുന്ന കാഴ്ചകളിൽ വേനൽചൂടിന്റെ ആരംഭത്തിന്റെ അടയാളങ്ങളെ പതിച്ചുവെച്ച പാതിഉണങ്ങിയ പുൽനാമ്പുകളും ഇലപൊഴിച്ച മരങ്ങളും പതിപ്പിച്ച ചിത്രങ്ങൾ വിരസമായ ഏതോ ക്യാൻവാസിൽ എന്നതുപോലെ തോന്നി. ചിലമരങ്ങൾ നൃത്തശില്പങ്ങളുടെ കവിതപേറുന്ന വശ്യതയോടെ നിശ്ചലങ്ങളായി കാണപ്പെട്ടു. എണ്ണപ്പനകളുടെ നീണ്ടതുരുത്തും കണ്ടുനീങ്ങി എത്തിയത് വാഴച്ചാലിലേയ്ക്ക്.
മൺസൂണിലെ അത്ര ശക്തമല്ലെങ്കിലും നീർപ്പളുങ്കുകൾ ചിതറിച്ചു വാഴച്ചാൽ പെയ്തുകൊണ്ടേയിരുന്നു. വാൽപ്പാറയുടെ കയറ്റിറക്കങ്ങളിൽ ആടിയുലഞ്ഞുനീങ്ങുമ്പോൾ വണ്ടിക്കുള്ളിൽ കളിചിരികളുടെ ബഹളം പതിയെ അനക്കം വെച്ചുതുടങ്ങിയിരുന്നു. തേയിലതോട്ടങ്ങളുടെ നീണ്ട നിരകൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും നീങ്ങുമ്പോൾ ബ്രിട്ടീഷുകാർ തേയിലത്തോട്ടങ്ങളും ഫാക്ടറികളും ഉണ്ടാക്കിയ കഥകളൊക്കെ പങ്കുവെയ്ക്കപ്പെടുന്നുണ്ടായിരുന്നു. കട്ടിരോമങ്ങളുള്ള, പച്ച നിറമുള്ള ചെമ്മരിയാടുകളെപ്പോലെ അടുങ്ങിയും തിങ്ങിയും തേയിലച്ചെടികൾ സൂര്യനെ ഉറ്റുനോക്കികൊണ്ടിരുന്നു. അവയ്ക്കിടയിൽ തലയുയർത്തി പ്രൗഢിയോടെ സിൽവർ ഓക്ക് മരങ്ങൾ നെഞ്ചു വിരിച്ചുനിന്നു മാറിലേക്ക് കുരുമുളക് വള്ളികളെ പടർത്തി തലയുയർത്തിത്തന്നെ നിൽക്കുന്നുണ്ടായിരുന്നു.
തേയിലത്തോട്ടങ്ങളുടെ നീണ്ടപച്ചപ്പ് നിറച്ച കണ്ണുകളുമായി വാൽപ്പാറയിൽ ഉച്ചഭക്ഷണം കഴിക്കാൻ ഇറങ്ങി. പിന്നീടുള്ളയാത്ര പൊള്ളാച്ചിയിലേയ്ക്ക്. ഈ യാത്രയുടെ കാതലായ ഭാഗവും അവിടെയായിരുന്നു. പൊള്ളാച്ചിയിലേക്കുള്ള വഴിയിൽ ആനമല കാസ്കേയ്ടിൽ ഇറങ്ങി വിസ്തരിച്ചൊരു കുളിപാസ്സാക്കാൻ ചെന്നപ്പോഴേയ്ക്കും നേരം ഇരുട്ടാകാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് അധികം വിസ്തരിക്കാതെ, പിറ്റേന്ന് വീണ്ടും വരാം എന്നതീരുമാനത്തിൽ പെട്ടെന്ന് കുളിച്ചു കയറി നേരെ പൊള്ളാച്ചിയിലെ ഫാം ഹൗസിലേയ്ക്ക്. ഏക്കർ കണക്കിനുള്ള തെങ്ങുംതോപ്പിനിടയിൽ പച്ച നിറമുള്ള ടെന്റുകൾ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. മിക്കവരും ടെന്റിനും മറ്റുസജ്ജീകരണങ്ങൾക്കുമായി ചട്ടം കൂട്ടിയപ്പോൾ അടുപ്പുകത്തിച്ചു ബിരിയാണിയുണ്ടാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. അതേസമയം കുറച്ചപ്പുറത്ത് തെങ്ങുകൾ മുറിച്ചുണ്ടാക്കിയ ബെഞ്ചിന് ചുറ്റും കളർപേപ്പറുകൾ കൊണ്ടുണ്ടാക്കിയ മെഴുകുതിരിവിളക്കുകൾ തയ്യാറാകുന്നുണ്ടായിരുന്നു. തൊട്ടടുത്ത് ഒരു ക്യാമ്പ്ഫയറും.
തിരക്കുകൾ ഒതുങ്ങിയപ്പോൾ എല്ലാവരും ഒത്തുകൂടി ഓരോരുത്തരെ സ്വയം പരിചയപ്പെടുത്തി. പലവ്യക്തിത്വങ്ങളെയും അവിടെ അറിയാനായി.അതിനിടയിലും തമാശകളുടെ അലകളുണ്ടായിരുന്നു. നേരം വൈകിയിരുന്നതുകൊണ്ടും ബിരിയാണി തയാറായതുകൊണ്ടും നല്ല വിശപ്പുണ്ടായിരുന്നതു കൊണ്ടും എല്ലാവരെയും പരിചയപ്പെടുത്തിയ ശേഷം ഭക്ഷണം കഴിക്കാൻ നീങ്ങി. ഭക്ഷണശേഷം എല്ലാവരും ടെന്റുകളിലേയ്ക്ക്. ആദ്യമായി ടെന്റിൽ ഉറങ്ങാൻ പോകുന്നതിന്റെ കൗതുകം ചിലരിലൊക്കെ പ്രകടമായിരുന്നു.കൊച്ചുവർത്തമാനങ്ങളൊക്കെ പറഞ്ഞു പതിയെ ഓരോരുത്തരായി ഉറക്കംപിടിച്ചു. രാവിലെ മയിലുകളുടെ ശബ്ദകോലാഹലങ്ങൾ കേട്ടാണ് എല്ലാവരും ഉണർന്നത്. ഫാമിന്റെ പ്രഭാതകാഴ്ചകളിലേക്ക് ഉള്ള വിളിച്ചുണർത്തൽ ആയിരുന്നു അത്. ഓലപ്പീലി വിരിച്ചാടുന്ന തെങ്ങുംതലപ്പുകൾ വെള്ളകീറിയ ആകാശത്തിനു താഴെ പച്ചക്കൂണുകൾ പോലെയും അതിനും താഴെ മനുഷ്യർ ചെറിയ ഉറുമ്പുകളെപ്പോലെയും കാണപ്പെട്ടിട്ടുണ്ടായിരിക്കണം.
തെങ്ങുംതോപ്പിലെ കുളിർമ്മ നിറഞ്ഞ പ്രഭാതകാഴ്ചകളിലൂടെ കണ്ണോടിച്ചുനടക്കുമ്പോൾ പലയിടങ്ങളിലായി രാവിലെ തന്നെ വിനോദത്തിലേർപ്പെട്ടിരിക്കുന്നവരെ കാണാമായിരുന്നു. ബാഡ്മിന്റൺ റാക്കറ്റുകളും സീസോയും ഊഞ്ഞാലുകളും, വോളിബോൾ, ബാസ്കറ്റ് ബോൾ തുടങ്ങിയവയ്ക്കുള്ള സജ്ജീകരണങ്ങളും ഫാമിൽ ഉണ്ടായിരുന്നു. മനോഹരമായി ബാംബൂ കർട്ടണിൽ ഫാം ഹൗസ് എന്നെഴുതി വെച്ചിരുന്നതിന്റെ വലതുവശത്തായി വെച്ചിരുന്ന ബോർഡിലെ ബുൾസ് ഐയി ലേയ്ക്ക് അറ്റത്ത് വാക്വം റബ്ബർ ഘടിപ്പിച്ച അമ്പ് എയ്ത് ഉന്നം പരീക്ഷിക്കുന്നവരേയും കാണാമായിരുന്നു. നമ്മളെകൂടാതെ അവിടെ തമിഴരും കന്നഡക്കാരും ഒക്കെ പല സംഘങ്ങളായി എത്തിയിരുന്നു. പൊള്ളാച്ചിയിലെ ആ തെങ്ങുംതോപ്പിൽ ടെന്റ് അടിച്ചു കൂടുന്ന ആദ്യ മലയാളിസംഘം ഞങ്ങളായിരുന്നിരിക്കും. പതിയെപ്പതിയെ ഓരോരുത്തരായി ഉറക്കമെണീറ്റ് വേഷം മാറി വീണ്ടും ആനമല കാസ്കേയ്ടിന്റെ വിശാലമായി നുരഞ്ഞൊഴുകുന്ന ചെറിയതണുപ്പിലേയ്ക് എടുത്തുചാടി.
ആഘോഷമായി കുളിച്ചുതോർത്തി തിരികെ ഫാമിലേയ്ക്ക് പ്രഭാതഭക്ഷണത്തിനായി എത്തി. ഇഡ്ഡലിക്കും ദോശയ്ക്കും കൂട്ടായി സാമ്പാറും ചട്ണിയും മാത്രമല്ല തലേന്നത്തെ ബിരിയാണിയുടെ ചിക്കനും കൂടി ഉണ്ടായിരുന്നതു കൊണ്ട് ആ ചടങ്ങങ്ങ് ഉഷാറാക്കി. എല്ലാവരെയും ചേർത്ത് ടെന്റിനുമുൻപിൽ നിന്ന് ഒരു പടവും പിടിച്ചു പറമ്പിക്കുളത്തേയ്ക്ക് തിരിക്കുമ്പോൾ 11 മണിയോളം ആയിരുന്നു. പറമ്പിക്കുളത്തേയ്ക്കുള്ള യാത്രയിലായിരുന്നു ഉല്ലാസമേളങ്ങളുടെ കെട്ടഴിഞ്ഞത്. അന്താക്ഷരികളിച്ചും തമാശകളുടെ മാലപ്പടക്കങ്ങൾ പൊട്ടിച്ചും യാത്രതുടരുന്നതിനിടെ വനമേഖലയിലേയ്ക്ക് എത്തിയിരുന്നു. നിശബ്ദത പാലിക്കേണ്ടിയിരുന്നതുകൊണ്ട് തൽക്കാലം അന്താക്ഷരി നിർത്തിവെച്ചു. പക്ഷേ കളിയാക്കലും ചിരിമേളങ്ങളും യാത്രയുടെ അവസാനം വരെയും നീണ്ടുനിന്നു. ഇത്രയേറെ ചിരിച്ചുമറിഞ്ഞ മറ്റൊരു യാത്ര ഈ അടുത്തകാലത്തെങ്ങും ഉണ്ടായിട്ടുമില്ല.
വനമേഖലയിലേയ്ക്ക് പ്രവേശിച്ചതുമുതൽ ഇരുവശങ്ങളിലേക്കും ഉറ്റുനോക്കി കാട്ടുമൃഗങ്ങളെ കാണാൻ എല്ലാവരും ആകാംക്ഷ കാണിക്കുന്നുണ്ടായിരുന്നു. അതിനിടയിലും തമാശകളുടെ മാലകോർക്കൽ തകൃതിയായി നടന്നു. വെൽകം ടു കേരള എന്നെഴുതിയ ബോർഡ് കണ്ടപ്പോഴാണ് കേരളത്തിൽ ആണെങ്കിലും പൊള്ളാച്ചിവഴി വഴി മാത്രം പ്രവേശിക്കാൻ പറ്റുന്ന പറമ്പിക്കുളത്തെ ഓർമ്മവന്നത്. പറമ്പിക്കുളം ടൈഗർ റിസർവിന്റെ ആസ്ഥാനമായ തൂണക്കടവ് പിന്നിട്ട് ഉച്ചഭക്ഷണം കഴിച്ചു നിൽക്കുമ്പോൾ ആ പരിസരങ്ങളിൽ മയിലുകളും കരിങ്കുരങ്ങുകളും ഒക്കെ കാണപ്പെടുന്നുണ്ടായിരുന്നു. നേരെ വെച്ചുപിടിച്ചത് 1994-95ൽ ഭാരതസർക്കാരിന്റെ മഹാവൃക്ഷ പുരസ്കാരം ലഭിച്ച കന്നിമരം തേക്ക് കാണാനായിരുന്നു. അതിനിടയ്ക്ക് ഉള്ള ഡാം വ്യൂ പോയിന്റിൽ ഇറങ്ങി കാഴ്ചകൾ ആസ്വദിച്ചു വൃക്ഷമുത്തശ്ശിയുടെ അടുത്തേയ്ക്ക്. മുറിക്കാൻ ശ്രമിക്കവേ ചോര പുറത്തുവന്നെന്നു ആദിവാസികൾ വിശ്വസിക്കുന്ന മരത്തെ കന്നിമരം(Virgin tree) എന്ന് വിളിച്ച് ആരാധിച്ചുപോരുന്നതേപ്പറ്റി മുൻപ് കേട്ടപ്പോൾ മുതൽ കാണണമെന്ന് കരുതിയ ആ കാഴ്ചയെ തൊട്ടറിയാൻ കഴിഞ്ഞപ്പോൾ ഹൃദയം തുടിച്ചു. യുഗങ്ങളെ കണ്ട മരമുത്തശ്ശിയുടെ ചുളിവുകളിൽ വിരലോടിച്ചു പ്രകൃതിയെ ധ്യാനിച്ചു നീണ്ട ഒരുശ്വാസം ഉള്ളിലേയ്‌ക്കെടുത്തു വൃക്ഷത്തലപ്പിലേയ്ക്ക് അൽപനേരം നോക്കി നിന്നു.
ആവശ്യത്തിന് ഫോട്ടോയൊക്കെ എടുത്ത് പറമ്പിക്കുളത്തെ കാനനപ്പാതകളിൽ വീണ്ടും കണ്ണോടിച്ചു മൃഗങ്ങളെ കണ്ടും ഇടതടവില്ലാത്ത തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും മുകളിലെത്തിയപ്പോൾ സന്ധ്യയോടടുത്തിരുന്നു. ഒരു ചായ കുടിച്ചശേഷം തിരിച്ചിറക്കം.ഇതിനിടയിൽ കാറിൽ വന്നിരുന്നവർ ഞങ്ങളോടൊപ്പം ബസിൽ കേറി. ഒരുപക്ഷെ യാത്ര കൂടുതൽ ഉഷാറായതു അതുകൊണ്ടാകും. ബസിൽ വന്നില്ലായിരുന്നെങ്കിൽ അത് അവർക്കും ഒരുപാട് നഷ്ടമായേനെ. സമയം ഒരുപാട് വൈകിയതുകൊണ്ട് സീതാർകുണ്ടും നെല്ലിയാംപതിയും കാണാമെന്ന മോഹം അല്പം നിരാശയോടെ ഉപേക്ഷിക്കേണ്ടി വന്നു. ഇരുട്ടിലൂടെ തിരിച്ചിറങ്ങുമ്പോഴും കണ്ണുകൾ കാടിന്റെ വന്യതയെ തിരഞ്ഞുകൊണ്ടേയിരുന്നു. ഇരുട്ടുംതോറും ബഹളങ്ങൾ നേർത്തുനേർത്തൊഴിഞ്ഞില്ലാതാകുന്നത് അറിയാനായി.
പാലക്കാടിന്റെ മണ്ണിലിറങ്ങി ഭക്ഷണവും കഴിച്ചു മടങ്ങുമ്പോൾ ഹൃദയം കനപ്പെട്ടു. രണ്ടുദിവസം കണ്ണടച്ചുതുറക്കുന്നതുപോലെ പോലെ കടന്നു പോയതായി തോന്നി. രണ്ടുദിവസംകൊണ്ട് എല്ലാവരും അത്രയേറെ പ്രിയപ്പെട്ടവരും ആയിമാറിരുന്നു. ഒരുപിടി നല്ലഓർമ്മകളെയും അനുഭവങ്ങളെയും തെളിഞ്ഞ സൗഹൃദങ്ങളെയും നെഞ്ചോട് ചേർത്ത്, വീണ്ടും യാത്രകളിൽ കണ്ടുമുട്ടാമെന്ന് പറഞ്ഞു പിരിയുമ്പോൾ വെളുപ്പിനെ ഒരുമണി അടിച്ചിരുന്നു. വീണുകിട്ടിയനല്ലനിമിഷങ്ങളെ ഹൃദ്യമാക്കിയ കളിചിരികളുടെ ആയിരത്തിലൊരംശം അവസാനം പങ്കുവെച്ചു കൊണ്ട് വിടപറയുമ്പോൾ അടുത്തിനിയെന്നു കാണാനാകും എന്നചിന്ത മാത്രമായിരുന്നു. പതിവുകളിലേയ്ക്ക് മടങ്ങുമ്പോഴും യാത്രയുടെ അലകൾ തുള്ളിക്കൊണ്ടേയിരുന്നു.