കെഎസ്ആർടിസി ബസ്സുകൾ എല്ലാവർക്കും ഒരു നൊസ്റ്റാൾജിയ ആണെന്നു പ്രത്യേകം പറയാതെ തന്നെ അറിയാമല്ലോ. ആനവണ്ടിയോടുള്ള പ്രാന്ത് മൂത്ത് ചിലർ ബസ്സുകളിൽക്കയറി യാത്രകൾ പോകുന്നു, ചിലർ ബസുകളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്നു. എന്നാൽ മറ്റു ചിലരുണ്ട്, തങ്ങളുടെ ഇഷ്ടകഥാപാത്രമായ ആനവണ്ടികളുടെ ചെറിയ മോഡലുകൾ തയ്യാറാക്കുകയാണ് അവരുടെ ഹോബി. ഒറിജിനലിനെ വെല്ലുന്ന രീതിയിൽ ബസ്സുകളുടെ ഓരോ പാർട്ടും സസൂക്ഷ്മം നിരീക്ഷിച്ച് അതേപടി തയ്യാറാക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. മിനിയേച്ചർ മോഡലുകൾ എന്നാണു ഇത്തരം ചെറുവണ്ടികളുടെ രൂപങ്ങൾ അറിയപ്പെടുന്നത്.
ഇത്തരത്തിൽ ബസ് മോഡലുകൾ നിർമ്മിക്കുന്ന രണ്ടുപേരെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. ജയപാൽ, ശ്യാംകുമാർ എന്നിവരാണ് ആ രണ്ടു കലാകാരന്മാർ. (ശ്യാംകുമാർ ഞീഴൂർ എന്ന പേരിൽ കോട്ടയം സ്വദേശിയായ മറ്റൊരു പ്രശസ്തനായ മിനിയേച്ചർ കലാകാരൻ കൂടിയുണ്ട്. അദ്ദേഹമല്ല ഇത്). സിവിൽ എൻജിനീയറായ ജയപാൽ തൻ്റെ ജോലിത്തിരക്കുകൾ കഴിഞ്ഞു ലഭിക്കുന്ന സമയം ഇത്തരത്തിൽ മിനിയേച്ചർ രൂപങ്ങൾ നിർമ്മിക്കുന്നതിനായാണ് ചെലവഴിക്കുന്നത്.
ഇതിനകം ധാരാളം മിനിയേച്ചർ വാഹന മോഡലുകൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ ATC 95 എന്ന സൂപ്പർ എക്‌സ്പ്രസ്സ് ബസ്സിന്റെ മിനിയേച്ചർ മോഡലാണ് ഇപ്പോൾ ഇദ്ദേഹം മനോഹരമായി പണിതീർത്തിരിക്കുന്നത്. ചങ്ങനാശ്ശേരി ഡിപ്പോയുടെ വേളാങ്കണ്ണി റൂട്ടിലോടുന്ന സൂപ്പർ എക്സ്പ്രസ്സ് ബസ്സുകളിൽ ഒന്നാണ് ATC 95. നിരവധി ആരാധകരുള്ള ഈ ബസിന്റെ മോഡലിനും ഇപ്പോൾ ആരാധകർ ആയിരിക്കുകയാണ്. ഇദ്ദേഹം നിർമ്മിക്കുന്ന മോഡലുകൾ ആളുകൾ വാങ്ങാറുമുണ്ട്. അതോടൊപ്പം ആളുകളുടെ ഇഷ്ടത്തിനനുസരിച്ചുള്ള മോഡലുകൾ ഓർഡർ അനുസരിച്ച് ഇദ്ദേഹം നിർമ്മിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്.
ശ്യാംകുമാർ വടക്കേടത്ത് : കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം തടിപ്പണി ഇൻറർലോക്ക് എന്നിവ ഒഴികെയുള്ള എല്ലാ കെട്ടിട നിർമ്മാണ ജോലികളും ചെയ്യാറുണ്ട്. തൻ്റെ ജോലികൾ കഴിഞ്ഞുള്ള സമയങ്ങളാണ് മിനിയേച്ചർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇദ്ദേഹം മാറ്റിവെക്കുന്നത്. ശ്യാംകുമാറും ജയപാലിനെപ്പോലെ ഓർഡറുകൾ അനുസരിച്ച് വാഹനങ്ങളുടെ ചെറു മോഡലുകൾ നിർമിച്ചു കൊടുക്കാറുണ്ട്. കഴിഞ്ഞയിടയ്ക്ക് ശ്യാംകുമാർ പണിതീർത്തിറക്കിയ ചങ്ങനാശ്ശേരി ഡിപ്പോയുടെ വേളാങ്കണ്ണി സർവ്വീസിൽ ഒന്നായ ATC 93 എന്ന ബസ് മോഡലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 17 ദിവസത്തോളം ചെലവഴിച്ചാണ് ശ്യാംകുമാർ ഈ മോഡൽ നിർമ്മിച്ചിരിക്കുന്നത്.
ഇതിനിടയിൽ ഇവർ രണ്ടുപേരും കൂടി ചേർന്ന് തങ്ങൾ നിർമ്മിച്ച ബസ് മോഡലുകളായ ATC 93, 95 (ചങ്ങനാശ്ശേരി – വേളാങ്കണ്ണി എക്സ്പ്രസ്സ്) എന്നിവയുമായി ചങ്ങനാശ്ശേരി ഡിപ്പോയിൽ എത്തുകയും ഒറിജിനൽ ബസ്സിനെയും അതിലെ ജീവനക്കാരെയും കാണുകയുമുണ്ടായി. അവിടെ വെച്ച് ഇവർ തങ്ങൾ നിർമ്മിച്ച ബസ് മോഡലുകൾ ജീവനക്കാരെ കാണിച്ചു. സത്യത്തിൽ പ്രസ്തുത ബസ്സിന്റെ ഡ്രൈവർ സന്തോഷ് കുട്ടനും മറ്റു ജീവനക്കാരുമെല്ലാം ഈ മോഡലുകൾ കണ്ട് അതിശയിച്ചു പോയി. അവരെല്ലാം ചേർന്ന് ജയപാലിനെയും ശ്യാംകുമാറിനെയും അഭിനന്ദിക്കുകയും ചെയ്തു. ഒറിജിനൽ ബസ്സിൽ നിന്നും യാതൊരു വ്യത്യാസവും തങ്ങൾക്ക് ഈ മോഡലുകളിൽ കണ്ടെത്താനായില്ലെന്ന് കെഎസ്ആർടിസി ചങ്ങനാശ്ശേരി ഡിപ്പോയിലെ ഉദ്യോഗസ്ഥർ വരെ സമ്മതിച്ചു.
എന്തായാലും ഇതുപോലുള്ള കലാകാരന്മാർക്ക് നമ്മുടെയെല്ലാം അകമഴിഞ്ഞ പ്രോത്സാഹനം ആവശ്യമാണ്. നിങ്ങൾക്കും ഇത്തരത്തിൽ ബസ് മോഡലുകൾ ആവശ്യമുണ്ടെങ്കിൽ ഇവരെ സമീപിക്കാവുന്നതാണ്. ഇവരെ ബന്ധപ്പെടേണ്ട നമ്പറുകൾ – ജയപാൽ 9961457251 , ശ്യാംകുമാർ 9847861190.