എഴുത്ത് – പ്രകാശ് നായർ മേലില.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ടു (Pema Khandu) ഇക്കഴിഞ്ഞ ഒക്ടോബർ 13 ന് ഒരു റോയൽ എൻഫീൽഡ് ബൈക്കിൽ 122 കിലോമീറ്റർ മലഞ്ചരുവുകളും കുത്തനെ കയറ്റിറക്കങ്ങളുമുള്ള യോംഗ്‌കാംഗ് മുതൽ പാസിഗാട്ട് വരെ റൈഡ് ചെയ്തത് വലിയ വാർത്തയായിരിക്കുകയാണ്. ഇക്കാര്യങ്ങൾ അദ്ദേഹം തന്നെ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു.
ടൂറിസത്തിനു പ്രചാരം നൽകാനായിരുന്നു ഈ യാത്ര. അരുണാചലിലെ മനോഹാരിത ആസ്വദിക്കാൻ ഇതാണ് നല്ല സമയം എന്ന ശീർഷകമാണ് ഈ യാത്രയ്ക്ക് അദ്ദേഹം നൽകിയത്.
ബൈക്ക് യാത്രികരുടെ ഇഷ്ടസ്ഥലമാണ് യോംഗ്‌കാംഗ് – പാസിഗാട്ട് റൂട്ട്. കാഴ്ചകളും കാനനഭംഗിയും താമസസ്ഥലങ്ങളും റെസ്റ്റോറന്റുകളും ഒക്കെ ധാരാളമുണ്ട്. അവിടെ ഇത് ടൂറിസ്റ്റ് സീസണാണ്. മുഖ്യമന്ത്രിയുടെ ബൈക്കിനൊപ്പം സുരക്ഷാ ഭടന്മാരുടെ വാഹനവ്യൂഹവും ഉണ്ടായിരുന്നു. മൂന്നു മണിക്കൂറോളം സമയമെടുത്തായിരുന്നു മുഖ്യമന്ത്രി പേമ ഖണ്ടു 122 കിലോമീറ്റർ സഞ്ചരിച്ചത്.
“ലക്ഷങ്ങൾ മുടക്കിയുള്ള പരസ്യം ആവശ്യമില്ല, ബ്രാൻഡ് അംബാസഡർമാരെയും ഞങ്ങൾക്കുവേണ്ട. ഇതാണ് ടൂറിസം പ്രൊമോട്ട് ചെയ്യുന്ന എന്റെ ആധുനികരീതി.” പേമ ഖാണ്ടു പറയുന്നു.
“നിങ്ങൾ കേരളത്തിൽ പോയി നോക്കുക. അവിടെ റോഡ് സൈഡിൽ പഴയ ടയറുകൾ കൂട്ടിവച്ചിരിക്കുന്നതു കണ്ടാൽ ഏതു കൊച്ചുകുട്ടിക്കും മനസ്സിലാകും അതൊരു ടയർ റിപ്പയർ കടയാണെന്ന്. ഒരു പരസ്യവുമില്ല. പണച്ചിലവില്ലാത്ത ലോകത്തെ ഏറ്റവും മികച്ച പരസ്യവും അതാണ്.” ഈ മുഖ്യമന്ത്രി ആള് വേറേ ലെവലാണ്. നിലവിൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ്.
കഴിഞ്ഞ വർഷം നവംബറിൽ പേമ ഖണ്ടു 10 കിലോമീറ്റർ ദൂരം സൈക്കിളിൽ യാത്ര ചെയ്തു കൊണ്ട് വാർത്തകളിൽ ഇടം നേടിയിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പം ബോളിവുഡ് താരം സൽമാൻ ഖാനും സൈക്ലിംഗിന് ഉണ്ടായിരുന്നു.
എന്തായാലും അരുണാചൽ മുഖ്യമന്ത്രിയുടെ ബൈക്ക് യാത്രയെക്കുറിച്ചുള്ള ട്വീറ്റ് വൈറലായി മാറിയിരിക്കുകയാണ്. “A 122km motorcycle ride from #Yingkiong to #Pasighat on 13th October 2019. Began my bike ride from Yingkiong Circuit house at 8 am and reached Pasighat Airport at 10.30 am. The route offers best picturesque views of the #Siang Valley and #Adi villages,” Khandu said on Twitter.