ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ലൈക്കുകളും ഫോളോവേഴ്സുമുള്ള ഒരു പോലീസ് സേനയുടെ ഫേസ്‌ബുക്ക് പേജ് കേരള പോലീസിന്റേതാണ്. സോഷ്യൽ മീഡിയയിൽ ട്രോളുകൾ തീർത്തും ജനങ്ങളുടെ ഇടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്നുമൊക്കെയാണ് കേരള പോലീസ് താരമായത്. എന്നാൽ കേരള പൊലീസിന് വെല്ലുവിളിയായി ട്രോളുകളിറക്കി ഇപ്പോഴിതാ ആസ്സാം പോലീസ് വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കെട്ടുകണക്കിനു കഞ്ചാവ് നിറച്ച ട്രക്ക് ആസ്സാം പോലീസ് പിടികൂടിയിരുന്നു. ഈ സംഭവം ആസ്പദമാക്കിയുള്ള ആസ്സാം പോലീസിന്റെ ട്വിറ്ററിലെ ട്വീറ്റ് ആണ് ആളുകളെ ചിരിപ്പിക്കുന്നതും മൊത്തത്തിൽ വൈറലായതും. ആസ്സാം പോലീസിന്റെ ആ രസകരമായ ട്വീറ്റ് ഇങ്ങനെ – “590 കിലോഗ്രാമോളം വരുന്ന കഞ്ചാവും അത് നിറച്ച ട്രക്കും കഴിഞ്ഞ രാത്രി ചഗോലിയ ചെക്ക് പോയിന്റിൽ വെച്ച് ആർക്കെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ? ആരും പരിഭ്രാന്തരാകേണ്ട. ഞങ്ങളത് കണ്ടെത്തിയിട്ടുണ്ട്. ധുബ്രി പോലീസിനെ ഇതിനായി ബന്ധപ്പെടുക. തീര്ച്ചയായും അവര് നിങ്ങളെ സഹായിക്കും.” ‘ടീം ധുബ്രി മഹത്തരം’ എന്നാണ് അസ്സം പോലീസ് ട്വീറ്റ് ചെയ്തത്.
2019 ജൂൺ നാലാം തീയതി രാത്രിയിൽ അസ്സം പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു രസകരമായ ഈ ട്വീറ്റ്. കഞ്ചാവടങ്ങിയ കെട്ടുകളുടെ ഫോട്ടോയും ട്വീറ്റിലുണ്ട്. 50 വലിയ കെട്ടുകളും ഒരു സ്യൂട്ട് കെയ്സുമാണ് ഫോട്ടോയിലുള്ളത്. തങ്ങൾ കഞ്ചാവ് പിടിച്ച വാർത്ത ജനങ്ങളിലേക്ക് എത്തിക്കുന്നതിനോടൊപ്പം കഞ്ചാവ് നഷ്ടപ്പെട്ടവരോടുള്ള സഹതാപവും പരിഹാസരൂപേണ ട്രോളായി ട്വീറ്റിൽ നിറയുന്നുണ്ട്.
ആസ്സാമിന്റെ തലസ്ഥാനമായ ഗുവാഹത്തി കേന്ദ്രമായി ധാരാളം ലഹരിമാഫിയകൾ പ്രവർത്തിക്കുന്നുണ്ട്. ഇവർ വഴിയാണ് സംസ്ഥാനത്തിനകത്തും പുറത്തുമായി വൻതോതിൽ കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളുടെ കൈമാറ്റങ്ങളും വ്യാപാരവുമൊക്കെ നടക്കുന്നത്. ഇതിനെതിരെയുള്ള ഒരു താക്കീത് കൂടിയാണ് കഴിഞ്ഞ ദിവസം ട്രോൾ രൂപേണയാണെങ്കിലും ഷെയർ ചെയ്യപ്പെട്ട ട്വീറ്റ്. ചുരുക്കിപ്പറഞ്ഞാൽ പോലീസ് ലഹരിമാഫിയയ്‌ക്കെതിരെ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് അർത്ഥം.
കേരള പോലീസിനോട് കിടപിടിക്കുന്ന ട്രോളന്മാർ ആസ്സാം പോലീസിലും ഉണ്ടെന്നു ഇതോടെ വ്യക്തമായിരിക്കുകയാണ്. ഈ ട്രോൾ പോസ്റ്റ് വൈറലായതോടെ ആസാം പോലീസിന്റെ ഇനി വരുന്ന പുതിയ ട്വീറ്റുകൾ എന്തൊക്കെയായിരിക്കും എന്നു ആകാക്ഷയോടെ നോക്കിയിരിക്കുകയാണ് ഫോളോവേഴ്സ്.