വിവരണം – ജിതിൻ ജോഷി.
യാത്ര പ്ലാൻ ചെയ്തുതുടങ്ങിയപ്പോളേ ഒരുപാട് ആളുകൾ പറഞ്ഞു “തണുപ്പില്ല.. ചൂടാണ് ഇപ്പോൾ.. പോകുന്നത് വെറുതെയാകും” എന്നൊക്കെ.. പക്ഷേ മനസ് മടുത്തില്ല. മഴയത്തും വെയിലത്തും കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ മാത്രം കയറാനുള്ളതല്ല കാട്. മറിച്ചു കത്തുന്ന വേനലിലും കാട് കയറുമ്പോൾ ലഭിക്കുന്ന ഒരു സുഖമുണ്ട്. അസുഖമായി വിശ്രമിക്കുന്ന അടുത്ത ബന്ധുവിനെ സന്ദർശിക്കാൻ പോകുന്നതുപോലെയാണ് അത്..
രാത്രി രണ്ടുമണി കഴിഞ്ഞിരുന്നു കഞ്ചിക്കോട് നിന്നും ഞങ്ങൾ ഒരു ബൈക്കിൽ രണ്ടാളുകൾ യാത്ര പുറപ്പെടുമ്പോൾ. ബാക്കി രണ്ടാളുകൾ പാലക്കാട് നിന്നും പിന്നെ കണ്ണൂർ നിന്നും വരുന്ന സുഹൃത്ത് ആതിരപ്പള്ളിയിലേക്കും വരും. രാത്രി ഹൈവേയിലൂടെ. ഒരുപാട് അപകടം പിടിച്ച സമയമാണ് പുലർകാലം. റോഡപകടങ്ങളുടെ ഏറിയപങ്കും ഈ സമയത്താണ് സംഭവിക്കുന്നത്. ശ്രദ്ധിച്ചുള്ള ഡ്രൈവിംഗ് മാത്രമാണ് ഏക പോംവഴി..
ഏകദേശം 4 ആയപ്പൊളേക്കും ഞങ്ങൾ ചാലക്കുടി – ആതിരപ്പള്ളി റോഡിൽ കയറിയിരുന്നു. ഡ്രീംവേൾഡും സിൽവർസ്റ്റോമുമൊക്കെ പഴയകാല ഓർമ്മകൾ ഉണർത്തി. രാത്രിയിൽ ആതിരപ്പള്ളി റൂട്ടിൽ ഒരുപാട് മൃഗങ്ങളെ കാണാം. മാനും, കേഴയും, പന്നിയുമൊക്കെ വഴിയോരക്കാഴ്ചകളിൽ സുലഭം. അതുകൊണ്ട് വാഹനം ഓടിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. കാരണം ഇവയെല്ലാം മിക്കപ്പോഴും വഴിയിലാണ് ഉണ്ടാവുക..
അഞ്ചുമണിക്ക് മുന്നേ ആതിരപ്പള്ളി എത്തി. ചെക്ക്പോസ്റ്റ് അടച്ചിട്ടിരിക്കുന്നു. അടുത്ത് കണ്ട ചെറിയ ഒരു ഷെഡിൽ കയറി ഒരു ചെറിയ മയക്കം. ആറുമണിക്ക് വാഴച്ചാൽ വനത്തിലേക്ക് പ്രവേശനം ഉണ്ടെങ്കിലും കണ്ണൂർ നിന്നുള്ള സുഹൃത്ത് വരാൻ കാത്തിരുന്നതിനാൽ ഇത്തിരി വൈകിയാണ് ഞങ്ങൾ കയറിയത്. വണ്ടിയുടെ ഡീറ്റെയിൽസ് ചെക്‌പോസ്റ്റിൽ കൊടുത്തതിനുശേഷം കാട്ടുപാതയിലേക്ക്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ടോയ്ലറ്റ് വാഴച്ചാൽ ചെക്‌പോസ്റ്റിൽ ഇല്ലാത്തത് ഒരു കുറവാണ്.
ഒരുപാട് കാലത്തെ ആഗ്രഹമാണ് ഈ യാത്ര..എല്ലാവരും ചൂടാണ്, പോകണ്ട എന്ന് പറഞ്ഞപ്പോളും യാത്ര ചെയ്യാൻ ഉള്ള ഊർജ്ജം ആ ആഗ്രഹം ഒന്നുമാത്രം ആയിരുന്നു. ശരിക്കും ഒരു നല്ല അനുഭവം. ഇടതൂർന്ന കാടാണ്. അത്യാവശ്യം എല്ലാത്തരം മൃഗങ്ങളും അധിവസിക്കുന്നിടം. വാൽപാറയിലും മലക്കപ്പാറയിലും പുലി ഇറങ്ങുക എന്നത് ഒരു നിത്യ സംഭവമാണ്. വഴിയിൽ ഉടനീളം ആനപ്പിണ്ടം. നനവ് പടർന്ന, ആവിപറക്കുന്ന ആനപ്പിണ്ടങ്ങൾ ഒരു മുന്നറിയിപ്പായി തോന്നി. ഇത് ഞങ്ങളുടെ കാടാണ് എന്ന് വിളിച്ചുപറയുന്നതുപോലെ..
വഴിയിൽ പലപ്പോളും നല്ല രീതിയിൽ തന്നെ ആനച്ചൂരും ഉണ്ടായിരുന്നു. ഏതോ മരത്തിന്റെ പിറകിൽ നിന്ന് ആരോ വീക്ഷിക്കുന്ന ഒരു പ്രതീതി. ഉള്ളിൽ മുളച്ച ഒരു ഭയത്തോടെയല്ലാതെ ആർക്കും ഈ വഴി യാത്ര ചെയ്യാൻ സാധിക്കില്ല. ഒറ്റയ്ക്കാണെങ്കിൽ പ്രത്യേകിച്ചു. കാടിന്റെ നിയമങ്ങൾ വേറെയാണ്. അമിത വേഗവും ആവേശവും കാണിക്കേണ്ടയിടമല്ല കാട്ടുവഴികൾ. എന്തൊക്കെയായാലും നമ്മൾ ഇവിടെ കേവലം കടന്നുകയറ്റക്കാരാണ്.
നിയമങ്ങൾ ഇത്ര കർശനമായി തുടരുമ്പോളും സൈലെൻസർ മാറ്റിവച്ച വണ്ടികൾ കാടിനെ അലോസരപ്പെടുത്തി പാഞ്ഞുപോകുന്നത് കണ്ടു. അശ്രദ്ധമായി വാഹനം ഓടിക്കുന്നവർ വേറെ. കാട്ടിലെ ഓരോ ജീവനും വിലയുണ്ട്.. ഒരുപക്ഷെ നമ്മളുടേതിനേക്കാൾ.. അതുകൊണ്ട് ദയവായി അതിന് വില കൊടുക്കാൻ സാധിക്കാത്തവർ ഈ വഴി വരരുതേ. അപേക്ഷയാണ്. മനസിനെ വേദനിപ്പിച്ച മറ്റൊരു കാഴ്ച കൂട്ടിയിട്ടിരിക്കുന്ന മദ്യക്കുപ്പികളാണ്. അതും ആനകൾ വെള്ളം കുടിക്കാൻ പോകുന്ന ആനത്താരയിൽ. ഇത്തരം കുപ്പികൾ പൊട്ടി ആനയുടെയോ മറ്റു മൃഗങ്ങളുടെയോ കാലിൽ തറച്ചുകയറിയാൽ..? ഇത്തരം ക്രൂരത ചെയ്യുന്നവർക്കെതിരെ വനംവകുപ്പ് നടപടി എടുക്കും എന്ന് പ്രതീക്ഷിക്കുന്നു..
കാടിന്റെ കാഴ്ചകൾ കണ്ടു മലക്കപ്പാറ എത്തുമ്പോൾ വിശപ്പ് പിടി മുറുക്കിയിരുന്നു. ആദ്യം കണ്ട ഹോട്ടെലിൽ തന്നെ കയറി. ഇനി വാൽപ്പാറയ്ക്ക്. റോഡ് നന്നായി സൂക്ഷിക്കുന്നു തമിഴന്മാർ. ആസ്വദിച്ചുള്ള ഡ്രൈവിംഗ്. ഇടയ്ക്ക് വഴിയരികിൽ ചെറിയ മയക്കം. വാല്പാറ പതിവുപോലെ തിരക്കിലാണ്. കൂളങ്ങൾ പുഴയിലൊരു കുളി നൽകിയ ഉന്മേഷം ചെറുതല്ല. തിരികെ 44 ഹെയർപ്പിന്നുകൾ താണ്ടി ആളിയാറിലേക്ക്. ഉച്ചയൂണ് അവിടെനിന്നും കഴിച്ചശേഷം ആനമല റോഡിലേക്ക് തിരിഞ്ഞു..
ഗ്രാമീണ സൗന്ദര്യം. പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ. മീനാക്ഷിപുരം വഴി കേരളത്തിലേക്ക്.. ഈ റൗണ്ട് ട്രിപ്പ് പാലക്കാട് അവസാനിക്കുമ്പോൾ എനിക്ക് ചെലവായത് 384 രൂപ. (250 പെട്രോൾ, 134 ഫുഡ്). തണുപ്പില്ല എന്ന് കരുതി ആരും വരാതിരിക്കരുത്. രാവിലെ കാടുകയറിയാൽ തണുപ്പുണ്ട്. നല്ല തണുപ്പുതന്നെ. പിന്നെ മഞ്ഞു വീഴ്ചയൊന്നും ഉണ്ടാവില്ലാട്ടോ. കുറേക്കാലമായ സൗഹൃദം കണ്ടുമുട്ടലിൽ കലാശിച്ച ട്രിപ്പ് കൂടി ആയിരുന്നു ഇത്. കമന്റിലൂടെയും മെസ്സേജിലൂടെയും മാത്രം പരിചയമുള്ള Abdul Salam Palakkad, അഹല്യയിൽ വന്നു കണ്ടുമുട്ടിയ Mahesh Nair, ഇരിട്ടിയിൽ വന്നിട്ടും കാണാൻ സാധിക്കാതെ പോയ Thoufeeque Malappuram, ട്രിപ്പ് ഉണ്ടെന്നറിഞ്ഞു രാത്രി വൈകി കണ്ണൂരിൽ നിന്നും ഒറ്റയ്ക്ക് ആതിരപ്പള്ളി എത്തിയ Mashood Narimukkil ബ്രോ. എല്ലാവരോടും സ്നേഹം മാത്രം. ഒപ്പം അടുത്ത കണ്ടുമുട്ടലിനായുള്ള കാത്തിരിപ്പും.